26 April Friday

വേണാടിന്റെ ചരിത്രം; തിരുവിതാംകൂറിന്റെയും

എ ശ്യാംUpdated: Monday Apr 23, 2018

വേണാടും തിരുവിതാംകൂറും ഒന്നാണെന്ന ധാരണ ചരിത്രകാരന്മാർക്കിടയിൽ ശക്തമാണ്. ചരിത്രരേഖകൾ നിരത്തി ആ ധാരണ തെറ്റാണെന്ന് സ്ഥാപിക്കുകയാണ് വേണാടും തിരുവിതാംകൂറും’എന്ന ബൃഹദ്കൃതിയിലൂടെ ചരിത്രഗവേഷകൻ കെ ശിവശങ്കരൻനായർ. ഗ്രന്ഥകാരന്റെതന്നെ വേണാടിന്റെ പരിണാമം, മാർത്താണ്ഡവർമമുതൽ മൺറോവരെ’എന്നീ കൃതികളുടെ സമാഹാരമാണ് ഈ കൃതി. വേണാടിന്റെ ഒരു ഭാഗം മാത്രമായിരുന്ന തിരുവിതാംകൂർ എങ്ങനെയാണ് വികസിച്ചുവന്നതെന്നും പിന്നീടെങ്ങനെ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന് അധീനപ്പെട്ടെന്നും പരിശോധിക്കുകയാണ് ഗ്രന്ഥകാരൻ.

തിരുവിതാംകൂറിന്റെ ചരിത്രപരിണാമത്തിലെ അവ്യക്തത നിറഞ്ഞ കാലഘട്ടങ്ങളിലേക്ക് വെളിച്ചം വീശുന്ന കൃതി തിരുവിതാംകൂറും കൊച്ചിയും ഉൾപ്പെടുന്ന പ്രദേശത്തിന്റെ വാണിജ്യ, സാമൂഹിക, രാഷ്ട്രീയ മണ്ഡലങ്ങളിൽ ഒരു സഹസ്രാബ്ദത്തിലേറെ നീണ്ട കാലത്തുണ്ടായ വമ്പിച്ച മാറ്റത്തെയാണ് അവതരിപ്പിക്കുന്നത്. വിദൂരനാടുകളിൽനിന്ന് വാണിജ്യാവശ്യത്തിന് കടൽകടന്നുവന്നവരുമായുണ്ടായ വിനിമയങ്ങളിലൂടെയുണ്ടായ സാംസ്കാരികമാറ്റങ്ങളും ഇസ്ലാമിന്റെയും ക്രൈസ്തവ  മതത്തിന്റെയും വ്യാപനത്തിനുമുമ്പുതന്നെ മതത്തിന്റെ പേരിൽ ഇവിടെ നടന്ന കൂട്ടക്കൊലകളും മാറിക്കൊണ്ടിരുന്ന കുടുംബ‐സാമൂഹ്യ ബന്ധങ്ങളുമെല്ലാം നിരവധി രേഖകളുടെ പിൻബലത്തോടെ ഗ്രന്ഥകാരൻ വിശദീകരിക്കുന്നു.

ദക്ഷിണേന്ത്യയിലെതന്നെ ഏറ്റവും വലിയ വാണിജ്യകേന്ദ്രമെന്ന് ഒരുകാലത്ത് പേരെടുത്ത കൊല്ലം പിന്നീട് മുസ്ലിം വ്യാപാരികളും പോർച്ചുഗീസുകാരുമായുണ്ടായ വാണിജ്യയുദ്ധത്തിൽ തകർന്നതും, നൂറ്റാണ്ടുകൾക്കുമുമ്പ് ജലഗതാഗതയോഗ്യമല്ലാതിരുന്ന കൊച്ചി ഭൂമിശാസ്ത്രപരമായ മാറ്റങ്ങളുടെകൂടി ബലത്തിൽ പ്രധാന വാണിജ്യകേന്ദ്രമായി ഉയർന്നുവന്നതുമെല്ലാം കേരളത്തിന്റെ ചരിത്രം പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് അവഗണിക്കാനാകാത്ത ഏടുകളാണ്.

