25 April Thursday
ബുക്ക്‌പിക്ക്‌

ശുദ്ധസംസ‌്കാരം എന്ന മിഥ്യ

ഡോ. അനിൽ കെ എംUpdated: Sunday Nov 11, 2018

ഇന്ത്യയുടെ സംസ‌്കാരം ഏകശിലാത്മകമാണെന്ന ധാരണ സൃഷ്ടിക്കാൻ വ്യാപകശ്രമം നടക്കുന്നുണ്ട‌്. ഈ സംസ‌്കാരത്തെ ഹൈന്ദവം, വൈദികം, അനുഷ്‌ഠാനപരം എന്നൊക്കെ നിർവചിക്കാൻ ശ്രമിക്കുന്ന തീവ്രവലതുപക്ഷത്തിന്റെ രാഷ്ട്രീയ മേൽക്കോയ‌്മ ഇന്ത്യൻ ബഹുസ്വരതയെ അപായപ്പെടുത്തുന്നു. സംസ‌്കാരം എന്നതിന്റെ പ്രഥമപ്രകൃതംതന്നെ അതിന്റെ കലർപ്പാണ്. അനേകം നദികൾ വന്നുനിറയുന്ന ഒന്നാണ് സംസ‌്കാരം. വന്നുചേരുന്ന ചെടികൾ  പുതിയ മണ്ണിലും കാലാവസ്ഥയിലും ഉൽപ്പരിവർത്തനത്തിനു വിധേയമായി പുതിയ ജനിതക ഇനമായി വളരുന്നതുപോലെ സാംസ‌്കാരിക രൂപങ്ങളും കണ്ടാലറിയാത്തവിധം മാറിപ്പോയ കലർപ്പ് രൂപങ്ങളായിരിക്കും. ഒരർഥത്തിൽ സംസ‌്കാരത്തിലെ എല്ലാ രൂപങ്ങളും ഒട്ടുചെടികളാണ്. അനാദിയായ കാലംമുതൽ ആരംഭിച്ച മനുഷ്യരാശിയുടെ പ്രയാണം അനേകം കൊള്ളക്കൊടുക്കലുകൾക്കിടയാക്കി. ആയതിനാൽ ശുദ്ധം എന്ന് വിളിക്കാവുന്ന ഒന്നും നമ്മുടെ സംസ‌്കാരത്തിലില്ല.  സുവിദിതമാണെങ്കിലും ഇക്കാര്യം മറക്കാൻ നമ്മെ പ്രേരിപ്പിക്കുന്ന നിരവധി പ്രചാരണങ്ങളാണ്  നടക്കുന്നത്. ഹിന്ദുക്കളും മുസ്ലിങ്ങളും തമ്മിൽ അനാദിയായ വൈരം നിൽക്കുന്ന ഒരു ദേശമായി ഇന്ത്യയെ അടയാളപ്പെടുത്താനും ഇസ്ലാമിക സംസ‌്കാരത്തെ അന്യവൽക്കരിക്കാനും ശ്രമം നടക്കുന്ന സന്ദർഭത്തിൽ ഇന്ത്യൻ സംസ‌്കാരത്തെ കലർപ്പിന്റെ സംസ‌്കാരമെന്ന നിലയിൽ അവതരിപ്പിക്കുന്നതിന് രാഷ്ട്രീയധ്വനി കൈവരുന്നു. ഈ രാഷ്ട്രീയം ഉൾക്കൊള്ളുന്ന കൃതിയാണ് മാലിക് മുഹമ്മദിന്റെ ഇന്ത്യയുടെ സങ്കര സംസ‌്കാരത്തിന്റെ അടിത്തറ  (The Foundations of the Composite Culture in India). 2007ൽ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ച  കൃതിയുടെ മൂന്നാം പതിപ്പാണ് 2018ൽ പുറത്തിറങ്ങിയത്. 

