02 May Thursday

തീവ്രഹിന്ദുവാദത്തിന്റെ മനഃശാസ്ത്രം

വെബ് ഡെസ്‌ക്‌Updated: Sunday May 22, 2016

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യം അതിന്റെ ബഹുസ്വരതയും നാനാത്വവും ജനാധിപത്യമൂല്യങ്ങളും വീണ്ടും വീണ്ടും നേരിടുന്ന വെല്ലുവിളികളെ എങ്ങനെ തരണംചെയ്യും? ഇതാണ് വെന്‍ഡി ഡോണിഗറും മാര്‍ത്ത  നോസ്ബോമും ചേര്‍ന്ന്  എഡിറ്റ് ചെയ്ത 'പ്ളൂറലിസം ആന്‍ഡ് ഡെമോക്രസി ഇന്‍ ഇന്ത്യ: ഡിബേറ്റിങ് ദി ഹിന്ദു റൈറ്റ'് എന്ന കൃതി പരിശോധിക്കാന്‍ ശ്രമിക്കുന്നത്. അമേരിക്കന്‍ ഗവേഷകരായ ഇവര്‍ ഇതിനുമുമ്പ് രചിച്ച 'ദ ഹിന്ദൂസ്: ആന്‍ ആള്‍ടെര്‍നേറ്റിവ് ഹിസ്റ്ററി' അഥവാ ഹിന്ദു ഒരു ബദല്‍ ചരിത്രം ഇന്ത്യയില്‍ പിന്‍വലിക്കേണ്ടിവന്നത് ഏറെ വിവാദമായതാണ്. സംഘപരിവാറിന്റെ പരാതിയെ തുടര്‍ന്ന് പ്രസാധകരാണ് പുസ്തകം പിന്‍വലിച്ചത്. സ്വാതന്ത്യ്രേതര ഇന്ത്യയില്‍ നാനാമതസ്ഥരുടെ അവകാശങ്ങളും ആശയവിനിമയ സ്വാതന്ത്യ്രവും സംസ്കാരവൈവിധ്യങ്ങളും അന്തരങ്ങളും സംരക്ഷിക്കാനായി നിലവില്‍വന്ന മികച്ച ഭരണഘടന നമുക്ക് ഉണ്ട്. എന്നാല്‍, അത് സ്വയം പ്രാവര്‍ത്തികമാകുന്നില്ല എന്നും അത് പ്രാവര്‍ത്തികമാക്കുന്നതില്‍ ഇന്ത്യ നേരിടുന്ന ഭീഷണി വര്‍ധിച്ചുവരികയാണെന്നും സമര്‍ഥിക്കുന്നു ലേഖകര്‍.

ഗുജറാത്ത് വംശഹത്യയുടെ പശ്ചാത്തലത്തില്‍ തുടങ്ങിവച്ച കൃതി പ്രസിദ്ധീകരിക്കപ്പെട്ടപ്പോഴേക്കും കേന്ദ്രത്തില്‍ മോഡിഭരണം നടപ്പായിക്കഴിഞ്ഞു. ഇരുപത് ലേഖനങ്ങളുണ്ട് കൃതിയില്‍. നാനാത്വങ്ങളില്‍ അടിയുറച്ച രാഷ്ട്രം വെല്ലുവിളികള്‍ക്കുനടുവിലും എങ്ങനെ സുസ്ഥിരമായി പ്രവര്‍ത്തിക്കുന്നു എന്നതിന്റെ ലോകത്തിലെ ഏറ്റവും നല്ല ഉദാഹരണം ഇന്ത്യയാണെന്ന് ലേഖകര്‍ പറയുന്നു. രാഷ്ട്രീയ പാര്‍ടികള്‍ മുതല്‍ പത്രമാധ്യമങ്ങളും സാമൂഹികപ്രസ്ഥാനങ്ങളും സ്ത്രീ–ദളിത്പക്ഷ ചിന്തകരും പ്രവര്‍ത്തകരും ഒക്കെ കൂടി കിണഞ്ഞുപരിശ്രമിച്ച് നിരന്തരം തിരുത്തിക്കൊണ്ടേയിരിക്കുന്ന ഈ ജനാധിപത്യത്തെ ഇന്ത്യ എന്ന് വിളിക്കാം. ഇന്ത്യയിലെ ഏറ്റവും പ്രതിഭാശാലികളായ ചിന്തകരും ചരിത്രകാരന്മാരും എഴുത്തുകാരും സാമ്പത്തികവിദഗ്ധരും ചേര്‍ന്നെഴുതിയ ലേഖനങ്ങള്‍ ഇന്നത്തെ ദേശീയ രാഷ്ട്രീയ പശ്ചാത്തലത്തില്‍ തീര്‍ച്ചയായും വായിച്ചിരിക്കേണ്ടവയാണ്.

