03 July Sunday

വിദ്വേഷത്തിന്റെ വിളവെടുപ്പ്

എന്‍ എസ് സജിത്Updated: Sunday Mar 12, 2017

അജ്മീര്‍ ദര്‍ഗ സ്ഫോടനക്കേസില്‍ ആര്‍എസ്എസ് നേതാവ് സ്വാമി അസീമാനന്ദിനെ കുറ്റവിമുക്തനാക്കിയ എന്‍ഐഎ പ്രത്യേക കോടതിയുടെ നാലുദിവസം മുമ്പത്തെ വിധിന്യായത്തില്‍ അധികമൊന്നും ശ്രദ്ധനേടാത്ത ഒരു കാര്യമുണ്ട്. പ്രത്യേക എന്‍ഐഎ കോടതി കുറ്റക്കാരനായി കണ്ടെത്തിയവരുടെ പട്ടികയില്‍ സുനില്‍ ജോഷി എന്ന പ്രചാരകനുമുണ്ടെന്ന വസ്തുത. പക്ഷേ ശിക്ഷാവിധി ഏറ്റുവാങ്ങാന്‍ ആര്‍എസ്എസിന്റെ മുതിര്‍ന്ന നേതാക്കളിലൊരാളായ സുനില്‍ ജോഷി ജീവിച്ചിരിപ്പില്ല.  2007 ഡിസംബര്‍ 29ന് മോട്ടോര്‍ബൈക്കില്‍വന്ന രണ്ടുപേര്‍ മധ്യപ്രദേശിലെ ദേവാസില്‍വച്ച് സുനില്‍ ജോഷിയെ വെടിവച്ചുകൊല്ലുകയായിരുന്നു.

ആര്‍എസ്എസ് നേതാവ് കൊല്ലപ്പെട്ടാല്‍ അവരുടെ കണ്ണില്‍ അതിനുത്തരവാദി രാജ്യത്തിന്റെ ആന്തരിക ശത്രുക്കളായി ആര്‍എസ്എസ് ആചാര്യന്‍ കണക്കാക്കിയ മുസ്ളിങ്ങളോ കമ്യൂണിസ്റ്റുകാരോ ക്രിസ്ത്യാനികളോ ആകണം. സുനില്‍ ജോഷിയുടെ കൊലപാതകത്തിനുശേഷം ന്യൂനപക്ഷങ്ങള്‍ക്കെതിരെ സംഘടിതമായ ഒരു കലാപവും നടന്നില്ല. കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസുകാര്‍ക്കുതന്നെ പങ്കുണ്ടെന്ന സത്യം അപ്പോഴേക്കും പുറത്തായിരുന്നു. മാലേഗാവ്, സംഝോത എക്സ്പ്രസ്, അജ്മീര്‍ സ്ഫോടനങ്ങളില്‍ പങ്കുള്ള പ്രഗ്യ സിങ് ഠാക്കൂര്‍ ഉള്‍പ്പെടെയുള്ളവര്‍ സുനില്‍ ജോഷി വധക്കേസില്‍ കുറ്റവിമുക്തരായെങ്കിലും സഹപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കറ ഈ 'സാംസ്കാരിക' സംഘടനയില്‍നിന്ന് അടുത്തൊന്നും മായില്ല.

തങ്ങളുടെ അജന്‍ഡ നടപ്പാക്കാന്‍ എന്തു കള്ളവും പറയാനും ഏതു കുത്സിതപ്രവൃത്തി ചെയ്യാനും സംഘപരിവാര്‍ മടിക്കില്ലെന്നതിന് സ്വതന്ത്ര ഇന്ത്യയില്‍ ഒരുപാട്  അനുഭവങ്ങളുണ്ട്. 2002ല്‍ ഗുജറാത്തില്‍ മൂവായിരത്തോളം മുസ്ളിങ്ങളെ കൊലപ്പെടുത്താന്‍ സംഘപരിവാര്‍ ന്യായം കണ്ടെത്തിയ ഗോധ്ര ട്രെയിന്‍ കത്തിക്കലിനെക്കുറിച്ചും സംശയങ്ങളുയര്‍ന്നിരുന്നു. തീ പടര്‍ന്നത് ബോഗിക്കുള്ളില്‍നിന്നുതന്നെയാണെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നിരുന്നു. കര്‍സേവകരെ കൊലപ്പെടുത്തിയതും ആര്‍എസ്എസ് തന്നെയാണെന്ന സംശയമാണ് ഫോറന്‍സിക് റിപ്പോര്‍ട്ട് പ്രകടിപ്പിച്ചത്. കര്‍ണാടകത്തില്‍ സ്വന്തം പാര്‍ടിക്കാരെത്തന്നെ ആര്‍എസ്എസുകാര്‍ കൊലപ്പെടുത്തിയതിന്റെ വാര്‍ത്തകള്‍ ഈയിടെ തുടര്‍ച്ചയായി വന്നു.

