പേരിനപ്പുറവും പരിചിതനാണ് 13-ാം നൂറ്റാണ്ടില്‍ പേര്‍ഷ്യയില്‍ ജീവിച്ചിരുന്ന സൂഫി മിസ്റ്റിക് കവിയായ ജലാലുദീന്‍ റൂമി മലയാളിക്ക്; ആ പരിചയത്തെ ഗാഢമായ മൈത്രിയായി വളര്‍ത്താന്‍പോന്ന റൂമിക്കവിതകളുടെ ബൃഹദ്സമാഹാരമാണ് കോള്‍മാന്‍ ബാര്‍ക്സ് (Coleman Barks) വിവര്‍ത്തനം ചെയ്ത് 'ഹാര്‍പ്പര്‍ വണ്‍' പ്രസിദ്ധീകരിച്ച 'റൂമിയുടെ ആത്മാവ്' (The Soul of Rumi) എന്ന പുസ്തകം
റഷ്യയില്‍ തന്റെ സമകാലികനായിരുന്ന കവി അലക്സാണ്ടര്‍ ബ്ളോക്കിന്റെ പേരിനെക്കുറിച്ചൊരു കവിതയെഴുതിയിട്ടുണ്ട് കവയിത്രിയായ മരീനാ സ്വെറ്റെയ്വ. ഉച്ചരിക്കുമ്പോഴേക്ക് തീര്‍ന്നുപോകുന്ന ആ പേരിന്റെ രണ്ടാംപാതിയുടെ ലളിതചാരുതയെക്കുറിച്ചാണാക്കവിത. ഇത്തരത്തില്‍, കാവ്യാനുരാഗികളുടെ കാതില്‍വീണ് മധുരിക്കുന്ന കുറുംപേരുകാരായ ചില പ്രാചീനകവികളുണ്ട് - സാഫോ (ഗ്രീസ്), ബാഷോ (ജപ്പാന്‍), ലീപോ (ചൈന), റൂമി (പേര്‍ഷ്യ) എന്നിങ്ങനെ. പേരിനപ്പുറവും പരിചിതനാണ് 13-ാം നൂറ്റാണ്ടില്‍ പേര്‍ഷ്യയില്‍ ജീവിച്ചിരുന്ന സൂഫി മിസ്റ്റിക് കവിയായ ജലാലുദീന്‍ റൂമി മലയാളിക്ക്; ആ പരിചയത്തെ ഗാഢമായ മൈത്രിയായി വളര്‍ത്താന്‍പോന്ന റൂമിക്കവിതകളുടെ ബൃഹദ്സമാഹാരമാണ് കോള്‍മാന്‍ ബാര്‍ക്സ് (Coleman Barks) hn-hÀ-¯-\w- sN-bv-Xv- "-lmÀ-¸À- h-¬-'- {]-kn-²o-I-cn-¨- "-dq-an-bp-sS- B-ßm-hv-'- (ഠവല ടീൌഹ ീള ഞൌാശ) എന്ന പുസ്തകം. നാല്‍പ്പത് വിഭാഗങ്ങളായി തിരിച്ച്, ഓരോ വിഭാഗത്തിനും വിവര്‍ത്തകന്റെ മുന്‍കുറിപ്പോടുകൂടിയാണ് കവിതകള്‍ ക്രമീകരിച്ചിരിക്കുന്നത്. ആത്മീയജീവിതം എന്ന ക്രമികമായ ആരോഹണത്തിന്റെ പടവുകള്‍ എന്ന നിലയിലാണ് ഈ വിഭജനം. റൂമിയുടെ ആന്തരികവികാസത്തിന്റെ പൂര്‍ണരൂപം എന്നറിയപ്പെടുന്ന 'മസ്നവി'യിലെ നാലാംഖണ്ഡമാണ് പുസ്തകത്തിനൊടുവില്‍, അവസാനാധ്യായമായി ചേര്‍ത്തിരിക്കുന്നത്.
