29 March Friday

സ്തുതിപാഠകര്‍ക്ക് പാഠമാകാന്‍ ഐഷ്മാന്റെ ജീവിതം

ഡോ. ജെ ദേവികUpdated: Sunday Mar 13, 2016

വെറുപ്പിന്റെയും ഉന്മൂലനത്തിന്റെയും വംശഹത്യയുടെയും പ്രത്യയശാസ്ത്രങ്ങളോടും
ഭരണകൂട നടപടികളോടും ആഭിമുഖ്യം പുലര്‍ത്തുന്ന ഒരു വിഭാഗം ഇന്ത്യയിലെ സവര്‍ണമധ്യവര്‍ഗത്തിലുണ്ട്.  ഹിന്ദുത്വചിഹ്നങ്ങള്‍ ധരിച്ച് തെരുവിലേക്കിറങ്ങുകയും ജാതിഭ്രാന്തന്മാരെ പിന്തുണയ്ക്കുകയും ചെയ്യുന്ന  തെറ്റിദ്ധരിക്കപ്പെട്ട മറ്റൊരു വിഭാഗം ദളിത്  പിന്നോക്കക്കാരിലുമുണ്ട്. അവര്‍ മനസ്സിലാക്കേണ്ട പാഠമാണ് ഐഷ്മാന്റെ ജീവിതം


1942 ജനുവരി 20. ജര്‍മന്‍ തലസ്ഥാനമായ ബെര്‍ലിന്റെ പ്രാന്തപ്രദേശത്തുള്ള വന്നസിയില്‍ സമ്മേളിച്ച ഉദ്യോഗസ്ഥപ്രമുഖരുടെ മുന്നില്‍ ഒരു നിര്‍ദേശം അവതരിപ്പിക്കപ്പെട്ടു. ജര്‍മനിയെ അലട്ടുന്ന 'ജൂതപ്രശ്ന'ത്തിന് ഹിറ്റ്ലറുടെ അന്തിമ പരിഹാരം– ഉന്മൂലനം! ചരിത്രത്തിലെ ഏറ്റവും കുപ്രസിദ്ധമായ വംശഹത്യക്ക് കാരണമായ ആ നിര്‍ദേശം തികഞ്ഞ നിസ്സംഗതയോടെ എല്ലാവരും അംഗീകരിച്ചു, തങ്ങള്‍ ഇതിനായി നിയോഗിക്കപ്പെട്ടവരാണെന്ന മട്ടില്‍. അവരെല്ലാം വിദ്യാസമ്പന്നരായിരുന്നു. ഭരണതലത്തിലെ ഉന്നതര്‍. അക്കൂട്ടത്തിലൊരാള്‍, ഓട്ടോ അഡോള്‍ഫ് ഐഷ്മാന്‍, നാസിപ്പടയിലെ ലഫ്റ്റനന്റ് കേണല്‍, പില്‍ക്കാലത്ത് ഇസ്രയേലില്‍ വിചാരണചെയ്യപ്പെട്ടു. വന്‍ വാര്‍ത്താപ്രാധാന്യം നേടിയ വിചാരണയ്ക്കൊടുവില്‍ യുദ്ധകുറ്റവാളിയായി കണ്ടെത്തി അയാളെ തൂക്കിക്കൊന്നു– 1962ല്‍.