‘സങ്കരം’ എന്ന വാക്ക് ‘കോംപൊസിറ്റ്’ എന്ന ഇംഗ്ലീഷ് വാക്കിന് സമാനമായി ഉപയോഗിച്ചതാണ്. ഇംഗ്ലീഷിലെ ഈ പദം വാസ‌്തു ശാസ‌്ത്രവുമായി ബന്ധപ്പെട്ട് കടന്നുവരുന്നതാണ്. പിന്നീട് ഗണിതശാസ‌്ത്രത്തിലും പ്രകൃതിയെക്കുറിച്ചുള്ള ചരിത്രവിജ്ഞാനീയത്തിലും ഈ പദം ഉപയോഗിച്ചു. സംയുക്തമുണ്ടാക്കുന്ന പ്രവൃത്തിയാണ് കോംപൊസിഷൻ. സംസ‌്കാരത്തിലേക്ക് വരുമ്പോൾ  പോസിറ്റീവായ അർഥത്തിലാണ് ഇതുപയോഗിക്കാറുള്ളത്. ബഹുസ്വരതയിലൂന്നുന്നതും ഏതെങ്കിലുമൊരു സംസ‌്കാരത്തിന്റെ മേൽക്കോയ്‌മ അംഗീകരിക്കാത്തതും സംസ‌്കാരങ്ങൾക്കിടയിലെ അന്യത്വത്തെ നിരസിക്കുന്നതുമായ ദർശനമാണ് ‘സങ്കര’ദർശനം. ഇന്ത്യയെപ്പോലുള്ള ഒരു ജനതയുടെ അതിജീവനത്തിന് ഈ ദർശനം അനിവാര്യമാണ്. ഇന്ത്യക്കാരുടെ സംസ‌്കാരം ഹിന്ദു സംസ‌്കാരമാണെന്ന വാദത്തിന്റെ മുനയൊടിക്കുന്നു ഈ കൃതി. 

മധ്യകാല  മുഗൾകൊട്ടാരങ്ങളുടെ വാസ്‌തുമാതൃക നോക്കൂ. അത് പൂർണമായും ഹൈന്ദവ മാതൃകയിലുള്ളതല്ല.  പൂർണമായും പേർഷ്യനുമല്ല.  രണ്ടുംചേർന്ന ഹിന്ദുസ്ഥാനി മാതൃകയിലാണ്  നിർമിക്കപ്പെട്ടിട്ടുള്ളത്. ഹിന്ദുസ്ഥാനി വാസ്‌തുവിദ്യ ഇസ്ലാമിക വാസ‌്തുവിദ്യയുടെ പ്രാദേശിക മാതൃകയോ ഹിന്ദു വാസ‌്തുവിദ്യയുടെ പരിഷ്‌കൃതരൂപമോ അല്ല. രൂപത്തിനും ഏകതാനതയ‌്ക്കും ഊന്നൽ നൽകുന്നതാണ് ഇസ്ലാമിക വാസ്‌തുവിദ്യയെങ്കിൽ അലങ്കാരത്തിനും പൊലിമയ‌്ക്കും പ്രാധാന്യം നൽകുന്നതാണ് ഹൈന്ദവനിർമിതികൾ. ഇവയുടെ ചേരുവയാണ് ഹിന്ദുസ്ഥാനി വാസ‌്തുവിദ്യയിൽ കാണുന്നത്. സംസ‌്കാരത്തിന്റെ ഭിന്നാത്മക ആവിഷ‌്കാരങ്ങളാണ് മതങ്ങളും കലകളും.  ഇവയിൽ വരുന്ന പരിണാമം സംസ‌്കാരത്തിലെ പരിണാമത്തിന്റെ സൂചകങ്ങളായി കാണാം. അക്ബറിന്റെ ദീൻ ഇലാഹി പോലെയാണ് അദ്ദേഹം നിർമിച്ച കൊട്ടാരങ്ങളും പള്ളികളും ക്ഷേത്രങ്ങളുമെല്ലാം. കലർപ്പാണ്  മൗലികസ്വഭാവം. മധുരയിലെ തിരുമല നായ‌്ക്കരുടെ  കൊട്ടാരത്തിലും കാണാം ഈ സമന്വയസംസ‌്കാര ഗരിമ. മരിച്ചവർക്കായി ശവകുടീരം നിർമിക്കുന്ന സമ്പ്രദായം ഇസ്ലാമിക സംസ‌്കാരത്തിൽനിന്ന് ഹൈന്ദവസമൂഹം സ്വീകരിച്ചതാകണമെന്ന് മാലിക് മുഹമ്മദ് കരുതുന്നു. ദിവാൻ–-ഇ–-ആം, ദിവാൻ–-ഇ–-ഖാസ് എന്നീ മുഗൾ കൊട്ടാര മാതൃകകൾ പൊതുവിൽ ഇന്ത്യൻ രാജാക്കൻമാർ സ്വീകരിച്ചിരുന്നു. ചെങ്കോട്ടയും കുത്തബ്മിനാറും താജ്മഹലും ഈ സങ്കര സൗന്ദര്യബോധത്തിന്റെ ഉൽപ്പന്നമാണ്. 

