27 April Saturday

പുനര്‍വായിക്കപ്പെടുന്ന മലബാര്‍ കലാപം

വി ബി പരമേശ്വരന്‍Updated: Sunday Dec 20, 2015

ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനും ജന്മിത്തത്തിനും എതിരെ 1921ല്‍ മലബാറില്‍ നടന്ന കലാപത്തെ വ്യത്യസ്തമായ വീക്ഷണകോണിലൂടെ അവതരിപ്പിക്കുന്ന ശ്രദ്ധേയമായ ഗ്രന്ഥമാണ് ചിന്ത പബ്ളിഷേഴ്സ് പുറത്തിറക്കിയ ഡോ. കെ ടി ജലീലിന്റെ “മലബാര്‍ കലാപം– ഒരു പുനര്‍വായന. മലബാര്‍ കലാപത്തെ കാര്‍ഷിക കലാപമായും ബ്രിട്ടീഷ്– ജന്മിവിരുദ്ധ കലാപമായും മതലഹളയായും ചിത്രീകരിക്കുന്ന ഗ്രന്ഥങ്ങളും പഠനങ്ങളും ഇതിനകം പുറത്തുവന്നിട്ടുണ്ട്. എന്നാല്‍, ഈ കലാപത്തിലുടനീളം ദൃശ്യമാകുന്ന മതസൌഹാര്‍ദത്തിന്റെ നൂലിഴകള്‍ ഏതൊക്കെയെന്ന അന്വേഷണമാണ് ഈ ഗ്രന്ഥത്തിലുള്ളതെന്ന് നിസ്സംശയം പറയാം. കലാപത്തില്‍ അന്തര്‍ലീനമായ മതേതരധാരകളെ കണ്ടെത്താനുള്ള ശ്രമത്തിന് വര്‍ത്തമാനകാലത്തില്‍ ഏറെ പ്രസക്തിയുണ്ട്. പുസ്തകത്തിന് അവതാരിക എഴുതിയ സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ നിരീക്ഷിച്ചതുപോലെ കലാപത്തിന്റെ സവിശേഷതകളിലേക്ക് ആണ്ടിറങ്ങി ജനങ്ങളുടെ ഐക്യം ഊട്ടിയുറപ്പിക്കാന്‍ പറ്റാവുന്നവിധം വസ്തുതകള്‍ പുറത്തുകൊണ്ടുവരുന്നതില്‍ ഗ്രന്ഥകാരന്‍ വിജയിച്ചിട്ടുണ്ട്. ഈ ഗ്രന്ഥത്തിനുള്ള കാലികപ്രസക്തിയും അതുതെന്നെയാണ്.