ഐഷ്മാന്റെ വിചാരണ ദ ന്യൂയോര്‍ക്കര്‍ ദിനപത്രത്തിന് റിപ്പോര്‍ട്ടുചെയ്യാന്‍ നിയോഗിക്കപ്പെട്ട ഹന്ന ആരന്റ് 'ഐഷ്മാന്‍ ഇന്‍ ജറുസലേം' എന്ന പേരിലെഴുതിയ പുസ്തകം അരനൂറ്റാണ്ടിനുശേഷവും പ്രസക്തമായി എനിക്ക് തോന്നുന്നു. ജനാധിപത്യത്തെയും മര്‍ദിതഭരണവ്യവസ്ഥകളെയുംകുറിച്ച് ഉള്‍ക്കാഴ്ചകള്‍ നല്‍കുന്ന രചനകളിലൂടെ ആരന്റ് രാഷ്ട്രീയ സൈദ്ധാന്തികയെന്ന നിലയില്‍ നല്‍കിയ സംഭാവനകളെ വ്യക്തിപരമായി വിലമതിക്കുന്നതുകൊണ്ടുമാത്രമല്ല അത്. വര്‍ത്തമാനകാല ഇന്ത്യന്‍ സാഹചര്യങ്ങളില്‍ ഐഷ്മാന്‍മാരെപ്പോലുള്ളവരുടെ ജീവിതം ആവര്‍ത്തിച്ച് വായിക്കപ്പെടേണ്ടതുണ്ട്. വെറുപ്പിന്റെയും ഉന്മൂലനത്തിന്റെയും വംശഹത്യയുടെയും പ്രത്യയശാസ്ത്രങ്ങളോടും ഭരണകൂട നടപടികളോടും ആഭിമുഖ്യം പുലര്‍ത്തുന്ന ഒരു വിഭാഗം ഇന്ത്യയിലെ സവര്‍ണമധ്യവര്‍ഗത്തിലുണ്ട്. ഹിന്ദുത്വചിഹ്നങ്ങള്‍ ധരിച്ച് തെരുവിലേക്കിറങ്ങുകയും ജാതിഭ്രാന്തന്മാരെ പിന്തുണയ്ക്കുകയും ചെയ്യുന്ന തെറ്റിദ്ധരിക്കപ്പെട്ട മറ്റൊരു വിഭാഗം ദളിത് പിന്നോക്കക്കാരിലുമുണ്ട്. അവര്‍ മനസ്സിലാക്കേണ്ട പാഠമാണ് ഐഷ്മാന്റെ ജീവിതം

ജര്‍മനിയുടെ തകര്‍ച്ചയ്ക്കുശേഷം ഓസ്ട്രേലിയയില്‍നിന്ന് ഇസ്രയേല്‍ ഭരണകൂടം തട്ടിക്കൊണ്ടുവന്നാണ് ഐഷ്മാനെ വിചാരണചെയ്യുന്നത്. പ്രത്യയശാസ്ത്ര ആഭിമുഖ്യത്തേക്കാള്‍ വ്യക്തിപരമായ വളര്‍ച്ചയ്ക്കും നേട്ടങ്ങള്‍ക്കുംവേണ്ടിയാണ് താന്‍ ഹിറ്റ്ലര്‍ക്കൊപ്പം നിന്നതെന്ന് അയാള്‍ കോടതിയില്‍ വെളിപ്പെടുത്തുന്നു. വന്നസി സമ്മേളനത്തില്‍ സമൂഹത്തിലെ ഏറ്റവും ഉന്നതരായ ആളുകള്‍ 'കൂട്ടക്കൊലയ്ക്ക് ഒപ്പം തങ്ങളുണ്ട്' എന്ന് പ്രഖ്യാപിച്ചപ്പോള്‍ അതിനോട് സ്വാഭാവികമായും എതിര്‍പ്പുതോന്നിയില്ലത്രേ! ഈ അപകടം നമ്മുടെ നാട്ടിലും വന്നുകഴിഞ്ഞിരിക്കുന്നു. ഹിന്ദുത്വവാദത്തിന്റെ അടിസ്ഥാനമായ ബ്രാഹ്മണ്യത്തെ സമര്‍ഥമായി മറച്ചുവച്ച് പകരം വികസനത്തെ മുന്നോട്ടുവയ്ക്കുന്നു. അതില്‍ കുരുങ്ങി, ഹിന്ദുത്വത്തിന്റെ ക്രൂരതകളില്‍ തങ്ങളില്ലെന്നും സ്വകാര്യമായ ഗുണങ്ങള്‍ക്കായി ചേര്‍ന്നുപോവുകമാത്രമാണെന്നും പറയുന്നവരുണ്ട്. ജീവിതാനുഭവങ്ങള്‍ കുറവുള്ള ചെറിയ വട്ടങ്ങളില്‍ തളച്ചിടപ്പെട്ടവര്‍. തെറ്റായ ബോധത്തിലേക്ക് വഴുതിപ്പോയവര്‍. ഫെയ്സ്ബുക്കിലും മറ്റും പ്രത്യക്ഷപ്പെടുന്ന മലയാളി ഹൈന്ദവതീവ്രവാദികളുടെ സ്വഭാവവും വ്യത്യസ്തമല്ല. സ്വന്തമായി ആലോചിക്കാനോ ഭാഷ രൂപപ്പെടുത്താനോ അവര്‍ക്ക് സാധിക്കുന്നില്ല.

