30 November Thursday

'സംവാദങ്ങളെ തുറക്കുവാനാണ് ഞാന്‍ എഴുതുന്നത്' - ടി ഡി രാമകൃഷ്ണന്‍ സംസാരിക്കുന്നു

ടി ഡി രാമകൃഷ്ണന്‍/രാജേഷ് കെ എരുമേലി, രാജേഷ് ചിറപ്പാട്Updated: Thursday Nov 23, 2017

ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ് നേടിയത് ടി ഡി രാമകൃഷ്ണന്റെ
'സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി' എന്ന നോവലാണ്.  ശ്രീലങ്കയുടെ
സാമൂഹിക രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തെയും അധികാരം സൃഷ്ടിക്കുന്ന ഹിംസയുടെ   ചരിത്രസന്ദര്‍ഭങ്ങളെയും മിത്തും യാഥാര്‍ഥ്യവും ചേര്‍ത്ത് പുതിയ വായനാനുഭവങ്ങളിലേക്ക് നയിക്കുന്ന നോവലാണിത്. 
ഈ നോവലിന്റെ  പശ്ചാത്തലത്തില്‍ നിന്നുകൊണ്ട് തന്റെ എഴുത്തുജീവിതത്തെക്കുറിച്ചും നിലപാടുകളെക്കുറിച്ചും  ടി ഡി രാമകൃഷ്ണന്‍ സംസാരിക്കുന്നു...

മലയാള നോവലിന് പുതിയ ഭാവുകത്വവും ആഖ്യാനരീതികളും സമ്മാനിച്ച എഴുത്തുകാരനാണ് ടി ഡി രാമകൃഷ്ണന്‍. അദ്ദേഹത്തിന്റെ ഫ്രാന്‍സിസ് ഇട്ടിക്കോര എന്ന നോവല്‍ സാമ്പ്രദായിക ആഖ്യാന ഘടനയെ പൊളിച്ചെഴുതി. നോവല്‍ സാഹിത്യത്തില്‍ ഗണിതശാസ്ത്രവും ആന്ത്രപ്പോളജിയും ജ്യോതിശ്ശാസ്ത്രവും ഭൂമിശാസ്ത്രപരമായ സവിശേഷതകളും സര്‍ഗാത്മകമായി ആവിഷ്കരിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. നോവലിനെ സംബന്ധിച്ച് നിലനിന്നപോന്ന മുന്‍വിധികളെ ഭേദിച്ചുകൊണ്ടാണ് ടി ഡി രാമകൃഷ്ണന്‍ തന്റെ എഴുത്തുകള്‍ തുടരുന്നത്. ഇട്ടിക്കോരയ്ക്ക് ശേഷം പുറത്തുവന്ന സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി എന്ന നോവലും ഈ വിധം സവിശേഷ ശ്രദ്ധ നേടിക്കഴിഞ്ഞു. ശ്രീലങ്കയുടെ സാമൂഹിക രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തെയും അധികാരം സൃഷ്ടിക്കുന്ന ഹിംസയുടെ ചരിത്രസന്ദര്‍ഭങ്ങളെയും മിത്തും യാഥാര്‍ഥ്യവും ചേര്‍ത്ത് പുതിയ വായാനുനുഭവങ്ങളിലേക്ക് നയിക്കുന്ന നോവലാണിത്. ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ് സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകിയ്ാണ്. അതിന്റെ പശ്ചാത്തലത്തില്‍ നിന്നുകൊണ്ട് തന്റെ എഴുത്തുജീവിതത്തെക്കുറിച്ചും നിലപാടുകളെക്കുറിച്ചും സംസാരിക്കുകയാണ് ടി ഡി രാമകൃഷ്ണന്‍.

? സുഗന്ധി എന്ന അണ്ടാള്‍ ദേവനായകി എന്ന നോവലിന് വയലാര്‍ അവാര്‍ഡ് ലഭിച്ചിരിക്കുകയാണ്. ഈ നോവല്‍ എഴുതപ്പെട്ടതിനുശേഷം ശ്രീലങ്കയിലെ രാഷ്ട്രീയ കാലാവസ്ഥ മാറിയിട്ടുണ്ട്. അത് നോവലില്‍ പറയുന്നതുപോലുള്ള ഒന്നായി മാറുന്നു. ഈ പ്രവചാനാത്മകതയെ എങ്ങനെ കാണുന്നു. ഇത്തരമൊരു മാറ്റം നോവല്‍ എഴുതുമ്പോള്‍ പ്രതീക്ഷിച്ചിരുന്നോ.

= ആദ്യമായി അവാര്‍ഡിനെക്കുറിച്ച് പറയട്ടെ. വയലാര്‍ അവാര്‍ഡ് എന്നത് കേരളത്തിലെ പ്രധാനപ്പെട്ട ഒന്നാണ്. അത് ലഭിച്ചതില്‍ വളരെ സന്തോഷമുണ്ട്.
സുഗന്ധി എഴുതുമ്പോള്‍ അവിടെ ഇങ്ങനെയൊരു മാറ്റമുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ഞാനിതെഴുതുമ്പോള്‍ രാജപക്സെ അതിശക്തനായി വരുന്ന കാലമാണ്. അവിടത്തെ സിവില്‍വാറൊക്കെ കഴിഞ്ഞ്, പ്രഭാകരനൊക്കെ കൊല്ലപ്പെടുന്നതിനുശേഷമുള്ള തെരഞ്ഞെടുപ്പില്‍ വലിയ ഭൂരിപക്ഷത്തോടുകൂടിയാണ് രാജപക്സെ അധികാരത്തിലേറുന്നത്. എഴുപത് ശതമാനത്തോളം വരുന്ന സിംഹളര്‍ അദ്ദേഹത്തെ പിന്തുണയ്ക്കുകയാണ്.

ഒരു യുദ്ധത്തില്‍ വിജയശ്രീലാളിതനാവുന്ന ഒരാളെപ്പോലെയായിരുന്നു അയാള്‍. അധികാരത്തോട് അയാള്‍ക്ക് ഉന്മാദമായിരുന്നു. രാജപക്സെയുടെ ഭരണത്തില്‍ സ്വജനപക്ഷപാതം വളരെ കൂടുകയും അഴിമതി വര്‍ധിക്കുകയും ചെയ്തു. വാസ്തവത്തില്‍ രാജപക്സെ അധികാരത്തില്‍നിന്ന് പോകാനുള്ള കാരണം അദ്ദേഹം ആഭ്യന്തര യുദ്ധകാലത്തു നടത്തിയ വയലന്‍സല്ല. തന്റെ ഭരണകാലത്ത് അടുത്ത ബന്ധുക്കളായിട്ടുള്ള 39 പേരെ ഭരണത്തിലെ തന്ത്രപ്രധാനമായ സ്ഥാനങ്ങളില്‍ അദ്ദേഹം അവരോധിക്കുന്നുണ്ട്. രണ്ട് സഹോദരന്മാര്‍, മറ്റ് അടുത്ത ബന്ധുക്കള്‍ എന്നിങ്ങനെ. പ്രതിരോധമന്ത്രി, ധനകാര്യ മന്ത്രി, സ്പീക്കര്‍ എന്നിങ്ങനെ. അദ്ദേഹത്തിന്റെ താല്‍പ്പര്യം സംരക്ഷിക്കുമെന്ന് ഉറപ്പുള്ളയാളെ ചീഫ് ജസ്റ്റിസായി സുപ്രീംകോര്‍ട്ടില്‍ നിയമിക്കുന്നു. ഇതൊക്കെ ഉണ്ടാക്കിയ അഴിമതിയും വയലന്‍സും സിംഹളരുടെ ഇടയിലും പാര്‍ടിക്കുള്ളിലും ജനവിരുദ്ധമായ ഒരു പരിവേഷം രാജപക്സേക്കുണ്ടാക്കി. അതാണ് വാസ്തവത്തില്‍ വലിയൊരു പരാജയത്തിലേക്ക് നയിച്ചത്. ഇത്തരം ആഭ്യന്തരപ്രശ്നങ്ങളാണ് അദ്ദേഹത്തെ അധികാര ഭ്രഷ്ടനാക്കിയത്.

? ഇപ്പോള്‍ ശ്രീലങ്കന്‍ സാമൂഹിക രാഷ്ട്രീയാവസ്ഥ താരതമ്യേന സമാധനപരമാണെന്ന് പറയാനാവുമോ.  
  
   
= ഇപ്പോഴത്തെ ഭരണകൂടം കുറച്ചുകൂടി സുരക്ഷിതരാണ്. അങ്ങനെ പറയുമ്പോള്‍ അവിടുത്തെ തമിഴ്ജീവിതമൊക്കെ ശരിയായി എന്നു പറയാന്‍ കഴിയില്ല. അവിടെ ആളിക്കത്തിക്കൊണ്ടിരുന്ന തീ തല്‍ക്കാലം ഒന്നു തല്ലിക്കെടുത്തിയതാണ്. ഉള്ള് ഇപ്പോഴും പുകഞ്ഞുകൊണ്ടിരിക്കുകയാണ്.

