15 April Monday

അവനുചുറ്റും സന്തോഷപൂർവം കറങ്ങുക, പിന്നെയും പിന്നെയും കറങ്ങുക

ഗിരിജ പി പാതേക്കരUpdated: Thursday Feb 21, 2019

പൂജാമുറിയിൽ ‘പരിശുദ്ധമായി’ സൂക്ഷിച്ചുവച്ചിരുന്ന രാമായണം ഇഷ്ടംപോലെ ചെന്നെടുക്കാനോ തൊടാനോ വായിക്കാനോ പാടില്ലായിരുന്നു,  ഒടുവിൽ സ്വന്തം കാശ് കൊടുത്ത് രാമായണം  വാങ്ങി മേശപ്പുറത്ത് വച്ച നിമിഷം വലിയ അഭിമാനം തോന്നി 

നാൽപ്പത്തൊന്നാംവയസ്സിൽ വീണ്ടുംഎഴുതിത്തുടങ്ങിയപ്പോൾ അന്നോളം കെട്ടിനിർത്തിയിരുന്ന ഒന്ന് അണ തകർത്തെന്ന മട്ടിൽ പുറത്തേക്കൊഴുകുകയായിരുന്നു. ജീവിതത്തിന്റെ ഒരു പ്രത്യേക ഘട്ടത്തിൽ, അതിജീവനത്തിനായിമാത്രം എഴുത്തിലേക്ക‌് വീണ്ടുംവന്ന സ്ത്രീയാണ് ഞാൻ. എനിക്കുവേണ്ടി മാത്രമായിരുന്നു എഴുതിത്തുടങ്ങിയത്, ജീവിച്ചിരിക്കാൻ വേണ്ടിയും.

കോഴിക്കോട് ശ്രീരാമകൃഷ്ണ മിഷൻ സ്കൂളിലായിരുന്നു ഹൈസ്കൂൾ പഠനം. എട്ടാംക്ലാസിൽ മലയാളം പഠിപ്പിക്കാൻവന്ന കുഞ്ഞുണ്ണി മാഷാണ് വായനയുടേതായ ഒരപരലോകം കാണിച്ചുതരുന്നത്. സങ്കോചക്കാരിയായ എന്നെ ശാസനാപൂർവം സാഹിത്യസമാജത്തിൽ ചേർത്തു. കവിതയെഴുതി വായിക്കാൻ പേടിയായിരുന്നു. കാരണം കവിത കേട്ടുകഴിയുമ്പോൾ മാഷ് നിശിതമായി വിമർശിക്കും, തിരുത്തിത്തരും. ചിലപ്പോഴൊക്കെ കളിയാക്കും. കവിതയെഴുതാനിരിക്കുമ്പോൾ ഇന്നും ചിലപ്പോഴെങ്കിലും കുഞ്ഞുണ്ണി മാഷ് വന്ന് ചെവിക്കുപിടിക്കുന്നതായി അനുഭവപ്പെടാറുണ്ട്. 

ഡിഗ്രി കഴിഞ്ഞയുടനുള്ള വിവാഹം, അതിനടുത്ത മാസംതന്നെ ഹോസ്റ്റലിൽ ചേർന്നുകൊണ്ടുള്ള എംഎസ‌്‌സി പഠനം, അധ്യാപികയാകൽ, അമ്മയാകൽ... വായനയും എഴുത്തും മറന്നേപോയ, ദൈർഘ്യമേറിയ കാലയളവായിരുന്നു അത്. ജീവിതസഖാവ് നല്ല വായനക്കാരനായിരുന്നിട്ടും എന്തുകൊണ്ട് അന്ന് ഞാൻ അങ്ങനെയായി, എന്തു മറിമായമായിരുന്നു അന്നെന്നിൽ നടന്നത‌്‌ എന്നൊക്കെ പിന്നീട് ചിന്തിച്ചിട്ടുണ്ട്. ഒരുപക്ഷേ എന്റെ മകനിൽ അത്രയേറെ മുഗ‌്ധയായി, മുഴുകിപ്പോയിട്ടുണ്ടായിരുന്നിരിക്കണം ഞാനന്ന്. ഞാനെന്ന ഭൂമിക്ക‌് അവൻ സൂര്യനായിരുന്നു. അവനുചുറ്റും സന്തോഷപൂർവം കറങ്ങുക, പിന്നെയും പിന്നെയും കറങ്ങുക, കണ്ണിമപൂട്ടാതെ അവന് കാവൽ നിൽക്കുക–- അതുമാത്രമായിരുന്നു അക്കാലത്ത് ജീവിതം. എന്നിൽനിന്ന് രക്ഷപ്പെടാനാകണം അവൻ പ്ലസ് വണ്ണിന് ദൂരെയൊരു സ്കൂളിൽപ്പോയി ചേരാൻ തീരുമാനിച്ചത്. അതോടെ, പെട്ടെന്ന് ശൂന്യതയിലേക്കെടുത്തെറിയപ്പെട്ട എന്നെ സമതുലനാവസ്ഥയിൽ നിലനിർത്താൻ എനിക്കെന്തെങ്കിലുമൊക്കെ വേണമായിരുന്നു. അങ്ങനെ വീണ്ടും വായന തുടങ്ങി. അവൻ കൂടുതൽ മുതിർന്ന്, സ്വന്തം ലോകത്ത് മുഴുകുന്നു എന്ന് തോന്നിത്തുടങ്ങിയപ്പോൾ, അവന് ശല്യമാകാതിരിക്കാൻവേണ്ടിമാത്രം എനിക്കും എന്റേതുമാത്രമായ ഒരുലോകം നിർമിച്ചെടുക്കേണ്ടതായിവന്നു. പോയ ഇരുപതിലേറെ വർഷങ്ങളെ തിരിച്ചുപിടിച്ചുള്ള വായനയാണ് പിന്നീടുണ്ടായത്. വീണ്ടും എഴുതണമെന്ന ചിന്ത ഒരുനിമിഷത്തെ വെളിപാടുപോലെ രൂപപ്പെട്ടതായിരുന്നു. ഞാനെന്നെത്തന്നെ പൂർണമായും ഉരുക്കി, പുതുക്കിപ്പണിയുകയായിരുന്നു ആ നാളുകളിൽ.