റൂമര്‍ സ്പ്രെഡിങ് സൊസൈറ്റി എന്ന് ആര്‍എസ്എസിനെ വിശേഷിപ്പിക്കുന്നത് വെറുതെയല്ലെന്ന് തെളിയിക്കുന്നതാണ് പല സംഭവങ്ങളും. ഗുജറാത്തില്‍ ഗോധ്രയായിരുന്നെങ്കില്‍ 2008ല്‍ അതിക്രൂരമായ  ക്രിസ്ത്യന്‍ ധ്വംസനം നടന്ന ഒഡിഷയിലെ കന്ധമാലില്‍ സ്വാമി ലക്ഷ്മണാനന്ദ എന്ന ആര്‍എസ്എസുകാരനായ സന്യാസിയുടെ വധമായിരുന്നു നൂറുകണക്കിന് ക്രിസ്തീയവിശ്വാസികള്‍ കൊല്ലപ്പെടുകയും നിരവധി വീടുകള്‍ ചാമ്പലാക്കപ്പെടുകയുംചെയ്യപ്പെട്ട കലാപത്തിനുള്ള അടിയന്തരകാരണം. ലക്ഷ്മണാനന്ദയുടെ മരണം മറയാക്കി നടത്തിയ കള്ളപ്രചാരണത്തിന്റെ കുത്തൊഴുക്കിനൊടുവിലാണ് കന്ധമാലിലെ കൂട്ടക്കൊലകളും കന്യാസ്ത്രീകള്‍ അടക്കമുള്ളവരുടെ ബലാല്‍സംഗങ്ങളും നടന്നതെന്ന് തെളിവുസഹിതം നിരത്തുന്ന പുസ്തകം കന്ധമാലിലെ സ്വാമി ലക്ഷ്മണാനന്ദയെ കൊന്നതാര്? ആര്‍എസ്എസിന്റെ ഗൂഢതന്ത്രങ്ങളെക്കുറിച്ച് പഠിക്കുന്നവര്‍ക്ക്  സുപ്രധാന വിവരങ്ങള്‍ നല്‍കുന്നു. നേതാവിന്റെ ദുരൂഹമായ കൊല, തങ്ങള്‍ ലക്ഷ്യംവച്ചിരിക്കുന്ന ഒരു വിഭാഗത്തിനെതിരെ എത്ര ആസൂത്രിതമായാണ് സംഘപരിവാര്‍ തിരിച്ചുവിട്ടതെന്ന് ആന്റോ അക്കര എന്ന പത്രപ്രവര്‍ത്തകന്‍ തയ്യാറാക്കിയ ഈ ബൃഹദ്ഗ്രന്ഥം വിശദമാക്കുന്നു.

സ്വാമി ലക്ഷ്മണാനന്ദയെ കൊലപ്പെടുത്താന്‍ ക്രിസ്ത്യന്‍ കേന്ദ്രങ്ങള്‍ വിപുലമായ ഗൂഢാലോചന നടത്തിയെന്ന സംഘപരിവാര്‍ പ്രചാരണത്തെ തച്ചുടയ്ക്കുന്ന തെളിവുകള്‍ ഈ പുസ്തകം അവതരിപ്പിക്കുന്നു. ബെറ്റിക്കോള എന്ന സ്ഥലത്തുള്ള പള്ളിയില്‍ പാരിഷ് യോഗം ചേര്‍ന്ന് പ്രമേയം പാസാക്കിയെന്ന പ്രചാരണത്തിലെ അസംബന്ധം ഈ പുസ്തകം വെളിപ്പെടുത്തുന്നു. ലക്ഷ്മണാനന്ദയുടെ വധത്തെ തുടര്‍ന്ന് നിരപരാധികളായ ക്രിസ്ത്യന്‍ യുവാക്കള്‍ വര്‍ഷങ്ങളായി ജയിലില്‍ നരകിച്ചുകഴിയുന്നതിന്റെ മനുഷ്യത്വഹീനതയും തുറന്നുകാട്ടുന്നു ഈ പുസ്തകം.
ിമൈഷശവേ@ഴാമശഹ.രീാ


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top