20 April Saturday

ഹിറ്റ്‌ലര്‍ മരിച്ചിട്ടില്ല!

മിഥുന്‍കൃഷ്ണUpdated: Sunday May 21, 2017

സാര്‍വദേശീയവും മാനവികതയിലുമൂന്നിയ പ്രമേയവിന്യാസവും നാട് വിടുന്നതോടെ അദൃശ്യരാക്കപ്പെടുന്ന ഒരുകൂട്ടം പ്രവാസികളുടെ ജീവിതപരിസരവുമാണ് ഒരു കമ്പനിയുടെ പശ്ചാത്തലത്തിലൂടെ മെയിന്‍കാംഫ് അവതരിപ്പിക്കുന്നത്. ചെറിയ ഒരു കമ്പനിയില്‍പ്പോലും അധികാരം അതിന്റെ സൂക്ഷ്മാവസ്ഥയില്‍ അദൃശ്യമായി നിരന്തരം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നുവെന്ന് മെയിന്‍കാംഫിലൂടെ നോവലിസ്റ്റ് ജയചന്ദ്രന്‍ കാണിച്ചുതരികയാണ്.നാശത്തിന്റെ രാജപാതയിലേക്ക് കമ്പനി ഉടമയെ തള്ളിവിട്ട് കമ്പനിയുടെ അധികാരം പിടിച്ചെടുക്കുന്ന കഥാനായകന്‍ നാരായണന്‍. ഹിറ്റ്ലറുടെ മെയിന്‍കാംഫ് പുസ്തകം വായിക്കാനിടയാകുന്ന നാരായണന്‍ സ്വയം ഹിറ്റ്ലറുടെ തന്ത്രങ്ങള്‍ തന്റെ വിചിത്രസ്വഭാവക്കാരനും കര്‍ക്കശക്കാരനും തൊഴിലാളിവിരുദ്ധനുമായ സൈപ്രസുകാരനായ ബോസില്‍ സമര്‍ഥമായി വിനിയോഗിക്കുന്നു. താഴെക്കിടയിലുള്ള തസ്തികയില്‍ ജോലിയില്‍ പ്രവേശിക്കുന്ന നാരായണന്റെ മൂകവും മനഃശാസ്ത്രപരവുമായ ഗവേഷണവും രാഷ്ട്രീയവും ആന്തരികവുമായ നീക്കങ്ങളിലൂടെ അയാള്‍ ബോസിനെ മുട്ടുകുത്തിക്കുന്ന കഥാപരിസരം.

സ്വപ്നംപേറി വിദേശത്തേക്ക് വിമാനംകയറുന്ന ഓരോ പ്രവാസിയുടെയും ദൈന്യതകളും അവരെ ഏതുനിമിഷവും പൊതിഞ്ഞുനില്‍ക്കുന്ന ഭയവുമാണ് മെയിന്‍കാംഫിനെ വായിപ്പിക്കുന്നത്. മടിയനായ ഒരാള്‍ക്ക് ഹിറ്റ്ലറുടെ 'മെയിന്‍കാംഫ്' രാസത്വരകമാവുകയാണ് ഇവിടെ.

ഒരു ഭരണാധികാരിക്ക് സംഭവിക്കുന്ന വീഴ്ചകള്‍, ജോലിക്കാരെ ഭയപ്പെടുത്തി മൃഗസമാനമായ അടിമപ്പണി ചെയ്യിക്കുന്ന ബോസിന്റെ ആജ്ഞാശക്തി ആഗോളീകരണലോകത്തെ കുത്തകക്കമ്പനികളുടെ നേര്‍സാക്ഷ്യമാണ്. പ്രതികരിക്കുന്നവന്റെ സ്വാതന്ത്യ്രം മുറിഞ്ഞുമുറിഞ്ഞ് ഇല്ലാതാകുന്നു. മടിയന്മാരായ ചിലരുടെയെങ്കിലും പരീക്ഷണശാലയായി അവര്‍ എടുത്തെറിയപ്പെടുന്ന പ്രവാസജീവിതം മാറുന്നത് നാരായണനിലൂടെ കാണിച്ചുതരുന്നു. തീര്‍ത്തും മാറിപ്പോയ ഐഡന്റിറ്റിയില്‍ ഭൌതികമായ ഉയര്‍ച്ചയിലേക്ക്  ഒരു സ്വപ്നത്തിലെന്നപോലെ കഥാനായകന്‍ പരകായപ്രവേശനം ചെയ്യുന്നു. ഭാഷയിലെ പതിവുരീതികളെ നിഷേധിക്കാതെ ഭാവപരമായ മികവിലൂടെ 'മെയിന്‍കാംഫ്' നിറഞ്ഞുനില്‍ക്കുന്നു.

midhunrain@gmail.com


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top