? വയലന്‍സിന്റെ രാഷ്ട്രീയം അവിടെ അവസാനിച്ചിട്ടില്ല.


= വയലന്‍സ് എന്നത് നമ്മുടെ വ്യക്തിജീവിതത്തെയും കുടുംബജീവിതത്തെയും ബാധിക്കാത്തിടത്തോളം വരെ മാത്രമേ വയലന്‍സിനെതിരെ നമുക്ക് സംസാരിക്കാന്‍ കഴിയൂ. വ്യക്തിപരമായി ഓരോ മനുഷ്യരും വയലന്‍സിന്റെ ഇരകളാണ്. പല ആളുകളുടെയും കുടുംബത്തില്‍ ഒരാളുടെയെങ്കിലും ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്. അല്ലെങ്കില്‍ അഭയാര്‍ഥികളാക്കപ്പെട്ടിട്ടുണ്ട്. അങ്ങനെയുള്ള ഒരു കുടുംബത്തോട് നമ്മള്‍ സംസാരിക്കുമ്പോള്‍ അല്ലെങ്കില്‍ അത്തരം ഒരു ജനതയെ നമ്മള്‍ അഡ്രസ് ചെയ്യുമ്പോള്‍ അത് എളുപ്പത്തില്‍ കൈകാര്യം ചെയ്യാനാവുന്ന വിഷയമല്ലെന്ന് മനസ്സിലാക്കണം. അതുകൊണ്ട് ശ്രീലങ്കയില്‍ എല്ലാം സമാധാനമായി എന്നൊന്നും പറയാന്‍ കഴിയില്ല.

? പ്രഭാകരന്റെ മരണം      അങ്ങനെ നില്‍ക്കുകയാണ്. അതൊരു ചെറിയ കാര്യമല്ല. എന്തുതോന്നുന്നു.

= പ്രഭാകരന്റെ മരണം ഒരുപാടാളുകളുടെ ഇടയില്‍ ഉണങ്ങാത്ത മുറിവുകള്‍ ഉണ്ടാക്കിയിട്ടുണ്ട്. അത് അത്രവേഗം ഉണങ്ങുന്നതല്ല. നമുക്ക് സമാധാനത്തെക്കുറിച്ച് സംസാരിക്കാന്‍ കഴിയുന്നത് നമ്മള്‍ വയലന്‍സിന്റെ ഇര അല്ലാത്തതുകൊണ്ടാണ്. സുഗന്ധിയില്‍ ചെറിയൊരു കഥാപാത്രം വരുന്നുണ്ട്. ശിവപാല്‍. അയാളൊരു ഡ്രൈവറാണ്. ശിവപാലിനോട് രാഷ്ട്രീയമായ കാര്യങ്ങള്‍ ചോദിക്കുമ്പോള്‍ അയാള്‍ ഒരു മറുപടിയും പറയുന്നില്ല. അയാള്‍ പറയുന്നത് നമുക്ക് സിനിമയെക്കുറിച്ച് സംസാരിക്കാമെന്നാണ്. നടുക്കടലില്‍ കിടക്കുന്ന ഒരു ജനത ആ അനുഭവത്തെക്കുറിച്ച് പറയാന്‍ ഭയന്നുകൊണ്ട് സിനിമാ ഗോസിപ്പുകളില്‍ അഭയം പ്രാപിക്കുന്നു. എവിടെയോ ഒരു ഭീതി നിലനില്‍ക്കുന്നുണ്ട്. ഇത് എനിക്ക് നേരിട്ട് അനുഭവപ്പെട്ടതാണ്.

? ശ്രീലങ്കന്‍ പ്രശ്നം ഒരു നോവലിന്റെ വിഷയമായി തെരഞ്ഞെടുത്തിനുപിന്നില്‍ എന്തായിരുന്നു. 


= ഞാന്‍ ശ്രീലങ്കന്‍ വിഷയം കുറച്ചുകാലമായി പിന്തുടരുന്ന ഒരാളാണ്. അതിലേക്ക് എത്തുന്നത് വളരെ യാദൃച്ഛികമായാണ്. 25 വര്‍ഷങ്ങള്‍ക്ക് മുമ്പ് സാധാരണ കേരളത്തിലുള്ള ആളുകളെപ്പോലെ തന്നെയാണ് ഞാനും ശ്രീലങ്കന്‍ വിഷയത്തെ കണ്ടത്. അതായത് സിംഹളരായ ശ്രീലങ്കന്‍ പട്ടാളം തമിഴരെ അടിച്ചമര്‍ത്തുന്നു. പ്രഭാകരനെയൊക്കെ ചെഗുവേരയെപ്പോലെയാണ് ഞാന്‍ അന്ന് കണ്ടത്. ഇതു പറയുമ്പോള്‍ പ്രഭാകരനെ ഞാന്‍ കുറച്ചു കാണുകയല്ല. പക്ഷേ, രാജീവ് ഗാന്ധി കൊലപാതം വരെ നീളുന്ന ഇവരുടെ വയലന്‍സ്, മനുഷ്യബോംബിന്റെ പ്രയോഗം. കമ്യൂണിസ്റ്റ് വിപ്ളവത്തില്‍പ്പോലും മനുഷ്യബോംബുകളെ ഉപയോഗിക്കാറില്ല. ധീരമായി പൊരുതി മരിക്കുക എന്നതാണ് വിപ്ളവത്തിന്റെ ഒരു രീതി. നമ്മുടെ കൂടെയുള്ള ഒരാളെ മരണത്തിനു കൊടുത്തുകൊണ്ടുള്ള കളിയല്ലത്. ഒരു വിപ്ളവ പ്രസ്ഥാനത്തിന്റെ ഭാഗമായി ചിന്തിക്കാന്‍ പറ്റുന്ന കാര്യമേയല്ല അത്. അങ്ങനെയുള്ള കാര്യങ്ങളാണ് പ്രഭാകരനൊക്കെ ചെയ്തിട്ടുള്ളത്. അതായത് ഇരയായ ഒരു പെണ്‍കുട്ടിയെ ബ്രയിന്‍വാഷ് ചെയ്ത് അവളുടെ അരയില്‍ ബോംബ് കെട്ടിവച്ചു വിടുകയാണ്. അത് നമുക്ക് യോജിക്കാന്‍ പറ്റുന്ന കാര്യമല്ല. ഇതിനിടയില്‍ എന്റെയൊക്കെ അന്വേഷണം, സമാധാനത്തിനുവേണ്ടി സംസാരിക്കാന്‍ അവിടെ ആരും ഇല്ലേ എന്നതാണ്. രണ്ടു കൂട്ടരും ഒരുപോലെ ഈ വയലന്‍സിന്റെ ആളുകളാണോ. ഇതാണ് എന്റെ അന്വേഷണം. മനുഷ്യാവകാശത്തെക്കുറിച്ച് സംസാരിക്കാന്‍ ഇതിനിടയില്‍ ആരെങ്കിലും ഉണ്ടോ. അത്തരം വിവരങ്ങളൊന്നും നമുക്ക് ലഭിക്കുന്നില്ല. ഇത്തരത്തിലുള്ള അന്വേഷണത്തില്‍നിന്ന് സമാധാനത്തിനുവേണ്ടി സംസാരിക്കുന്ന വ്യക്തികളും ഗ്രൂപ്പുകളും ഉണ്ടെന്ന് നമ്മള്‍ മനസ്സിലാക്കുന്നു.

? കേരളത്തില്‍നിന്നുകൊണ്ടാണോ ഇത്തരം അന്വേഷണം നടത്തുന്നത്.

= അല്ല, ഞാന്‍ അന്ന് തമിഴ്നാട്ടിലാണ്. എന്റെ സാഹിത്യസൌഹൃദങ്ങളും അന്വേഷണങ്ങളുമൊക്കെ തമിഴ്നാടുമായി ബന്ധപ്പെട്ടതാണ്. ശരിക്കുപറഞ്ഞാല്‍ എനിക്ക് മലയാളത്തില്‍ സാഹിത്യസൌഹൃദങ്ങള്‍ വളരെ കുറവാണ്. അപ്പോള്‍ അവിടത്തെ ചില ആളുകളുമായി സംസാരിക്കുമ്പോള്‍ മനസ്സിലാകുന്ന ഒരു കാര്യം ശ്രീലങ്കയില്‍ സമാധാനത്തിനുവേണ്ടി സംസാരിക്കുന്ന പല ഗ്രൂപ്പുകളും ഉണ്ടെന്നുള്ളതാണ്. അവരില്‍ പലരും നിശ്ശബ്ദരായിരുന്നു. ചിലരൊക്കെ കൊല്ലപ്പെട്ടു. അല്ലെങ്കില്‍ അഭയാര്‍ഥികളായി മാറുന്നു. ഈ സമയത്ത് ഞാന്‍ ചില ഈഴത്തമിഴ് എഴുത്തുകാരുമായി അഭിമുഖം നടത്തി.

