24 April Wednesday

ആധുനികതയുടെ സമുച്ചയത്തിൽ കിഴക്കിന് ഒരു മുറിയുണ്ട്

വെബ് ഡെസ്‌ക്‌Updated: Friday Apr 20, 2018

 കേരളീയസമൂഹത്തിന് പൊതുവെയും ഈഴവസമൂഹത്തിന് സവിശേഷമായും സാമൂഹ്യമായ ഉദ്ഗതി നേടാൻ സഹായിച്ച എസ്എൻഡിപി നിർവഹിച്ച സാമൂഹ്യദൗത്യങ്ങളെ സൂക്ഷ്മമായി അപഗ്രഥിക്കുന്ന കൃതിയാണ് പി ചന്ദ്രമോഹൻ രചിച്ച  ഉല്ീഹീുാലി ങീറലൃിശ്യ ശി ഗലൃമഹമ: ചമൃമ്യമിമ ഏൌൃൌ, ടചഉജ മിറ ടീരശമഹ ഞലളീൃാ. ഡോ. കെ എൻ പണിക്കർ ആമുഖമെഴുതിയ ഈ ഗ്രന്ഥം കേരളത്തിലെ വികസനാത്മക ആധുനികതയെക്കുറിച്ചുള്ള പഠനംകൂടിയാണ്. ആത്മീയാചാര്യനാണെങ്കിലും ശ്രീനാരായണ ഗുരു യുക്തിയുടെ വഴി പിന്തുടർന്ന് കേരളീയസമൂഹത്തെ ആധുനികവൽക്കരിക്കാനാണ്  ശ്രമിച്ചത്.  സമൂഹത്തെ നവീകരിക്കുന്നതിൽ വിദ്യാഭ്യാസം, വ്യവസായം, ജാതി ഉന്മൂലനം എന്നിവയ്ക്കുള്ള പങ്കിനെക്കുറിച്ച് ഗുരു ആവർത്തിച്ചു. കേരളീയസമൂഹത്തെ സാമൂഹ്യവും സാമ്പത്തികവുമായി നവീകരിക്കാനും രാഷ്ട്രീയമായി ജനാധിപത്യവൽക്കരിക്കാനുമാണ് ഗുരുവും അദ്ദേഹത്തിന്റെ പ്രസ്ഥാനവും ശ്രമിച്ചത്. കേരളത്തെ ആധുനികസമൂഹമാക്കി മാറ്റാൻ ശ്രീനാരായണ പ്രസ്ഥാനം നൽകിയ സംഭാവനകളാണ് പുസ്തകത്തിന്റെ പ്രമേയം. അദ്ദേഹത്തിന്റെ ആത്മീയവിചാരങ്ങളിലേക്ക് പ്രവേശിക്കുക എന്നത് ഗ്രന്ഥത്തിന്റെ ലക്ഷ്യമല്ല. കേരളത്തെയും മാനവസമുദായത്തെയും സാമാന്യമായിക്കാണുന്നതായിരുന്നു നാരായണഗുരുവിന്റെ ദർശനമെങ്കിലും എസ്എൻഡിപിയുടെ ചരിത്രം ആ വഴിക്കല്ല നീങ്ങിയതെന്നും അത് ഒരു ജാതിസംഘടനയായി ചുരുങ്ങുകയാണുണ്ടായതെന്നും ഗ്രന്ഥകാരൻ നിരീക്ഷിക്കുന്നു. ഹൈന്ദവ ആത്മീയതയെ ഹിന്ദുത്വശക്തികൾ പിടിച്ചെടുക്കാൻ ശ്രമിക്കുമ്പോൾ  ഈ പുസ്തകം നൽകുന്ന സന്ദേശം ഏറെ വിലപ്പെട്ടതാണ്. 

