28 November Tuesday

വെള്ളിത്തിര പുസ്‌തകം വായിക്കുമ്പോൾ

വെബ് ഡെസ്‌ക്‌Updated: Sunday Jun 19, 2022

സാഹിത്യത്തിന്റെ അടിസ്ഥാന ഘടകം വാക്കാണ്. സിനിമയുടേത് ദൃശ്യവും. രണ്ടും തമ്മിലുള്ള വിടവ് ആഴമേറിയതാണ്. എങ്കിലും ബീജാവസ്ഥയിലേ മലയാളത്തിന്റെ സിനിമാശരീരം ചെത്തിമിനുക്കപ്പെട്ടത് സാഹിത്യത്തിന്റെ ബലിഷ്‌ഠമായ തായ്ത്തടിയിലായിരുന്നു.


|മലയാളത്തിലെ രണ്ടാമത്തെ ചിത്രമായി രേഖപ്പെടുത്തിയ മാർത്താണ്ഡവർമ്മ പ്രദർശനത്തിനെത്തി ആദ്യദിനംതന്നെ പകർപ്പവകാശത്തിന്റെ പേരിൽ പെട്ടിയിലായി. സി വി രാമൻപിള്ളയുടെ നോവൽ അനുമതിവാങ്ങാതെയാണ് സുന്ദർരാജ് നിർമിച്ച് വി വി റാവു സംവിധാനം ചെയ്ത് ഇറക്കിയത്. മലയാളത്തിലെ ആദ്യശബ്ദചിത്രമായ ബാലൻ വിധിയും മിസ്സിസ്‌ നായരും എന്ന കഥയുടെ പരിഷ്‌കരിച്ച പതിപ്പാണ്. ആദ്യകാല ഹിറ്റുകളിലൊന്നായ ജ്ഞാനാംബിക സി മാധവപിള്ളയുടെ നോവലിന്റെ ചലച്ചിത്രാവിഷ്‌കാരം. എന്നാൽ പിന്നീടങ്ങോട്ട് മറുനാടൻ സിനിമകളുടെ അരങ്ങുവാണിഭമാണ് കണ്ടത്. പതിറ്റാണ്ടുകൾ പിന്നിട്ടശേഷം കേരളത്തിലെ നാടകകൃത്തുക്കളും സാഹിത്യകാരന്മാരും ചേർന്നാണ് മലയാള സിനിമയെ തിരിച്ചുപിടിച്ചത്.
 
തിക്കുറിശ്ശി സുകുമാരൻനായരുടെ സ്ത്രീ എന്ന നാടകം 1950ൽ അതേ പേരിൽ ആർ വേലപ്പൻനായർ സിനിമയാക്കി. നാടകത്തെ അടിസ്ഥാനമാക്കി മലയാളത്തിലുണ്ടായ ആദ്യസിനിമയാകും ഇത്. ജനപ്രിയ നോവലുകൾക്ക് സിനിമാ ഭാഷ്യം നൽകുന്ന ദൗത്യം ആദ്യമായി ഏറ്റെടുത്തത് പി സുബ്രഹ്മണ്യമായിരുന്നു. മുട്ടത്തുവർക്കിയുടെ പാടാത്ത പൈങ്കിളി 1957ൽ ചലച്ചിത്രമായി. തകഴിയുടെ രണ്ടിടങ്ങഴി അടക്കം നാലുവർഷത്തിനിടെ അഞ്ചുസിനിമകൂടി സുബ്രഹ്മണ്യമിറക്കി. അറുപതുകളിലും എഴുപതുകളുടെ തുടക്കത്തിലും സിനിമയുടെ വിജയഘടകമായി ജനപ്രിയനോവലുകൾ മാറി. എം കൃഷ്ണൻനായർ, പി ഭാസ്‌ക്കരൻ, കെ എസ് സേതുമാധവൻ, വിൻസെന്റ്, രാമു കാര്യാട്ട്, പി എൻ മേനോൻ തുടങ്ങിയവർ ഈ രംഗത്ത് ഗുണപരമായ മാറ്റമുണ്ടാക്കി.
 