ചിത്രകലയിലുമുണ്ട‌് അത്ഭുതകരമായ ഈ സംലയനം. അക്ബറിന്റെ കാലത്ത് രാമായണം, മഹാഭാരതം, പഞ്ചതന്ത്രം, നള‐ദമയന്തി പുരാണം എന്നിവയുടെ ചിത്രങ്ങൾ  കൊട്ടാരത്തെ അലങ്കരിച്ചിരുന്നു.   കൊട്ടാരത്തിൽ ഹിന്ദു സമുദായത്തിൽപ്പെട്ട പത്ത് കലാകാരൻമാരും മുസ്ലിം സമുദായത്തിലെ നാല് ചിത്രകാരൻമാരും ഉണ്ടായിരുന്നു. ഈ ചിത്രങ്ങളിൽ ഇന്ത്യൻ പ്രകൃതിയും പേർഷ്യൻ പ്രകൃതിയും കൂടിക്കലർന്നിരുന്നു. ഫത്തേപുർ സിക്രിയിലെ ചുമർചിത്രങ്ങൾ സവിശേഷ ശ്രദ്ധയർഹിക്കുന്നു.  ജഹാംഗീറിന്റെ കാലത്ത് ചിത്രകാരൻമാർ  സ്വതന്ത്രരായതിനാൽ പകർപ്പുകളേക്കാൾ സ്വതന്ത്രരചനകളാണ് ഇക്കാലത്തെ ശ്രദ്ധേയമാക്കുന്നത്. ഛായാചിത്രങ്ങൾ രചിക്കുന്ന സമ്പ്രദായം സമ്പന്നമായത് ഷാജഹാന്റെ കാലത്താണ്. മനോഹരമായ പ്രകൃതിയുടെ പശ്ചാത്തലത്തിലാണ്  ഛായാചിത്രങ്ങൾ വരച്ചത്. മയിലുകളാണ് അക്കാലത്തെ ചിത്രകാരൻമാരെ ഏറെ ആകർഷിച്ചത്. ഷാജഹാന്റെ കൊട്ടാരച്ചുമരുകളാകെ മയിലുകളുടെ ചിത്രംകൊണ്ട് അലംകൃതമായിരുന്നു.  സിംഹാസനം രൂപകൽപ്പന ചെയ്‌തതും  അതേവിധം. കൂട്ടപ്രാർഥനകൾ, മങ്ങിയ മെഴുകുതിരി വെട്ടത്തിൽ പരിശുദ്ധ ഗ്രന്ഥം വായിക്കുന്ന വിശ്വാസി, സന്യാസി സമ്മേളനം, യുദ്ധരംഗങ്ങൾ, നായാട്ട് രംഗങ്ങൾ എന്നിവയെല്ലാം  ചിത്രശേഖരത്തിലുണ്ട്. ഈ സാംസ‌്കാരിക ധാരയെയെല്ലാം പുറന്തള്ളിയാൽ പിന്നെയെന്താണ് ഇന്ത്യൻ നാഗരികതയിൽ അവശേഷിക്കുന്നത്? 