ശോഭാശക്തി, വി ഐ എസ് ജയപാലന്‍ തുടങ്ങിയവരുമായി. ഇവരില്‍ പലരും ചെന്നൈ പുസ്തകമേളയില്‍ വരാറുണ്ട്. അവിടെവച്ചാണ് ഇത്തരം എഴുത്തുകാരെ പരിചയപ്പെടുന്നത്. അവരോടൊക്കെ അടുത്തിടപഴകുമ്പോഴാണ് മനസ്സിലാകുന്നത്, നമ്മള്‍ വിചാരിക്കുംപോലെ അത്ര നിസ്സാരമായ ഒരു വിഷയമല്ല, വളരെ സങ്കീര്‍ണമായ വിഷയമാണിതെന്ന്. ജയപാലന്‍ ഇയക്കത്തെ പൂര്‍ണമായും പിന്തുണക്കുന്ന ആളാണ്. ഈ വിഷയത്തെ ആഴത്തില്‍ മനസ്സിലാക്കിയിട്ടുള്ള ആളാണ് അദ്ദേഹം. ജയപാലനുമായുള്ള സംഭാഷണത്തില്‍നിന്ന് അയാള്‍ പറയുന്നത് ശരിയാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്.

? ഈ ഘട്ടത്തില്‍ നോവലെന്ന ആശയം മനസ്സിലുണ്ടായിരുന്നോ.

= അപ്പോള്‍ നോവലൊന്നുമില്ല. നമ്മുടെ അടുത്ത് നടക്കുന്ന സംഭവമായതുകൊണ്ട് ഈ വിഷയത്തോട് എനിക്ക് താല്‍പ്പര്യമുണ്ടായിരുന്നു. എന്തുകൊണ്ടാണ് തമിഴ് ഈഴക്കാര്‍ വയലന്‍സിലേക്ക് പോയത് എന്നതിന് കൃത്യമായ ന്യായീകരണങ്ങളുണ്ട്. അവരെ വയലന്‍സിലേക്ക് എത്തിച്ചതാണ്. സുഗന്ധിയിലൊന്നും അത് പൂര്‍ണമായി ആവിഷ്കരിക്കാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല.

? സുഗന്ധിയില്‍ തമിഴ് ഈഴത്തിന്റെ പോരാട്ടത്തെയും ഭരണകൂട ഭീകരതയെയും ഒരുപോലയാണ് കാണുന്നതെന്ന വിമര്‍ശനം ഉയര്‍ന്നു വന്നിട്ടുണ്ട്.

= ഇതിലൊരു അപകടകരമായ കാര്യമുണ്ട്. ഏതെങ്കിലും പക്ഷം പിടിക്കാനും കഴിയില്ല. രണ്ടുകൂട്ടരും വയലന്‍സില്‍ നില്‍ക്കുന്നവരാണ്. സമാധാനത്തിനുവേണ്ടി ഇടപെട്ടാല്‍ പോലും നമ്മള്‍ കുറ്റവാളികളായിമാറും.

? ശോഭാശക്തിയുടെ 'മ്' എന്ന കൃതി പരിഭാഷപ്പെടുത്തുന്നുണ്ടല്ലോ.

= ഈ വിഷയത്തില്‍ ഇടപെടുന്നതിന്റെ ഭാഗമായാണ് ഞാന്‍ ആ നോവല്‍ പരിഭാഷപ്പെടുത്തുന്നത്. ഞാന്‍ അതിലേക്ക് കടന്നപ്പോള്‍ നമ്മളെപ്പോലെ അവിടെ സമാധാനത്തിനുവേണ്ടി സംസാരിക്കുന്ന ഒരുപാട് പേരുണ്ടെന്ന് മനസ്സിലായി. ശോഭാശക്തിയപ്പോലുള്ള ആളുകള്‍ക്ക് നാടുവിടേണ്ടിവന്നു. ചിലര്‍ക്കൊക്കെ ഒളിച്ചു താമസിക്കേണ്ടിവന്നു.

? പരിഭാഷയുടെ ഘട്ടത്തില്‍, ഈ വിഷയത്തില്‍ സ്വന്തമായി ഒരു നോവല്‍ എഴുതണമെന്ന് വിചാരിച്ചിരുന്നോ.

= ഇല്ല. വളരെ അപ്രതീക്ഷിതമായാണ് ഞാന്‍ ഇതിലേക്കെത്തുന്നത്. ഈ വിഷയം ഒരു നോവലായി എഴുതണമെന്നൊന്നും തീരുമാനിച്ചിട്ടില്ലായിരുന്നു. തൃശൂരില്‍ ഒരു സാഹിത്യ പരിപാടിയില്‍ സംബന്ധിക്കുമ്പോള്‍ പുസ്തകമേളകളെക്കുറിച്ചും പുതിയ പുസ്തകങ്ങളെക്കുറിച്ചുമൊക്കെ സംസാരിക്കുന്നതിനിടയില്‍ ചെന്നൈ ബുക്ക് ഫെയര്‍ എന്ന പേരില്‍ പൊങ്കല്‍ കാലത്ത് ചെന്നൈയില്‍ നടക്കുന്ന ഒരു പുസ്തകോത്സവത്തെക്കുറിച്ച് ഞാന്‍ പറയുകയുണ്ടായി.
എഴുത്തുകാര്‍, വായനക്കാര്‍, പ്രസാധകര്‍ എന്നിവരെല്ലാം ഒത്തുചേരുന്ന വലിയൊരു പുസ്തകമേളയാണത്. ഇന്ത്യക്ക് പുറത്തുള്ള നിരവധി എഴുത്തുകാര്‍ ഈ പരിപാടിയില്‍ സംബന്ധിക്കാറുണ്ട്. ഒരുപാട് പുസ്തകപ്രകാശനങ്ങളും ചര്‍ച്ചകളും അവിടെ ആ സമയത്ത് നടക്കാറുണ്ട്. അത് പുസ്തകമേളയുടെ വേദിയിലൊന്നും ആയിരിക്കണമെന്നില്ല. ആ സമയത്ത് ചെന്നൈ മുഴുവന്‍ സാംസ്കാരിക അന്തരീക്ഷം ഉണ്ടാകും. പല പ്രവാസികളും നാട്ടിലേക്ക് വരുന്നത് ഈ പുസ്തകമേളയുടെ കാലത്താണ്. ഈ സമയത്ത് ഞാന്‍ പരിചയപ്പെട്ട ചില ആളുകളുണ്ട്. ഞാന്‍ നേരത്തെ സൂചിപ്പിച്ചിരുന്നല്ലോ, ചില ഈഴം എഴുത്തുകാര്‍. 2009ലെ ആഭ്യന്തര യുദ്ധത്തിനുശേഷം അവരുമായി ബന്ധപ്പെടാനേ കഴിയുന്നില്ല. പല പ്രാവശ്യം മെയില്‍ അയച്ചിട്ടും ഒരു മറുപടിയുമില്ല. അവര്‍ ജീവിച്ചിരിപ്പുണ്ടോ എന്നുപോലും അറിയാന്‍ കഴിയാത്ത അവസ്ഥ.
തൃശൂരിലെ പരിപാടിയില്‍വച്ച് ഞാന്‍ ഈ കാര്യമൊക്കെ പറയുമ്പോള്‍ സിവിക് ചന്ദ്രന്‍ വേദിയിലുണ്ടായിരുന്നു. അദ്ദേഹം പറഞ്ഞു, ഇപ്പോള്‍ പറഞ്ഞതൊക്കെ ഒന്ന് എഴുതിത്തരുമോ, പാഠഭേദം മാസികയില്‍ കൊടുക്കാനാണ്. അദ്ദേഹം അതിനുവേണ്ടി രണ്ടുമൂന്നു തവണ എന്നെ വിളിച്ചു. സിവിക് നിര്‍ബന്ധിച്ചപ്പോള്‍ എഴുതാന്‍ തീരുമാനിച്ചു. എഴുതാന്‍ തുടങ്ങിയപ്പോഴാണ് അതിന്റെ ഫിക്ഷണല്‍ പോസിബിലിറ്റി എനിക്ക് മനസ്സിലായത്.

? അങ്ങനെയാണോ സുഗന്ധി എന്ന നോവലിലേക്ക് എത്തുന്നത്.

= അവിടെയും ചില വഴിത്തിരിവുകളുണ്ട്. ഔട്ട്ലുക്ക് ഒരു മലയാളം ഓണപ്പതിപ്പ് ഇറക്കിയപ്പോള്‍ അതിന്റെ ഗസ്റ്റ് എഡിറ്റര്‍ എന്‍ എസ് മാധവന്‍ സാറായിരുന്നു. അതിനുമുമ്പ് ഒന്നുരണ്ടുതവണ അദ്ദേഹത്തെ കണ്ടപ്പോള്‍ അടുത്ത നോവല്‍ എന്താണ് ചെയ്യുന്നതെന്ന് ചോദിച്ചു. ആ സമയത്ത് ഞാന്‍ ഒരു നോവല്‍ എഴുതിത്തുടങ്ങിയിട്ടില്ലായിരുന്നു. എന്നാലും ഞാന്‍ പറഞ്ഞു, ഒരു നോവല്‍ ചെയ്തുകൊണ്ടിരിക്കുകയാണെന്ന്. ആ ഓര്‍മയില്‍നിന്ന് മാധവന്‍ സാര്‍ എന്നെ വിളിച്ചിട്ട് എഴുതിക്കൊണ്ടിരിക്കുന്ന നോവലിന്റെ കുറച്ചുഭാഗം വേണം അത് ഈ ഓണപ്പതിപ്പില്‍ കൊടുക്കാനാണെന്ന് പറഞ്ഞു. അങ്ങനെയാണ് സുഗന്ധിയുടെ ആദ്യ അധ്യായത്തിന്റെ പകുതി ഔട്ട്ലുക്ക് ഓണപ്പതിപ്പില്‍ വരുന്നത്. അപ്പോഴും എന്റെ മനസ്സില്‍ ഇതൊരു നോവലെറ്റിന്റെ രൂപത്തിലാണ് ആലോചിച്ചിരുന്നത്.