സാമൂഹ്യശാസ്ത്രപഠനങ്ങൾ സാംസ്കാരികമായ തിരിവിലാണെന്നും അതുകൊണ്ടാണ് ഈ മേഖലയിൽ പത്തൊമ്പതാം നൂറ്റാണ്ടിലെ സാമൂഹ്യവും മതപരവുമായ പ്രസ്ഥാനങ്ങളെക്കുറിച്ചുള്ള പഠനങ്ങൾ കടന്നുവരുന്നതെന്നും ആമുഖത്തിൽ കെ എൻ പണിക്കർ സൂചിപ്പിക്കുന്നു. ആദ്യമെല്ലാം ദേശീയതലത്തിൽ വ്യാപിച്ച ബൃഹദ് സംഘങ്ങളെക്കുറിച്ചുള്ള പഠനമായിരുന്നെങ്കിൽ പിന്നീടത് പ്രാദേശികതലത്തിൽ പ്രചലിതമായ സംഘങ്ങളിലാണ് ശ്രദ്ധ പായിച്ചത്. സ്വദേശികളും വിദേശികളുമായ പലരും ഇത്തരം പഠനങ്ങൾ നടത്തിയിട്ടുണ്ട്. ഈ പഠനങ്ങളുടെ ശ്രേണിയിലാണ് ചന്ദ്രമോഹന്റെ കൃതിയും ഉൾപ്പെടുക. 
ഗുരുവിന്റെ വഴി ആത്മീയതയുടേതായിരുന്നെങ്കിലും അദ്ദേഹത്തിന്റെ ആത്മീയവിചാരങ്ങളെല്ലാം യുക്തിയുടെ മൂശയിൽ വാർന്നുവീണതായിരുന്നുവെന്നത് പ്രത്യേകം പരാമർശിക്കണം. ക്ഷേത്രത്തെ പൊതു ഇടമായാണ് അദ്ദേഹം മനസ്സിലാക്കിയത്. ആർക്കും പ്രവേശിക്കാവുന്നതും ആശയസംവാദത്തിൽ ഏർപ്പെടാൻ കഴിയുന്നതുമായ ഒരു പൊതു ഇടം. വ്യക്തിയുടെ സ്വതന്ത്ര കർതൃത്വത്തെ അംഗീകരിക്കുന്നതും പൗരോഹിത്യത്തെ പുറത്തുനിർത്തുന്നതുമായ ഒരു സമീപനമാണ് ശ്രീനാരായണൻ പുലർത്തിയത്. സമൂഹത്തെക്കുറിച്ച് അദ്ദേഹത്തിന് സമഗ്രമായ വീക്ഷണമുണ്ടായിരുന്നു. പുരോഗതിയെക്കുറിച്ചുള്ള കാഴ്ചപ്പാട് ജൈവമായിരുന്നു. ആധുനികത‐പാരമ്പര്യം എന്ന ദ്വന്ദ്വ‌െെവരുധ്യത്തിനകത്ത് കിടന്ന് കറങ്ങിയില്ല അദ്ദേഹത്തിന്റെ ദർശനം. വാസ്തവത്തിൽ ആധുനികതയെ പാരമ്പര്യവുമായി ഇണക്കുന്നതിൽ വലിയ അളവിൽ വിജയിച്ച ചിന്തകനും പ്രവൃത്യാരു (ആക്ടിവിസ്റ്റ്)മാണ് ഗുരു. ഈ ഇണക്കം തീർക്കാതെ പുരോഗതി സാധ്യമല്ലെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു.
 
ഗുരുവിനെ ഒറ്റപ്പെട്ട ഒരു പ്രതിഭാസമായല്ല ചന്ദ്രമോഹൻ കാണുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിലെ നിരവധി സാമൂഹ്യചലനങ്ങൾ ഒന്നിച്ച് അദ്ദേഹത്തിൽ പ്രവർത്തിക്കുകയാണുണ്ടായത്.  പുതിയ തരം സംഘടനകളും സ്ഥാപനങ്ങളും രൂപംകൊണ്ടു. സ്വകാര്യസ്വത്ത് സംബന്ധിച്ച നിയമങ്ങളുടെ രൂപീകരണം, മൂലധനാധിഷ്ഠിതമായ സാമ്പത്തികവിനിമയങ്ങളുടെ സുസ്ഥാപനം, തോട്ടംവ്യവസായത്തിന്റെ വ്യാപനം, ചെറുകിട വ്യവസായങ്ങൾക്ക് കിട്ടിയ പ്രചാരം, വിദേശ വാണിജ്യത്തിലുണ്ടായ വളർച്ച, ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനു കിട്ടിയ പ്രചാരം എന്നിങ്ങനെ തിരുവിതാംകൂറിലുണ്ടായ മാറ്റങ്ങൾ നിരവധി. ഈ മാറ്റങ്ങളുടെ ഫലമായി തിരുവിതാംകൂറിൽ പ്രബലമായ മധ്യവർഗം ഉയർന്നുവന്നു. ഈ മധ്യവർഗത്തിൽ ഉന്നതജാതിക്കാർ മാത്രമല്ല ഉണ്ടായിരുന്നത്. അസ്പൃശ്യരായി ഗണിക്കപ്പെട്ട ഈഴവർക്കിടയിലും ഈ മാറ്റങ്ങളുടെ പശ്ചാത്തലത്തിൽ ഒരു മധ്യവർഗം ഉയർന്നുവന്നു. 
 