ചിത്രകലയിൽ മാത്രമല്ല, സംഗീതത്തിലും കാണാം ഈ കലർപ്പ്. ഹിന്ദുസ്ഥാനി സംഗീതത്തിന് മുഗൾകൊട്ടാരം നൽകിയ പ്രോത്സാഹനം ഏറെ പരാമർശിക്കപ്പെട്ടതാണ്. ക്ലാസിക്കൽ സംഗീതത്തിന്റെ പുരസ‌്കരണം ഇന്ത്യയിൽ ഏറ്റവും ശക്തിപ്പെട്ടത് മുഗൾ കാലഘട്ടത്തിലാണ‌്. ഇന്ത്യൻ സംഗീതത്തിലേക്ക് എത്രയോ പുതിയ രാഗങ്ങൾ സംഭാവന ചെയ്‌തത് മുഗൾ കൊട്ടാരമാണ്. കൊട്ടാരത്തിനു പുറത്ത് സൂഫിവര്യൻമാരും സംഗീതത്തെ സമ്പന്നമാക്കി. സംഗീതത്തിലൂടെ ഉന്മാദാവസ്ഥയിലെത്തുന്ന സമ്പ്രദായം സൂഫികൾക്കിടയിൽ വ്യാപകമാണ്. സംഗീതത്തിന്റെ ലഹരിയിൽ സമാധിയായിപ്പോയവർ പോലും അക്കൂട്ടത്തിലുണ്ടെന്ന് പറയുമ്പോൾ അവരുടെ ഭക്തിജീവിതത്തിൽ സംഗീതത്തിനുള്ള പ്രാധാന്യം വ്യക്തമാകുന്നുണ്ടല്ലോ? അലാവുദ്ദീൻ ഖിൽജിയുടെ കാലത്തെ അമീർഖുസ്രുവിനെ മറന്നുകൊണ്ട് ആർക്കാണ് ഇന്ത്യയിൽ ജീവിക്കാനാകുക? ഇന്ത്യയെ ഏദൻ തോട്ടത്തോടാണ് ഖുസ്രു ഉപമിച്ചത്. ഇന്ത്യൻ വീണയും ഇറാനിയൻ തംബുരുവും കലർത്തി സിതാർ എന്ന വാദ്യം വികസിപ്പിച്ചത് അദ്ദേഹമാണ്. ഇന്ന് നാം ആസ്വദിക്കുന്ന തബലയും നിരവധി രാഗങ്ങളും ഖുസ്രുവിന്റെ സംഭാവനയാണ്. സംഗീതത്തിലുണ്ടായ കലർപ്പാണ് ഇന്ത്യൻ ജനതയെ ഇന്ന് കാണുന്ന സങ്കരസംസ‌്കാരത്തിലെത്തിച്ചത് എന്ന് കരുതുന്നവരുണ്ട്. ദക്ഷിണേന്ത്യയിൽ അദിൽ ഷാ രണ്ടാമന്റെ കാലത്താണ് സംഗീതത്തിന് അഭൂതപൂർവമായ വളർച്ചയുണ്ടായത്. ബിജാപുരിലെ അദ്ദേഹത്തിന്റെ കൊട്ടാരം സംഗീതാസ്വാദകരുടെ പറുദീസയായാണ് അറിയപ്പെട്ടിരുന്നത്. നൗരസ് എന്നപേരിൽ അദ്ദേഹം രചിച്ച കൃതിയിൽ സാഹിത്യവും സംഗീതവും പ്രതിപാദിക്കുന്നു. അദ്ദേഹം സരസ്വതിയെയും സൂഫി സന്യാസിയെയും വാഴ‌്ത്തുന്നുമുണ്ട്. 

