25 April Thursday

കൊല്ലാം; പക്ഷേ തോല്‍പ്പിക്കാനാകില്ല

ശശികുമാര്‍Updated: Sunday Sep 10, 2017

അള്‍ജീരിയന്‍ എഴുത്തുകാരനായ ഇസ്മയില്‍ കദാരെയുടെ വിഖ്യാതരചനയാണ് പാലസ് ഓഫ് ഡ്രീംസ്. കിനാവുകളുടെ കൊട്ടാരം! എത്ര മനോഹരവും കാല്‍പ്പനികവുമായ തലക്കെട്ട്!! പക്ഷേ, ഭീകരമായ ഒരു സ്ഥലമാണത്. മനുഷ്യസ്വാതന്ത്യ്രത്തെ ഭരണകൂടം അവന്‍പോലുമറിയാതെ ദയാരഹിതമായി ചങ്ങലയ്ക്കിടുന്നതിന്റെ പ്രതീകം. കിനാവുകളുടെ കല്‍ത്തുറുങ്ക്!!! രാജ്യത്തെ ജനങ്ങള്‍ കാണുന്ന സ്വപ്നങ്ങള്‍ മുഴുവന്‍ അവിടെ രേഖപ്പെടുത്തപ്പെടുന്നു. എല്ലാം ഫയലുകളായി എത്തും. ഇനം തിരിക്കും. ഓരോന്നും സ്വപ്നവിശകലനവിദഗ്ധര്‍ വിലയിരുത്തും.

രാജ്യത്തിനെതിരെ, ഭരണകൂടത്തിനെതിരെ, ഭരണാധികാരിക്കെതിരെ, നടപ്പുരീതികള്‍ക്കെതിരെ ആരെങ്കിലും എന്തെങ്കിലും സ്വപ്നം കണ്ടിട്ടുണ്ടോ എന്നു കണ്ടുപിടിക്കപ്പെടും. പിന്നത്തെ കാര്യം പറയാനില്ലല്ലോ.

മാന്‍ ബുക്കര്‍ സമ്മാനമടക്കം നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുള്ള ലോക പ്രശസ്ത എഴുത്തുകാരനാണ് കദാരെ. ചരിത്രത്തില്‍ ഇത്തരം ഭരണകൂടപീഡനങ്ങളുടെ എത്രയോ ഉദാഹരണങ്ങള്‍ കണ്ടെത്താന്‍ കഴിയും. പിനോഷെയെയും ഫ്രാങ്കോയെയുംപോലുള്ള ജനാധിപത്യവിരുദ്ധരുടെ അടിച്ചമര്‍ത്തലുകളില്‍നിന്ന് പക്ഷേ, ജനത ഉയിരെടുത്ത് ഉയര്‍ന്നുവരികതന്നെ ചെയ്തു എന്നും ചരിത്രം നമ്മെ പഠിപ്പിക്കുന്നു.

വൈയക്തിക അനുഭവങ്ങളേക്കാള്‍ ഇത്തരം രാഷ്ട്രീയ അനുഭവങ്ങള്‍ക്കാണ് വര്‍ത്തമാനകാല പ്രസക്തിയുള്ളത്.

ഗൌരി ലങ്കേഷ് അവര്‍ ജീവിച്ചിരുന്നതിനേക്കാള്‍ എത്രയോ മടങ്ങ് ശക്തയായി തീരുന്നത് കാണുമ്പോള്‍ ഹെമിങ്വെയുടെ, ഏറെ പറഞ്ഞുപഴകിയതെങ്കിലും, ഒരിക്കലും മൂര്‍ച്ച കുറയാത്ത വാക്കുകള്‍തന്നെയാണ് മനസ്സിലേക്ക് വരുന്നത് 'കൊല്ലാം, പക്ഷേ തോല്‍പ്പിക്കാനാകില്ല''.

