03 July Sunday

നൈൽ കടന്ന്‌ ഈജിപ്‌ഷ്യൻ സംസ്‌കാരത്തിലേക്ക്‌ ഒരു യാത്ര

വെബ് ഡെസ്‌ക്‌Updated: Monday Sep 24, 2018

 കാഴ്‌ചകൾക്ക്‌ ഒരു വർത്തമാനവും ഭൂതവുമുണ്ട്‌. അത്‌ സമീപഭൂതകാലമോ വിദൂരഭൂതകാലമോ ആകാം. കാഴ്‌ചയിൽ തെളിയുന്നതിന്റെ ഭാവിക്ക്‌ വല്ലാത്ത അനിശ്ചിതത്വമാണുള്ളത്‌. വർത്തമാനത്തിൽനിന്നുകൊണ്ട്‌ മൂന്നുകാലത്തെയും സമന്വയിക്കാൻ യാത്രാനുഭവങ്ങളെക്കുറിച്ച്‌ എഴുതുന്നവർ ശ്രമിക്കാറുണ്ട്‌. 

യാത്ര ദുഷ്‌കരവും സാഹസികവുമായിരുന്ന ഒരു കാലമുണ്ടായിരുന്നു. യാത്രാ സൗകര്യങ്ങളും ആശയവിനിമയസാധ്യതകളും വർധിച്ചതോടെ ലോകം ആഗോളഗ്രാമമായി ചുരുങ്ങി. അതിന്റെ ഫലങ്ങളിലൊന്നാണ്‌ സഞ്ചാരകൃതികളുടെ സമൃദ്ധി. 
 
‘നൈൽ നദിയുടെ താഴ്‌വരകൾ’എന്ന കൃതിയിലൂടെ കുറുമ്പകര  മജീദ്‌ എന്ന എഴുത്തുകാരൻ വർത്തമാനത്തിലൂടെ ഭൂതകാലത്തിലേക്കാണ്‌ ചുഴ‌്ന്നിറങ്ങുന്നത്‌. ഓരോ കാഴ്‌ചയ്‌ക്കു പിന്നിലെയും ചരിത്രം വായനക്കാരെ ഓർമിപ്പിച്ചുകൊണ്ടാണ്‌ അദ്ദേഹം മുന്നോട്ടുപോകുന്നത്‌. ലോകത്തെ പുരാതന സംസ്‌കാരങ്ങളെല്ലാം തഴച്ചുവളർന്നത്‌ മഹാനദികളുടെ ലാളനമേറ്റാണ്‌. ഈജിപ്‌ഷ്യൻ സംസ്‌കാരവും അതിനുള്ള ഉത്തമ ദൃഷ്‌ടാന്തം. മജീദിന്റെ ജിജ്ഞാസയിൽ അതൊരു വിഷയമായപ്പോൾ നല്ലൊരു സഞ്ചാരകൃതി പിറക്കുകയായിരുന്നു. 
 
ഈ കൃതി രണ്ടു ഭാഗങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു. യാത്ര എന്ന ഒന്നാംഭാഗത്ത്‌ ഇരുപത്തൊന്ന്‌ ചെറിയ അധ്യായങ്ങളാണുള്ളത്‌. ശരിക്കുമുള്ള യാത്രാനുഭവങ്ങളാണ്‌ ഈ ഭാഗത്ത്‌. വേണ്ടത്ര മുൻധാരണകളോടുകൂടിയാണ്‌ ഓരോ രംഗത്തും എഴുത്തുകാരൻ പ്രവേശിക്കുന്നത്‌. ആ മുൻധാരണ കാഴ്‌ചകളെക്കുറിച്ച്‌ വായനക്കാരിൽ കൃത്യമായ അവബോധം സൃഷ്‌ടിക്കുന്നുണ്ട്‌. അങ്ങനെ അനുവാചകർ മജീദിന്റെ സഹയാത്രികരാകുന്നു. നൈൽ നദി എന്നും ഈജിപ്‌ത്‌ എന്നും കേൾക്കുമ്പോൾ ആരുടെയും മനസ്സിൽ തെളിഞ്ഞുവരുന്ന ഒരു ചിത്രമുണ്ട്‌. മഹാത്ഭുതങ്ങളായി ഗണിക്കപ്പെടുന്ന പിരമിഡുകളുടെ ചിത്രം. മജീദിന്റെ വിവരണങ്ങളിൽ പിരമിഡുകൾ സുപ്രധാന വിഷയമാണ്‌. 
 
