20 April Saturday

കവിതകൊണ്ട് തുന്നിയ ജീവിതം

വെബ് ഡെസ്‌ക്‌Updated: Thursday May 17, 2018

 'കവിത മാത്രമേ എഴുതൂ, മറ്റൊന്നുമെഴുതില്ല ’ എന്ന് ഒരാൾ തീരുമാനിക്കുമ്പോൾ, മരണംവരെ ആ വാക്കിലുറച്ചു നിൽക്കുമ്പോൾ കവിതയോടുള്ള കവിയുടെ ആത്മാർഥതയും ആഴവും എത്രയായിരിക്കാം എന്ന് ഊഹിക്കാം. അകാലത്തിൽ  വിട്ടുപിരിഞ്ഞ ജിനേഷ് മടപ്പള്ളിയാണ‌് ആ കവി. വായനയുടെയും എഴുത്തിന്റെയും വൈവിധ്യങ്ങളിൽ നിറഞ്ഞു നിൽക്കാനും അതിലെല്ലാം മുന്നേറാനുമുള്ള ഊർജമുണ്ടായിട്ടും   കവിത മാത്രമെഴുതി, കവിതയെക്കുറിച്ചു മാത്രം  സംസാരിച്ചു.  കലഹിക്കേണ്ടവരോട് കവിതയാൽ കലഹിച്ചു, പ്രതിരോധിക്കേണ്ടവയെ പൊള്ളുന്ന വരികളാൽ പ്രതിരോധിച്ചു. 

കച്ചിത്തുരുമ്പ്, ഏറ്റവും പ്രിയപ്പെട്ട അവയവം, രോഗാതുരമായ സ്നേഹത്തിന്റെ 225 കവിതകൾ തുടങ്ങിയ സമാഹാരങ്ങളിലൂടെ മനുഷ്യജീവിതത്തിന്റെ തോരാദുഃഖങ്ങളെ, പ്രണയങ്ങളെ, പ്രകൃതിക്കുമേലുള്ള അധീശത്വത്തെ, യാന്ത്രികതയുടെ അന്ധവേഗങ്ങളെ, നിരാലംബതയെ, ഒരിക്കലും തളരാത്ത സ്നേഹത്തെ ആവോളം ആവിഷ്ക്കരിച്ചു.   പുസ്തക പ്രകാശനവേളയിലെ നിറഞ്ഞ സദസ്സിൽ   ‘എന്റെ ജീവിതമായി ഈ കവിതകളെ കാണേണ്ടതില്ലെന്നും പിന്നീട് ആത്മകഥ എഴുതുന്നുണ്ടെന്നും’   അവൻ പറഞ്ഞു.  
എല്ലാത്തിലും തമാശ കണ്ടെത്താൻ അവനു കഴിയുമായിരുന്നു. ഗണിതാധ്യാപകനായിരുന്നിട്ടും ഓരോ കണക്കിനെയും ക്ലാസ് മുറികളിൽ തമാശകളാൽ പൂരിപ്പിച്ചു. രസകരമായ സൂത്രവാക്യങ്ങളിലൂടെയും എളുപ്പവഴികളിലൂടെയും കുട്ടികൾ  മുഷിപ്പില്ലാതെ കണക്കു പഠിച്ചു. ജിനേഷ് എപ്പോഴും പറയുമായിരുന്നു 'നിന്നെപ്പോലെ മലയാളമോ ഹിസ്റ്ററിയോ ഒക്കെയാണ് ക്ലാസെടുക്കുന്നതെങ്കിൽ ഞാൻ ഇതിലും തകർത്തേനേ’ എന്ന്.  