25 April Thursday

നരഭോജികള്‍ കാടേറുമ്പോള്‍

വെബ് ഡെസ്‌ക്‌Updated: Monday May 13, 2019

ആമസോണിലെ ആദിമ സമൂഹങ്ങളോട് കാണിച്ച നെറികേടിന്റെ ആഴമന്വേഷിക്കുന്ന പുസ്തകം

ഭൂമുഖത്തെ ഏറ്റവും സനാതനമായ അറിവുകളെ അതിജീവനത്തിന്റെ അനിവാര്യതകൾക്കിടയിലും കാത്തുപോന്ന ആദിവാസി സമൂഹങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട വിഭാഗങ്ങളാണ് തെക്കേ അമേരിക്കയിലെ ആമസോൺ മേഖലകളിൽ കഴിഞ്ഞുവരുന്ന ഗോത്രസമൂഹങ്ങൾ. കൊളോണിയൽ അധിനിവേശങ്ങളുടെ ആദ്യനാളുകൾമുതൽ സ്പാനിഷ്, ഇംഗ്ലീഷ്, ഫ്രഞ്ച്, ജർമൻ തുടങ്ങിയ ശക്തികൾ നടത്തിയ നിന്ദ്യമായ കടന്നുകയറ്റങ്ങളുടെ ഫലമായി വംശീയമായ ഉന്മൂലനത്തോളം എത്തിയവരോ അത്തരം ഭീഷണിക്ക് കീഴിൽ കഴിയുന്നവരോ ആണ് ഇവർ. ചരിത്രവും പരിഷ്കൃത സംസ്കൃതിയും ആമസോണിലെ ആദിമ സമൂഹങ്ങളോട് കാണിച്ച നെറികേടിന്റെ ആഴമന്വേഷിക്കുന്ന പുസ്തകമാണ് രഞ്ജിത്ത് ചിട്ടാടെയും മനു മുകുന്ദനും ചേർന്നെഴുതിയ ‘ആമസോൺ നരഭോജികൾ കാടേറുമ്പോൾ.’

ആമസോണിലെ ചില ആദിവാസി വിഭാഗങ്ങൾക്ക് ഇന്ത്യയിലെ ഒരു പ്രത്യേക ആദിവാസി വിഭാഗവുമായി ജനിതക സാമ്യമുണ്ട്‌ എന്ന അറിവ് പുറത്തുവന്നത് യാത്രികനും പര്യവേഷകനുമായ ഡോ. മുഹമ്മദ്‌ അസ്‌ലമിനെ ആവേശം കൊള്ളിച്ചിരിക്കുന്നു. എഴുപത്തയ്യായിരം വർഷങ്ങൾക്കുമുമ്പ് ആഫ്രിക്കയിൽ നിന്നാരംഭിച്ച മനുഷ്യകുലത്തിന്റെ മഹായാനത്തിന്റെ കഥ ഓർമിച്ചുകൊണ്ട് നാൽപ്പതു പിന്നിട്ട അസ്‌ലം കഠിനമായി അലട്ടുന്ന കാൽവേദന വകവയ‌്ക്കാതെ ആ യാത്ര ആരംഭിക്കുന്നു. രണ്ടുമൂന്നു ഉറ്റ സുഹൃത്തുക്കളും സർക്കാർ തലത്തിൽ നിയോഗിക്കപ്പെടുന്ന സഹായികളും അടങ്ങുന്ന ചെറുസംഘം നടത്തുന്ന യാത്ര ആമസോൺ പ്രതിനാധാനം ചെയ്യുന്ന ചരിത്ര പാഠങ്ങളിലേക്കും ആദിവാസി ജീവിതത്തിന്റെ വർത്തമാനകാല യാഥാർഥ്യങ്ങളിലേക്കുമുള്ള കൺതുറക്കലും വെളിപാടും ആയിത്തീരുന്നു. പുറംലോകം കാണണമെന്ന ആശവിടാതെ പിടികൂടിയ ആദിവാസിയായ താറ്റയെന്ന പത്തൊമ്പതുകാരൻ വരുംവരായ്കകളെക്കുറിച്ചുള്ള ഗോത്രമൂപ്പൻ കൂടിയായ അമ്മാവന്റെ വിലക്കുകൾ വകവയ‌്ക്കാതെ അവർക്കു കൂട്ടായി ഒപ്പം കൂടുന്നു, അവനെക്കൂടി കാക്കുക എന്ന ഉദ്ദേശ്യത്തോടെ മുതിർന്ന വേട്ടക്കാരനും വഴികാട്ടിയുമായ തുവാപ്പയും. യാത്രയ‌്ക്കിടയിൽ സംഭാഷണങ്ങളായും അനുഭവ കഥകളായും തുവാപ്പ വിവരിക്കുന്ന ഗോത്രാനുഭവങ്ങളായും ആദിമ നിവാസികളുടെ ചരിത്രം ആവിഷ്കൃതമായിത്തുടങ്ങുന്നതോടെ വനത്തിന്റെ ഭൗതിക ഭൂമികയിലൂടെ നടത്തുന്ന യാനം ചരിത്രത്തിനു കുറുകെ മാനുഷിക ദുരന്തഭൂമികകളിലൂടെയുള്ള ഒന്നായി മാറുന്നു.