ആയിടയ്ക്കാണ് മാധ്യമം ആഴ്ചപ്പതിപ്പിലെ പി കെ പാറക്കടവ് വിളിച്ചുപറയുന്നത്, ആഴ്ചപ്പതിപ്പില്‍ കുറെപ്പേരുടെ നോവലെറ്റുകളുടെ ഒരു പരമ്പര തുടങ്ങുന്നു. ഒരു നോവലെറ്റ് തരണമെന്ന്. അപ്പോള്‍ എനിക്കുതോന്നി ഇത് മാധ്യമത്തിന് കൊടുക്കാമെന്ന്. അവര്‍ പരസ്യം കൊടുക്കുകയും ചെയ്തു. എന്റെ മാത്രമല്ല, എം മുകുന്ദന്‍, സി വി ബാലകൃഷ്ണന്‍... ഈ പോരുകളൊക്കെവച്ച് മാധ്യമത്തില്‍ പരസ്യം വന്നു. അങ്ങനെയാണ് ഞാന്‍ സീരിയസായി ഇത് എഴുതാന്‍ തുടങ്ങുന്നത്. അങ്ങനെ എഴുതിത്തുടങ്ങിയപ്പോഴാണ് ഇതൊരു നോവലെറ്റായി തീരുകയില്ലെന്ന് മനസ്സിലായത്. പാറക്കടവിനെ വിളിച്ച് കാര്യം പറഞ്ഞു. അപ്പോള്‍ അദ്ദേഹം പറഞ്ഞു, നോവലാക്കിയാലും ഞങ്ങള്‍ക്കേ തരാവൂ എന്ന്. അങ്ങനെയാണ് ഞാന്‍ ഈ നോവലിലേക്ക് എത്തുന്നത്.

? ശ്രീലങ്കന്‍ വിഷയത്തിന്റെ പശ്ചാത്തലത്തില്‍ ഒരു നോവല്‍ എഴുതാന്‍ തീരുമാനിക്കുന്നു. എന്നാല്‍ സുഗന്ധിയെപ്പോലെയുള്ള ഒരു നോവല്‍ എഴുത്തുമുറിയിലിരുന്നുകൊണ്ട് മാത്രം എഴുതിത്തീര്‍ക്കാന്‍ പറ്റുന്നതാണെന്ന് അത് വായിക്കുമ്പോള്‍ തോന്നുന്നില്ല. വലിയ അന്വേഷണം ആവശ്യപ്പെടുന്ന ഘടകങ്ങള്‍ അതിലുണ്ട്. സുഗന്ധിയുടെ രചനാവഴികള്‍ എന്തൊക്കെയായിരുന്നു.

= ഞാന്‍ നേരത്തെ സൂചിപ്പിച്ചതുപോലെ സമാധാനത്തിനുവേണ്ടി സംസാരിക്കുന്നവരെപ്പറ്റിയുള്ള അന്വേഷണം എത്തിപ്പെട്ടത് ഡോ. രജനി തിരണഗാമയുടെ മരണത്തിലാണ്. അവരെക്കുറിച്ചുള്ള ഒരു ഡോക്യുമെന്ററി ഞാന്‍ കാണുന്നു. 'നോ മോര്‍ റ്റിയേഴ്സ് സിസ്റ്റേഴ്സ്'. ഈ ഡോക്യുമെന്ററി കണ്ടതോടെയാണ് ഞാന്‍ യഥാര്‍ഥത്തില്‍ ഒരു നോവല്‍ എന്ന നിലയില്‍ ഈ വിഷയത്തെ കാണാന്‍ തുടങ്ങുന്നത്.
പിന്നീട് ഒന്നൊന്നര വര്‍ഷം  ഇതിന്റെ പിന്നാലെയായി. ശ്രീലങ്കയിലേക്ക് പോകുന്നു. ഇതിന് മുമ്പും അവിടെ പോയിട്ടുണ്ട്. പക്ഷേ, നോവലിനുവേണ്ടി വീണ്ടും പോയി. ആഭ്യന്തര യുദ്ധത്തിന്റെ ഏറ്റവും ദുരിതപൂര്‍ണമായ അവസ്ഥ നോവലില്‍ ഡോക്യുമെന്റ ്ചെയ്യുന്നതില്‍ എനിക്ക് അത്ര താല്‍പ്പര്യമില്ലായിരുന്നു. 'മ്' എന്ന നോവല്‍ അങ്ങനെയുള്ള ഒന്നാണ്. ഇതെങ്ങനെ ഒരു നല്ല കഥയായി പറയാന്‍ കഴിയും, അതാണ് ഞാന്‍ ആലോചിച്ചത്. രജനി തിരണഗാമയുടെ പുസ്തകം 'ദ ബ്രോക്കണ്‍ പാല്മൈറ' (വേല യൃീസലി ുമഹ്യാൃമ) ഞാന്‍ വായിച്ചു. രജനിയടക്കം നാലുപേര്‍ ചേര്‍ന്ന് എഴുതുന്ന പുസ്തകമാണത്. മനുഷ്യാവകാശ പ്രവര്‍ത്തകരായ ഡോക്ടര്‍മാരായിരുന്നു അവര്‍. ജാഫ്നാ മെഡിക്കല്‍ കോളേജിലാണ് അവര്‍ ജോലി ചെയ്തിരുന്നത്. രജനി തിരണഗാമയുടെ മരണം എങ്ങനെ സംഭവിച്ചു എന്നത് അജ്ഞാതമാണ്.

? ഇതിന്റെയൊക്കെ യഥാതഥ ആവിഷ്കാരമായിരുന്നെങ്കില്‍ ആ നോവല്‍ ഒരു പരാജയമാകുമായിരുന്നു.

= അത് എനിക്ക് നേരത്തെ തോന്നിയിരുന്നു. അങ്ങനെയാണ് ഞാന്‍ ശ്രീലങ്കയുടെ ചരിത്രം വായിക്കാന്‍ തുടങ്ങുന്നത്. ശ്രീലങ്കയുടെ ചരിത്രം സിംഹളര്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. അത് എത്രമാത്രം സത്യമാണെന്നത് വേറൊരു വിഷയമാണ്. സിംഹള പൈതൃകം ക്രോണോളജിക്കലായി അവര്‍ രേഖപ്പെടുത്തിവച്ചിട്ടുണ്ട്. അങ്ങനെ അത് വായിക്കുമ്പോള്‍ അവസാനത്തെ സിംഹള രാജാവ് മഹേന്ദ്രന്‍ അഞ്ചാമന്‍ ആണെന്ന് മനസ്സിലാകുന്നു. അതൊരു വഴിത്തിരിവായിരുന്നു. ഞാന്‍ നോവല്‍ എഴുതുമ്പോള്‍ മഹേന്ദ്ര രാജപക്സെയാണ് ശ്രീലങ്ക ഭരിക്കുന്നത്. മഹേന്ദ്രന്‍ അഞ്ചാമനുശേഷം ശ്രീലങ്കയുടെ ചരിത്രത്തില്‍ വേറൊരു മഹേന്ദ്രന്‍ ഭരിച്ചിട്ടില്ല. പിന്നീട് ഇദ്ദേഹമാണ്. മഹേന്ദ്രന്‍ അഞ്ചാമന്‍ ഭരിച്ചത് എ ഡി ആയിരത്തിന് അടുത്താണെന്നു പറയുന്നു. അയാള്‍ ഇവിടെനിന്നുള്ള ചോളന്മാരുടെ ആക്രമണത്തില്‍ പിടിക്കപ്പെട്ട് വെല്ലൂരിലെ ചോളന്മാരുടെ ജയിലില്‍ കിടന്നാണ് മരിക്കുന്നത്. ഇതെനിക്കൊരു വലിയ അറിവായി തോന്നി.

? ഈ നോവലില്‍ ചരിത്രം നന്നായി പ്രവര്‍ത്തിക്കുന്നുണ്ട്. അതിന്റെ അന്വേഷണവഴികളെക്കുറിച്ച് വിശദമാക്കമോ.

