26 April Friday

ശാസ്ത്രത്തിന്റെ അണിയറകള്‍

ഡോ. യു നന്ദകുമാര്‍Updated: Sunday Jul 17, 2016

ചരിത്രത്തിന്റെ മുഖ്യധാരയില്‍ ശാസ്ത്രത്തിന്റെയോ ശാസ്ത്രകാരന്മാരുടെയോ ചരിത്രം വിസ്മരിക്കപ്പെടുകയാണ് പതിവ്. ശാസ്ത്രകാരന്മാര്‍ ചരിത്രത്തെ ഗൌരവമായി കാണുന്നുമില്ല. പറഞ്ഞുവച്ചിട്ടുള്ള ചരിത്രത്തില്‍നിന്നാണ് നാം ലോകത്തെ അവലോകനം ചെയ്യുന്നത്, അതിനാല്‍ ചരിത്രത്തിന്റെ പിന്നാമ്പുറങ്ങളില്‍ നടക്കുന്ന പല നാടകങ്ങളും ശ്രദ്ധിക്കപ്പെടാതെ പോകുന്നു.

രണ്ടാംലോക മഹായുദ്ധത്തിന് തൊട്ടുമുമ്പാണ് ഓട്ടോ ഹാണ്‍ അണുവിസ്ഫോടനം സാധ്യമാക്കിയത്. ഇത് 20–ാംനൂറ്റാണ്ടിലെ ശ്രദ്ധേയമായ കണ്ടുപിടിത്തങ്ങളിലൊന്നാണ്. തുടര്‍ന്നുവന്ന നാളുകളില്‍ ലോകമെമ്പാടും അണുവിസ്ഫോടനം, ആണവോര്‍ജം, ആണവബോംബിന്റെ സാധ്യത എന്നീ മേഖലകളിലേക്കായി ഗവണ്‍മെന്റുകളുടെയും ശാസ്ത്രകാരന്മാരുടെയും സജീവശ്രദ്ധ. അമേരിക്കയിലും ജര്‍മനിയിലും ബോംബുനിര്‍മാണത്തിനുവേണ്ടി പ്രത്യേക ടീമുകള്‍ നിലവില്‍വന്നു. ഇതില്‍ ജര്‍മന്‍ ശാസ്ത്രകാരന്മാരുടെ ബോംബുനിര്‍മാണയത്നത്തിന്റെ ചരിത്രമാണ് റിഷാര്‍ട്ട് ഫൊണ്‍ ഷിറാഖ്ക്  ജര്‍മന്‍ ഭാഷയില്‍ രചിച്ച 'ഊര്‍ജതന്ത്രജ്ഞരുടെ രാത്രി' (Night of the Physicists) എന്ന ഗ്രന്ഥം പറയുന്നത്. ഹാസ് പബ്ളിഷിങ് പ്രസിദ്ധീകരിച്ച ഈ പുതിയ ഗ്രന്ഥം സിമോങ് പാരെയാണ് ഇംഗ്ളീഷിലേക്ക് പരിഭാഷപ്പെടുത്തിയത്.