എന്നാൽ, വർഗപരമായി ഉന്നമനമുണ്ടായിട്ടും ജാതിവ്യവസ്ഥ ഈഴവർക്കിടയിലെ അഭ്യസ്തവിദ്യരായ പുതുതലമുറയെ രാഷ്ട്രീയജീവിതത്തിലും പൊതുമണ്ഡലത്തിലും ഇടപെടുന്നതിൽനിന്ന് തടഞ്ഞു. ഈ സന്ദർഭത്തിലാണ് സംഘടിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ചില ആലോചനകൾ നടക്കുന്നത്. ഡോ. പൽപ്പുവിന്റെ നേതൃത്വത്തിൽ തിരുവിതാംകൂർ ഈഴവസഭയുണ്ടാക്കിയെങ്കിലും വേരുപിടിച്ചില്ല. ഈ സന്ദർഭത്തിലാണ് ശ്രീനാരായണന്റെ ആത്മീയനേതൃത്വത്തിൽ ഈഴവർ സംഘടിക്കുന്നത്. ബ്രാഹ്മണക്കോയ്മയെ അതിന്റെ ജ്ഞാനപദ്ധതിക്കകത്തു കയറി  ഗുരു വെല്ലുവിളിച്ചു. മേൽജാതിക്കാരുടെ സ്വകാര്യസ്വത്തായിരുന്ന ദൈവങ്ങൾ പൊതുസ്വത്തായി. അരുവിപ്പുറം പ്രതിഷ്ഠ ഉൽപ്പാദിപ്പിച്ച സമത്വബോധം കേരളീയ പൊതുമണ്ഡലത്തെ പിടിച്ചുകുലുക്കി. 
 
അരുവിപ്പുറം പ്രതിഷ്ഠയെത്തുടർന്നാണ് എസ്എൻഡിപിക്ക് രൂപം നൽകുന്നത്. എന്നാൽ, അരുവിപ്പുറത്തിന്റെ ആദർശമായ ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ വാഴുന്ന മാതൃകാസ്ഥാനമെന്ന ആശയത്തിന്റെ പ്രചാരമായിരുന്നില്ല സംഘത്തിന്റെ ലക്ഷ്യം. അപ്രകാരമുള്ള ഒരു സന്യാസ സംഘമായല്ല എസ്എൻഡിപി വിഭാവനം ചെയ്യപ്പെട്ടത്. ഈഴവസമുദായത്തിന്റെ സർവതോമുഖമായ വളർച്ചയാണ് അത് ലക്ഷ്യമിട്ടത്. ഈഴവരെ ജാതിയിൽനിന്ന് പുറത്തുകടത്തി ഒരു സമുദായമാക്കി മാറ്റാനാണ് സംഘം ശ്രമിച്ചത്. അതിലൂടെ സാമൂഹ്യമായ വിലപേശൽശക്തി കൈവരുമെന്ന് ഗുരുവിനും സഹപ്രവർത്തകർക്കും അറിയാമായിരുന്നു. ഗുരുവിന്റെ ആദർശം സാർവലൗകികമായ മാനവികതയായിരുന്നെങ്കിലും എസ്എൻഡിപി ഒരു ജാതിസംഘടനയായിത്തന്നെയാണ് പ്രവർത്തനം തുടങ്ങിയതും നിലനിന്നതും.
 
