07 October Friday

ഗുമ്മിടിഹുണ്ടിയിലെ രുക്കമ്മ

വെബ് ഡെസ്‌ക്‌Updated: Sunday Mar 12, 2017

ആടിക്കാറിന്റെ വക്കില്‍ തെളിയുന്ന നിലാവുപോലെ അവള്‍ മന്ദഹസിച്ചു. ഒരു ഗ്രാമത്തെ മുഴുവന്‍ അവള്‍ കീഴടക്കിയത് ചുണ്ടില്‍ നിറഞ്ഞ നിഷ്കളങ്ക മന്ദഹാസത്തിന്റെ വശ്യചാരുതകൊണ്ട്! കറുപ്പിനേഴഴക് എന്ന പഴഞ്ചൊല്ല് അവള്‍ക്ക് പോരാതെവരും. അവളെ നമുക്ക് രുക്കമ്മ എന്നുവിളിക്കാം. അവള്‍ വിവാഹിതയാണ്. പക്ഷേ, കണ്ടാല്‍ തോന്നില്ല. യൌവനം അവളില്‍ പൂത്തുനിന്നു.

ഗുമ്മിടിഹുണ്ടി ചെന്നൈയില്‍നിന്ന് ഡല്‍ഹിയിലേക്കുള്ള തീവണ്ടിപ്പാതയില്‍ തമിഴ്നാട്ആന്ധ്ര അതിര്‍ത്തിയിലുള്ള സ്റ്റേഷനാണ്. ചെന്നൈയില്‍നിന്നുള്ള സബര്‍ബന്‍ തീവണ്ടികള്‍ അവിടെവരെയെത്തി സവാരി അവസാനിപ്പിക്കും. അതിര്‍ത്തിപ്രദേശത്തിന്റെ എല്ലാ സാംസ്കാരിക തകരാറുകളും അവിടെയുമുണ്ട്. വാറ്റുചാരായവില്‍പ്പന, ആന്ധ്രയില്‍നിന്നുള്ള അരികടത്ത്, അവിടെയോ ഇവിടെയോ എന്നറിയാത്തതിന്റെ പരിഭ്രമങ്ങള്‍, ഭാഷയുടെ ഇടകലരലുകള്‍ തുടങ്ങി പലതും കൂടിച്ചേര്‍ന്നാല്‍ ഗുമ്മിടിഹുണ്ടിയായി. രുക്കമ്മ ആ ഗ്രാമത്തിന്റെ പ്രകാശമാണ്.

റെയില്‍വേ സ്റ്റേഷനില്‍ ബോക്സ് ബോയ് എന്നൊരു തസ്തികയുണ്ട്. ഗാര്‍ഡുമാരുടെ പെട്ടി ചുമന്ന് ബ്രേക്ക് വാനില്‍ വയ്ക്കുക. അവിടെനിന്ന് സ്റ്റേഷനില്‍ തിരിച്ചെത്തിക്കുക ഇതൊക്കെത്തന്നെ ജോലി. രുക്കമ്മയുടെ ഭര്‍ത്താവ് അമാവാസിയാണ് ഗുമ്മിടിഹുണ്ടിയിലെ ബോക്സ് ബോയ്. അതുപക്ഷേ, സ്റ്റേഷന്‍ രേഖകളില്‍ മാത്രമേയുള്ളൂ. യഥാര്‍ഥത്തില്‍ ജോലിചെയ്യുന്നത് രുക്കമ്മ. അമാവാസി രോഗിയാണ്, പോരാത്തതിന് മദ്യപാനിയും. അയാളുടെ തുച്ഛമായ ശമ്പളത്തില്‍നിന്ന് കുടിക്കാനുള്ള തുക രുക്കമ്മ നല്‍കും. ശേഷിക്കുന്ന തുച്ഛമായ സംഖ്യകൊണ്ട് കുടുംബം പോറ്റാനാകില്ല. കുടുംബമെന്നാല്‍ ഭാര്യയും ഭര്‍ത്താവും മാത്രം. മക്കളൊന്നുമില്ല. ഒരു നാലുവയസ്സുകാരന്‍ ഒപ്പമുണ്ട്. അവനാകട്ടെ രുക്കമ്മയുടെയും അമാവാസിയുടെയും ഛായയല്ലതാനും. ചെമ്പന്‍മുടിയും വെളുത്ത നിറവും. ശരിക്കും സായിപ്പുകുട്ടി. എല്ലാവരും അവനെ 'ധ്വര' എന്ന് വിളിച്ചു.

പയ്യനെപ്പറ്റി പല കഥകളുമുണ്ട്. അമാവാസിയും രുക്കമ്മയും ചെന്നൈയില്‍നിന്ന് ദത്തെടുത്തെന്നാണ് ഒരു കഥ. ആംഗ്ളോ ഇന്ത്യനായ എന്‍ജിന്‍ ഡ്രൈവര്‍ സാമുവല്‍ തൈറോണ്‍ രുക്കമ്മയ്ക്ക് നല്‍കിയ പ്രണയസമ്മാനമാണെന്ന് മറ്റൊരു കൂട്ടര്‍. രുക്കമ്മയുടെ മുഖത്തുനോക്കി ഇതൊന്നും പറയാന്‍ ആരും ധൈര്യപ്പെടില്ല. ഇടുപ്പില്‍ കൈകുത്തി അവള്‍ നിവര്‍ന്നുനിന്ന് നോക്കിയാല്‍ ആരും അറിയാതെ പത്തിമടക്കും. അമാവാസി രോഗിയായതിനാല്‍ പലരും അവളില്‍ നോട്ടമിട്ടു. പക്ഷേ, ഒരു പ്രലോഭനത്തിനും രുക്കമ്മ വഴങ്ങിയില്ല. അതുകൊണ്ട് മാത്രമല്ല ആ ഗ്രാമം അവളെ സ്നേഹിച്ചത്. ആര്‍ക്ക് എന്ത് സഹായം വേണമെങ്കിലും രുക്കമ്മ ഓടിയെത്തും. ദാരിദ്യ്രമോ രോഗമോ എന്തുമാകട്ടെ. കഴിയുംപോലെ പണവും നല്‍കും. അതിനായി മൂന്ന് എരുമകളെ അവള്‍ പോറ്റുന്നുണ്ട്.