= പക്ഷേ, ഇതൊരു ചരിത്ര നോവല്‍ അല്ലെന്ന് ആദ്യമേ പറയട്ടെ. എ ഡി ആയിരത്തിന് അപ്പുറത്തും ഇപ്പുറത്തുമുള്ള നമ്മുടെ ചരിത്രം ഞാന്‍ പരിശോധിച്ചു. തമിഴകത്തിന്റെ ചരിത്രം, ആ കാലത്തു നടന്ന ഫിലോസഫിക്കല്‍ ഡിസ്കോഴ്സ് എന്നിവയൊക്കെ ഞാന്‍ പരിശോധിച്ചു. ശ്രീലങ്കക്കു ചുറ്റുമുള്ള പ്രദേശങ്ങള്‍ അവിടത്തെ സംസ്കാരം, ഭരണരീതി ഇതെല്ലാം ഇന്റര്‍ലിങ്കാണ്. ഇങ്ങനെ പരിശോധിക്കുമ്പോള്‍ എ ഡി ആയിരം എന്നു പറയുന്നത് വളരെ വളരെ വിസ്മയകരമായ ഒരു അനുഭവമാണ് നല്‍കിയത്. ഇരുമ്പിന്റെ ആയുധങ്ങള്‍ ഉണ്ടാകുന്നത് ഈ കാലഘട്ടത്തിലാണ്. ആണ്ടാളിന്റെ കാലം. ഈ കാലത്ത് ബുദ്ധിസത്തില്‍ നടക്കുന്ന വ്യവഹാരം എന്തൊക്കെയാണ്, ഹിന്ദുയിസത്തില്‍ നടക്കുന്ന ആന്തരികമായ സംഘര്‍ഷങ്ങള്‍ എന്തൊക്കെയാണ് -ഇത്തരം അന്വേഷണങ്ങള്‍ നോവലിന് എങ്ങനെ ഗുണകരമാക്കി മാറ്റാനാവും എന്നാണ് ഞാന്‍ ചിന്തിച്ചത്. അതൊരു വെല്ലുവിളിയാണ്.

കാരണം ഈ ചരിത്രത്തെയൊക്കെ സമകാലികതയുമായി ബന്ധിപ്പിക്കേണ്ടതുണ്ട്. പിന്നെ കഥാപാത്രങ്ങള്‍ വേണം. എന്തായാലും നൂറ് ശതമാനം ഫിക്ഷണലായ ഒരു കഥാപാത്രം ഇതിന് അനിവാര്യമാണ്. ഒരു ചരിത്ര നോവലൊന്നുമല്ലല്ലോ എഴുതുന്നത്. ഞാന്‍ ആണ്ടാളിന്റെ തിരുപ്പാവൈ വായിക്കുന്നു. നാച്ചിയാര്‍ തിരുമൊഴി വായിക്കുന്നു. സച്ചിദാനന്ദന്റെ ഒരു കവിതയുണ്ട്. 'ആണ്ടാള്‍ പ്രണയത്തെക്കുറിച്ച് സംസാരിക്കുന്നു'. മലയാളം എന്ന അദ്ദേഹത്തിന്റെ കവിതാസമാഹാരത്തില്‍ ഇത് ചേര്‍ത്തിട്ടുണ്ട്. ഇത്തരത്തിലുള്ള നിരവധി കവിതകള്‍ അക്കാലത്ത് അദ്ദേഹം എഴുതിയിട്ടുണ്ട്, അക്ക മഹാദേവി, തുക്കാറാം എന്നിവരെക്കുറിച്ചൊക്കെ. സച്ചിദാനന്ദന്‍ മാഷ് ഒരു പാന്‍ ഇന്ത്യന്‍ അവസ്ഥയിലേക്ക് വികസിക്കുന്ന ഒരു ഘട്ടമാണിത്. അതുകഴിഞ്ഞ് മാഷ് ഇന്റര്‍നാഷണലാകുന്നു.

? സച്ചിദാനന്ദന്റെ ആണ്ടാള്‍ ആണോ നോവലിലെ ആണ്ടാള്‍ ദേവനായകി..
.
= അങ്ങനെ പറയാം. സച്ചിദാനന്ദന്‍ മാഷിന്റെ ആണ്ടാളിനെക്കുറിച്ചുള്ള കവിത അത് പ്രസിദ്ധീകരിച്ച കാലഘട്ടത്തില്‍ത്തന്നെ എന്നെ വല്ലാതെ സ്വാധീനിച്ചിട്ടുള്ളതാണ്. കാരണം അദ്ദേഹത്തിന്റെ മറ്റു കവിതകള്‍പോലെയല്ല, വളരെ താളാത്മകമാണത്. ദൃശ്യവിസ്മയം ഈ കവിതയിലുണ്ട്. ആണ്ടാള്‍ ദേവനായകി എന്ന കഥാപാത്രത്തിനു പിന്നില്‍ ഈ കവിതയുടെ സ്വാധീനമുണ്ട്. തമിഴ് മിത്തിലുള്ള ആണ്ടാള്‍ പന്ത്രണ്ടാമത്തെ വയസ്സില്‍ രംഗനാഥനില്‍ ലയിക്കുകയാണ്. പക്ഷേ, സച്ചിമാഷിന്റെ ആണ്ടാള്‍ തിരുപ്പാവൈയും നാച്ചിയാര്‍തിരുമൊഴിയും എഴുതിയ ആണ്ടാളാണ്. ഇതെഴുതിയ ആണ്ടാളിന് രംഗനാഥനില്‍ ലയിക്കാന്‍ കഴിയില്ല. നാച്ചിയാര്‍തിരുമൊഴി ഒരു സെമി ഇറോട്ടിക്കാണ്.

? വിഴിഞ്ഞം കോട്ട, കാന്തള്ളൂര്‍ ശാലയൊക്കെ നോവലില്‍ വരുന്നുണ്ട്.

= വിഴിഞ്ഞം കോട്ടയുടെ കാലത്തെപ്പറ്റിയുള്ള ഒരു വിവരം എനിക്ക് ലഭിക്കുന്നത് കേരള യൂണിവേഴ്സിറ്റി ഡിപ്പാര്‍ട്മെന്റിലോ മറ്റൊ ഉള്ള അജിത്കുമാറിന്റെ ഒരു പേപ്പറില്‍ നിന്നാണ്. ഞാന്‍ അദ്ദേഹത്തെ ഇപ്പോഴും കണ്ടിട്ടില്ല. വിഴിഞ്ഞം കോട്ടയുടെ കാലത്തെപ്പറ്റിയുള്ളതായിരുന്നു അത്. ആ കോട്ടയ്ക്ക് പീരങ്കി തുളകളില്ല. അപ്പോള്‍ പീരങ്കികള്‍ക്കും മുമ്പെയാണ് അതിന്റെ കാലം. അതായത് എ ഡി ആയിരത്തിനടുത്താണ് എന്നു പറയുന്ന അജിത്കുമാറിന്റെ ഒരു ആര്‍ട്ടിക്കിള്‍ ഹിന്ദുവിലാണ് പ്രസിദ്ധീകരിച്ചത്. വളരെ അപ്രതീക്ഷിതമായാണ് ഞാന്‍ ഇത് വായിക്കുന്നത്. അതൊരു സാധ്യതയാണല്ലോ എന്ന് എനിക്ക് തോന്നി. അങ്ങനെയാണ് വിഴിഞ്ഞത്തെക്കുറിച്ചുള്ള അന്വേഷണം ആരംഭിക്കുന്നത്. കാന്തള്ളൂര്‍ശാലയെക്കുറിച്ചൊക്കെ അന്വേഷിച്ചു. നോവലില്‍ കാന്തള്ളൂരിലെ സൈനിക പരിശീലന കേന്ദ്രത്തെക്കുറിച്ചൊക്കെ പറയുന്നത് ഫിക്ഷനാണ്.

ആയ് രാജവംശത്തെക്കുറിച്ചും വിഴിഞ്ഞം കോട്ടയുടെ പ്രാധാന്യത്തെക്കുറിച്ചും മനസ്സിലാക്കിയതില്‍ നിന്ന് ഫിക്ഷനുവേണ്ടിയുള്ള ചില സാധ്യതകള്‍ തെളിഞ്ഞുവരികയായിരുന്നു. ഇതേ സമയത്തുതന്നെയാണ് ശുചീന്ദ്രത്തെക്കുറിച്ച് ഞാന്‍ വായിക്കുന്നത്. ഇതൊക്കെ ചേര്‍ത്ത് ഒരു ഫിക്ഷന്‍ കെട്ടിപ്പൊക്കുകയാണ്. ആ കാലത്ത് നമ്മുടെ ദേശത്തുനിന്ന് ഇരുമ്പിന്റെ ആയുധം കയറ്റിപ്പോയിരുന്നതായി ഞാന്‍ വായിച്ചിട്ടുണ്ട്.
മഹേന്ദ്രന്‍ അഞ്ചാമന്‍ തോല്‍ക്കാനുള്ള കാരണമായി സിംഹള രാജ്യത്തിന്റെ ചരിത്രത്തില്‍ എഴുതിയിട്ടുണ്ട്. മഹേന്ദ്രന്‍ അഞ്ചാമന്റെ കീഴിലെ പട്ടാളക്കാരില്‍ ഭൂരിഭാഗവും മലയാളികളായിരുന്നു. അവര്‍ക്ക് മര്യാദക്ക് ശമ്പളം കൊടുക്കാത്തതുകൊണ്ട് ഇയാളോട് നിസ്സഹകരിച്ചു. അങ്ങനെയാണ് അയാള്‍ പരാജയപ്പെടുന്നത്. പരിശീലനം സിദ്ധിച്ച നായര്‍ പടയാളികളായിരുന്നു അവര്‍.