വൈക്കം മുഹമ്മദ് ബഷീർ, തകഴി, ഉറൂബ്, എസ്‌കെ പൊറ്റെക്കാട്ട്‌, എം ടി വാസുദേവൻനായർ, പാറപ്പുറത്ത്, പൊൻകുന്നം വർക്കി, ജി വിവേകാനന്ദൻ, കാനം ഇ ജെ, തോപ്പിൽ ഭാസി, കെ ടി മുഹമ്മദ്, മലയാറ്റൂർ തുടങ്ങിയവർ തിരക്കഥാകൃത്തുകളായി. ജനഹൃദയങ്ങളിൽ ഇടംനേടിയ കാവ്യങ്ങൾ പോലും സിനിമയ്ക്ക് ആധാരമായി. കുമാരനാശാന്റെ കരുണ വൈക്കം ചന്ദ്രശേഖരൻ നായർ തിരക്കഥയൊരുക്കി കെ തങ്കപ്പൻ സംവിധാനംചെയ്ത് സിനിമയാക്കി. ചങ്ങമ്പുഴയുടെ രമണന് ഡി എം പൊറ്റെക്കാട്ട്‌ സിനിമാഭാഷ്യമൊരുക്കി. ഓടയിൽനിന്ന്, അശ്വമേധം, കാട്ടുകുരങ്ങ്, മുടിയനായ പുത്രൻ, ഇരുട്ടിന്റെ ആത്മാവ്, മുറപ്പെണ്ണ്, തുലാഭാരം, യക്ഷി, കടൽപ്പാലം, ഓളവും തീരവും, കുട്ട്യേടത്തി, വാഴ്‌വേമായം, അനുഭവങ്ങൾ പാളിച്ചകൾ, അരനാഴികനേരം, കള്ളിച്ചെല്ലമ്മ, പണിതീരാത്ത വീട് എന്നിങ്ങനെ ജനപ്രിയ നോവലുകൽ വെള്ളിത്തിരയിലേക്ക് മാർച്ചുചെയ്യാൻ തുടങ്ങി. എന്നാൽ ഭാർഗവീനിലയവും(1964) ചെമ്മീനും(1965) ഈ കുത്തൊഴുക്കിൽ വേറിട്ടുനിൽക്കുന്നു. സാഹിത്യസൃഷ്ടി സിനിമയാകുമ്പോൾ കഥപറയുക എന്ന ദൗത്യം മാത്രമാണ് അന്നോളം സംവിധായകർ അനുവർത്തിച്ചത്. ബഷീറിന്റെ നീലവെളിച്ചം എ വിൻസെന്റ് ഭാർഗവീനിലയം ആക്കിയപ്പോഴും തകഴിയുടെ ചെമ്മീന് രാമുകാര്യാട്ട് ദൃശ്യഭാഷ ഒരുക്കിയപ്പോഴും സിനിമയെന്ന മാധ്യമത്തിന്റെ പ്രയോഗസാധ്യത വികസിക്കപ്പെട്ടു. ദൃശ്യത്തിന്റേതായ ഭാഷ പ്രയോഗിക്കപ്പെട്ട ആദ്യ മലയാളചലച്ചിത്രമായി ഭാർഗവീനിലയം വിലയിരുത്തപ്പെടുന്നു. സാഹിത്യസൃഷ്ടി സിനിമയാകുമ്പോൾ വെറുംകഥപറച്ചിൽ മാത്രമല്ല നടക്കേണ്ടതെന്ന് ഉറച്ച ബോധ്യമുള്ള ചലച്ചിത്രകാരന്മാരുടെ വരവ് പിന്നീടുണ്ടായി. ബഷീറിന്റെ മതിലുകൾ എന്ന കഥ അതേപടി പകർത്തിവയ്ക്കുകയല്ല അടൂർഗോപാലകൃഷ്ണൻ ചെയ്തത്. സക്കറിയയുടെ ഭാസ്‌കരപട്ടേലരും എന്റെ ജീവിതവും അടൂരിന്റെ ‘വിധേയൻ’ ആക്കിയപ്പോൾ ഉണ്ടായ മാറ്റം വലിയ ചർച്ചയ്ക്ക് വഴിവച്ചു. രണ്ട് മാധ്യമങ്ങൾ തമ്മിലുള്ള അടിസ്ഥാനപരമായ വ്യത്യാസത്തിൽ നിന്നാണ് തർക്കങ്ങൾ ഉടലെടുത്തത്.
 
