30 November Thursday

ഞാന്‍ ഷൈലോക്ക്

ഡോ. മീന ടി പിള്ളUpdated: Sunday Apr 24, 2016

ആക്ഷേപഹാസ്യത്തില്‍ ചാലിച്ച സംഭാഷണങ്ങളും ഒഴുക്കുള്ള ഗദ്യവും ബുക്കര്‍ ജേതാവായ ഹോവര്‍ഡ് ജാകോബ്സ്ണിന്റെ ഏറ്റവും പുതിയ നോവലായ 'ഷൈലോക്ക് ഈസ് മൈ നെയിം' എന്ന കൃതിയുടെ സവിശേഷതകളാണ്. എന്നാല്‍, അല്‍പ്പം സ്ത്രീവിരുദ്ധതയോടെ പുനാരാവിഷ്കരിച്ച
ആധുനിക പോര്‍ഷ്യയും മറ്റു സ്ത്രീകഥാപാത്രങ്ങളും വായനയെതെല്ല് അലോസരപ്പെടുത്തുന്നുമുണ്ട്


കൊള്ളപ്പലിശക്കാരനായ ആ ജൂതപ്രതിനായകനെ ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്? മൂവായിരം സ്വര്‍ണനാണയങ്ങള്‍ക്ക് ഒരു റാത്തല്‍ മനുഷ്യമാംസം പലിശയായി ചോദിച്ച ഷൈലോക്ക്. താനും താന്‍ പ്രതിനിധാനംചെയ്യുന്ന ജൂതവര്‍ഗവും നൂറ്റാണ്ടുകളായി ഏറ്റുവാങ്ങുന്ന അവമതിക്ക് പകരമായി ക്രിസ്ത്യാനികളുടെ ചോരകുടിക്കാനായി തക്കംപാര്‍ത്തിരുന്ന ഷൈലോക്ക്. തന്റെ മുഖത്ത് കാര്‍ക്കിച്ചുതുപ്പിയിട്ടും തന്റെ മതത്തെ നിന്ദിച്ചിട്ടും ഓഹരിവിപണിയില്‍ തന്നെ നിലംപരിശാക്കിയിട്ടും ലോകം നല്ലവനെന്ന് വിളിച്ച നായകനെ കഴുകന്‍കണ്ണുമായി ഉറ്റുനോക്കുന്ന പ്രതികാരദാഹിയായ ഷൈലോക്ക്. ലോകസാഹിത്യ ചരിത്രത്തിലെ ഏറ്റവും വെറുക്കപ്പെട്ട കഥാപാത്രങ്ങളില്‍ ഒരുവനായ ഷൈലോക്ക് വീണ്ടും പുനര്‍ജനിക്കുന്നു, ഇരുപത്തൊന്നാം നൂറ്റാണ്ടിലെ വടക്കുപടിഞ്ഞാറന്‍ ഇംഗ്ളണ്ടില്‍. ബുക്കര്‍ ജേതാവായ ഹോവര്‍ഡ് ജാകോബ്സ്ണ്‍ തന്റെ ഏറ്റവും പുതിയ നോവല്‍ ആയ 'ഷൈലോക്ക് ഈസ് മൈ നെയിം' എന്ന കൃതിയിലൂടെയാണ് ഈ പുനരാവിഷ്കാരം നടത്തുന്നത്.

എന്നാല്‍, ഈ നോവലിന്റെ പശ്ചാത്തലം ഏറെ ശ്രദ്ധേയമാണ്. ലോകസാഹിത്യ ചരിത്രത്തിലെ തന്നെ ഏറ്റവും മഹാന്മാരായ എഴുത്തുകാരില്‍ ഒരാളായി കണക്കാക്കപ്പെടുകയും ആരാധിക്കപ്പെടുകയുംചെയ്യുന്ന വില്യം ഷേക്സ്പിയര്‍ എന്ന അതുല്യപ്രതിഭയുടെ നാനൂറാം ചരമവാര്‍ഷികത്തില്‍ അദ്ദേഹത്തിന്റെ സ്മരണാര്‍ഥം ഹോഗാര്‍ത്ത് പ്രസ് ഇറക്കുന്ന ഏറ്റവും പ്രസിദ്ധമായ ഷേക്സ്പിയര്‍ നാടകങ്ങളുടെ നോവല്‍ ആവിഷ്കാരങ്ങളില്‍ ഒന്നാണിത്. 26 ഏപ്രില്‍ 1564ന് ജനിച്ച് 23 ഏപ്രില്‍ 1616ന് മണ്മറഞ്ഞ മഹാനായ ആ കലാകാരന്റെ, നാടകകൃത്തിന്റെ, മനുഷ്യമനസ്സുകളുടെ ഉള്ളറകള്‍ തൊട്ടറിഞ്ഞ  മനോവിശ്ളേഷകന്റെ, ആധുനിക ഇംഗ്ളീഷ്ഭാഷയെ തന്റെ ഭാവനയാംമൂശയില്‍ ഉരുക്കി ഉരുക്കി പൊന്നാക്കിയ മഹാപണ്ഡിതന്റെ ഓര്‍മയ്ക്ക് മുമ്പില്‍ സമര്‍പ്പിക്കപ്പെട്ട ഈ കൃതി അതിന്റെ ദൌത്യത്തിലൂടെ തന്നെ തീര്‍ത്തും ശ്ളാഘനീയമായ ഒരു ശ്രേണിയിലേക്കാണ് ഉയര്‍ത്തപ്പെടുന്നത്. എന്നാല്‍, ഒരു സ്വതന്ത്രമായ സാഹിത്യസൃഷ്ടി എന്ന നിലയിലും ശ്രദ്ധേയമാണ് ഈ നോവല്‍.