മദ്രാസ് യൂണിവേഴ്സിറ്റി ആര്‍ക്കിയോളജിക്കല്‍ ഡിപ്പാര്‍ട്മെന്റിലെ ഇളങ്കോയുടെ ഒരു പേപ്പര്‍ ഈ ഘട്ടത്തില്‍ വരുന്നുണ്ട്. രാജരാജ ചോളരുടെ ആദ്യത്തെ സൈനിക വിജയത്തെക്കുറിച്ചായിരുന്നു അത്. 'കാന്തള്ളൂര്‍ ശാലയെ കലമറുത്ത രാജരാജന്‍' എന്നൊരു ശിലാശാസനത്തെക്കുറിച്ച് ഈ പേപ്പറില്‍ പറയുന്നു. എന്നു പറഞ്ഞാല്‍ ചോളരുടെ ആദ്യത്തെ വിജയം കാന്തള്ളൂര്‍ശാലയെ കീഴടക്കിയതാണ്. ഇത്തരം വിവരങ്ങളൊക്കെ എന്റെ നോവലിനെ സംബന്ധിച്ച് വിലപ്പെട്ടതായിരുന്നു.

? വല്ലാത്തൊരു തമിഴ്രുചി ഈ നോവലിനുണ്ടല്ലോ. മലയാളത്തില്‍ എഴുതപ്പെടുന്ന ഒരു കൃതിയില്‍ അത്തരം പരിസരങ്ങള്‍ കൂടുതലായി വരുമ്പോള്‍ അതിന്റെ വായനക്ഷമതയെ ബാധിക്കുമോയെന്ന സന്ദേഹം ഉണ്ടായിരുന്നോ.

= തീര്‍ച്ചയായും അങ്ങനെ ഒരു സന്ദേഹം ഉണ്ടായിരുന്നു. തമിഴിന്റെ ഒരു അതിപ്രസരം ഉണ്ടെന്നത് ശരിയാണ്. ദേവനായകിയുടെ കഥയിലൂടെ ശ്രീലങ്കന്‍ അവസ്ഥ പറയാമെന്നാണു തീരുമാനിച്ചത്. എന്നെ സംബന്ധിച്ച് ഏറ്റവും കൂടുതല്‍ എന്‍ജോയ് ചെയ്ത് എഴുതിയ നോവലാണിത്. അങ്ങനെ പറയുമ്പോള്‍ അതൊരു സംഘര്‍ഷത്തോടുകൂടിയ ഒരു എന്‍ജോയ്മെന്റാണ്. ദേവനായകി ഒക്കെ എഴുത്തിന്റെ ഒരു ഘട്ടത്തില്‍ നമ്മുടെ മക്കളെപ്പോലെ പ്രിയപ്പെട്ടതായി തോന്നുന്നുണ്ട്.

 ? ചിലര്‍ അതിനെ ചരിത്രനോവല്‍ എന്നു വിളിക്കുന്നു. മറ്റുചിലര്‍ ചരിത്രവും മിത്തും കൂട്ടിക്കലര്‍ത്തിയെഴുതിയ കൃതി എന്നും വിലയിരുത്തുന്നു. താങ്കള്‍  എങ്ങനെയാണ് സ്വയം ഇതിനെ കാണുന്നത്.


= വായനക്കാരന് എങ്ങനെ വേണമെങ്കിലും ഈ നോവലിനെ വായിക്കാം. അത് അവരുടെ സ്വാതന്ത്യ്രമാണ്. എഴുത്തുകാരനെന്ന നിലയില്‍ ആ കാര്യത്തില്‍ എനിക്ക് ഒന്നും പറയാനില്ല. പക്ഷേ, ഒരു കാര്യം പറയാനുണ്ട്. ഞാന്‍ നേരത്തെ സൂചിപ്പിച്ചതുപോലെ, ഇതൊരു ചരിത്രനോവലല്ല. ചരിത്രമറിയാനാണ് ഈ നോവല്‍ വായിക്കുന്നതെങ്കില്‍ അവര്‍ നിരാശപ്പെടും. കാരണം ചരിത്രരചനയില്‍  വിദഗ്ധരായ വേറെ ആളുകള്‍ ഉണ്ടല്ലോ. നോവലില്‍ ചരിത്രം പ്രവര്‍ത്തിക്കുന്നത് കഥ പറയാനുള്ള ഒരു സാധ്യത എന്ന നിലയിലാണ്.

? സാമ്പ്രദായിക ചരിത്രത്തെ നമുക്ക് അങ്ങനെ വിശ്വസിക്കാനാവുമോ എന്നതും ഒരു പ്രശ്നമാണ്.


= അതെ, ചരിത്രത്തെക്കുറിച്ച് പറയുമ്പോള്‍ ആരുടെ ചരിത്രം എന്നത് പ്രധാനമാണ്. അധികാരമുള്ളവന്റെ ചരിത്രമാണ് എഴുതപ്പെട്ടിട്ടുള്ളത്. ബഹുഭൂരിപക്ഷം ആ ചരിത്രത്തിന് പുറത്താണ്. എന്തുകൊണ്ട് ഒരു സമാന്തരചരിത്രം നമുക്ക് എഴുതിക്കൂടാ. ഞാന്‍ ചരിത്രത്തോട് കലഹിക്കുന്ന ആളാണ്. അതിന് കാരണം സാമ്പ്രദായിക ചരിത്രത്തിന് പുറത്താണ് ബഹുഭൂരിപക്ഷം മനുഷ്യരും ജീവിക്കുന്നത് എന്നതുകൊണ്ടാണ്. അങ്ങനെ ചരിത്രം എഴുതുമ്പോള്‍ യൂറോസെന്‍ഡ്രിക്കായ പല വിഷയങ്ങളെയും നമുക്ക് ചോദ്യം ചെയ്യേണ്ടി വരും. ഫ്രാന്‍സിസ് ഇട്ടിക്കോരയിലൊക്കെ ഞാന്‍ ചെയ്യാന്‍ ശ്രമിച്ചത് അതാണ്. വാസ്ഗോഡഗാമ ഇവിടെ വന്ന് നമ്മളെ കണ്ടുപിടിച്ചു എന്നാണ് പറയുന്നത്. നമുക്ക് എന്തുകൊണ്ട് അങ്ങോട്ടുപൊയ്ക്കൂടാ.

? ഇട്ടിക്കോര അങ്ങനെ യൂറോപ്പിലേക്ക് പോയൊരാളാണ്. ലോകത്ത് ഇന്ന് നിലനില്‍ക്കുന്ന പല കണ്ടുപിടിത്തങ്ങള്‍ക്കും വിജ്ഞാനത്തിനും പിന്നില്‍  ഇട്ടിക്കോരയുടെ സാന്നിധ്യമുണ്ടെന്നാണ് നോവലില്‍ പറയുന്നത്.

= ആ നോവലില്‍കൂടി ഒരു സാംസ്കാരിക കലഹമാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഇത് ഇട്ടിക്കോരയെ മഹത്വവത്കരിക്കാനല്ല. യൂറോപ്യന്‍ മഹത്വവല്‍കരണത്തിനെതിരെയുള്ള ഒരു എതിര്‍പ്പിന്റെ സൂചകമാണ് അയാള്‍. ചിലര്‍ അങ്ങനെയല്ല മനസ്സിലാക്കിയിരിക്കുന്നത്. ഇട്ടിക്കോര എന്ന അതിമാനുഷികന്റെ കഥയായാണ് എന്ന വിധത്തിലാണ്. ഒരു തരത്തിലും നമ്മളൊരു അപകര്‍ഷ സമൂഹമല്ല. സമാന്തരമായ ഒരു ദാര്‍ശനിക സമീപനം നമുക്ക് എന്തുകൊണ്ട് സാധ്യമാകുന്നില്ല.

? ഇത്തരമൊരു പോസിബിലിറ്റിയുടെ പ്രശ്നം എന്താണെന്നുവച്ചാല്‍ അത് ഒരു ഹിന്ദുത്വ ഹെഗിമണിക്ക് കീഴ്പ്പെടാം എന്നതാണ്. അതാണ് നമ്മള്‍ നേരിടുന്ന പ്രശ്നം.

