25 April Thursday

തോമസ്‌ ജോസഫിന്റെ നോവൽ പ്രകാശനം സെപ്‌തം. ഒന്നിന്‌

വെബ് ഡെസ്‌ക്‌Updated: Thursday Aug 22, 2019



കൊച്ചി
എഴുത്തുകാരൻ തോമസ്‌ ജോസഫിന്റെ  മടങ്ങിവരവിനുള്ള പ്രാർഥനയായി ആസ്വാദകലോകം പുറത്തിറക്കുന്ന അദ്ദേഹത്തിന്റെ നോവലിന്റെ പ്രകാശനം സെപ്‌തംബർ ഒന്നിന്‌ കൊച്ചിയിൽ നടക്കും. രോഗശയ്യയിൽ കഴിയുന്ന തോമസ്‌ ജോസഫിന്റെ  ‘അമ്മയുടെ ഉദരം അടച്ച്‌’ നോവലിന്റെ പ്രകാശനം മലയാള സാഹിത്യ പ്രവർത്തകരുടെയും ആസ്വാദകരുടെയും സംഗമവേദിയാക്കാനുള്ള ശ്രമത്തിലാണ്‌ അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ. മസ്‌തിഷ്‌കാഘാതത്തെ തുടർന്ന്‌ ചികിത്സയിൽ കഴിയുന്ന തോമസ്‌ ജോസഫിനായി പണം സമാഹരിക്കാൻ  എഴുത്തുകാരൻ സി ടി തങ്കച്ചന്റെ നേതൃത്വത്തിലുള്ള വായനപ്പുരയാണ്‌ നോവൽ പ്രസിദ്ധീകരിക്കുന്നത്‌. 

കഴിഞ്ഞ സെപ്തംബർ 15നാണ്‌ മസ്‌തിഷ്‌കാഘാതമുണ്ടായത്‌. വീട്ടിലും ആശുപത്രിയിലുമായി ഫിസിയോ തെറാപ്പിയും മറ്റു ചികിത്സകളും ഇപ്പോഴും തുടരുന്നു.  ഇരുപതു ലക്ഷത്തോളം രൂപ ഇതുവരെ ചെലവായി. തുടർ ചികിത്സയ്‌ക്കുള്ള പണം കണ്ടെത്താനാണ്‌ നാലുവർഷം മുമ്പ്‌ രചന ആരംഭിച്ച്‌ പൂർത്തിയാക്കിയ നോവൽ പ്രസിദ്ധീകരിക്കുന്നത്‌.

സെപ്‌തംബർ ഒന്നിന്‌ രാവിലെ 10.30ന്‌ വളഞ്ഞമ്പലത്തെ എന്റെ ഭൂമി ആർട്ട്‌ സെന്ററിലാണ്‌ പ്രകാശനം. പ്രമുഖ എഴുത്തുകാരും പ്രസാധകരും ചടങ്ങിനെത്തും. വിവിധ വിൽപ്പന സ്ഥാപനങ്ങൾക്ക്‌ പുറമെ വ്യക്തികളിൽനിന്നും  പുസ്‌തകവിൽപ്പനയ്‌ക്ക്‌ വ്യാപക പിന്തുണയാണ്‌ കിട്ടുന്നത്‌. പലരും കാലേക്കൂട്ടി കൂടുതൽ എണ്ണം ഓർഡർ ചെയ്‌തിട്ടുണ്ട്‌. പ്രകാശനച്ചടങ്ങിൽ ആയിരം പുസ്തകമെങ്കിലും വിൽക്കാനും തീരുമാനിച്ചിട്ടുണ്ട്‌. സിഐസിസി ബുക്ഹൗസ്‌ ഉടമ ജയചന്ദ്രൻ കമീഷൻ ഇല്ലാതെ പരമാവധി പുസ്‌തകം വിൽക്കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്‌. 

270 പേജുള്ള നോവലിന്റെ പുറംചട്ട കഴിഞ്ഞദിവസം പുറത്തിറക്കിയിരുന്നു. സുധി അന്നയാണ്‌ രൂപകൽപ്പന ചെയ്‌തത്‌. നോവലിൽ ബോണി തോമസ്‌ വരച്ച ചിത്രങ്ങളും ചേർത്തിട്ടുണ്ട്‌. 270 രൂപയാണ്‌ വില.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top