കവിത, അതീന്ദ്രിയമായ സൂക്ഷ്മാനുഭവങ്ങളുടെ രഹസ്യഭാഷ സംസാരിക്കുന്നു മിസ്റ്റിക് കാവ്യങ്ങളില്‍. അധികമാരും നുകര്‍ന്നിട്ടില്ലാത്ത ഒരു രഹസ്യമധുവിന്റെ അതീതമാധുര്യത്തെക്കുറിച്ചാണവ സംസാരിക്കുന്നത്; ദൃഷ്ടിഗോചരമല്ലാത്ത ഒരു സൌന്ദര്യത്തിന്റെ അമേയദ്യുതിയെക്കുറിച്ചും. അതിനാല്‍ ആത്മീയതയുടെ അദൃശ്യഭൂഭാഗങ്ങളിലൂടെയുള്ള ഒരു സഞ്ചാരിയുടെ യാത്രാനുഭവരേഖകള്‍പോലെയാണിവ അനുഭവപ്പെടുക, ഒരു സാധാരണ വായനക്കാരന്. സമുദ്രം കണ്ടിട്ടില്ലാത്തൊരാള്‍ സമുദ്രഗരിമയെക്കുറിച്ചുള്ള വാങ്മയം വായിക്കുന്നതുപോലെയും ഒരിക്കലും സന്ദര്‍ശിച്ചിട്ടില്ലാത്ത പര്‍വതശൃംഗങ്ങളെക്കുറിച്ച്, അവിടെനിന്ന് മടങ്ങിവന്നൊരാള്‍ പറഞ്ഞുകേള്‍ക്കുന്നതുപോലെയും നമ്മള്‍ ഈ ആത്മീയയാത്രയില്‍ പങ്കാളികളാകുന്നു.
'നിന്റെ വിളികേള്‍ക്കുന്നതോടെ ഞാന്‍/കാലുകളും പാദങ്ങളുമില്ലാതെ/യാത്രയാരംഭിക്കുന്നു' എന്ന് റൂമി ഒരു കവിതയില്‍; ഇതില്‍ നിന്റെ വാക്കുകള്‍ക്കിടമനുവദിക്കാന്‍ വേണ്ടി/ഞാന്‍ സംസാരം നിര്‍ത്തേണ്ടിയിരിക്കുന്നു'എന്നും.
'ഈ തെരുവിലേക്കു വരുമ്പോള്‍
നിന്റെ മധുരസുഗന്ധം മാത്രം കൊണ്ടുവരിക.
ഈ പുഴയിലേക്കിറങ്ങുമ്പോള്‍
ഉടയാടകളില്ലാതെയിറങ്ങുക.
ഇങ്ങുനിന്നങ്ങോളമാണ്
പാതകള്‍.
എന്നാല്‍, എങ്ങുനിന്നെങ്കിലും
ഇങ്ങോട്ടെത്താനാകില്ല.
തുടങ്ങുക, ഇപ്പോള്‍ത്തന്നെ
നഗ്നനായ് നിന്റെ ജീവിതം' - ഭൌതികതയുടെയും പ്രജ്ഞാപരതയുടെയും ഇടുങ്ങിയ ചിട്ടവട്ടങ്ങളില്‍നിന്ന് ആത്മീയമായ നഗ്നതയിലേക്കും മാധുര്യനിര്‍ഭരമായ മൌനത്തിലേക്കും മടങ്ങാനുള്ള ഇത്തരം ആഹ്വാനങ്ങളാണ് റൂമിയുടെ കവിതകള്‍. ദൈവാനുഭവം എന്നാല്‍ മതത്തിന്റെയും വിശ്വാസസംഹിതയുടെയും ഞെരുക്കമല്ല, അതൊരു സമുദ്രാനുഭവമാണെന്ന് റൂമി പറയുന്നു. 'സ്വന്തം പട്ടണത്തിലെ പാതകള്‍' എന്ന കവിതയിലേതാണ് ഈ വരികള്‍ -
'ദൈവാനുരാഗികള്‍ മിക്കവാറും
മറ്റൊരു ലോകത്തില്‍
അവര്‍ മറ്റൊരു പുസ്തകം
മറ്റൊരു കണ്ണുകൊണ്ടു വായിക്കുന്നു.
പക്ഷിയായും മത്സ്യമായും
മാറിക്കൊണ്ടിരിക്കുക.
പ്രണയഭാജനത്തിന്റെ ഉള്ളിലെ
പാതകളില്‍, സ്വയം
നഷ്ടപ്പെടുക'. പക്ഷിയായും മത്സ്യമായും മാറാനുള്ള പരിശീലനമാണ് റൂമിയുടെ ഗീതികളില്‍നിന്ന് നമുക്ക് ലഭിക്കുന്നത്. അത് നമുക്ക് ആകാശത്തിന്റെയും സമുദ്രത്തിന്റെയും അനുഭവം വീണ്ടെടുത്തുതരുന്നു അഥവാ പറക്കുന്നതിന്റെയും നീന്തുന്നതിന്റെയും. വിരസമായ പതിവുനടപ്പുകള്‍മാത്രം ശീലിച്ചവരെ അതീതത്തിന്റെ ആനന്ദത്തിലേക്ക് ക്ഷണിക്കുകയാണ് റൂമി. 'ആഹ്ളാദപാരമ്യത്തിന്റെ കവിതകള്‍' എന്ന ഉപശീര്‍ഷകമാണ് അതിനാല്‍ തന്റെ വിവര്‍ത്തനങ്ങള്‍ക്ക് കോള്‍മാന്‍ ബാര്‍ക്സ് നല്‍കിയിരിക്കുന്നത്. ആത്മീയത ആനന്ദവും സ്വാതന്ത്യ്രവുമാകുന്നു ഈ കവിതകളില്‍.