എനിക്ക് ഗൌരിയെ വ്യക്തിപരമായി പരിചയമില്ല. അവരുടെ പിതാവ് ലങ്കേഷ് സുഹൃത്തായിരുന്നു. മികച്ച ഇംഗ്ളീഷ് അധ്യാപകനായും നാടകപ്രവര്‍ത്തകനായുമൊക്കെ തുടങ്ങിയ അദ്ദേഹം അനീതിക്കെതിരെ ചാട്ടുളിയായി മാറുന്ന കാഴ്ച ഞങ്ങള്‍ അത്ഭുതാദരങ്ങളോടെ കണ്ടു. വഴങ്ങിക്കൊടുക്കുക എന്നത് ലങ്കേഷിന്റെ സ്വഭാവമായിരുന്നില്ല. മകള്‍, പിന്നെ എങ്ങനെയാണ് ഇരുട്ടിന്റെ ശക്തികളോട് സന്ധി ചെയ്യുക.

മാധ്യമപ്രവര്‍ത്തനം വലിയ കാപട്യമായി തീരുന്ന കാലത്താണ് ഗൌരിയും ലങ്കേഷുമൊക്കെ അഭിമാനം പകരുന്ന തുരുത്തുകളാകുന്നത്. പല ടെലിവിഷന്‍ ചര്‍ച്ചകളും കാണുമ്പോള്‍ ബിജെപിക്ക് ഇതില്‍ പ്രത്യേക വക്താവിന്റെ ആവശ്യമില്ലെന്ന് തോന്നാറുണ്ട്. കാരണം അവതാരകന്‍തന്നെ അവര്‍ക്കുവേണ്ടി സംസാരിക്കുന്നുണ്ടല്ലോ. വാര്‍ത്തകളെത്തന്നെ പലപ്പോഴും മുന്‍ധാരണയോടെയാണ് സമീപിക്കുന്നത്. ഒരുപക്ഷേ, ഭയംകൊണ്ടാകണം. കോര്‍പറേറ്റ് മാധ്യമങ്ങള്‍ക്ക് നഷ്ടപ്പെടാന്‍ പലതുമുണ്ടല്ലോ. ഇന്‍കം ടാക്സ് റെയ്ഡുകള്‍, ഇന്റലിജന്‍സ് ഏജന്‍സികള്‍, പരസ്യവരുമാനം, അനുബന്ധ വ്യവസായങ്ങള്‍ക്കുമേലുള്ള നിയന്ത്രണങ്ങള്‍... അങ്ങനെ കരുതാന്‍ എന്തെല്ലാം. ഇങ്ങനെ പലതുമുണ്ടായിട്ടും ഇവര്‍ക്ക് എല്ലാവരെയും കൈയില്‍ കിട്ടുന്നില്ല. ചിലരെയെങ്കിലും കൊല്ലേണ്ടതായിപ്പോലും വരുന്നു.

ഫാസിസത്തിന്റെ രീതി അങ്ങനെയാണ്. അതിന് സാധാരണ ജീവിതാന്തരീക്ഷത്തില്‍ നിലനില്‍ക്കാന്‍ സാധ്യമല്ല. 'സാധാരണയായ അന്തരീക്ഷത്തില്‍ അതൊന്നുമല്ല, കുഴഞ്ഞുമറിച്ചിലിലാകട്ടെ സര്‍വപ്രതാപിയും' എന്നു പറയുന്നത് പൂര്‍ണസത്യം. ഠവല്യ ിലലറ മ ൃീൌയഹലറ മാീുവലൃല. അതിനായി വര്‍ഗീയവല്‍ക്കരണം, പ്രാന്തീകരണം, കോര്‍പറേറ്റുവല്‍ക്കരണം തുടങ്ങി എല്ലാ വഴികളും അവര്‍ സ്വീകരിക്കും.