നാനാത്വത്തില്‍ ഏകത്വം എന്നത് പ്രാവര്‍ത്തികമാക്കാന്‍ ഉതകുന്ന സാംസ്കാരിക മാനസികാവസ്ഥ എങ്ങനെ കണ്ടെത്താം എന്ന അന്വേഷണംകൂടിയാണീ ലേഖനങ്ങള്‍. സഹിഷ്ണുത വച്ചുപുലര്‍ത്തിയ ഹിന്ദുമനസ്സുകള്‍ എന്തുകൊണ്ട് ഭൂരിപക്ഷ വര്‍ഗീയചിന്തകളിലേക്ക് എത്തുന്നു എന്ന ചോദ്യത്തിന് ഉത്തരങ്ങള്‍ കണ്ടെത്താന്‍ അവ ശ്രമിക്കുന്നു. ഹിന്ദുത്വവാദം എന്തുകൊണ്ട് നവലിബറല്‍ ഇന്ത്യയുടെ സാംസ്കാരികയുക്തിയായി മാറുന്നു എന്നത് നാം ഓരോത്തരും സ്വയംചോദിക്കേണ്ട ചോദ്യമാണ്. തീവ്രഹിന്ദുവാദത്തിന്റെ രാഷ്ട്രീയത്തെ ആഴത്തില്‍ അപഗ്രഥിക്കാന്‍ ശ്രമിക്കുമ്പോഴും ഹിന്ദു ഇടത് അഥവാ മതേതരഹിന്ദു എന്ന ആശയത്തെ ഒളിഞ്ഞും തെളിഞ്ഞും മുമ്പോട്ടുവയ്ക്കുന്നു പുസ്തകം.

അമര്‍ത്യ സെന്‍ ഉള്‍പ്പെടെ പലരുടെയും ലേഖനങ്ങള്‍ ഇന്ത്യന്‍ചരിത്രത്തെ സൂക്ഷ്മമായി പരിശോധിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുന്നു. മാലിനി പാര്‍ഥസാരഥിയും അന്തര സെന്നും മറ്റും പുരുഷാധിപത്യ വരേണ്യ മേല്‍ക്കോയ്മാബിംബങ്ങള്‍ എങ്ങനെ ഇന്ത്യന്‍ ജനപ്രിയസംസ്കാരത്തെ വാര്‍ത്തെടുക്കുന്നു എന്ന് പരിശോധിക്കുന്നു. തനിക സര്‍ക്കാരും മറ്റും ന്യൂനപക്ഷങ്ങള്‍തിരെ അരങ്ങേറുന്ന ബലാല്‍ക്കാരത്തിന്റെ രാഷ്ട്രീയത്തെക്കുറിച്ചും ഇന്ത്യന്‍ ദേശീയതയുടെ അരികുകളില്‍ പ്രതിഷ്ഠിച്ചിരിക്കുന്നവരെക്കുറിച്ചും അന്വേഷിക്കുന്നു. ഇന്നത്തെ രാഷ്ട്രീയ അന്തരീക്ഷത്തില്‍ അവശ്യം വായിച്ചിരിക്കേണ്ട പുസ്തകമാണിത്. ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി പ്രസ് ആണ് പ്രസാധകര്‍.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top