1945 മെയ് ഒന്നാംതീയതി യുദ്ധത്തിലെ ജര്‍മന്‍ പ്രതിരോധം തകര്‍ന്നു. തലേന്നാള്‍ അഡോള്‍ഫ് ഹിറ്റ്ലര്‍ ആത്മഹത്യചെയ്തിരുന്നു. യൂറോപ്പിനെ  നിയന്ത്രണത്തിലാക്കിയ സഖ്യകക്ഷികള്‍ക്ക് ജര്‍മന്‍ ബോംബ് ദൌത്യം എത്രകണ്ട് മുമ്പോട്ടുപോയിട്ടുണ്ടെന്ന് കണ്ടുപിടിക്കേണ്ടത് അത്യാവശ്യമായി വന്നു. അമേരിക്ക ഇനിയും ആണവബോംബ് സാക്ഷാല്‍ക്കരിച്ചിട്ടില്ല; യുദ്ധത്തിന്റെ പര്യവസാനം ആണവബോംബിലാവും എന്ന ധാരണ പരക്കെയുണ്ടായിരുന്ന കാലം. അതിനാല്‍തന്നെ സഖ്യകക്ഷികളും വിശിഷ്യാ അമേരിക്കയും ജര്‍മനിയും ആണവബോംബ് നിര്‍മാണത്തിനായി കടുത്ത മത്സരത്തിലായിരുന്നു. മെയ് ആദ്യവാരംതന്നെ അമേരിക്കന്‍ പട്ടാളം ജര്‍മനിയിലെ എല്ലാ ആണവശാസ്ത്രജ്ഞന്മാരെയും അറസ്റ്റ് ചെയ്തു. ഇവരെ ഇംഗ്ളണ്ടില്‍ കേംബ്രിഡ്ജിനടുത്തുള്ള ഹണ്‍ടിങ്ടണ്‍ഷയ്ര്‍ ഗ്രാമത്തിലെ ഫാം ഹാള്‍ എന്ന വിസ്താരമാര്‍ന്ന കെട്ടിടത്തില്‍ പാര്‍പ്പിച്ചു, അടുത്ത ആറുമാസം. 'ഓപ്പറേഷന്‍ എപ്സിലോണ്‍' എന്നറിയപ്പെട്ട ഈ ദൌത്യം ജര്‍മന്‍ ശാസ്ത്രജ്ഞര്‍ക്ക് ആണവബോംബിനെക്കുറിച്ച് എന്തറിയാം, അവര്‍ ബോംബുനിര്‍മാണത്തില്‍ എത്രകണ്ട് മുന്നോട്ടുപോയി എന്നീ വിവരങ്ങള്‍ കണ്ടെത്താനായിരുന്നു. മാത്രമല്ല, യുദ്ധത്തിനുശേഷം ഈ പ്രമുഖ ശാസ്ത്രജ്ഞര്‍ സഖ്യകക്ഷികള്‍ക്ക് പ്രിയമല്ലാത്ത മറ്റു രാജ്യങ്ങളുടെ കൈയില്‍പ്പെടരുത് എന്നത് ഉറപ്പാക്കുകയും വേണം.

എപ്സിലോണ്‍ ദൌത്യം 10 ശ്രദ്ധേയരായ ശാസ്ത്രജ്ഞരെയാണ് ഫാം ഹാളില്‍ തടവിലാക്കിയത്. അവരുടെ കുടുംബാംഗങ്ങള്‍ക്കുപോലും ഇവര്‍ എവിടെയാണെന്ന് അറിയില്ലായിരുന്നു. ഇവരില്‍ സുപ്രധാന ശാസ്ത്രജ്ഞന്‍ ജര്‍മന്‍ ആണവബോംബ് ദൌത്യത്തിന്റെ തലവന്‍ ഹൈസന്‍ ബെര്‍ഗ് ആയിരുന്നു.

സൂക്ഷ്മാണുവിനെ പിളര്‍ക്കാമെന്ന് കണ്ടെത്തിയ ഓട്ടോഹാണ്‍, വിസ്ഫോടനത്തിനുതകുന്ന ആക്സിലേറ്റര്‍ സൃഷ്ടിച്ച എറിഹ് ബാഷ്, ആണവബോംബിന്റെ സാധ്യതയെക്കുറിച്ച് ജര്‍മനിയില്‍ പഠനം നടത്തിയ ഫൊണ്‍ വൈഗ്സാക്കര്‍, 1914ല്‍ നോബല്‍ സമ്മാനം നേടിയ മാക്സ് ഫൊണ്‍ ലാവ്, ജര്‍മന്‍ ബോംബുപദ്ധതിയിലെ കുര്‍ത് ദൈബ്നര്‍ എന്നിവര്‍ ഉള്‍പ്പെട്ടതായിരുന്നു ആ പത്തംഗ സംഘം. ഏറ്റവും സൂക്ഷ്മമായ മുന്‍കരുതലുകളും തയ്യാറെടുപ്പുകളും എപ്സിലോണ്‍ ദൌത്യം ചെയ്തിരുന്നു. ശാസ്ത്രജ്ഞരുടെ മുറികള്‍, ഹാളുകള്‍, ഇടനാഴികള്‍, വരാന്തകള്‍ എന്നിങ്ങനെ എല്ലായിടങ്ങളിലും അവരുടെ സംസാരവും ചര്‍ച്ചയുമൊക്കെ റെക്കോഡ് ചെയ്യാനുള്ള സംവിധാനങ്ങള്‍ ഒരുക്കിയിരുന്നു. ഏതു ഭാഷയില്‍ സംസാരിച്ചാലും ഇംഗ്ളീഷിലേക്ക് പരിഭാഷപ്പെടുത്തി ഇംഗ്ളണ്ടിലേക്കും അമേരിക്കയിലേക്കും കൈമാറാനുള്ള സാങ്കേതികവിദ്യയും ഏര്‍പ്പെടുത്തി. ഇങ്ങനെ ശേഖരിച്ച ശബ്ദരേഖയിലൂടെ ജര്‍മനിയുടെ ആണവഗവേഷണത്തിന്റെ പൂര്‍ണസ്വഭാവം മനസ്സിലാക്കുക എന്ന ദൌത്യമാണ് എപ്സിലോണ്‍ നിര്‍വഹിച്ചത്. ഈ ശബ്ദരേഖകള്‍ അടുത്ത അമ്പതുവര്‍ഷക്കാലം അതീവരഹസ്യമായി സൂക്ഷിക്കുകയും 2005നുശേഷം മാത്രം പുറത്തുവിടുകയും ചെയ്തു. ഈ രേഖകളാണ് ശാസ്ത്രത്തിന്റെ അണിയറരഹസ്യങ്ങള്‍ ലോകത്തിന് തുറന്നുതന്നത്.

