19 April Friday

മഹാസ്തംഭംപോലെ അഗ്നിസാക്ഷി

ജോര്‍ജ് ജോസഫ് കെUpdated: Sunday Dec 20, 2015

പൂര്‍വസൂരികളാണ് എന്റെ എഴുത്തുജീവിതത്തിന്റെ ഊര്‍ജമെങ്കിലും പത്തൊമ്പതാം നൂറ്റാണ്ടിലെ പെരുമയാര്‍ജിച്ച നോവലുകളല്ല ഞാനാദ്യം വായിച്ചത്. ഞാന്‍ വായന തുടങ്ങുന്നത് തകഴിയിലും ദേവിലും ഉറൂബിലും ബഷീറിലുമൊക്കെനിന്നാണ്. ഇടയ്ക്ക് നടുവില്‍നിന്ന് വായന ആരംഭിച്ച് ഏറെ ദൂരം മുന്നോട്ടോടി, പിന്നെ പിറകോട്ടുമോടിയവനാണ് ഞാന്‍. ഈ കാലഘട്ടത്തില്‍ ഞാന്‍ വായിക്കുന്ന നോവലുകള്‍ 19–ാംനൂറ്റാണ്ടിലേതാണ്. നമ്മുടെ വേരുകള്‍ അന്വേഷിച്ചുള്ള യാത്ര. നമ്മുടെ പുതുതലമുറയിലെ ചില എഴുത്തുകാര്‍ എന്നെ അത്ഭുതപ്പെടുത്തുന്നുവെങ്കിലും എന്റെ വായനമണ്ഡലത്തില്‍ ഒരിക്കലും ശോഭയണയാതെ നില്‍ക്കുന്നത് ബഷീറും ലളിതാംബിക അന്തര്‍ജനവും ഉറൂബും തകഴിയും പിന്നെ സേതു, കാക്കനാടന്‍, മുകുന്ദന്‍, പുനത്തില്‍, ഒ വി വിജയന്‍ എന്നിവരുമാണ്. അതില്‍ ഇന്നും മനസ്സില്‍ കെടാത്ത അഗ്നിപോലെ ഹവിസ്സായി നിലനില്‍ക്കുന്നത് എന്റെ പ്രിയപ്പെട്ട പുസ്തകമായ ലളിതാംബിക അന്തര്‍ജനത്തിന്റെ അഗ്നിസാക്ഷിയാണ്. കാലം മരവിച്ചുകിടന്ന കാലഘട്ടത്തില്‍, സമൂഹത്തിലെ അനാചാരങ്ങള്‍ കൊടികുത്തിനിന്ന കാലഘട്ടത്തില്‍, ഇരുണ്ട ഭൂമിയില്‍ വെളിച്ചവുമായി വന്ന നോവലാണ് അഗ്നിസാക്ഷി.
കുട്ടിക്കാലത്ത് അമ്മായി പറഞ്ഞുതന്ന യവനപുരാണത്തിലെ പ്രൊമിത്യൂസിന്റെ കഥയ്ക്ക് അനുബന്ധമാണ് അഗ്നിസാക്ഷി. ഇരുട്ടില്‍മുങ്ങിയ ഭൂമിയിലേക്ക് അഗ്നികൊണ്ടുവന്ന പ്രൊമിത്യൂസിന്റെ ഹൃദയം ലളിതാംബിക അന്തര്‍ജനത്തിനും ഉണ്ടെന്ന് ആ നോവല്‍പാരായണം എനിക്ക് പുതിയ ഉള്ളറിവുകള്‍ തന്നു.
പുരാണവും ചരിത്രവും എന്നൊക്കെ കൈകോര്‍ക്കുമ്പോഴും പുതിയ ചില അപ്രിയസത്യങ്ങള്‍ പുനര്‍ജനിക്കുന്നു.
ചില എഴുത്തുകാര്‍ ഒറ്റയ്ക്കുമാത്രം സഞ്ചരിക്കുന്നവരാണ്. കൂട്ടഓട്ടത്തില്‍ പങ്കുകാരാവാന്‍ അവര്‍ ആഗ്രഹിക്കുന്നില്ല. അന്തര്‍ജനവും അപ്രകാരമുള്ള ഒരു എഴുത്തുകാരിയായിരുന്നു. പതിവു നിയമങ്ങളെ അവര്‍ ജീവിതത്തില്‍നിന്ന് തടുത്തുമാറ്റി പുതിയവ കെട്ടിപ്പണിയുകയായിരുന്നു.