ജാതിസമൂഹങ്ങൾക്ക് ഒരു മാനവസമൂഹമായി വളരണമെങ്കിൽ സമുദായത്തിന്റേതായ ഒരിടനിലയിലൂടെ കടന്നുപോകേണ്ടിവരുമെന്ന് ഗുരു മനസ്സിലാക്കി. എല്ലാ ജാതികളെയും യോജിപ്പിക്കാൻ കഴിയണമെന്ന് ഗുരു ആഗ്രഹിച്ചിരുന്നെങ്കിലും എസ്എൻഡിപിക്ക് അതിന് കഴിയുമായിരുന്നില്ല. കാരണം, ശ്രീനാരായണന്റെ ആത്മീയാദർശങ്ങൾ സംഘത്തെ ജനങ്ങൾക്കിടയിൽ പ്രചാരം നേടുന്നതിന് സഹായിച്ചെങ്കിലും അതിന്റെ സന്നിഹിതമായ ലക്ഷ്യം ഈഴവസമുദായത്തിന്റെ രാഷ്ട്രീയവിലപേശൽശേഷിയായിരുന്നു. എസ്എൻഡിപിയുടെ ഈ പരിമിതി തിരിച്ചറിഞ്ഞ ഗുരു ഒരു ഘട്ടത്തിൽ അതിൽനിന്ന് രാജിവച്ചു. 1927ൽ ശ്രീനാരായണ ധർമ സംഘത്തിന് രൂപം നൽകി. എന്നാൽ, ഇതിനർഥം എസ്എൻഡിപി ജാതിവിവേചനത്തിനെതിരെ ഒന്നും ചെയ്തില്ലെന്നല്ല. ആദ്യകാലത്ത് ജാതിവിവേചനത്തിനെതിരെ ശക്തമായി ഇടപെട്ടിരുന്നു. സഹോദരൻ അയ്യപ്പനും ടി കെ മാധവനുമാണ് ഇതിന് നേതൃത്വം നൽകിയത്.
ഗുരു മതത്തിന്റെ ഭാഷയിലാണ് അനുയായികളോട് സംസാരിച്ചത്. മതത്തിനുള്ളിൽ പുതുവഴിവെട്ടാനും ശ്രമിച്ചു. ആ പുതുവഴി ചെന്നവസാനിച്ചത് ആധുനികതയിലായിരുന്നു. വ്യക്തിപരമായി വിഗ്രഹാരാധനയിൽ വിശ്വസിക്കാത്ത അദ്വൈതിയായിരുന്നിട്ടും അദ്ദേഹം അനുയായികളുടെ നിർബന്ധത്തിനു വഴങ്ങി ക്ഷേത്രങ്ങൾ സ്ഥാപിച്ചു. പക്ഷേ, അങ്ങനെ ചെയ്യുമ്പോഴും ക്ഷേത്രവിശ്വാസത്തെ ചൂഴ്ന്നുനിൽക്കുന്ന ബ്രാഹ്മണാധിപത്യത്തെ ധൈര്യപൂർവം വെല്ലുവിളിച്ചു.  
 
സാഹോദര്യം ആധുനികരാഷ്ട്രത്തിന്റെ ആത്മാവാണ്. പൗരന്മാർക്കിടയിൽ നിലനിൽക്കേണ്ട ധാർമികതയുടെ ചുരുക്കപ്പേരാണത്. ജാതിവ്യവസ്ഥ നിലനിൽക്കുന്ന ഇന്ത്യയിൽ മനുഷ്യർക്കിടയിൽ സാഹോദര്യഭാവം സാധ്യമല്ലെന്നും ആയതിനാൽ ഇന്ത്യക്ക് ഒരു ആധുനിക രാഷ്ട്രമാകാൻ കഴിയില്ലെന്നും അംബേദ്കർ പറഞ്ഞിട്ടുണ്ട്. ഈ സാഹോദര്യഭാവം പുലരാൻ മതത്തിൽനിന്നുതന്നെ ചില സാധൂകരണങ്ങൾ കണ്ടെത്താൻ ഗുരു ശ്രമിച്ചു.  ജാതിശരീരത്തെ പൗരശരീരമാക്കി മാറ്റാൻ ശ്രീനാരായണൻ കിഴക്കിന്റെ സങ്കൽപ്പനങ്ങളെ പുനഃക്രമീകരിച്ചു. പ്രബുദ്ധതയുടെ യൂറോപ്യൻവഴികളെ അന്ധമായി പിന്തുടരാതെ അതേ ലക്ഷ്യത്തിലെത്താൻ കിഴക്കിന്റെ ഹൃദയത്തിലൂടെ അദ്ദേഹം ഒരു തുരങ്കം കണ്ടുപിടിച്ചു. മതവും ആധുനികതയും തമ്മിലുള്ള സംഘർഷമാണ് യൂറോപ്യൻ ആധുനികതയുടെ അനുഭവമെങ്കിൽ അവയുടെ തുടർച്ച കണ്ടെത്താനാണ് ശ്രീനാരായണന്റെ ശ്രമം. 
 