ഐഷ്മാന്‍ വംശീയഭ്രാന്തനോ മനോനില തെറ്റിയ വ്യക്തിയോ അല്ലെന്ന് കോടതിയില്‍ തെളിയിക്കപ്പെടുന്നു. സാധാരണ മനോനില (normal) യുള്ള ഇയാളെപ്പോലെയാണ് ശരാശരി ഹിന്ദുവര്‍ഗീയവാദിയും. കൈയില്‍ വാളും ശൂലവുമായി അവര്‍ അട്ടഹസിക്കില്ല; അതിനുള്ള സന്ദര്‍ഭം ഉണ്ടാകുംവരെ.
ഐഷ്മാന്‍ ഇന്‍ ജറുസലേമില്‍ ഡെന്മാര്‍ക്കിനെപ്പറ്റി പറയുന്നുണ്ട്. മലയാളികള്‍ ശ്രദ്ധിച്ച് വായിക്കേണ്ട ഒരു ഭാഗം. നാസിസത്തെ ചെറുക്കാന്‍ ഡന്മാര്‍ക്ക് ചെയ്ത കാര്യങ്ങള്‍ പ്രതിരോധത്തിന്റെ മറ്റൊരു മുഖം വെളിപ്പെടുത്തുന്നു. ഓര്‍ക്കുക. ജര്‍മനിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ വളരെ ചെറിയ രാജ്യമാണ് ഡെന്മാര്‍ക്ക്്. ഏറ്റുമുട്ടാന്‍ അശക്തര്‍. പക്ഷേ, നാസിഭീഷണി വന്ന ഉടന്‍ ഡെന്മാര്‍ക്കിലെ ഭരണകൂടവും ജനങ്ങളും അവിടുള്ള ജൂതന്മാരെ ഒളിപ്പിച്ചു. ഇരച്ചുകയറിയ ജര്‍മന്‍പടയ്ക്ക് അവരെ കണ്ടെത്താനായില്ല. ഇതാണ് കേരളം മാതൃകയാക്കേണ്ടത്. ചെറിയവര്‍ക്കും ചിലത് ചെയ്യാനാകും. ചെറുത്തുനില്‍പ്പിന്റെ ചരിത്രം സൃഷ്ടിക്കാനാകും.

ഹന്ന ആരന്റ് കൈക്കൊള്ളുന്ന രാഷ്ട്രീയ നിലപാടിനെക്കൂടി പരാമര്‍ശിക്കേണ്ടതുണ്ട്. ജൂതയാണ് അവര്‍. നാസിസത്തെ ഭയന്ന് നാടുവിടേണ്ടിവന്നവള്‍. പക്ഷേ, അന്ധമായ നാസിവിരോധത്തിനുപോലും അവര്‍ സ്വയം കീഴടങ്ങുന്നില്ല. ഒരുതരം അധികാരവും അവരെ പ്രലോഭിപ്പിക്കുന്നില്ല. ബുദ്ധിപരമായ സത്യസന്ധതയും ദയാരഹിതമായ വസ്തുനിഷ്ഠതയുംകൊണ്ട് ആരന്റ് എനിക്ക് ധാര്‍മികതയുടെ ധ്രുവനക്ഷത്രമാകുന്നു. ഒരു ബുദ്ധിജീവി എങ്ങനെയാണ് നിലപാടുകള്‍ കൈക്കൊള്ളേണ്ടത് എന്ന് സന്ദേഹമുണ്ടായാല്‍ നമുക്ക് നിസ്സംശയം ആരന്റിലേക്ക് കണ്ണുപായിക്കാം. അവരെ പഠിക്കാം. ഇരുട്ടില്‍ ചന്ദ്രശോഭ തെളിയും.

ഐഷ്മാന്‍ ഇന്‍ ജറുസലേം വിമര്‍ശനാതീതമായ പുസ്തകമൊന്നുമല്ല. A Report on the Benality Evil  എന്ന ഉപതലക്കെട്ടുള്ള പുസ്തകത്തില്‍ തിന്മ എങ്ങനെ നാമറിയാതെ നമ്മിലേക്ക് പ്രവേശിക്കുന്നുവെന്നുകൂടി പറഞ്ഞുതരും. അടുത്തകാലത്തും ആരന്റിനെ കഠിനമായി വിമര്‍ശിച്ചുകൊണ്ട് ഒരു പുസ്തകം പുറത്തുവരികയുണ്ടായി; അതിലെ വാദങ്ങള്‍ ദുര്‍ബലമായിരുന്നെങ്കിലും. ജനാധിപത്യപരമായ സംവാദത്തിന്റെ സാധ്യതകള്‍ തുറന്നിടാന്‍ ആരന്റിന് സാധിക്കുന്നുവെന്നുകൂടി നാം വിമര്‍ശങ്ങളില്‍നിന്ന് വായിച്ചെടുക്കണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top