പാഠപുസ്‌തകങ്ങളിലും ക്ലാസ്‌ മുറികളിലും പ്രതിപാദിക്കുന്ന പിരമിഡുകൾക്ക്‌ ഒറ്റനോട്ടത്തിലുള്ള കാഴ്‌ചയാണ്‌ പകർന്നു തരാനാകുന്നത്‌. ബാഹ്യരൂപംകൊണ്ട്‌ നാം തൃപ്‌തിപ്പെടും. എന്നാൽ, പിരമിഡുകൾക്കു തമ്മിൽ വൈവിധ്യമുണ്ടെന്നും ഓരോന്നിനും ഓരോ ചരിത്രമുണ്ടെന്നും വിശദാംശങ്ങളിൽ ഓരോന്നിനും തനതായ സവിശേഷതകളുണ്ടെന്നും ഗ്രന്ഥകാരൻ വ്യക്തമാക്കുന്നു. ഒപ്പം ദേശചരിത്രങ്ങളുടെ പ്രതിപാദനങ്ങളുണ്ട്‌, പടയോട്ടങ്ങളുണ്ട്‌, വിദേശശക്തികളുടെ അധിനിവേശചരിത്രമുണ്ട്‌, നിലനിൽപ്പിനു വേണ്ടിയുള്ള പ്രതിരോധശ്രമങ്ങളുണ്ട്‌. 
 
യുദ്ധവും മരണവും ശവകുടീരങ്ങളും മാത്രമല്ല, ഒരു വലിയ സംസ്‌കാരത്തിന്റെ ബാഹ്യലക്ഷണങ്ങൾ. പല വിദേശശക്തികളുടെ ഭരണത്തിലമർന്ന്‌ അനേക നൂറ്റാണ്ടുകൾ ആ രാജ്യം പുലർന്നു. നാടകകലയും പൂർണമായ അവതരണ സൗകര്യങ്ങളോടുകൂടിയ നാടകശാലയും ഉണ്ടായി. പൂർണമായി നശിച്ചിട്ടില്ലാത്ത അതിന്റെ അവശേഷങ്ങൾ ഇന്നും സഞ്ചാരികളെ വിസ്‌മയിപ്പിക്കുന്നു. അലക്‌സാണ്ടർ ചക്രവർത്തിയുടെ ഭാവനയുടെ സാക്ഷാൽക്കാരമായ ഗ്രന്ഥാലയത്തിനുണ്ടായ അപചയം എന്നും വേദനാജനകമായ അനുഭവമായിരിക്കും. അതിന്റെ നാശത്തിനു കാരണം സീസർ ആണെന്ന്‌ ചരിത്രകാരന്മാർ പറയുന്നു. ആ ഗ്രന്ഥാലയത്തെക്കുറിച്ചുള്ള കുറുമ്പകര മജീദിന്റെ പരാമർശം ഇങ്ങനെ: 
 
‘‘പല രാജ്യങ്ങളിൽനിന്ന്‌ ഈ ഗ്രന്ഥശാലയ്‌ക്ക്‌ പുസ്‌തകം സംഭാവനയായി ലഭിച്ചിട്ടുണ്ട്‌. ഇടനാഴിയിൽ മനോഹരമായ ചുവർചിത്രങ്ങൾ കാണാം. പതിനൊന്നു നിലയിലായി എൺപത്തയ്യായിരം ചതുരശ്ര മീറ്റർ വിസ്‌തീർണമുണ്ട്‌. നാല്‌ ദശലക്ഷം പുസ്‌തകം വയ്‌ക്കാം. ഇരുപതിനായിരം ചതുരശ്ര മീറ്ററുള്ള വായനാഹാളിൽ രണ്ടായിരം പേർക്ക്‌ ഇരിക്കാം. ലോകത്തിലെ തന്നെ ഏറ്റവും വലിയ വായനമുറി. പുസ്‌തകങ്ങളുടെ ഒരു കൊടുമുടിയാണ്‌ മുന്നിലെന്ന്‌ തിരിച്ചറിഞ്ഞ നിമിഷങ്ങൾ. ലൈബ്രറി കണ്ടിറങ്ങിക്കഴിഞ്ഞിട്ടും വിസ്‌മയം ബാക്കിനിന്നു.’’
 
ചരിത്രസത്യങ്ങൾ എന്ന രണ്ടാം ഭാഗത്ത്‌ പന്ത്രണ്ട്‌ ചെറിയ ലേഖനങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു. ആനുകാലികങ്ങളിൽ നേരത്തെ പ്രസിദ്ധീകരിക്കപ്പെട്ടവയാണ്‌ ലേഖനങ്ങൾ. അവ ഒന്നാം ഭാഗത്തെ ചില സന്ദർഭങ്ങളുടെ പൂരകങ്ങളോ അനുബന്ധങ്ങളോ ആണ്‌. ഡോ. കെ എസ്‌ രവികുമാറിന്റെ അവതാരികയും ഡോ. എ എം ഉണ്ണിക്കൃഷ്‌ണന്റെ പഠനവും ഈ സഞ്ചാരത്തെ പിന്തുണയ്‌ക്കുന്നു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top