'താബ്രീസിലെ ഷംസ് നടക്കുന്നിടത്ത് പാദമുദ്രകള്‍ സംഗീതത്തിലെ സ്വരചിഹ്നങ്ങളാകുന്നു' എന്ന് ഒരു കവിതയില്‍ റൂമി എഴുതുന്നുണ്ട്. ഈ ഷംസിന് റൂമിയുടെ ജീവിതത്തില്‍ നിര്‍ണായകമായ ഒരു പങ്കുണ്ടായിരുന്നതായി കവിയുടെ ജീവചരിത്രകാരന്മാര്‍ പറയുന്നു. ഷംസിന്റെ കാലടയാളങ്ങളുടെ സുഷിരങ്ങളിലൂടെ നിങ്ങള്‍ അപാരതയിലേക്ക് നിപതിക്കുന്നുവെന്നും ഇതേ കവിതയില്‍, റൂമി.
ഷംസും റൂമിയും തമ്മിലുള്ള ആദ്യത്തെ കണ്ടുമുട്ടലിനെപ്പറ്റി നിലവിലുള്ള കഥകളിലൊന്ന് ഇപ്രകാരമാണ്. സ്വദേശമായ 'കോന്യ'യില്‍, ഒരു നീരുറവിനടുത്തിരുന്ന് തന്റെ പിതാവ് രചിച്ച തത്വജ്ഞാനഗ്രന്ഥമായ 'മാ ആരിഫ്' വ്യാഖ്യാനിച്ച് ശിഷ്യസമൂഹത്തോട് സംസാരിക്കുകയായിരുന്നു റൂമി. അപ്പോള്‍ ആള്‍ക്കൂട്ടത്തിനിടയിലൂടെ തിക്കിത്തിരക്കിവന്ന ഷംസ് ആ പുസ്തകത്തിലെ താളുകള്‍ ചീന്തിയെടുത്ത് വെള്ളത്തിലെറിഞ്ഞു. 'നീ ഇതുവരെ വായിക്കുകയായിരുന്നു; ഇനി വായിച്ചതുപോലെ ജീവിച്ചാല്‍ മതി' എന്നായി ഷംസ്. അപ്പോഴും നഷ്ടപ്പെട്ട താളിയോലകളില്‍ത്തന്നെ കണ്ണുനട്ടിരിക്കുകയായിരുന്ന റൂമിയോട് ഷംസ്, ഇങ്ങനെ ആക്രോശിച്ചു - 'അവ വേണമെങ്കില്‍ വെള്ളത്തില്‍നിന്ന് വീണ്ടെടുക്കാം, പക്ഷേ അവ വരണ്ടിരിക്കും, മുന്നേപ്പോലെതന്നെ!'. ചില താളുകള്‍ തിരിച്ചെടുത്ത് റൂമിയെ കാണിക്കുകയുംചെയ്തു, ഷംസ്. അത്ഭുതം! അയാള്‍ പറഞ്ഞതുപോലെ അവയില്‍ നനവേശിയിരുന്നില്ല. ഷംസും റൂമിയും തമ്മിലുള്ള ആത്മീയസൌഹൃദത്തിന്റെകൂടി ആരംഭമായിരുന്നു അത്. അതില്‍ അസൂയപൂണ്ട റൂമിയുടെ ശിഷ്യന്മാര്‍ ഷംസിനെ കൊന്നുകുഴിച്ചുമൂടി. ദുഃഖാര്‍ത്തനായ റൂമി, തന്റെ പൂന്തോട്ടത്തില്‍നിന്ന് ഒരു ദണ്ഡ് വട്ടത്തില്‍ ചുഴറ്റിക്കൊണ്ട് കവിതകള്‍ ചൊല്ലുന്ന കാഴ്ചയാണവര്‍ പിന്നീട് കണ്ടത്. സൂഫികളുടെ ധ്യാനലാസ്യമായ 'ഭ്രമണനൃത്ത' (Whirling Dance) ത്തിന്റെ ആദിമാവിഷ്കാരമായിരുന്നു അത്. ഐതിഹ്യസമാനമായ ഈ കഥയുടെ യാഥാര്‍ഥ്യമെന്തായാലും ഒന്നുതീര്‍ച്ചയാണ് - റൂമിയുടെ കവിതയില്‍ വാക്കുകള്‍ നൃത്തം ചെയ്യുന്നു; ഭ്രമണനൃത്തം ചെയ്യുന്ന നക്ഷത്രങ്ങളെപ്പോലെ.
sajaykv@yahoo.com
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..