'മെര്‍ച്ചന്റ് ഓഫ് വെനീസ്' എന്ന വിശ്വവിഖ്യാതമായ ഷേക്സ്പിയര്‍ നാടകമാണ് ജാകോബ്സ്ണ്‍ പുനര്‍വിഭാവനംചെയ്യുന്നത്. ഈ നാനൂറു വര്‍ഷങ്ങളില്‍ വീണ്ടും വീണ്ടും ജനിച്ച ഷൈലോക്ക് പത്തൊന്‍പതാം നൂറ്റാണ്ടില്‍ ദുഷ്ട കഥാപാത്രത്തില്‍നിന്ന് ദുരന്ത കഥാപാത്രമായി പരിണമിച്ചു. പിന്നീട് നാസിപ്പടയും ഓഷ്വിട്സിലെ ഗ്യാസ് ചേംബറും ജൂതവേട്ടയും കണ്ടു വിറങ്ങലിച്ചുനിന്ന ലോകത്തിന് പഴയപോലെ ഷൈലോക്കിനെ വെറുക്കാന്‍ കഴിഞ്ഞില്ല. അങ്ങനെ പല ചരിത്രകാലങ്ങളിലൂടെ പലകുറി മരിച്ചും പുനര്‍ജനിച്ചും ഷേക്സ്പിയറിനോളംതന്നെ കരുത്തുറ്റ ഓര്‍മയായി ഷൈലോക്ക്. 

ജാകോബ്സണിന്റെ ഷൈലോക്ക് ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ജൂത സ്വത്വബോധം ഉയര്‍ത്തുന്ന പലതരം അലട്ടുന്ന ചോദ്യങ്ങള്‍ക്ക് നടുവില്‍ പെട്ടയാളാണ്. മാന്‍ചെസ്റ്റര്‍ നഗരത്തിലെ സമ്പന്നവര്‍ഗത്തിന്റെ ആഡംബരത്തിമിര്‍പ്പില്‍ മതിമറന്ന് സ്വന്തം ജൂതപാരമ്പര്യത്തെ തള്ളിപ്പറയുന്ന മകളുടെ പ്രശ്നങ്ങളും തന്നെ അകാലത്തില്‍ വിട്ടുപോയ പ്രിയപ്പെട്ട ജീവിതപങ്കാളിയുടെ ഓര്‍മകളും ഒക്കെയായി കഴിയുന്ന ഒരു സാധാരണ മനുഷ്യനാണ് ഷൈലോക്ക്. അതേസമയം ഷേക്സ്പിയറിന്റെ ഭാഷയില്‍ അന്തര്‍ലീനമായ ഗൂഢാര്‍ഥങ്ങളും പ്രഹേളികകളും സമന്വയിപ്പിക്കുന്ന, അവ പ്രതിനിധാനംചെയ്യാന്‍ ശ്രമിക്കുന്ന അതി സങ്കീര്‍ണവും ഗഹനവുമായ അര്‍ധതലങ്ങളുടെ സാധ്യതകള്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ പല രീതിയില്‍ വായിക്കപ്പെടാന്‍ സാധ്യതയുള്ള സാന്ദ്രമായ ഒരു പാഠമാണ് ഈ ആധുനിക ഷൈലോക്ക്. ഷേക്സ്പിയര്‍ അപരത്വത്തിന്റെ വൈചിത്യ്രത്തില്‍ പ്രതിഷ്ഠിച്ച തന്റെ പ്രതിനായകനെ ഒരുപക്ഷേ ജൂതനായ എഴുത്തുകാരന് സ്വത്വത്തിന്റെ സുപരിചിതത്വത്തിലൂടെ സ്വാംശീകരിക്കാന്‍ കഴിഞ്ഞിട്ടുണ്ട് എന്ന് പറയാം.

ആക്ഷേപഹാസ്യത്തില്‍ ചാലിച്ച സംഭാഷണങ്ങളും ഒഴുക്കുള്ള ഗദ്യവും ഈ കൃതിയുടെ സവിശേഷതകളാണ്. എന്നാല്‍, അല്‍പ്പം സ്ത്രീവിരുദ്ധതയോടെ പുനാരാവിഷ്കരിച്ച ആധുനിക പോര്‍ഷ്യയും മറ്റു സ്ത്രീകഥാപാത്രങ്ങളും വായനയെ തെല്ല് അലോസരപ്പെടുത്തുന്നുമുണ്ട്. ഹോഗാര്‍ത്ത് ആണ് പ്രസാധകര്‍.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top