25 April Thursday
വായന

ആത്മബന്ധത്തിന്റെ ആലേഖനം

സി വി വിജയകുമാർUpdated: Sunday Nov 11, 2018

ഹൃദയത്തിൽ ചാർത്തിയ  കീർത്തിമുദ്രപോലെ ചില ബന്ധങ്ങളുണ്ട്.  അനുനിമിഷം തിളക്കംവർധിക്കുന്നവ.  ഇത്തരം ഒരപൂർവമായ ആത്മബന്ധത്തിന്റെ അനുഭവം രേഖപ്പെടുത്തുന്ന പുസ്‌തകമാണ് ബിജു നെട്ടറയുടെ ‘എൻ എൻ  പിള്ളയിലേക്ക് ഒരു ഫ്ളാഷ് ബാക്ക്'. പിന്നിൽ ഒരു മറ, നിൽക്കാൻ ഒരുതറ, മുന്നിൽ നിങ്ങളും എന്റെ ഉള്ളിൽ ഒരു നാടകവും എന്ന സ്വന്തം നാടകദർശനം അവതരിപ്പിച്ച എൻ എൻ  പിള്ളയുമായുള്ള ബിജുവിന്റെ ആത്മബന്ധമാണീ കൃതിയിൽ  അനാവൃയമാകുന്നത്. 

സംഭവബഹുലമായ  അരങ്ങായിരുന്നു എൻ എൻ പിള്ളയുടെ ജീവിതം. ആ അരങ്ങിൽ മിന്നിത്തെളിയുകയും വെട്ടിത്തിളങ്ങുകയും പൊട്ടിത്തെറിക്കുകയും ചെയ്‌ത  ഭാവരാശികളിൽ കണ്ണഞ്ചിനിന്ന ഒരു കുട്ടിയുടെ അനുഭവങ്ങളുടെ നിഷ്‌കളങ്കതയുള്ള ഏറ്റുപറച്ചിലാണ്  ഈ ഓർമപ്പുസ്‌തകം.    

വാസ്‌തവത്തിൽ എൻ എൻ പിള്ള ഒരിക്കലും ഒന്നും അഭിനയിച്ചിട്ടില്ല. വ്യവസ്ഥാപിത സങ്കൽപ്പത്തിലുള്ള നാടകക്കാരനുമല്ല. എന്നാൽ, നാടിന്റെ അകംകണ്ട മനുഷ്യസ്‌നേഹിയായിരുന്നു. ആ സ്‌നേഹവായ്‌പിൽ കലാപങ്ങളും പ്രതിഷേധങ്ങളും നിഷേധങ്ങളും പ്രതിരോധങ്ങളും പൊട്ടിത്തെറികളുമുണ്ടായിരുന്നു. അതിലുപരി ശരിയായി ഗൃഹപാഠം ചെയ്‌തുറപ്പിച്ച പ്രതിബദ്ധതയും രാഷ്ട്രീയവുമുണ്ടായിരുന്നു.  നാടും വീടും സ്വാഭാവികതലത്തിൽ പ്രതിഫലിപ്പിച്ചുകൊണ്ട് അദ്ദേഹം അരങ്ങെന്ന വ്യവസ്ഥാപിത സങ്കൽപ്പത്തെ തച്ചുടച്ചു. അവിടെ  ഒരിക്കലും ഒന്നും അഭിനയിച്ചില്ല. കാണികളിൽ ഓരോരുത്തരേയുംപോലെ സ്വാഭാവികവികാരങ്ങൾ പ്രകടിപ്പിക്കുക മാത്രമായിരുന്നു. എന്നാൽ, ആ വികാരപ്രകടനങ്ങളിൽ വെളിപാടുകൾപോലുള്ള സത്യങ്ങളുണ്ടായിരുന്നു. ബിജു ആ സത്യങ്ങളെ ഓർത്തെടുക്കുകയാണ്‌.  

എൻ എൻ പിള്ള എന്ന ഉഗ്രപ്രതിഭയെ ഒരു കൗമാരക്കാരന്റെ ഭയചകിതമായ ഉൽക്കണ്ഠകളോടെ ആദ്യം സമീപിച്ച അനുഭവത്തിലൂടെ അനുക്രമമായി ഡോക്യുമെന്റേഷൻ രീതിയിലാണ്‌ ആവിഷ്‌കരിക്കുന്നത്‌. ‘എൻ എൻ  പിള്ളയിലേക്ക് ഒരുഫ്ളാഷ് ബാക്ക്' എന്ന ഒന്നാമധ്യായം 1982 മുതൽ 1988 വരെ  എൻ എൻ പിള്ളയുമായുള്ള ഗ്രന്ഥകർത്താവിന്റെ അനുഭവങ്ങളുടെ ആവിഷ്‌കാരമാണ്‌. രണ്ടാമധ്യായം ഒരു നാടകക്കാരൻ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ സിദ്ധിവിശേഷങ്ങളിലേക്ക് സൂക്ഷ്‌മമായി നോക്കുന്നു.  