ഗ്രന്ഥകാരന്‍തന്നെ മുഖക്കുറിപ്പില്‍ പറയുന്നതുപോലെ ഈ പഠനം വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെയും ആലിമുസ്ളിയാരുടെയും വ്യക്തിത്വത്തിന്റെ വിശദാംശങ്ങള്‍ അടങ്ങിയതായതിനാല്‍ 216 പേജ് വരുന്ന ഈ പുസ്തകം മറ്റ് പഠനങ്ങളില്‍നിന്ന് വ്യത്യസ്തമാകുന്നു.  മലബാര്‍കലാപത്തിന് നേതൃത്വം നല്‍കിയ ഈ രണ്ട് വ്യക്തിത്വങ്ങളെക്കുറിച്ച് ചരിത്രവസ്തുതകളുടെ അടിസ്ഥാനത്തില്‍ വിലയിരുത്താനുള്ള ധീരമായ ശ്രമംതന്നെ ഗ്രന്ഥകാരന്‍ നടത്തുന്നുണ്ട്. മതാന്ധരും ഹിന്ദുവിരോധികളുമായ നേതാക്കളാണ് മതപണ്ഡിതനായ ആലി മുസ്ളിയാരും കച്ചവടക്കാരനായ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുമെന്നുള്ള ബോധപൂര്‍വ്വമായ പ്രചാരണം ഇന്നും ചിലര്‍ നടത്തുന്നതിനെ വസ്തുതകള്‍ നിരത്തി ഖണ്ഡിക്കാന്‍ ഗ്രന്ഥകാരന് കഴിഞ്ഞിട്ടുണ്ട്. ഈ പുസ്തകത്തിലെ ഏറ്റവും പ്രധാനഭാഗമേതെന്ന് ചോദിച്ചാല്‍ ഈ രണ്ട് വ്യക്തിത്വങ്ങളിലേക്ക് വെളിച്ചംവീഴ്ത്തുന്ന രണ്ട് അധ്യായങ്ങളാണെന്നു പറയാം. ദേശസ്നേഹിയായ പോരാളിയെന്ന അധ്യായത്തിലാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ നേതൃത്വത്തെ വിലയിരുത്തുന്നത്. പോത്തുവണ്ടിയോടിച്ച് കാലയാപനം നടത്തിയ ആള്‍ മലബാര്‍ കലാപത്തിന്റെ പേരാളിയായി മാറുന്നതും ഏറനാടിന്റെ ഉരുക്കുമനുഷ്യനാകുന്നതും അവസാനം ബ്രിട്ടീഷുകാരാല്‍ വധിക്കപ്പെടുന്നതും ഈ അധ്യായത്തില്‍ വിവരിക്കുന്നു. സര്‍ക്കാര്‍ അനുകൂലികളായ മുസ്ളിങ്ങളെ വധിക്കാന്‍ കല്‍പ്പിച്ച ഹാജി കൊള്ളനടത്തുന്ന മുസ്ളിങ്ങളുടെ കൈവെട്ടണമെന്നും ആഹ്വാനംചെയ്തു. ബ്രിട്ടീഷുകാരുടെ പിണിയാളുകളെ അവരുടെ മതമേതെന്ന് നോക്കാതെ കര്‍ശനമായി നേരിടാന്‍ ആഹ്വാനംചെയ്ത വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ഹിന്ദുക്കളെ കൊള്ളയടിക്കുന്നത് തടയാന്‍ കൈക്കൊണ്ട നിരവധി നടപടികളും വിശദീകരിക്കുന്നുണ്ട്. ഇസ്ളാമികഭരണത്തെ പിന്തുണയ്ക്കില്ലെന്ന് വ്യക്തമാക്കിയ ഇരുവരും നിര്‍ബന്ധിത മതപരിവര്‍ത്തനത്തെയും  എതിര്‍ത്തിരുന്നു. പല ഗ്രന്ഥകാരന്മാരും ചിത്രീകരിച്ചതുപോലെ മാപ്പിളരാജ് പിടിച്ചുപറിക്കാരുടെ ഭരണമായിരുന്നില്ലെന്ന് പുസ്തകംസമര്‍ഥിക്കുന്നു. കണ്ണുകള്‍ മൂടിക്കെട്ടി പിറകില്‍നിന്ന് വെടിവയ്ക്കുന്ന പതിവുരീതിക്കു പകരം തന്നെ മുന്നില്‍നിന്ന് വെടിവയ്ക്കണമെന്ന് പട്ടാളക്കോടതിയോട് അഭ്യര്‍ഥിക്കുകയും അത്തരത്തിലുള്ള മരണം ഏറ്റുവാങ്ങുകയുംചെയ്ത ധീരനായിരുന്നു കുഞ്ഞഹമ്മദ് ഹാജി.  വിപ്ളവകാരിയായ മതപണ്ഡിതന്‍ എന്ന നാലാം അധ്യായത്തിലാണ് ആലിമുസ്ളിയാരെ പരിചയപ്പെടുത്തുന്നത്.