സൂക്ഷ്മാണുവിനെ പിളര്‍ക്കാനാകുമെന്ന് കണ്ടെത്തിയത് ശാസ്ത്രലോകത്തെ ഒരു വന്‍ വിപ്ളവമായിരുന്നു. ഹാണ്‍, വൈഗ്സാക്കര്‍, യോലിയോ എന്നിവര്‍ക്ക് ഇനി ഒരു യുറേനിയം മെഷീന്‍ ഉണ്ടാക്കുകയോ ഒരുപക്ഷേ, ബോംബുതന്നെ നിര്‍മിക്കാനാകുകയോ സാധ്യമാണെന്ന അഭിപ്രായമായിരുന്നു. ഹൈസന്‍ബര്‍ഗ് ഇതിനെ പിന്തുണച്ചതോടെ അണുബോംബുണ്ടാക്കുക എന്നത് ഒരു ജര്‍മന്‍ ദൌത്യമായി രൂപാന്തരപ്പെട്ടു. ഇതിനായി ഹൈസന്‍ ബര്‍ഗിന്റെ നേതൃത്വത്തില്‍ ശാസ്ത്രജ്ഞരുടെ യുറേനിയം ക്ളബ്ബിന് രൂപംകൊടുത്തു. തുടര്‍ന്ന് വൈഗ്സാക്കര്‍ തന്റെ ദാര്‍ശനികനായ സുഹൃത്തിനോടൊപ്പം മൂന്നു തത്വങ്ങള്‍ ആവിഷ്കരിച്ചു; ഒന്ന്, ബോംബ് സാധ്യമാകുമെങ്കില്‍ അത് നിര്‍മിക്കാന്‍ ആരെങ്കിലും തയ്യാറാകും. രണ്ട്, ബോംബ് നിര്‍മിച്ചാല്‍ അത് ഉപയോഗിക്കപ്പെടും. മൂന്ന്, അങ്ങനെയെങ്കില്‍ അടുത്ത ഏതാനും പതിറ്റാണ്ടുകളില്‍ മാനവരാശി സ്വയം നശിക്കുകയോ യുദ്ധമേ വേണ്ടെന്നുവയ്ക്കുകയോ ചെയ്യും. വൈഗ്സാക്കറിന്റെ ഈ ആശയം ഏറെക്കുറെ ഇരുനൂറോളം ശാസ്ത്രജ്ഞര്‍ ശരിയെന്നു കണ്ടിരുന്നു. ഒരുപക്ഷേ, ബോംബ് നിര്‍മിക്കാനുള്ള ഉത്തേജനം ഇതോ ഇതിന് സദൃശമായ ആശയങ്ങളോ ആകണം.