ഞാനിപ്പോള്‍ അടിയന്തരാവസ്ഥയുടെ അനുഭവങ്ങള്‍ ഓര്‍ക്കുന്നു. മദ്രാസ് ക്രിസ്ത്യന്‍ കോളേജിലെ വിദ്യാര്‍ഥിയാണ് അക്കാലത്ത്. ഭരണകൂടത്തിന്റെ അതിക്രമമാണ് അന്നു കണ്ടത്. തീര്‍ച്ചയായും അടിയന്തരാവസ്ഥ ഒരുതരം വക്രീകരണമാണ്. ജനാധിപത്യത്തിന്റെ കഴുത്തുഞെരിക്കലാണ്. യൌവനത്തിന്റെ പ്രത്യേകതകൊണ്ടാണോ എന്നറിയില്ല. ഞങ്ങള്‍ക്കത്ര ഭീതി തോന്നിയിട്ടില്ല. പകരം ചെറുത്തുതോല്‍പ്പിക്കാമെന്ന വിശ്വാസമായിരുന്നു മനസ്സില്‍. അതൊരു വെല്ലുവിളിയായി കണ്ടു. ആ മനസ്സ് ഇപ്പോഴുമുണ്ടാകണം. മതേതര ജനാധിപത്യ ശക്തികളും മാധ്യമങ്ങളും കൂടുതല്‍ ആത്മവിശ്വാസം നേടണം.

ആര്‍എസ്എസിന്റെ പ്രവര്‍ത്തനരീതി പെട്ടെന്ന് അധികാരം പിടിച്ചെടുക്കുക എന്നതായിരുന്നില്ല. സാംസ്കാരിക ദേശീയതയെന്ന തന്ത്രപരമായ നീക്കത്തിലൂടെ തങ്ങളുടേതായ രാഷ്ട്രം സ്ഥാപിക്കലാണ്. അവിടെ എതിര്‍പ്പിന്റെ ഒരു ശബ്ദവുമുണ്ടാകില്ല. വിയോജിപ്പുള്ളവര്‍ പൂര്‍ണമായും നിശബ്ദരാക്കപ്പെടും. ഹിറ്റ്ലര്‍മുതല്‍ മുന്‍ജെവരെയുള്ളവരുടെ രീതി അതുതന്നെ. ഇപ്പോള്‍ അവര്‍ നിയന്ത്രിക്കുന്ന ശക്തികള്‍ക്ക്, അവര്‍ക്കുതന്നെ എന്നു പറയാം, അധികാരം കൈവന്നിരിക്കുന്നു. ഇനി ഏതുവിധേനയും അധികാരം നിലനിര്‍ത്താന്‍തന്നെയാണ് ശ്രമം.

അധികാരദുരയുടെ സമാനതകളില്ലാത്ത അഴിഞ്ഞാട്ടം കാണുമ്പോള്‍, നാമറിയാതെ ഇവരുടെ മുന്‍ഗാമികളെ താരതമ്യേന നിരുപദ്രവകാരികളായി കരുതിപ്പോകും നരേന്ദ്ര മോഡിയെ കാണുമ്പോള്‍, അദ്വാനി എത്ര ഭേദമെന്ന് തോന്നുന്നത് അപകടകരമായ മാനസികാവസ്ഥയാണ്. ഒന്നിന്റെ തുടര്‍ച്ചയാണ് മറ്റൊന്ന്.

ഒന്നും മറക്കാതിരിക്കുക എന്നതുതന്നെ ഫാസിസത്തെ ചെറുക്കാനുള്ള കരുത്ത് ആര്‍ജിക്കാനുള്ള ആദ്യപടിയാണ്. ഞാന്‍ നേരത്തെ സൂചിപ്പിച്ചതുപോലെ ഏകാധിപതികള്‍ എക്കാലവും തൂത്തെറിയപ്പെട്ടിട്ടേയുള്ളൂ. മനുഷ്യനന്മയ്ക്കും സാഹോദര്യത്തിനും തന്നെയാകും അന്തിമവിജയം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top