സാഹിത്യത്തിലും ഭാഷയിലുമുണ്ട് കലർപ്പിന്റെ ഈ സംസ‌്കാരം. സംസ‌്കൃതത്തിൽനിന്ന് നിരവധി കൃതികൾ പേർഷ്യൻ ഭാഷയിലേക്ക് ഇക്കാലത്ത് തർജമ ചെയ്യപ്പെട്ടു. ഇന്ത്യൻ സംസ‌്കാരത്തിലേക്ക് ഇസ്ലാമിക ചിന്താധാരകൾ ലയിച്ചുചേരുന്നതിന്റെ മനോഹരമായ അനുഭൂതി മുഗൾ കാലത്ത് രചിക്കപ്പെട്ട കൃതികളിൽ കാണാം. ദർശനവും പ്രണയവും സമർപ്പണവും ഭക്തിയും ഇവയിൽ ഊടുംപാവും തീർക്കുന്നു. ഹിന്ദി സൂഫി സാഹിത്യത്തിന്റെ നെറുകയിൽ ചൂടിയ രത്നമാണ് മാലിക് മൊഹമ്മദ് ജെയ്സി രചിച്ച പ്രണയ ഇതിഹാസം പത്മാവത്. പത്മാവതിനെതിരെ കൊലവിളിയുമായി വന്നവർ വാസ‌്തവത്തിൽ ഇന്ത്യയുടെ സങ്കര സംസ‌്കാരത്തെ ഭയക്കുന്നവരാണ്. ഹിന്ദിയിലെ ആദ്യത്തെ മഹാകാവ്യമാണ് പത്മാവത്. പത്മാവതിന്റെ രചനാ ശൈലി തുളസിദാസിനെ ഏറെ സ്വാധീനിച്ചിട്ടുണ്ടത്രേ. ആ സ്വാധീനത്തിൽനിന്നാണ് രാമചരിതമാനസ‌് ഉണ്ടായത്. ഗാന്ധിയുടെ രാമൻ തുളസിദാസിന്റെ രാമനാണെന്നുമോർക്കുക. പാരമ്പര്യത്തിന്റെ വേരുകൾ കടന്നുപോകുന്ന വഴികൾ എത്ര വിചിത്രമാണ്!  ബാബാ ഫരീദ് പഞ്ചാബി ഭാഷയ‌്ക്ക് നൽകിയ സംഭാവനകൾ ഏറെ വിലപ്പെട്ടതാണ്. സൂഫികൾ പഞ്ചാബിയിലെഴുതിയ ഗീതങ്ങളാണ് ആധുനിക പഞ്ചാബി ഭാഷയ‌്ക്ക് അടിത്തറയിട്ടത്. ആശയങ്ങൾക്കും ഭാവനകൾക്കും വേലികെട്ടാത്ത മധ്യകാല ഇന്ത്യ അതിന്റെ മതനിരപേക്ഷ ഭാവനകൊണ്ട് സുന്ദരമാണെന്ന് കാണാൻ എത്ര വേണമെങ്കിലും ദൃഷ്ടാന്തങ്ങൾ ചൂണ്ടിക്കാണിക്കാനാകും. പലമതവുമേകസാരമെന്ന ആദർശത്തെ സൗന്ദര്യാത്മകമായി പുനരാവിഷ‌്കരിക്കുകയാണ് മധ്യകാല ഇന്ത്യ ചെയ്‌തത്. ഇസ്ലാമിക്/ഇറാനിയൻ സാഹിത്യ പാരമ്പര്യമായ മർസിയയെക്കുറിച്ചും മാലിക് മുഹമ്മദ് ഈ കൃതിയിൽ വിശദീകരിക്കുന്നുണ്ട്. ഔധ് കേന്ദ്രീകരിച്ച് വളർന്നുവന്ന ഒരു സാഹിതീയ പാരമ്പര്യമാണിത്. ഇതിനെ സങ്കരഭാവനയുടെ മകുടോദാഹരണമായാണ് ഗ്രന്ഥകാരൻ വിലയിരുത്തുന്നത്. 

ഈ സങ്കര സംസ‌്കാരത്തെ തകർക്കാനാവശ്യമായ ജ്ഞാനരൂപങ്ങളാണ് ബ്രിട്ടീഷുകാർ ഇന്ത്യൻ ബുദ്ധിജീവികൾക്ക് പകർന്നുനൽകിയത്. ചരിത്രവിജ്ഞാനത്തെയാണ് അവർ ഇതിനായി ഉപയോഗിച്ചത്. ഇന്ത്യക്കാർക്ക് ചരിത്രബോധമില്ലെന്ന പരികൽപ്പനയിൽ ആരംഭിച്ച കൊളോണിയൽ ചരിത്രശാസ‌്ത്രം ഇന്ത്യാ ചരിത്രത്തെ മതങ്ങളുടെ ചരിത്രമായി അവതരിപ്പിച്ചു. അധികാരമുറപ്പിക്കാൻ അവർ സൃഷ്ടിച്ച മിത്തുകൾ ഇന്നത്തെ ഹിന്ദുത്വരാഷ്ട്രീയം പാഠപുസ‌്തകങ്ങളാക്കുന്നു. കൊളോണിയൽ കളരിയിൽനിന്നാണ് അവരുടെ പരിശീലനം. ആയതിനാൽ കോളനിയനന്തര വിമർശനം എന്നതിന് ഇന്ത്യൻ സന്ദർഭത്തിൽ ഹിന്ദുത്വവിരുദ്ധമായ വ്യാഖ്യാനം എന്നുകൂടിയാണ് അർഥം. കൊളോണിയലിസം നിർവഹിച്ച സംസ‌്കാരിക അജൻഡയുടെ പ്രതിലോമപരത ഇപ്പോഴും അവസാനിച്ചിട്ടില്ല. ഈ കുരുക്കുകളെല്ലാം അഴിച്ചെടുത്തിട്ടുവേണം ഇന്ത്യക്ക് ഒരാധുനിക രാഷ്ട്രമാകാൻ. ഉറങ്ങുന്നതിനുമുമ്പ് നമുക്കിനിയും എത്ര നാഴിക താണ്ടണം?


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top