ജര്‍മനിയുടെ നയങ്ങള്‍ തങ്ങളുടെ ബോംബുപദ്ധതിക്ക് അനുയോജ്യമല്ലെന്ന് യുറേനിയം ക്ളബ് ശാസ്ത്രജ്ഞര്‍ക്ക് അറിയാമായിരുന്നു. ഹംഗറിക്കാരനും ജൂതനുമായ ലിയോ സ്തിലാര്‍ദ് ബര്‍ലിനില്‍ പ്രവര്‍ത്തിക്കാനാകാതെ അമേരിക്കയ്ക്ക് കടന്നു. ഐന്‍സ്റ്റീനോടൊപ്പം ഇദ്ദേഹമാണ് അമേരിക്ക ബോംബ് നിര്‍മിക്കണമെന്ന് ഏറ്റവും വാചാലമായി ആവശ്യപ്പെട്ടത്. അന്ന് അമേരിക്കയിലേക്ക് കുടിയേറിയ ശാസ്ത്രജ്ഞന്മാര്‍–അവരിലധികവും ജര്‍മനിയില്‍നിന്ന് വന്നവരായിരുന്നു–അമേരിക്കന്‍ ആണവദൌത്യത്തിന്റെ തലവന്‍ ഓപ്പനൈയ്മറിന് കീഴില്‍ പ്രവര്‍ത്തനോത്സുകരായി. ഗുസ്താവ് ഹേര്‍ട്ട്സ് മുതലായ മറ്റു പ്രമുഖരും ജര്‍മനിയില്‍ താമസിക്കാനാകാതെ സ്ഥലംവിട്ടിരുന്നു.

ബോംബുദൌത്യം ആരേറ്റെടുക്കണം എന്നതിലും ജര്‍മനിയില്‍ തുടക്കത്തില്‍ ആശയക്കുഴപ്പം ഉണ്ടായിരുന്നു. ഹൈസന്‍ ബര്‍ഗിനെ സ്വാഭാവിക നേതാവായി പലരും കണ്ടിരുന്നെങ്കിലും, ഹാര്‍ത്തെക് മുതലായവര്‍ പരീക്ഷണശാലയിലെ പരിചയവും വ്യവസായപരിചയവുമില്ലാത്ത ഹൈസന്‍ബെര്‍ഗ് വരുന്നതിനെ എതിര്‍ത്തു. അവര്‍ ഗുസ്താവ് ഹെര്‍ട്ട്സ് മതിയെന്ന നിലപാടില്‍ നിന്നു. എന്നാല്‍, ജൂതനായ ഹെര്‍ട്ട്സിന് ജര്‍മന്‍ ഗവേഷണത്തില്‍ എന്തു കാര്യമെന്ന ഭരണകൂടനിലപാട് ജര്‍മന്‍ ബോംബുദൌത്യത്തിനെ പിന്നോക്കം നിര്‍ത്തി.

ശാസ്ത്രജ്ഞര്‍ ഫാം ഹാളില്‍ തടവില്‍ കഴിയുമ്പോഴാണ് ജപ്പാനില്‍ ബോംബിട്ട വാര്‍ത്ത അവരിലെത്തുന്നത്. ഭരണകൂടം പണം നല്‍കാത്തതും ഗവേഷണവഴികളിലെ തെറ്റുകളും ഹെവി വാട്ടര്‍ പ്ളാന്റ് ബോംബാക്രമണത്തില്‍ നശിച്ചതുമൊക്കെ അവരന്ന് ചര്‍ച്ചചെയ്തു. ഹാണ്‍ മാനസികസംഘര്‍ഷത്തിലായിരുന്നു. തന്റെ കണ്ടുപിടിത്തം ലക്ഷക്കണക്കിനാളുകളുടെ മരണത്തിനിടയാക്കിയെന്നതില്‍ അദ്ദേഹത്തിന് ദുഃഖമുണ്ടായി. ആത്മഹത്യപോലും അതിനൊരു പോംവഴിയായി അദ്ദേഹം പറയുകയും ചെയ്തു.

ശാസ്ത്രത്തിന്റെ ചരിത്രം മറ്റേത് ചരിത്രത്തെയുംപോലെ ഉള്‍ക്കാഴ്ച തരുന്നതാണ്. അതിലെ രാഷ്ട്രീയം, ഗവേഷകരുടെ പ്രശ്നങ്ങള്‍, സംഘര്‍ഷങ്ങള്‍, സമൂഹത്തിന്റെ ഗതിവിഗതികളില്‍ അവര്‍ സ്വാധീനിക്കുന്നവിധം ഇതൊക്കെ ഈ പുസ്തകത്തിലൂടെ നാം കാണുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top