മതങ്ങൾക്കിടയിൽ നിലനിൽക്കുന്നതായി നാം കരുതുന്ന വൈരുധ്യം ആചാരത്തിന്റെ തലത്തിൽമാത്രം ഒതുങ്ങുന്നതാണെന്ന് ഗുരു ആവർത്തിച്ചു. ആചാരങ്ങൾ മതത്തിന്റെ പുറംമാത്രമാണ്. അതിന്റെ കാമ്പ് മതദർശനമാണ്. ദർശനങ്ങളെ താരതമ്യംചെയ്താൽ പല മതവുമേകസാരം എന്ന് കണ്ടെത്താൻ പ്രയാസമില്ല. ഈ സങ്കൽപ്പത്തിന്റെ സാക്ഷാൽക്കാരത്തിനുവേണ്ടിയാണ് അദ്ദേഹം സർവമത സമ്മേളനം വിളിച്ചുചേർത്തത്.
 
ഗുരുവിന്റെ ക്ഷേത്രനിർമാണത്തിന് വിവിധ ഘട്ടങ്ങളുള്ളതായിക്കാണാം. ആദ്യമെല്ലാം അദ്ദേഹം ബ്രാഹ്മണിക്കലായ ദേവീദേവന്മാരെയാണ് പ്രതിഷ്ഠിച്ചത്. എന്നാൽ, പിന്നീട് ഉത്സവങ്ങളോ ആഘോഷങ്ങളോ ഇല്ലാത്തതും ചുരുങ്ങിയ അനുഷ്ഠാനങ്ങൾമാത്രമേ ആകാവൂ എന്ന് നിർബന്ധിക്കുന്നതുമായ ക്ഷേത്രങ്ങളാണ് ഗുരു നിർമിച്ചത്. മൂന്നാമത്തെ ഘട്ടത്തിൽ വിഗ്രഹങ്ങൾക്കു പകരം കണ്ണാടി, ധാർമിക പ്രബോധനങ്ങൾ ഉൾക്കൊള്ളുന്ന ഫലകങ്ങൾ, വിളക്ക് എന്നിവയൊക്കെയായി പ്രതിഷ്ഠ. ഈ അർഥത്തിൽ നവീനമായ ഒരു കർതൃത്വസൃഷ്ടിയായിരുന്നു ലക്ഷ്യം. യൂറോപ്യൻ ശാസ്ത്രബോധംകൊണ്ടെന്നതുപോലെ ഇന്ത്യൻ ആസ്തിക ചിന്തകൊണ്ടും ഈ നവീന കർതൃത്വനിർമിതി സാധ്യമാണെന്ന് അദ്ദേഹം സ്ഥാപിച്ചു. 
 
തൂലികാ ബുക്സ് പ്രസാധനംചെയ്ത ഈ കൃതി ആമുഖത്തിൽ ഡോ. കെ എൻ പണിക്കർ സൂചിപ്പിക്കുന്നതുപോലെ വസ്തുനിഷ്ഠതകൊണ്ടും പ്രഥമാകരത്തിന്റെ വൈപുല്യംകൊണ്ടും ശ്രദ്ധേയമാണ്. സന്യാസിമാരും ആത്മീയാചാര്യന്മാരും മുതലാളിത്തവുമായും അധികാരശക്തികളുമായും സന്ധിചെയ്യുന്ന ഇക്കാലത്ത് ഗുരുവിനെ വീണ്ടെടുക്കാനുള്ള ഏത് ശ്രമവും ശ്ലാഘനീയമാണ്. കാരണം, ആപത്തിന്റെ കാലത്ത് കൈയെത്തിപ്പിടിക്കാൻ ഇങ്ങനെ ചിലതല്ലേ ചരിത്രത്തിൽ ശേഷിച്ചിട്ടുള്ളത്?

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top