മധ്യവയസ്സിനുമുമ്പ് മാസ്റ്റര്‍പീസുകളെഴുതിയ എഴുത്തുകാര്‍ നമുക്കുണ്ട്. മുകുന്ദനും സേതുവും പുനത്തിലും ഒ വി വിജയനുമൊക്കെ. എന്നാല്‍, അന്തര്‍ജനമാകട്ടെ ആദ്യത്തേതും അവസാനത്തേതുമായി എഴുതിയ ഒരേ ഒരു നോവല്‍ അഗ്നിസാക്ഷിമാത്രമാണ്. അതും 67–ാമത്തെ വയസ്സില്‍. ജീവിതത്തിന്റെ പുണ്യം, ആശയത്തിലും ആദര്‍ശത്തിലും കൊളുത്തിവച്ച പെണ്‍പക്ഷ രചനയായിരുന്നു അത്. അസ്തമയപ്രഭ അവസാനിക്കുമ്പോഴും പുലരിവെളിച്ചത്തിന്റെ പ്രതീക്ഷയില്‍ ലോകം ഇരുട്ടിലേക്ക് മങ്ങിയമരുന്നില്ല എന്ന കണ്ടെത്തല്‍ പെണ്‍ജീവിതത്തില്‍ കൂട്ടിവായിക്കുന്ന മനോഹരമായ കലാസൃഷ്ടി, അതാണ് അഗ്നിസാക്ഷിയുടെ സത്യവും പൊരുളും.
നൂറ്റാണ്ടുമുമ്പത്തെ, കേരളത്തിന്റെ സാമൂഹ്യവും രാഷ്ട്രീയവുമായ ജീവിതപരിസരങ്ങളില്‍ സ്ത്രീ അനുഭവിച്ച അടിമത്തത്തിന്റെ തിണര്‍ത്തപാടുകള്‍ ലോകമനഃസാക്ഷിയുടെ മുന്നില്‍ തുറന്നുവയ്ക്കുകയും അവ നേരാംവണ്ണം കാട്ടിക്കൊടുക്കയുമായിരുന്നു ലളിതാംബിക.
കേരളക്കരയില്‍നിന്ന് യാത്രതുടങ്ങിയ തേതിയേട്ടത്തി മൂന്ന്  പരകായങ്ങളിലൂടെയുള്ള യാത്രികയായിരുന്നു. സ്ത്രീയുടെ പല മുഖങ്ങള്‍, അവളുടെ നീറുന്ന ജീവിതങ്ങള്‍, പകര്‍പ്പുകളായി മാറി.
ജീവിതം തെളിമയാര്‍ന്ന ഒരു നേര്‍രേഖയല്ല. അത് ചിലപ്പോള്‍ ഭ്രാന്തമായ ഒരൊഴുക്കുതന്നെയാകാം. അഗ്നിസാക്ഷിയിലെ ഉണ്ണിയേട്ടനെന്ന കഥാപാത്രത്തെക്കൊണ്ട് ഈ വിചാരം അന്തര്‍ജനം പങ്കുവയ്ക്കുന്നുണ്ട്. ഭ്രാന്തുനിറഞ്ഞ സമൂഹപരിസ്ഥിതിയില്‍ ഭ്രാന്തില്ലാതെ ഈ ലോകത്ത് ഒരു തലമുറ ഉണ്ടാകുമോ എന്ന് ഉണ്ണിയേട്ടന്‍ ചോദിക്കുന്നു.
ഗാന്ധിജി അവസാനനാളുകളില്‍ സ്വാതന്ത്യ്രം ഒരു പരാജയമായിരുന്നു എന്ന് വ്യസനിക്കുന്നുണ്ട്. അത് ഈ നോവലില്‍ നാം വായിക്കുന്നു. ജീവിതത്തെ ആത്മസംയമനത്താല്‍ നിയന്ത്രിച്ച ഗാന്ധിജിപോലും പതറുന്ന കാഴ്ച അന്തര്‍ജനം രേഖപ്പെടുത്തുന്നു.
കുടുംബത്തിന്റെ അസ്വാതന്ത്യ്രത്തില്‍നിന്ന്, അസ്വസ്ഥജീവിതത്തില്‍നിന്ന് രക്ഷപ്പെട്ടോടിയ തേതിയേട്ടത്തി ദേവിബഹനായി മാറുമ്പോഴും ചോദ്യങ്ങള്‍ ബാക്കിയാകുന്നു. എന്താണ് സ്വാതന്ത്യ്രം?