എന്റെ കവിതകളുടെയെല്ലാം പ്രമേയങ്ങൾ ഞാനനുഭവിച്ചിട്ടുള്ളതോ, മറ്റുള്ളവരുടെ അനുഭവങ്ങൾ സ്വാംശീകരിച്ചിട്ടുള്ളതോതന്നെയാണ്. സ്ത്രീയുടെ ഏതടുക്കള പ്രശ്നവും  പ്രണയവും  വിരഹവും എല്ലാം രാഷ്ട്രീയ പ്രശ്നങ്ങൾ തന്നെയാണ് എന്ന് ഞാൻ വിശ്വസിക്കുന്നു. 

കയ്പക്കകൊണ്ടാട്ടം ഉണക്കുന്ന ദിവസങ്ങളൊന്നിലാണ് ‘കൊണ്ടാട്ട'മെന്ന കവിത തോന്നുന്നത്. നുറുക്കുമ്പോൾ ഇളംപച്ചയായിരുന്ന കയ്പക്ക ഒടുവിൽ വെയിൽ കുടിച്ച് കറുത്തുണങ്ങുന്നു. എങ്കിലും തോറ്റു കൊടുക്കാൻ തയ്യാറല്ലാതെ, തിളയ്ക്കുന്ന എണ്ണയിലേക്കിടുമ്പോൾ അത് കടിച്ചാൽ പൊട്ടാത്തവണ്ണം മൊരിയുന്ന വീര്യമായി മാറുന്നു.  കൃഷ്ണൻ മഥുരയ്ക്ക് പോകുവോളവും യശോദ ഒരമ്മമാത്രമായിരുന്നതും അതിനു ശേഷമുണ്ടായ നീറ്റുന്ന ഏകാന്തതയ‌്ക്കൊടുവിൽ അവൾ തന്റേതായ ഒരു സുന്ദരലോകം നിർമിച്ചെടുക്കുന്നതുമായ കവിതയാണ് ‘യശോദ’. ഞാനും മറ്റൊരുപാട് സ്ത്രീകളുമൊക്കെത്തന്നെയാണ് ഈ യശോദ. 

മകന്റെ പ്രണയത്തെ കുറിച്ചറിഞ്ഞതിനുശേഷമുള്ള നാളുകളിലെഴുതിയതാണ് ‘ഇച്ഛാമതി'. ഇച്ഛാമതി ഒരു നദിയാണ്. സ്വന്തം ഇച്ഛയ്ക്കൊത്ത് ഒഴുകുന്നവൾ എന്നുമർഥം. ഇച്ഛാമതിക്കരയിൽ നിന്നു കൊണ്ട് അമ്മയോട് ഫോണിലൂടെ ‘ഇറങ്ങിക്കൊള്ളട്ടേ ഞാൻ ഇനി മെല്ലെയിവളിലേക്ക് ' എന്ന് ചോദിക്കുന്ന മകനുണ്ട് ഈ കവിതയിൽ. ‘രാമായണ'മെന്ന കവിത ഏറെക്കാലമായി ഉള്ളിൽ നുരഞ്ഞിരുന്ന ഒരു പ്രതിഷേധത്തിൽനിന്നെഴുതിയതാണ്. പൂജാമുറിയിൽ ‘പരിശുദ്ധമായി’ സൂക്ഷിച്ചുവച്ചിരുന്ന രാമായണം ഇഷ്ടംപോലെ ചെന്നെടുക്കാനോ തൊടാനോ വായിക്കാനോ പാടില്ലായിരുന്നു,  മുതിർന്നവരിൽനിന്നുള്ള വിലക്ക്. ഒടുവിൽ സ്വന്തം കാശ് കൊടുത്ത് രാമായണം വാങ്ങി മേശപ്പുറത്ത് വച്ച നിമിഷം വലിയ അഭിമാനം തോന്നി. സീതയും കൗസല്യയും കൈകേയിയുമെല്ലാം എന്നെ ചേർത്തുപിടിക്കുന്നതായി തോന്നി. രാമനും രാവണനും ലക്ഷ്മണനും എന്നെ പ്രണയപൂർവം കടാക്ഷിക്കുന്നതായും. 

ഏറ്റവുമടുത്തെഴുതിയ ‘പെൺകോന്തൻ' എന്ന കവിതയും എന്റെ ജീവിത പരിസരത്തുനിന്ന് തന്നെ. മകൻ വിവാഹിതനാകാൻ പോകുന്നതിന് തൊട്ടുമുമ്പുള്ള കാലങ്ങളിൽ അവനോട് ഞാൻ പറഞ്ഞിരുന്നത് പെൺകോന്തൻ (Hen Pecked) എന്നത് ഒരു മോശം വാക്കല്ല എന്നായിരുന്നു. പഠിപ്പിക്കുന്ന ആൺകുട്ടികളോടും ഞാനിതേ കാര്യം പല കാലങ്ങളായി പറഞ്ഞുകൊണ്ടേയിരിക്കുകയുമാണ്. എന്റെ കവിതകളിൽ ആത്മാംശം ഏറെയുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top