മലബാര്‍ കലാപത്തിന്റെ കാരണങ്ങളും ഫലങ്ങളും വിലയിരുത്താനുള്ള ശ്രമമാണ് അഞ്ചാം അധ്യായത്തില്‍. ഖിലാഫത്തും നിസ്സഹകരണ പ്രസ്ഥാനത്തേയുംകാള്‍ ലഹളക്കാരുടെ ദാരിദ്യ്രവും ഭൂവുടമകളില്‍നിന്ന് അവര്‍ക്ക് സഹിക്കേണ്ടി വന്ന പീഡനങ്ങളുമാണ് കലാപത്തിന് കാരണമെന്ന് ശ്രന്ഥകാരന്‍ വാദിക്കുന്നു. അടിച്ചമര്‍ത്തപ്പെട്ട കര്‍ഷകരുടെ ഉയിര്‍ത്തെഴുന്നേല്‍പ്പായിവേണം കലാപത്തെ കണക്കാക്കാന്‍. ഇ എം എസ് നേരത്തെ വിലയിരുത്തിയതുപോലെ മലബാര്‍ കലാപം സാമ്രാജ്യത്വവിരുദ്ധ ജന്മിത്തവിരുദ്ധ കലാപമായിരുന്നു എന്നുതന്നെയാണ് ഗ്രന്ഥകാരന്റെയും അഭിപ്രായം. അവസാനത്തെ അധ്യായത്തില്‍ മലബാര്‍ ലഹളയോട് വ്യത്യസ്ത രാഷ്ട്രീയ പാര്‍ടികള്‍ എടുത്ത സമീപനത്തെ വിലയിരുത്തുന്നു. മാപ്പിളമാര്‍ ആധുനിക ചരിത്രത്തിലുടനീളം സ്വീകരിച്ച സാമ്രാജ്യത്വവിരുദ്ധ നിലപാടുകളെ പരാമര്‍ശിച്ച് ആ പാരമ്പര്യം ഏറിയോ കുറഞ്ഞോ അവര്‍ക്ക് ഇന്നും ഉണ്ടെന്നും സമര്‍ഥിക്കുന്നു.

പാതിവഴിക്കുവച്ച് കലാപത്തെ തള്ളിപ്പറഞ്ഞ കോണ്‍ഗ്രസിന്റെ വഞ്ചന തുറന്നുകാണിക്കാനും കലാപത്തെ പിന്തുണയ്ക്കാനും അംഗീകരിക്കാനും കമ്യൂണിസ്റ്റ് പാര്‍ടിയും അവരുടെ മുഖപത്രമെന്ന നിലയില്‍ ദേശാഭിമാനിയും നടത്തിയ ശ്രമങ്ങളെ ചരിത്രത്തിന്റെ കണ്ണാടിയിലൂടെ ശരിയായി വിലയിരുത്താനും ഗ്രന്ഥകാരന് കഴിഞ്ഞിട്ടുണ്ട്. ബ്രിട്ടീഷുകാരുടെ ആയുധങ്ങള്‍ക്കുമുമ്പില്‍ പിടിച്ചുനില്‍ക്കാന്‍ മതത്തെ ഒരു കവചമായി കലാപകാരികള്‍ ഉപയോഗിച്ചെങ്കിലും അതില്‍ വര്‍ഗീയതയുടെ നിറം ഇല്ലെന്ന് പുസ്തകം അടിവരയിടുന്നു. വര്‍ഗീയ ധ്രുവീകരണം ശക്തമായ ഈ കാലത്ത് മാപ്പിളകലാപമെന്നുകൂടി വിളിക്കപ്പെട്ട ഒരു സാമ്രാജ്യത്വവിരുദ്ധ മുന്നേറ്റത്തെ ചരിത്രവസ്തുതകളുടെ അടിസ്ഥാനത്തില്‍ പുനര്‍വായനയ്ക്ക് വിധേയമാക്കിയ ഡോ. കെ ടി  ജലീലിന്റെ ശ്രമം വൃഥാവിലാകില്ലെന്ന് ഉറപ്പിച്ച് പറയാം. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top