= നമ്മള്‍ ഓറിയന്റല്‍ എന്നു പറയുമ്പോള്‍ത്തന്നെ എന്തിനാണ് ഇവിടത്തെ ജ്ഞാനപദ്ധതികളെ ഹിന്ദുത്വത്തിന് ഏല്‍പ്പിച്ചുകൊടുക്കുന്നത്? അവരാകട്ടെ ഇത്തരം ജ്ഞാനങ്ങളെ മുഴുവന്‍ അപഹാസ്യമായാണ് കൈകാര്യം ചെയ്യുന്നത്. ഒരുതരത്തിലുള്ള ജനാധിപത്യത്തിനും അവര്‍ ഇടംകൊടുക്കാറില്ല. ഇന്ത്യക്ക് മാത്രമല്ല. ഏഷ്യക്ക് മുഴുവന്‍തന്നെ വലിയൊരു പൈതൃകമുണ്ട്. പൂര്‍ണമായും യൂറോസെന്‍ഡ്രിക്കായി നിന്നുകൊണ്ട് നമ്മുടെ ഐഡിയോളജിയെ വിശകലനം ചെയ്യേണ്ടതില്ല. ആ പാരലായ സാധ്യത നമുക്ക് എന്തുകൊണ്ട് അന്വേഷിച്ചുകൂടാ. അത് ഹിന്ദുത്വവാദികള്‍ പറയുന്ന സാധ്യതയല്ല. ആര്‍എസ്എസ് മുന്നോട്ടുവയ്ക്കുന്ന തീവ്രഹൈന്ദവ ദേശീയത അധികാരത്തില്‍ ഉറച്ചുനില്‍ക്കാനുള്ള തന്ത്രങ്ങളാണ്. യഥാര്‍ഥ ദേശീയബോധം പോലുമല്ല അവര്‍ അഡ്രസ് ചെയ്യുന്നത്. സംസ്കൃതത്തില്‍ത്തന്നെ മഹത്തായ കൃതികള്‍ രചിക്കപ്പെടുന്നുണ്ട്. പക്ഷേ, അത് ബ്രാഹ്മണിസത്തിന്റെ അധികാരവുമായി ബന്ധപ്പെട്ടാണ് നിലനിന്നതെന്നതിന് തര്‍ക്കമില്ല. എന്നാല്‍ അത് മുഴുവന്‍ ഹിന്ദുത്വശക്തികളെ ഏല്‍പ്പിച്ച് അത്തരം ജ്ഞാനങ്ങളെ നിരാകരിക്കുന്നതില്‍ അര്‍ഥം ഉണ്ടെന്നുതോന്നുന്നില്ല. സുനില്‍ പി ഇളയിടത്തിന്റെയൊക്കെ പ്രഭാഷണത്തിന്റെ പ്രാധാന്യം അവിടെയാണ്. അതില്‍ ചില പരിമിതികള്‍ കണ്ടേക്കാം. പക്ഷേ, ഓറിയന്റല്‍ ചരിത്രത്തെയും അറിവിനെയും ശരിയായ രീതിയില്‍ തിരിച്ചറിയേണ്ടതുണ്ട്.

? സ്വന്തം ഭര്‍ത്താവിനെ കൊന്നവന്റെ കൂടെ പോകുന്നവളാണ് സുഗന്ധി. അങ്ങനെ സംഭവിക്കുമോ.


= എ ഡി ആയിരത്തിലുള്ള ഒരു സാമൂഹിക അനുഭവത്തെ ഇന്നത്തെ സദാചാരവാദത്തിന്റെ നിലപാടില്‍നിന്നുകൊണ്ട് വിശകലനം ചെയ്യാന്‍ കഴിയില്ല. അന്നത്തെ സാമൂഹികാവസ്ഥ മനസ്സിലാക്കേണ്ടതുണ്ട്. അന്ന് സ്ത്രീകള്‍ കുറെക്കൂടി സ്വതന്ത്രമായാണ് ഇടപെട്ടിരുന്നത്. സ്വാതന്ത്യ്രം എന്നു ഞാന്‍ പറയുന്നത് നമ്മള്‍ ഇന്ന് വിഭവനം ചെയ്യുന്ന അര്‍ഥത്തിലല്ല. ആ കാലത്ത് നിലനിന്നിരുന്ന ആചാരങ്ങള്‍, അനുഷ്ഠാനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ടാണ് ആ കഥ പറയുന്നത്. അത് ഇതുപത്തൊന്നാം നൂറ്റാണ്ടില്‍ സ്വീകരിക്കപ്പെടേണ്ട ഒന്നാകണമെന്നില്ല. അല്ലെങ്കില്‍ സ്വന്തം ഭര്‍ത്താവിനെ കൊന്നവന്റെ കൂടെ ഒരു സ്ത്രീക്ക് എങ്ങനെ പോകാന്‍ കഴിയും എന്ന്് ഇന്ന് നമുക്ക് ചോദിക്കാം. നമ്മുടെ ഇന്നത്തെ മൂല്യബോധമനുസരിച്ച് ഇന്ന് അതിനെ വിലയിരുത്തിയിട്ട് കാര്യമില്ല. ഓരോ കാലഘട്ടത്തിലും നമ്മള്‍ നമ്മുടേതായ ചില രാഷ്ട്രീയ ശരികളെ സൃഷ്ടിക്കും. എന്നിട്ട് അതിനുള്ളിലേക്ക് ഒരു സൊസൈറ്റിയെ എത്തിക്കണമെന്ന് നമ്മള്‍ ആഗ്രഹിക്കും. പക്ഷേ, സൊസൈറ്റി അതിനൊപ്പം നില്‍ക്കണമെന്നില്ല. കാരണം മനുഷ്യനെന്നത് നമ്മള്‍ ആഘോഷിച്ച് പറയുംപോലെ ത്യാഗം, ദയ, കരുണ എന്നിവയുടെ പൂര്‍ണമായ ഇരിപ്പിടമൊന്നുമല്ല. അങ്ങനെ ആകണമെന്നത് നമ്മുടെ ആഗ്രഹമാണ്. യഥാര്‍ഥത്തില്‍ അവന്റെ മുന്നോട്ടുപോക്കിനെ നയിക്കുന്നത് സ്വാര്‍ഥതയാണ്. അത്യാഗ്രഹം, സ്വാര്‍ഥത, ഹിംസ ഈ മൂന്നു കാര്യങ്ങളുള്ള ഒരു ജീവിയാണ് മനുഷ്യന്‍. ഈ യാഥാര്‍ഥ്യം നമ്മള്‍ അംഗീകരിക്കണം. സൊസൈറ്റിയെ തൃപ്തിപ്പെടുത്തിക്കൊണ്ട് നമുക്ക് എഴുതാന്‍ കഴിയില്ല. വായനക്കാരന് വിയോജിക്കാനുള്ള ഒരിടംകൂടി സൃഷ്ടിക്കുമ്പോഴാണ് ഒരു കൃതി   നിലനില്‍ക്കുന്നത്.

? ആധുനികതയുടെ കാലത്തെ നോവലുകളില്‍നിന്ന് വ്യത്യസ്തമായി, ഇട്ടിക്കോരയിലാണെങ്കിലും സുഗന്ധിയിലാണെങ്കിലും അതിന് സംവാദാത്മകമായ ഒരു സാധ്യത അവശേഷിക്കുന്നുണ്ട്. മാത്രമല്ല, അത് സമകാലികതയോട് കൂടുതല്‍ അടുത്തുനില്‍ക്കുന്നു.


= തീര്‍ച്ചയായും സംവാദങ്ങളെ തുറക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഏകപക്ഷീയമായി എഴുത്തുകാരന്റെ സ്വന്തം നിലപാടുകള്‍ കൃതിയിലൂടെ അടിച്ചേല്‍പ്പിക്കുകയല്ല. എന്റെ എഴുത്തില്‍ ഞാന്‍ കഴിയുന്നത്ര നിശ്ശബ്ദനാണ്. പരസ്പര വിരുദ്ധമെന്നുപോലും തോന്നുന്ന സംവാദങ്ങള്‍ മുന്നോട്ടുവച്ചുകൊണ്ട് ഒരിടം ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്. വായിക്കുന്ന ആളുകളില്‍ ഒരു സംവാദം ഉല്‍പ്പാദിപ്പിക്കണം. ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ എത്തുമ്പോഴേക്കും നമ്മള്‍ പ്രത്യയശാസ്ത്രപരമായി  ചില പ്രതിസന്ധികളെ നേരിടുന്നുണ്ട്. എല്ലാത്തിനും പ്രതിവിധിയായി ഒരു ഒറ്റമൂലി അസാധ്യമായിരിക്കുന്ന കാലമാണിത്. വളരെ സങ്കീര്‍ണമായ ഒരു കാലം. മനുഷ്യന്‍ എന്നത് ഏകജാതീയമായ ഒന്നല്ലെന്നും വ്യത്യസ്തങ്ങളായ വംശങ്ങളാലും വര്‍ഗങ്ങളാലും വിഭജിതരാണെന്നുള്ള കാഴ്ചപ്പാട് കൂടുതലായി ഉയര്‍ന്നുവരുന്നൊരു കാലഘട്ടമാണിത്. നമ്മുടെ തൊട്ടടുത്തുള്ള സംസ്ഥാനത്തോ രാജ്യത്തോ സംസാരിക്കുന്നവരുടെ ഭാഷ വ്യത്യസ്തമാണ്. ഇത്തരം വൈവിധ്യങ്ങളെ പ്രശ്നവത്കരിക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്. നിലനില്‍ക്കുന്ന സാമൂഹിക, രാഷ്ട്രീയ, നരവംശശാസ്ത്ര അവസ്ഥകളോടുള്ള കലഹങ്ങളാണ് എന്റെ എഴുത്ത്. ഒരാള്‍ എന്റെ കൃതി വായിച്ച് വിയോജിപ്പ് ഉണ്ടെന്നുപറഞ്ഞാല്‍ ആ കൃതി വിജയിച്ചു എന്നാണ് അര്‍ഥം.