എൻ എൻ പിള്ളയുടെ ജീവിതപശ്ചാത്തലത്തെയും ആത്മവ്യഥകളെയും സംഘർഷങ്ങളെയും മഹാവിജയങ്ങളെയുമാണ് മൂന്നാമധ്യായം വെളിപ്പെടുത്തുന്നത്. എല്ലാം ഗ്രന്ഥകാരൻ അടുത്തുനിന്ന് കണ്ടും കേട്ടും അറിഞ്ഞവ. തുടർന്നുള്ള അധ്യായത്തിൽ സഹോദരിയും പ്രമുഖ അഭിനേത്രിയുമായിരുന്ന ഓമനയുമായുള്ള എൻ എൻ പിള്ളയുടെ അന്യാദൃശമായ ആത്മബന്ധത്തെപ്പറ്റിയാണ്. എൻ എൻ പിള്ളയുടെ ആത്മകഥയായ ‘ഞാൻ'  സൃഷ്ടിച്ച അനുഭവങ്ങളെയും അത്ഭുതങ്ങളെയും പ്രകമ്പനങ്ങളെയുംപറ്റിയുള്ള വെളിപ്പെടുത്തലാണ്‌ തുടർന്നുള്ള അധ്യായത്തിൽ.  മലയാളികളെ ഏറെ സ്വാധീനിച്ച ആത്മകഥകളിലൊന്നാണിത്. തുറന്നുപറച്ചിലുകളുടെ ഭൂചലനങ്ങൾ സൃഷ്ടിച്ച അപൂർവത അതിനുണ്ട്. മലയാളനാടകവേദിക്കും സാഹിത്യത്തിനും പിള്ള നൽകിയ സംഭാവനകൾ അർഹിക്കുംവിധം നാം  പരിഗണിച്ചിട്ടില്ല എന്ന വിമർശനവും ഗ്രന്ഥകാരൻ  ഉന്നയിക്കുന്നു.

എൻ എൻ പിള്ളയെ പിതാവ്, കുടുംബനാഥൻ തുടങ്ങിയ നിലകളിൽ പരിചയപ്പെടുത്തുന്നു ആറാമധ്യായം. ആ കുടുംബത്തിൽനിന്ന‌് താനനുഭവിച്ച സ്‌നേഹത്തിന്റെയും പരിഗണനയുടെയും കൃതജ്ഞതാനിർഭരത ബിജു ഇവിടെ വെളിപ്പെടുത്തുന്നു. തുടർന്നുള്ള ഭാഗങ്ങളിൽ എൻ എൻ പിള്ളയുമായി താൻ നടത്തിയ അഭിമുഖ സംഭാഷണം, കാസർകോട‌് മാണിയാട്ട് വർഷംതോറും കോറസ് കലാസമിതി നടത്തിവരുന്ന എൻ എൻ പിള്ള നാടകോത്സവുമായി ബന്ധപ്പെട്ട അനുഭവങ്ങൾ,   N N Pillai The Dramatist  എന്ന പേരിൽ എടുത്ത ഡോക്യു മെന്ററിയുടെ തിരക്കഥ,  ഡോ. പ്രസന്നരാജൻ എഴുതിയ അവതാരിക, ഇ പി  രാജഗോപാലൻ, പ്രൊഫ. ഉണ്ണികൃഷ്ണൻ കല്ലിൽ എന്നിവരുടെ പഠനങ്ങൾ എന്നിവ ഉൾച്ചേർത്തിട്ടുണ്ട്‌.  എൻ എൻ  പിള്ളയുടെ നാടകങ്ങളെയും ജീവിതത്തെയുംപറ്റി ഗവേഷണം നടത്താൻ ആഗ്രഹിക്കുന്ന പുതുതലമുറക്കാർക്ക് ഇത് ഏറെ പ്രയോജനപ്പെടുകയും ചെയ്യും. ഈ കൃതിയുടെ ദൗത്യം സാർഥകമായിത്തീരുന്ന വഴികളിൽ പ്രധാനപ്പെട്ട ഒന്നായിരിക്കുമത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top