ആദിവാസി നേരിടേണ്ടിവന്ന ചരിത്രദുരന്തങ്ങളുടെ ഘട്ടങ്ങൾ ഒന്നൊന്നായി ഏറ്റവും തീവ്രവും ഹൃദയഭേദകവുമായ രീതിയിൽ പുസ്തകത്തിൽ വിവരിക്കപ്പെടുന്നുണ്ട്. പതിനാറാം നൂറ്റാണ്ടുമുതൽ മുമ്പില്ലാത്തവിധം കാടുകേറിത്തുടങ്ങിയ അധിനിവേശക്കാർ ആദിവാസിയെ മനുഷ്യരായിപ്പോലും കണക്കാക്കിയില്ല. അടുത്ത ഊഴം അതേ വഴി പിന്തുടർന്നു ‘പ്രാകൃതരെ സംസ്കരിച്ചു ദൈവമാർഗത്തിൽ എത്തിക്കാൻ’ കച്ചകെട്ടിയിറങ്ങിയ മിഷണറിമാരുടെ സാംസ്കാരിക ഉന്മൂലനമായിരുന്നു. പിന്നീട്, ആമസോണിന്റെ സ്വാഭാവിക വന്യതയിൽ വളർന്നുവന്ന റബർ ഒരു വ്യാവസായിക ഉരുപ്പടിയായതിന‌് ഏറ്റവും കൊടിയ വിലയോടുക്കേണ്ടിവന്ന ആദിവാസിയുടെ ദുരന്തമായിരുന്നെങ്കിൽ, മരം മുറിക്കാനും അണക്കെട്ടുകൾ പണിയാനും വന്നവർ കാട്ടുമനുഷ്യരോട് ചെയ്തുവരുന്ന വംശഹത്യയുടെ മാനങ്ങളുള്ള ക്രൂരകൃത്യങ്ങൾ ഇപ്പോഴും തുടരുന്നു.
 
രക്ഷിക്കാൻ ചെന്നവർ ശിക്ഷകരായി മാറിയതിന്റെ പൊള്ളുന്ന ചരിത്രങ്ങളും പുസ്തകം ആവിഷ്കരിക്കുന്നുണ്ട്. ഇതിൽ ഏറെ കുപ്രസിദ്ധമായത് 1910-ൽ സ്ഥാപിതമായ ഇന്ത്യൻ പ്രൊട്ടക‌്ഷൻ സർവീസ് (എസ്‌പിഐ) ചെയ്തുകൂട്ടിയതായിരുന്നു. ഇതിൽനിന്ന് തീർത്തും വ്യത്യസ്തമായി ആദിവാസിയെ അവരുടെ പാട്ടിനു ജീവിക്കാൻ അനുവദിക്കുക, എന്തെങ്കിലും ഗുരുതരപ്രശ്നങ്ങൾ ഗോത്രങ്ങൾ നേരിടുമ്പോൾമാത്രം ആവശ്യമെങ്കിൽമാത്രം ഇടപെടുക എന്ന രീതിയാണ് ഫുനായ് എന്ന പുതിയ സംവിധാനം ചെയ്യുന്നത്. എന്നാൽ, പുസ്തകത്തിന്റെ അന്ത്യം സദുദ്ദേശ്യത്തിന്റെ ഒഴികഴിവ് കൊണ്ടുപോലും പുറംലോകത്തിന്റെ ഇടപെടലുകൾ ന്യായീകരിക്കാനാകില്ലെന്നു ഹൃദയഭേദകമാംവിധം ബോധ്യപ്പെടുത്തുന്നുണ്ട്‌. സ്വതേ പ്രതിരോധശേഷി ഏറെ കുറവായ ഗോത്രവംശജർക്ക് അത്തരം ഏതു സമ്പർക്കവും മാരകമാകാമെന്നു താത്വികമായി നേരത്തെ അറിയാമായിരുന്നിട്ടും തങ്ങളുടെ സന്ദർശനത്തിലൂടെ വൻ ദുരന്തമാണ് അവർക്ക് വരുത്തിവച്ചതെന്നു താറ്റയുടെയും കുഞ്ഞനുജൻ ക്വാഹിയുടെയും വേറെയും പലരുടെയും മരണങ്ങളിലൂടെയാണ് അസ്‌ലമും കൂട്ടരും മനസ്സിലാക്കുക. “ആമസോൺ കാടിനകത്തെ നരഭോജികളെല്ലാം കെട്ടുകഥകളാണ്, നരഭോജികൾ കടേറുകയാണ്... നരഭോജികളെ അന്വേഷിച്ചു നീയിനി കാട് കയറേണ്ട സാമുവേൽ, നമ്മൾ തന്നെയാണ് നരഭോജികൾ!”
 
പാത്ര സൃഷ്ടിയിലോ വികാസത്തിലോ ഇതിവൃത്ത നിർമിതിയിലോ അല്ല ഗ്രന്ഥകർത്താക്കളുടെ ഊന്നൽ എന്നതാണ് പുസ്തകത്തെ നോവൽ എന്ന് വിളിക്കാതെ ‘പഠനം’ എന്ന് വിളിക്കുന്നതിൽ വ്യക്തമാകുന്നത്. എന്നാൽ, പുസ്തകത്തിന്റെ അന്ത്യത്തിൽ, ഏതൊരു നല്ല നോവലിലും സംഭവിക്കുന്നതുപോലെ, കഥാപാത്രങ്ങളിൽ വലിയ മാറ്റം സംഭവിച്ചിട്ടുണ്ട്; തിരിച്ചറിവുകളുടെ, മുൻധാരണകൾ പൊളിച്ചെഴുതപ്പെടുന്നതിന്റെ, ദുരന്തത്തിലൂടെയുള്ള വിമലിനീകരണത്തിന്റെ ശ്രദ്ധേയമായ നിരീക്ഷണങ്ങളാൽ സമ്പന്നമായ പുസ്തകം, എല്ലാതരം വായനക്കാർക്കും ഹൃദ്യമായി അനുഭവപ്പെടുമെങ്കിലും നവയുവ വായനാസമൂഹത്തിന് (Young Adults) പ്രത്യേകമായും ശുപാർശ ചെയ്യാവുന്ന ഒന്നാണ്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top