ക്രിസ്തുവർഷം നാലാംനൂറ്റാണ്ടുമുതൽ മൂന്നുനൂറ്റാണ്ടുകാലം തമിഴകത്ത് ശക്തമായിരുന്നത് ജൈനമതമായിരുന്നു എന്ന് ഗ്രന്ഥകാരൻ എഴുതുന്നു. കേരളത്തിലെ യാദവന്മാരും പാണ്ഡ്യന്മാരും ജൈനമതക്കാരായിരുന്നു. ഗുജറാത്തിൽനിന്ന് കുടിയേറിയ കൃഷ്ണാരാധനക്കാരായ ജൈനമതക്കാരിലൂടെ വൈഷ്ണവ മതം ഈ പ്രദേശങ്ങളിൽ വ്യാപിച്ചതും പിന്നീട് ശൈവമതം ആധിപത്യം സ്ഥാപിച്ചതും എണ്ണായിരം ജൈനപണ്ഡിതരെ തൂക്കിലേറ്റിയതും വീണ്ടും വൈഷ്ണവ മതം തിരുവിതാംകൂർ ഭാഗത്ത് പ്രതാപത്തിലേക്ക് തിരിച്ചുവന്നതുമെല്ലാം വിവരിക്കുന്ന കൃതി മതം ഈ പ്രദേശങ്ങളിലുണ്ടാക്കിയ രക്തച്ചൊരിച്ചിലുകൾകൂടിയാണ് ഓർമിപ്പിക്കുന്നത്. പിൽക്കാലത്ത് 16‐ാംനൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിലാണ് ശൈവ‐ വൈഷ്ണവ മതങ്ങളുടെ ഏകോപനമുണ്ടായത്.

ഇതേകാലത്തുതന്നെ കേരളത്തിന്റെയും തമിഴ്നാടിന്റെയും തീരപ്രദേശങ്ങളിൽ പോർച്ചുഗീസ് മിഷണറിമാരെ മതപരിവർത്തനം നടത്താൻ അനുവദിച്ച് ജയസിംഹ കേരളവർമ പോർച്ചുഗീസുകാരുമായുണ്ടാക്കിയ ഉടമ്പടിയും ഇതിന്റെ ചുവടുപിടിച്ചുണ്ടായ മുട്ടം ശിലാശാസനവും മറ്റും വേണാടിന് പോർച്ചുഗീസുകാേരാട് ഉണ്ടായിരുന്ന വിധേയത്വമാണ് കാണിക്കുന്നതെന്ന് ഗ്രന്ഥകാരൻ എഴുതുന്നു. ഹൈദർ അലി, മാർത്താണ്ഡവർമ, മെക്കാളെ തുടങ്ങി ചരിത്രത്തിൽ ഇടം സ്ഥാപിച്ചവരുടെ നീണ്ടനിരതന്നെ ഈ കൃതിയിൽ കടന്നുവരുന്നു.

ചോളസാമ്രാജ്യ കാലത്ത് കേരളത്തിന് ലഭിച്ച മരുമക്കത്തായ സമ്പ്രദായത്തെപ്പറ്റിയും അതിനാധാരമായ സാഹചര്യങ്ങളെക്കുറിച്ചും ആ സമ്പ്രദായം രാജകുടുംബങ്ങളിൽനിന്ന് താഴേക്ക് വ്യാപിച്ചതുമെല്ലാം ഈ കൃതി പഠനവിധേയമാക്കുന്നു. കൂടാതെ കൂത്തച്ചി, തേവിടിച്ചി തുടങ്ങിയ പദങ്ങൾക്ക് ഒരുകാലത്തുണ്ടായിരുന്ന ബഹുമാന്യതയും അമ്പലവാസി സമുദായങ്ങളുടെ ഉൽപ്പത്തിയും മറ്റും വിവരിക്കുന്നുണ്ട്. വിശദമായ അടിക്കുറിപ്പുകളും രാജശാസനങ്ങളുടെ വിപുലമായ പട്ടികയടക്കമുള്ള അനുബന്ധങ്ങളും ഈ പുസ്തകത്തെ കനപ്പെട്ടതാക്കുന്നു. ചിന്ത പബ്ലിഷേഴ്സാണ് പ്രസാധകർ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top