എനിക്കും രുക്കമ്മ പ്രിയപ്പെട്ടവളായി. ഞങ്ങള്‍ കുറെയൊക്കെ സംസാരിക്കും. ഒന്നും വിട്ടുപറയുന്ന തരക്കാരിയല്ല. എന്നിട്ടും തൈറോണുമായി എന്തോ ചില അടുപ്പങ്ങളുണ്ടെന്ന് എനിക്ക് മനസ്സിലായി. എന്റെ വിവാഹം അപ്പോള്‍ കഴിഞ്ഞിരുന്നു. ഭാര്യ നാട്ടില്‍ പോയ സന്ദര്‍ഭം. രുക്കമ്മ ചായയുണ്ടാക്കി രാവിലെ എത്തിക്കും. ഒരുദിവസം ഒരു കടലാസുകഷണം ജനലിനുള്ളിലൂടെ അവള്‍ എനിക്ക് വച്ചുനീട്ടി. തുറന്ന് വായിച്ചു. അങ്ങിങ്ങ് അക്ഷരത്തെറ്റുള്ള തമിഴില്‍ അവളുടെ പ്രണയാര്‍ദ്രഹൃദയം തെളിഞ്ഞുനില്‍ക്കുന്നു. എനിക്ക് ഇഷ്ടക്കുറവൊന്നുമില്ലെങ്കിലും പ്രണയിക്കാന്‍ പറ്റുന്ന സാഹചര്യമല്ലെന്ന് പറഞ്ഞുമനസ്സിലാക്കി. 'പറവാലെ അയ്യ' എന്നുപറഞ്ഞ് വേദനയോടെ രുക്കമ്മ മടങ്ങി. പിറ്റേദിവസവും പരിഭവലേശമില്ലാതെ ചായയുമായി വന്നു.

മറ്റൊരു ദിവസം അമാവാസിയുടെ താമസസ്ഥലത്തുനിന്ന് വലിയ ബഹളം കേട്ടു. ചെന്നുനോക്കിപ്പോഴോ അമാവാസി രോഗക്കിടക്കയില്‍. അല്‍പ്പം കൂടുതലാണ്. രുക്കമ്മ അയാളെ പരിചരിച്ച് അടുത്തുതന്നെയുണ്ട്. അതിനിടെ തൈറോണ്‍ രുക്കമ്മയെ തേടിവന്നു. അയാള്‍ നന്നായി മദ്യപിച്ചിരുന്നു. അമാവാസിയെ വിട്ടിറങ്ങാന്‍ രുക്കമ്മ തയ്യാറായില്ല. തൈറോണ്‍ ക്ഷോഭംകൊണ്ട് ബഹളമുണ്ടാക്കാന്‍ തുടങ്ങി. ഒടുവില്‍ ആരൊക്കെയോ ചേര്‍ന്ന് അയാളെ പിടിച്ചുകൊണ്ടുപോയി. തൈറോണിനെ പിന്നെ അധികം കണ്ടിട്ടില്ല. അന്വേഷിച്ചതുമില്ല. പിന്നെയാരോ അയാള്‍ മരിച്ചതായി പറഞ്ഞു. ഹൃദയസ്തംഭനമായിരുന്നത്രെ!

ഞാനും വൈകാതെ അവിടം വിട്ടു. ഇടയ്ക്കൊക്കെ രുക്കമ്മയെ ഓര്‍ത്തിരുന്നെങ്കിലും പില്‍ക്കാലവിവരമൊന്നും അറിഞ്ഞിരുന്നില്ല. എങ്കിലും ആര്‍ദ്രതയും അനുതാപവും അനുരാഗവും നിറഞ്ഞ അവള്‍ എന്റെ ഉള്ളിലുണ്ടായിരുന്നു. റെയില്‍വേയിലെ ജോലി വിട്ടശേഷം രുക്കമ്മയുടെ കഥ ഞാന്‍ എഴുതിഇന്നലത്തെ മേഘങ്ങള്‍!

രണ്ട് പുരുഷന്മാരെ ഒരേസമയം സ്നേഹിച്ചു. ഭര്‍ത്താവ് രോഗിയും ദുര്‍ബലനുമാണെങ്കിലും അയാളെ നന്നായി പരിചരിച്ചു. അയാളുടെ ജോലികള്‍ സ്വയം ഏറ്റെടുത്ത് ചെയ്തു. ആര്‍ക്കുവേണ്ടിയും അയാളെ ഉപേക്ഷിച്ചില്ല. അതേസമയം ഉള്ളിലെ ഏതോ ശൂന്യതയില്‍ തൈറോണ്‍ നിറഞ്ഞു.

2005ല്‍ കറന്റ് ബുക്സ് പ്രസിദ്ധീകരിച്ച സമാഹാരത്തില്‍ ഇന്നലത്തെ മേഘങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതില്‍ ഭാവനയുടെ അംശങ്ങള്‍ ഏറെയില്ല. കഥയും കഥാപാത്രങ്ങളും പശ്ചാത്തലവുമെല്ലാം അനുഭവിച്ചറിഞ്ഞവ തന്നെ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top