കണക്ക് ഇത്ര മധുരമായി പഠിപ്പിക്കാനാവുന്ന അവന് കവിതകൾ എത്ര മനോഹരമായി പഠിപ്പിക്കാൻ കഴിഞ്ഞേനെ. മുമ്പ് വിക്ടറി ട്യൂട്ടോറിയലിൽ ഞങ്ങളൊരുമിച്ചായിരുന്നു മിക്ക ദിവസങ്ങളിലും ക്ലാസെടുത്തിരുന്നത്.  കാർഡ്ബോർഡ് കൊണ്ടു വേർതിരിച്ച ക്ലാസുകൾ.    ചെറിയൊരു ശബ്ദം പോലും ബഹളമാകും. ക്ലാസെടുക്കുന്ന ശബ്ദം കൂടുമ്പോൾ ഞങ്ങൾ പരസ്പരം നോക്കും. ചിലപ്പോഴത‌് ശബ്ദം കൊണ്ടുള്ള മത്സരമാകും. പത്താം ക്ലാസിൽ കവിത പഠിപ്പിച്ചു കൊണ്ടിരിക്കെ വളരെ ഗൗരവത്തിൽ ജിനേഷ് വന്നുവിളിച്ചു   കുട്ടികളെല്ലാം എന്തോ പ്രധാന കാര്യം പറയാനായിരിക്കുമെന്നു കരുതി മിണ്ടാതിരുന്നു. അവൻ എന്റെ തോളിൽ കൈവെച്ച് സ്വകാര്യമായിപ്പറഞ്ഞു 'അധികം ഉഷാറാക്കണ്ട, കൊറച്ച് താളം തെറ്റീച്ചാ കുഴപ്പോന്നൂല്ല.... എന്നാ ശരി'. എനിക്കു ചിരിയടക്കാൻ കഴിഞ്ഞില്ല.  കുട്ടികൾ കാര്യമറിയാതെ അന്തം വിട്ടിരുന്നു. അൽപ്പം കഴിഞ്ഞ് തൊട്ടപ്പുറത്തെ കണക്കു ക്ലാസിൽനിന്നു മനോഹരമായ കവിത കേൾക്കുന്നു. വരികൾ കണക്കിലെ സൂത്രവാക്യങ്ങൾ.  ഞങ്ങളുടെ ക്ലാസ്  കൂട്ടച്ചിരിയാൽ മുഴങ്ങി.. ബെല്ലടിച്ചു പുറത്തിറങ്ങിയപ്പോൾ അവൻ പറഞ്ഞു ' ഇപ്പോ ഇനിക്ക് മനസ്സിലായില്ലേ കണക്ക് മലയാളത്തിനേക്കാൾ നന്നായി പഠിപ്പിക്കാന്ന്’.  
 ഞങ്ങളുടെ കാവ്യയാത്രകളെല്ലാം പൊട്ടിച്ചിരിയുടെ ഉത്സവങ്ങളായി.  കോഴിക്കോട് ലിറ്ററേച്ചർ ഫെസ്റ്റിവൽ കഴിഞ്ഞ് തിരിച്ചു വരുമ്പോൾ കെഎസ്ആർടിസി ബസിന്റെ നീളൻ സീറ്റിലിരുന്ന‌്  അവൻ പറഞ്ഞു 'ഇഞ്ഞാണ് ആദ്യം മരിക്കുന്നേങ്കില് നീണ്ട ഒരു അനുസ്മരണ പ്രസംഗം ഞാൻ നടത്തും. പക്ഷേ, ഇന്റെ എല്ലാ കഥകളും ഞാനതില് വിളിച്ചു പറയും. പിന്നെ ഇന്നെ കൈയ്യില് കിട്ടൂലാലോന്ന് ഓർമിച്ചാവും നാട്ട്കാര് സങ്കടപ്പെടുക. ഞാനാ ആദ്യം മരിക്കുന്നേങ്കില് ഇഞ്ഞ് എന്റെ അനുസ്മരണം മുക്കിക്കളേരുത്’.  
 
