28 September Thursday

രോഗവും സര്‍ഗാത്മകതയും

ബി അബുരാജ്Updated: Sunday Aug 21, 2016

റോബര്‍ട്ട് ഫ്രോസ്റ്റിനും വാലസ് സ്റ്റീവന്‍സണുമൊപ്പം തലയെടുപ്പുള്ള അമേരിക്കന്‍ കവി വില്യംസ് കാര്‍ലോസ് വില്യംസ് എല്ലാ എഴുത്തുകളും ഒരു രോഗമാണെന്ന് അഭിപ്രായപ്പെടുകയുണ്ടായി. നമുക്കൊരിക്കലും അവസാനിപ്പിക്കാനാകാത്ത രോഗം. മനോവ്യഥയിലേക്കും വിഷദാത്മകതയിലേക്കുമൊക്കെ നയിക്കുന്ന രോഗം ചിലരില്‍ സവിശേഷമായ ലാവണ്യചിന്തകള്‍ നിര്‍മിക്കുന്നു. സര്‍ഗാത്മകമായ ആസക്തിയായി അത് പരിണമിക്കുന്ന സന്ദര്‍ഭങ്ങളില്‍ കലാസൃഷ്ടിയും രോഗാവസ്ഥയും പരസ്പരബന്ധിതമായിത്തീരുന്നു. ഭാവനയെ ഉത്തേജിപ്പിക്കുന്ന ഘടകമായും മുഖ്യ പ്രമേയമായും കഥാപാത്രങ്ങളുടെ പ്രത്യേകതയായും കഥാഗതിയിലെ വഴിത്തിരിവായുമൊക്കെ രോഗം രചനകളില്‍ കടന്നുവരാറുണ്ട്. രോഗവും സര്‍ഗഭാവനയും തമ്മിലുള്ള ബന്ധമന്വേഷിക്കുന്ന പഠനങ്ങള്‍ ഇംഗ്ളീഷില്‍ അത്ര ദുര്‍ലഭമല്ല. കാതറിന്‍ ബയേണിന്റെ ക്ഷയരോഗവും വിക്ടോറിയന്‍ സാഹിത്യഭാവനയും (Tuberculosis & The Victorian Imagination), സൂസന്‍ സൊന്റാഗിന്റെ രോഗം രൂപകമെന്ന നിലയില്‍ (Illness as Metaphor), ടോഡിന്റെ അത്ഭുത ലോകത്തെ ആലീസിന്റെ രോഗം (The Syndrome of Alice in Wonderland) തുടങ്ങി എത്രയോ പുസ്തകങ്ങള്‍. പക്ഷേ, മലയാളത്തില്‍ കെ പി അപ്പന്റെയും ഡോ. ബി ഇക്ബാലിന്റെയും ഡോ. കെ രാജശേഖരന്‍നായരുടെയും ഏതാനും രചനകളില്‍ ഈ വഴിക്കുള്ള പഠനങ്ങള്‍ അവസാനിക്കുന്നു.

സാഹിത്യത്തിനൊപ്പം വൈദ്യശാസ്ത്രത്തില്‍, പ്രത്യേകിച്ചും ന്യൂറോളജിയിലുള്ള പരിജ്ഞാനം ഇക്ബാലിന്റെയും രാജശേഖരന്‍നായരുടെയും പഠനങ്ങളെ കൂടുതല്‍ ആധികാരികമാക്കുന്നു. ആലീസിന്റെ അത്ഭുതരോഗമെന്ന പുസ്തകത്തിലാണ് ഡോ. ഇക്ബാല്‍ രോഗവും ഭാവനാലോകവും തമ്മിലുള്ള ഇടപെടലുകള്‍ ആദ്യമായി പരിശോധിക്കുന്നത്. ഇപ്പോള്‍ എഴുത്തിന്റെ വൈദ്യശാസ്ത്രഭാവന എന്ന മറ്റൊരു പുസ്തകംകൂടി അദ്ദേഹത്തിന്റേതായി പുറത്തുവന്നിരിക്കുന്നു.

പ്രഗത്ഭനായ ന്യൂറോസര്‍ജന്‍, ജനകീയ ശാസ്ത്രപ്രസ്ഥാനത്തിന്റെയും ജനകീയാരോഗ്യ പ്രസ്ഥാനത്തിന്റെയും നായകന്‍, സര്‍വകലാശാലാ വൈസ്ചാന്‍സലര്‍, ആസൂത്രണ ബോര്‍ഡ് അംഗം തുടങ്ങി കേരളത്തിലെ സാമൂഹ്യ– അക്കാദമിക രംഗങ്ങളില്‍ നിറസാന്നിധ്യമാണ് ഡോ. ഇക്ബാല്‍. തികഞ്ഞ പ്രത്യയശാസ്ത്ര സ്ഥൈര്യവും സാമൂഹ്യപ്രതിബദ്ധതയും അദ്ദേഹത്തിനുണ്ട്. ഈ പ്രത്യേകതകളെല്ലാം 19 ലേഖനങ്ങളുടെ സമാഹാരമായ എഴുത്തിന്റെ വൈദ്യശാസ്ത്രവായനയില്‍ ദൃശ്യമാണ്.