 ? ആധുനികതക്കുശേഷം നോവലിന് ഇനി വലിയ സാധ്യതകള്‍ ഇല്ലെന്നു വിലയിരുത്തപ്പെട്ടിരുന്നു. പക്ഷേ, അതൊക്കെ അസ്ഥാനത്താണെന്ന് നിങ്ങളെപ്പോലുള്ള എഴുത്തുകാര്‍ തെളിയിച്ചു.

= കുറച്ചുകാലം മുമ്പ് ഫിക്ഷന് യാതൊരു സാധ്യതയുമില്ലെന്ന് വിലയിരുത്തപ്പെട്ടിരുന്നു. ഇനി നോവലുകളൊന്നും ഉണ്ടാകില്ല. ചെറുകഥയുടെ വസന്തകാലമായിരിക്കുമെന്നൊക്കെ ഇവിടെ സ്ഥാപിക്കപ്പെട്ടിരുന്നു. നോവല്‍ പോലുള്ള ഒരു വലിയ ക്യാന്‍വാസ് കൈകാര്യം ചെയ്യാനുള്ള ധൈഷണീക ശേഷി ഇനി വരുന്ന തലമുറയ്ക്ക് ഉണ്ടാകില്ല എന്നൊക്കെ വാദിച്ചവരുണ്ട്. വലിയ പുസ്തകങ്ങളൊക്കെ ഉണ്ടാകില്ല. അഥവാ ഉണ്ടായാല്‍ത്തന്നെ അറുപതോ എഴുപതോ പേജുകളുള്ള ചെറിയ പുസ്തകങ്ങള്‍ മാത്രം. ഇത്തരത്തിലുള്ള നിരവധി വിലയിരുത്തലുകള്‍ ഇവിടെ നടന്നുകഴിഞ്ഞു. ഇത് പറഞ്ഞവരെ വ്യക്തിപരമായി കുറ്റപ്പെടുത്താന്‍ കഴിയില്ല. അവര്‍ക്ക് ലഭ്യമായ ചില വിശകലന സാമഗ്രികള്‍വച്ചാണ് അവര്‍ അത്തരം കാഴ്ചപ്പാടുകള്‍ അവതരിപ്പിച്ചത്. മാത്രമല്ല ദൃശ്യമാധ്യമങ്ങളുടെ കടന്നുവരവ്, വിവരസാങ്കേതിക വിദ്യയുടെ കുതിച്ചുചാട്ടം ഇവയൊക്കെ അവരെ അത്തരമൊരു നിലപാടില്‍ എത്തിക്കുകയായിരുന്നു. ഈയൊരു കാലത്തുനിന്ന് ഇരുപത്തൊന്നാം നൂറ്റാണ്ടിലേക്ക് വരുമ്പോള്‍ ഫിക്ഷന് എന്തൊക്കയായിരുന്നു വെല്ലുവിളി അതിനെയൊക്കെ മറികടന്നുകൊണ്ട് അത് ഉയര്‍ന്നുവരുന്നത് കാണാം. ഇത് കേരളത്തിന്റെ മാത്രം പ്രത്യേകതയായി കാണാന്‍ കഴിയില്ല. ലോകത്താകമാനം ഇത്തരമൊരു പ്രവണത കാണാന്‍ കഴിയും. പുതിയ കാലത്ത് മലയാളത്തില്‍ നോവല്‍ വളരെ സജീവമായി എഴുതപ്പെട്ടു എന്നത് ഒരു യാഥാര്‍ഥ്യമാണ്. ബെന്യാമന്‍, കെ ആര്‍ മീര, സുഭാഷ് ചന്ദ്രന്‍, ഇ സന്തോഷ് കുമാര്‍, ടി പി രാജീവന്‍ തുടങ്ങിവരുടെ നോവലുകള്‍ നന്നായി വായിക്കപ്പെടുന്നു. ചെറുകഥകള്‍ മാത്രമെഴുതിയിരുന്ന സുഭാഷ് ചന്ദ്രനും കവിതകള്‍ മാത്രം എഴുതിയിരുന്ന രാജീവനുമൊക്കെ നോവലിലേക്ക് വരുന്നു. ഇവരുടെ കൃതികളോട് യോജിക്കാനും വിയോജിക്കാനുമുള്ള ഇടമുണ്ട്. അത് വേറെകാര്യം. പക്ഷേ, ഇവരുടെയെല്ലാം ഇടപെടലുകള്‍ മലയാളത്തിലെ വായനയെ മുന്നോട്ടുകൊണ്ടുപോയി.

? കാര്യങ്ങള്‍ കുറെക്കൂടി മുന്നോട്ടുപോയിട്ടുണ്ട്. നോവലിലും ചെറുകഥയിലും ഇന്ന് അതിനെക്കാള്‍ വലിയ മാറ്റങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു. വിനോയ് തോമസ്, ഫ്രാന്‍സിസ് നൊറോണ, വി എം ദേവദാസ്, എസ് ഹരീഷ് തുടങ്ങിവര്‍ ഈ രംഗത്ത് നാളിതുവരെ ഇല്ലാത്ത പുതിയ ഇടങ്ങളെയും ഭാവുകത്വത്തെയും ആവിഷ്കരിക്കുന്നു. മലയോരത്തിന്റെയും തീരദേശത്തിന്റെയും ഇതുവരെ എഴുതപ്പെടാത്ത ആഖ്യാനങ്ങള്‍ ഉണ്ടാവുന്നു.

= തീര്‍ച്ചയായും. ഇവര്‍ക്ക് തൊട്ടുപിന്നില്‍ നിങ്ങള്‍ പറഞ്ഞ ശക്തമായ ഒരു നിര വന്നുകഴിഞ്ഞു. വിനോയ് തോമസ്, ഫ്രാന്‍സിസ് നൊറോണ, വി എം ദേവദാസ്, എസ് ഹരീഷ് എന്നിവര്‍. ഇത് ഗുണകരമായ ഒരു തുടര്‍ച്ചയാണ്. സാഹിത്യ നിരൂപകരും സാഹിത്യ അധ്യാപകരും ഇതാണ് നോവലിന്റെ നിര്‍വചനം എന്നു പറയുമ്പോള്‍ അതിനെ മറികടന്നുകൊണ്ട് പുതിയൊരു നോവല്‍ വരികയാണ്. ഓരോ എഴുത്തുകാരനും ഇത്തരത്തിലുള്ള നിര്‍വചനങ്ങളില്‍ നിന്ന് പുറത്തുകടക്കാനാണ് ശ്രമിക്കുന്നത്. മറ്റ് ക്ളാസിക്കല്‍ കലാ രൂപങ്ങള്‍ക്ക് അതിന്റെ നിര്‍വചനത്തില്‍ നിന്നാല്‍ മാത്രമേ സാധ്യതയുള്ളു. പക്ഷേ, ഫിക്ഷന്‍ അങ്ങനെയല്ല.

? മലയാള നോവല്‍ മലയാളത്തെ അടയാളപ്പെടുത്തുന്നില്ല എന്നൊരു വിമര്‍ശനം ഉയര്‍ന്നുവന്നത് ശ്രദ്ധിച്ചിരുന്നോ.


= ഉവ്വ്. അതില്‍ അവരൊക്കെ ഒന്നാം പ്രതിസ്ഥാനത്തുനിര്‍ത്തുന്നത് എന്നെയാണ്. മലയാളി നോവല്‍ ബംഗാളിയും ശ്രീലങ്കയും പ്രവാസി നോവലുകളുമായി മാറുന്നു എന്നൊക്കെയാണ് ആ വിമര്‍ശനങ്ങള്‍. വൈവിധ്യങ്ങളെയാണ് പുതിയ നോവലിസ്റ്റുകള്‍ അന്വേഷിക്കുന്നത്. നിങ്ങള്‍ പറഞ്ഞതുപോലെ മലയോരത്തേക്കും തീരപ്രദേശത്തേക്കുമൊക്കെയാണ് ഇന്നു നോവല്‍ സഞ്ചരിക്കുന്നത്.

നോവലെഴുത്ത് എന്നത് ഒരു ഒഴിവുകാല വിനോദമല്ല എന്ന ഉറച്ച ധാരണയുള്ളവരാണ് പുതിയ എഴുത്തുകാര്‍. ഇതുവരെ പറയാത്ത ജനവിഭാഗങ്ങള്‍, അവരുടെ ഇടങ്ങള്‍ എന്നിവയൊക്കെ ഇന്ന് നോവലില്‍ പ്രത്യക്ഷമാണ്. മുമ്പുള്ള തലമുറയിലും ഈ മാറ്റം കാണാന്‍ കഴിയുന്നുണ്ട്. സേതു, മുകുന്ദന്‍, കെ പി രാമനുണ്ണി ഇവരൊക്കെ മുമ്പ് എഴുതിയ രീതിയില്‍നിന്നും വളരെ വ്യത്യസ്തമായാണ് ഇന്ന് എഴുതുന്നത് .


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top