ജിനേഷ‌് മടപ്പള്ളി

ജിനേഷ‌് മടപ്പള്ളി

അമ്മയുടെ അസുഖം  മനസ്സിനെ പിടിച്ചുലച്ചപ്പോഴും പ്രതീക്ഷയുടെ കരുത്തുമായി അവൻ ഭാവിയെക്കുറിച്ച് ആലോചിച്ചിരുന്നു. മെഡിക്കൽകോളേജ‌് ആശുപത്രിയിൽ അമ്മയെ കാണാനെത്തുന്നവർക്കു മുന്നിൽ സങ്കടവൻകടലുകൾ ഉള്ളിലൊളിപ്പിച്ച് അവൻ നിറഞ്ഞു ചിരിച്ചു‌. 
'അപകടാവസ്ഥയിലായ പാലങ്ങൾ പോലെ
അപകടാവസ്ഥയിലായ മനുഷ്യരുണ്ട്
ഭാരം കയറ്റിയ വാഹനങ്ങൾ നിരോധിച്ചിരിക്കുന്നു എന്ന
മുന്നറിയിപ്പു ശ്രദ്ധിക്കാതെ
ബന്ധങ്ങൾ കയറിയിറങ്ങിപ്പോയവർ '.
മനുഷ്യൻ മാത്രമല്ല പ്രകൃതിയോടു ചേർന്നവയെല്ലാം അവന്റെ സൗഹൃദത്തിന്റെ ഭാഗമായിരുന്നു. ഒരു കുന്നിടിക്കപ്പെട്ടതറിയുമ്പോൾ, പുഴ വറ്റിയതു കാണുമ്പോൾ അവൻ നിലവിളിക്കുന്നത് നേരിട്ട് കണ്ടിട്ടുണ്ട്.. നാടിനടുത്തുള്ള ഒരു മല ഇല്ലാതാകാൻ പോകുന്നതറിഞ്ഞപ്പോൾ  സങ്കടപ്പെട്ടു.  'സഹ്യന്റെ മണ്ണ്’ എന്ന കവിത ഈ സങ്കടത്തിന്റെ പ്രതിഫലനമായിരുന്നു. ഓരോ കവിത എഴുതുമ്പോഴും രാത്രി വിളിച്ച് അതിനെക്കുറിച്ചു സംസാരിക്കുമായിരുന്നു.  കവിതയിൽ ഒരക്ഷരപ്പിഴ പോലും അവൻ സഹിക്കില്ലായിരുന്നു. അച്ചടിക്കപ്പെട്ട കവിതയിലേതെങ്കിലുമൊരു അക്ഷരത്തെറ്റു കണ്ടാൽ അതിനെക്കുറിച്ചാലോചിച്ച് വേവലാതിപ്പെടുമായിരുന്നു. കവിതയോട് അത്ര നീതി പുലർത്തി. 'രോഗാതുരമായ സ്നേഹത്തിന്റെ 225 കവിതകൾ’ ജിനേഷിന്റെ സ്വകാര്യ സമ്പാദ്യമായിരുന്നു. പുസ്തകരൂപത്തിൽ പുറത്തുവരുംവരെ അതിലെ ഒരു കവിത പോലും ആനുകാലികങ്ങൾക്ക‌്  അയച്ചില്ല, ആരെയും കേൾപ്പിച്ചുമില്ല. ഏറെ നാൾ വിയർത്തും തളർന്നും സങ്കടപ്പെട്ടും കരഞ്ഞും അവനെഴുതിക്കൂട്ടിയ അനുഭവങ്ങളുടെ വൻകരയായിരുന്നു അവന്റെ കവിതകൾ.
 കല്യാണവീട്ടിലെ തിരക്കുകാണുമ്പോൾ, ടൗൺഹാളിലെ ആൾത്തിരക്കറിയുമ്പോൾ  പുഞ്ചിരിയോടെ ഞങ്ങളെ നോക്കി ജിനേഷ് ഉച്ചത്തിൽപ്പറയും ' ഞാൻ മരിച്ചാ വടേര ഇതുപോലത്തെ തെരക്കൊന്നുമല്ല ഉണ്ടാവ, ശരിക്കു ഞെട്ടും. ട്രാഫിക‌് നിയന്ത്രിക്കാനാവാണ്ട് പട്ടാളത്തെ ഇറക്കേണ്ടി വരും’. മരണത്തെ ഇത്ര സരസമായി അവതരിപ്പിക്കുമ്പോഴും ഞങ്ങളറിഞ്ഞില്ലല്ലോ ഒരു കയർ ഉള്ളിലവൻ കൊണ്ടു നടക്കുന്ന കാര്യം.
'മെരുക്കം' എന്ന കവിത അവന്റെ പ്രവചനമായിരുന്നോ?
' സ്നേഹത്തിന്റെ ഒരു തരി ഭാരം പോലുമില്ലാതെ
തുടരാനുള്ള കൊതിയുടെ നേരിയ മെരുക്കം പോലുമില്ലാതെ
മിനുസമായ പ്രതലത്തിലെന്നപോലെ
അയാൾ ഒഴുകി മായുന്നു
അടർന്നതിന്റെ ഒരടയാളം പോലും നിങ്ങളിലവശേഷിപ്പിക്കാതെ
അയാളിൽപോലുമില്ലാതെ
അത്രമേൽ ശ്രദ്ധയോടെ ' ( ചുഴി)
പ്രിയപ്പെട്ട ജിനേഷ് ആത്മസുഹൃത്ത് ലിജീഷ് കുമാർ നിനക്കു വേണ്ടി വാങ്ങിയ വീട്, അതിന്റെ താക്കോൽ, നിനക്കു വേണ്ടി കണ്ട പെൺകുട്ടി അവരോടൊക്കെ അവനെന്തു പറയും. ഏതു ഋതുവിലും പൂക്കുന്ന സൗഹൃദങ്ങളുടെ നീണ്ട നിരയുണ്ടായിട്ടും നീയെന്തിന് ആത്മഹത്യ ചെയ്തു? നിനക്ക്  മരണത്തെ കവിതകൊണ്ട് പ്രതിരോധിക്കാമായിരുന്നില്ലേ..

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top