ഗബ്രിയേല്‍ ഗാര്‍സ്യമാര്‍ക്വിസ് എക്കാലത്തെയും മികച്ച നോവലിസ്റ്റുകളിലൊരാളാണല്ലോ. അദ്ദേഹത്തിന്റെ ബഹുതലങ്ങളില്‍ വായിക്കപ്പെട്ടിട്ടുള്ള കോളറക്കാലത്തെ പ്രണയത്തിന്റെ വ്യത്യസ്തമായ വായനയാണ് പ്രഥമ ലേഖനം– ജരതയുടെ കാലത്തെ പ്രണയകാവ്യം. ഋജുരേഖയിലുള്ള പ്രണയകഥയില്‍ വാര്‍ധക്യം അന്തര്‍ധാരയായി നില്‍ക്കുന്നതിന്റെ ഭംഗി കാട്ടിത്തരുന്നു ഡോ. ഇക്ബാല്‍. രണ്ടാമത്തെ ലേഖനത്തില്‍ ഫിസിഷ്യന്‍കൂടിയായിരുന്ന റഷ്യന്‍ എഴുത്തുകാരന്‍ ആന്റണ്‍ ചെക്കോവിന്റെ ആറാം വാര്‍ഡിന്റെ പശ്ചാത്തലത്തില്‍ രോഗിയെ സംരക്ഷിക്കുന്നതില്‍ സമൂഹത്തിനുള്ള ഉത്തരവാദിത്തത്തിലേക്ക് ഗ്രന്ഥകാരന്‍ വിരല്‍ചൂണ്ടുന്നു.

മൂന്നാം ലേഖനമായ 'സര്‍ഗാത്മകതയും രോഗാവസ്ഥയും ഒരു പ്രഹേളിക' ഈ വിഷയത്തില്‍ മലയാളത്തില്‍ ഇതുവരെ വന്നിട്ടുള്ള ഏറ്റവും ആധികാരികമായ രചനകളിലൊന്നാണ്. ഏത് ജീനിയസിലും ഒരു രോഗമുണ്ടാകും. എമിലി ബ്രോണ്ടിയും കാതറിന്‍ മാന്‍സ്ഫീല്‍ഡും കീറ്റ്സും കാഫ്കയും ഓര്‍വലും ചങ്ങമ്പുഴയുമൊക്കെ കടുത്ത ക്ഷയരോഗികളായിരുന്നു. സൂസല്‍ സൊന്റാഗും മറ്റും ക്യാന്‍സര്‍  രോഗത്തിനടിപ്പെട്ടു. ദസ്തവിസ്കിയെപ്പോലെ ചിലര്‍ അപസ്മാരത്തിന്റെ ചിറകുകളില്‍ അനിയന്ത്രിതമായി പറന്നു നടന്നു. എന്നാല്‍, രോഗങ്ങളും എഴുത്തും തമ്മിലുള്ള ബന്ധത്തെപ്പറ്റി അവബോധശാസ്ത്രജ്ഞന്മാര്‍ നടത്തിയിട്ടുള്ള പഠനങ്ങളിലൂടെ ഡോ. ഇക്ബാല്‍ ഈ ലേഖനത്തില്‍ കടന്നുപോകുന്നു. മാര്‍ക്വിസിന്റെ മറവിരോഗത്തെക്കുറിച്ചാണ് നാലാം ലേഖനം.

സാമൂഹ്യമായ വിഷയങ്ങളിലേക്കുകൂടി ഈ പുസ്തകം കടന്നു ചെല്ലുന്നു. ഡിജിറ്റല്‍ യുഗത്തിലെ വായനയും എഴുത്തും പ്രസാധനവും, സാങ്കേതികവിദ്യയുടെയും വിജ്ഞാനത്തിന്റെയും കുത്തകകവല്‍ക്കരണം, ജനകീയ ഔഷധ ഗവേഷണവും കേരളവും, ഭാരതീയ ശാസ്ത്രപാരമ്പര്യത്തെക്കുറിച്ചുള്ള തെറ്റായ പ്രചാരണങ്ങള്‍, ഭോപാല്‍മുതല്‍ എന്‍ഡോസള്‍ഫാന്‍വരെയുള്ള ദുരന്തങ്ങള്‍, സമഗ്ര വിദ്യാഭ്യാസ നയത്തിന്റെ അനിവാര്യത തുടങ്ങിയ വിഷയങ്ങള്‍ അദ്ദേഹം ചര്‍ച്ചയ്ക്ക് വിധേയമാക്കുന്നു.

ലോക പ്രശസ്തരെങ്കിലും കേരളം മറന്നുപോയ രണ്ടു മലയാളി വനിതാ ശാസ്ത്രജ്ഞരെക്കുറിച്ചുള്ള ലേഖനം പ്രത്യേക പരാമര്‍ശമര്‍ഹിക്കുന്നു. എത്തനോ ബോട്ടണി എന്ന ശാസ്ത്രശാഖയ്ക്ക് ഇന്ത്യയില്‍ തുടക്കമിട്ട ജാനകിയമ്മാളും അന്തരീക്ഷപഠനത്തില്‍ മൌലികസംഭാവനകള്‍ നല്‍കിയ അന്ന മാണിയുമാണ് അവര്‍.

ക്യാന്‍സര്‍ ചികിത്സയുടെ സാമൂഹ്യവും വൈദ്യശാസ്ത്രപരവും നൈതികവുമായ പ്രശ്നങ്ങള്‍ വിവരിക്കുന്ന 'ആഞ്ചലിന ജോളി  നല്‍കുന്ന സന്ദേശം' ശ്രദ്ധേയമായ മറ്റൊരു ലേഖനമാണ്. നവലിബറല്‍ സാമ്പത്തികനയങ്ങള്‍ വൈദ്യശാസ്ത്രമേഖലയെ സാധാരണക്കാരനില്‍നിന്ന് അന്യമാക്കുന്നതിലുള്ള ഉല്‍ക്കണ്ഠ പല ലേഖനങ്ങളിലായി ഗ്രന്ഥകാരന്‍ പങ്കുവയ്ക്കുന്നുണ്ട്.

aburaj@gmail.com


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top