ഗാന്ധിജിയുടെ ജീവിതചരിത്ര അവശേഷിപ്പുകള്‍ നോവലില്‍ പകര്‍ത്തുമ്പോള്‍ 1947 ആഗസ്ത് 15ന് കാളിഘട്ടിലുള്ള ഒരു വീട്ടില്‍ ഗാന്ധിജിയുടെ സാന്നിധ്യം കാണാം. അന്ന് സ്വാതന്ത്യ്രം കിട്ടിയതിന്റെ ആഹ്ളാദം പങ്കിടുകയായിരുന്നു ഇന്ത്യാ മഹാരാജ്യം. അപ്പോഴും നിരാശനായ, അതുവരെ സ്വാതന്ത്യ്രത്തിനായി ഓടിയ വൃദ്ധന്‍ പുല്‍പ്പായയിലിരുന്ന് ചര്‍ക്കതിരിച്ചുകൊണ്ടേയിരുന്നു. കൂടെയുള്ള അനുയായി ചോദിച്ചു:
"അവിടുന്ന് എന്താണ് ഡല്‍ഹിക്ക് പോകാതിരുന്നത്. ഒരു മഹാസമരം ജയിച്ചുകിട്ടിയ നേട്ടമല്ലേ?''
പക്ഷേ, ഗാന്ധിയുടെ വാക്കുകള്‍ ഇതായിരുന്നു:
"ഈ സ്വാതന്ത്യ്രം സ്വാതന്ത്യ്രമല്ല. പൊരുതിയതും പ്രാര്‍ഥിച്ചതും ഇതിനല്ല''– എന്നെ തനിയെ വിടൂ എന്ന് അഭ്യര്‍ഥിക്കുന്നുണ്ട് അദ്ദേഹം.
സ്വാതന്ത്യ്രസമരത്തിന്റെ അലയടിയുടെ താളങ്ങള്‍കേട്ട് കുടുംബത്തില്‍നിന്ന് ഇറങ്ങിപ്പുറപ്പെട്ടവള്‍, ഗാന്ധിജിയുടെ സത്യജീവിതപ്പകര്‍പ്പുകളിലേക്ക് പടിയിറങ്ങി ചെന്നവള്‍, അവസാനം ഗാന്ധിജിയെപ്പോലെ സര്‍വസംഗപരിത്യാഗിയായി മാറുന്നു.
ജനിച്ചപ്പോള്‍മുതലുള്ള ആചാരാനുഷ്ഠാനങ്ങളുടെ കീഴ്പ്പെടുത്തലുകളെ, അസ്വാതന്ത്യ്രത്തെ മറികടന്ന് നെടുമംഗല്യത്തിന്റെ തിരുശേഷിപ്പായുണ്ടായിരുന്ന ചെറുതാലി ഊരിക്കൊടുത്ത് അഗ്നിശുദ്ധിവരുത്താനായി അവര്‍ പറഞ്ഞു.
"ഇത് തനി തങ്കമാണ്. കലര്‍പ്പ് കൂട്ടരുത്. ഉരുക്കിയടിച്ച് നിന്റെ തലമുറയ്ക്ക് ഇഷ്ടമുള്ളതുപോലെ പണിയൂ... ഒന്നു സൂക്ഷിക്കണം. ഒരിക്കലും ഇതിന്റെ മാറ്റ് കുറയ്ക്കരുത്.''
പെണ്‍പക്ഷരചനകള്‍ പിന്നീട് മലയാളസാഹിത്യത്തില്‍ പലതുമുണ്ടായി. പക്ഷേ, അവ പുരുഷമേല്‍ക്കോയ്മയ്ക്ക് നേരെയുള്ള പകയുടെയും വിദ്വേഷത്തിന്റെയും വാളോങ്ങല്‍മാത്രമായി അവശേഷിച്ചു.
കരുണാര്‍ദ്രമായ ഒരു ജീവിതം, പരസ്പരമുള്ള സ്നേഹത്തിന്റെ പങ്കുവയ്ക്കല്‍, അതിന്റെ മുഖമുദ്രകള്‍ നമുക്കില്ലാതിരിക്കുമ്പോള്‍ 'അഗ്നിസാക്ഷി' എന്ന നോവല്‍ ഒരു മഹാസ്തംഭംപോലെ ഹൃദയത്തില്‍ ഉയര്‍ന്നുനില്‍ക്കുന്നു, ഉറച്ചുനില്‍ക്കുന്നു മലയാളസാഹിത്യത്തിലും അതിന്റെ വായനക്കാരിലും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top