സി എൻ ശ്രീകണ്ഠൻ നായരുടെ കാഞ്ചനസീത അരവിന്ദന്റെ കാഞ്ചന സീതയായപ്പോൾ സംഭവിച്ച വ്യത്യാസം രണ്ടു മാധ്യമങ്ങളുടെയും സവിശേഷമായ അന്തരം വെളിപ്പെടുത്തും. സി എന്നിന്റെ ഉജ്വലമായ ഡയലോഗുകളൊന്നും അരവിന്ദൻ കടംകൊണ്ടില്ല. നാടകത്തിന്റെ അന്തസത്ത ഊറ്റിയെടുത്ത് അത് സിനിമയെന്ന ദൃശ്യകലയിലേക്ക് പരിവർത്തനം ചെയ്യുകയായിരുന്നു. എസ് ഹരീഷിന്റെ മാവോയിസ്റ്റ് എന്ന കഥ ജല്ലിക്കട്ട് ആക്കിയപ്പോഴും വിനയ് തോമസിന്റെ കഥ കളിഗെമിനാറിലെ കുറ്റവാളികൾ ചുരുളിയാക്കിയപ്പോഴും ലിജോ ജോസ് പെല്ലിശേരി അവലംബിച്ചത് ഇതേ രീതിയാണ്. കഥാപരിസരത്തിന്റെ വിവരണത്തേക്കാൾ കഥാകൃത്തിന്റെ ധ്വനികൾക്കും കാഴ്ചപ്പാടിനുമാണ് മുൻഗണന കിട്ടിയത്. സാഹിത്യത്തിന്റെയും സിനിമയുടേയും കാമ്പ് അറിഞ്ഞുള്ള പരകായപ്രവേശമാണ് പത്മരാജന്‍ നടത്തിയത് ആർ ഉണ്ണിയുടെ ഒഴിവുദിവസത്തെ കളിയെന്ന ചെറുകഥ സനൽകുമാർ ശശിധരൻ അസാമാന്യമികവോടെയാണ് സിനിമാരൂപത്തിലാക്കിയത്. പാലേരിമാണിക്യത്തിനും ലീലയ്ക്കും രഞ്ജിത്ത് നൽകിയ ചലച്ചിത്രഭാഷ്യവും സ്ഥിരം ചട്ടക്കൂടുകളിൽ നിന്ന് സിനിമയെ പുറത്തുചാടിച്ചു.
ഭാർഗവീനിലയത്തിന് പുതിയ ഭാഷ്യമൊരുക്കുന്ന തിരക്കിലാണ് ആഷിക് അബുവും കൂട്ടുകാരുമിപ്പോൾ. ബഷീറിന്റെ നീലവെളിച്ചം വർഷങ്ങൾക്കിപ്പുറം പുതുതലമുറ സംവിധായകരിലും നിറഞ്ഞു നിൽക്കുന്നു.

 

സിനിമയും വായനയും ഒന്നുപോലെ

സിനിമ അതിന്റെ തുടക്കം മുതൽ സാഹിത്യവുമായി ഒരു രാഗദ്വേഷബന്ധം പുലർത്തി. മുമ്പും ഇന്നും സാഹിത്യകൃതികളെ ആസ്പദമാക്കി ധാരാളം സിനിമകളിറങ്ങുന്നുമുണ്ട്. എന്നാൽ ഡിജിറ്റൽ സാങ്കേതികവിപ്ലവം ഭാവനയെ വാക്കിൽനിന്ന് വലിയ രീതിയിൽ സ്വതന്ത്രമാക്കി; ഭാവനയിൽ വരുന്ന എന്തിനെയും ഇന്ന് ദൃശ്യവൽക്കരിക്കാനാകും. ഇത് സിനിമയെക്കുറിച്ചുള്ള ഭാവനയെയും കാണൽരീതികളെയും വലിയരീതിയിൽ മാറ്റി. സാഹിത്യം എന്നത് ഇന്ന് സിനിമയുടെ പ്രാഥമികമോ ഏറ്റവും പ്രധാനപ്പെട്ടതോ ആയ ഒരു ഭാവനാസ്രോതസ്സോ ലാവണ്യമാതൃകയോ അല്ല. വാക്കുകളെ ദൃശ്യത്തിലേക്കു പകർത്തുകയല്ല ചലച്ചിത്രരചയിതാക്കൾ ചെയ്യുന്നത്. ഭാവനയിലെ ദൃശ്യത്തെത്തന്നെ വാക്കുകളുടെ ഇടനിലയില്ലാതെ ആവിഷ്‌ക്കരിക്കുന്നു. എന്നാൽ മറ്റൊരു കൗതുകകരമായ കാര്യം ഇന്ന് സിനിമ കാണൽ എന്നത് പുസ്തകവായനയോട് സമാനമായിത്തീരുന്നു എന്നുള്ളതാണ്; വായനപോലെ എവിടെവേണമെങ്കിലും നിർത്താവുന്നതും പേജ് മറിച്ചുനോക്കുന്നതുപോലെ തിരിച്ചുപോകാവുന്നതും ആയ ഒരു കാണൽരീതിയാണ് ഇന്ന് കംപ്യൂട്ടറിലോ ഒ ടി ടി വേദികളിലൂടെയോ മൊബൈൽ ഫോണിലോ കാണുമ്പോൾ നമ്മൾ അവലംബിക്കുന്നത്.

 

(പ്രമുഖ ചലച്ചിത്രനിരൂപകൻ സി എസ് വെങ്കിടേശ്വരൻ)

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top