25 April Thursday

ചട്ടമ്പിസ്വാമികളുടെ കഥ; നവോത്ഥാനത്തിന്റെയും

പ്രൊഫ. വി എന്‍ മുരളിUpdated: Sunday Sep 10, 2017

ഇരുപതാംനൂറ്റാണ്ട് പിറക്കുന്നതിനുമുമ്പേ വിദ്യാധിരാജ ചട്ടമ്പിസ്വാമികള്‍ രചിച്ച 'വേദാധികാരനിരൂപണം' കേരളീയ നവോത്ഥാനത്തിന് ബീജാവാപം നല്‍കിയ രചനകളില്‍ പ്രമുഖമാണ്. പത്തുവര്‍ഷത്തോളം താന്‍ വിവിധ വേദികളിലും സംവാദസദസ്സുകളിലും അവതരിപ്പിച്ച ആശയങ്ങളുടെ സംഗൃഹീത രൂപമാണ് വേദാധികാരനിരൂപണം എന്ന പേരില്‍ ചട്ടമ്പിസ്വാമി ശിഷ്യര്‍ക്ക് സമ്മാനിച്ചത്. സമൂഹം ഏറ്റുവാങ്ങിയ ആശയവിപ്ളവമാണത്. അറിവിന്റെ സംഭരണികളായ വേദങ്ങളുടെ അധികാരികള്‍ ബ്രാഹ്മണരല്ലെന്നും ഏതു ജാതിമതവിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കും വേദം പഠിക്കാനും പഠിപ്പിക്കാനും അവകാശമുണ്ടെന്നുമുള്ള പ്രഖ്യാപനമാണ് വേദാധികാരനിരൂപണത്തിലൂടെ ചട്ടമ്പിസ്വാമികള്‍ നടത്തിയത്. ബ്രാഹ്മണിക്കലായ ആചാരങ്ങളും കെട്ടുകഥകളും തൊട്ടുകൂടായ്മയും വാതിലുകള്‍ കൊട്ടിയടച്ച് പുറത്തുനിര്‍ത്തലുമൊക്കെ ഈ നാടിനെ വിഭജിക്കുകയായിരുന്നെങ്കില്‍ അതിനെതിരെയുള്ള സന്ധിയില്ലാസമരത്തിനുള്ള ആഹ്വാനമാണ് വേദാധികാരനിരൂപണം.

ചട്ടമ്പിസ്വാമികളുടെ സംഭവബഹുലമായ ജീവിതത്തെ ആധാരമാക്കി ഈയടുത്തകാലത്ത് പ്രസിദ്ധീകരിച്ച 'ലീലാപ്രഭു' എന്ന ചരിത്രാഖ്യായികയില്‍ ഡോ. സുധീര്‍ കിടങ്ങൂര്‍, കേരള നവോത്ഥാനചരിത്രത്തില്‍ സ്വാമികള്‍ക്കുള്ള സ്ഥാനം കൃത്യമായി അടയാളപ്പെടുത്തുന്നത് വേദാധികാരനിരൂപണത്തിന്റെ സമഗ്രപഠനത്തോടെയാണ്. സ്വാമികളുടെ ഇതരകൃതികളായ പ്രാചീനമലയാളവും ആദിഭാഷയും ജീവകാരുണ്യനിരൂപണവും അദ്വൈതചിന്താപദ്ധതിയുമൊക്കെ പുതിയ ജ്ഞാനപരിസരത്തില്‍ പുനര്‍വായിച്ചുകൊണ്ട് ദക്ഷിണേന്ത്യയുടെ ജ്ഞാനചരിത്രത്തിലേക്ക് സുധീര്‍ വെളിച്ചംവീശുന്നു. ഒരേസമയത്ത് ബ്രാഹ്മണമേധാവിത്വത്തോട് പൊരുതുകയും ബ്രിട്ടീഷ് സംസ്കാരാധിനിവേശത്തെ പ്രതിരോധിക്കുകയും അതേസമയം സന്യാസസ്ഥാപനവല്‍ക്കരണങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറി നടക്കുകയുംചെയ്ത വ്യത്യസ്ത ചിന്തകനായിരുന്നു സ്വാമികളെന്ന് ഗ്രന്ഥകാരന്‍ സമര്‍ഥിക്കുന്നു.

നവോത്ഥാനത്തിന്റെ നെറുകയിലിരുന്ന് ശ്രീനാരായണഗുരു നടത്തിയ അരുവിപ്പുറം പ്രതിഷ്ഠയ്ക്ക് ചട്ടമ്പിസ്വാമികളുടെ വേദാധികാരചിന്താവിപ്ളവം പ്രേരണയായി. അഞ്ചുവര്‍ഷം അവര്‍ ഒരേ മനവും തനുവുമായി ഒരുമിച്ചു സഞ്ചരിച്ച ജ്ഞാനവഴികളും പിന്നീട് ഇരുവരും വ്യത്യസ്ത ദിശകളിലേക്ക് പിരിഞ്ഞശേഷവും നിലനിര്‍ത്തിപ്പോന്ന ഗാഢമായ സ്നേഹബന്ധവും ഗ്രന്ഥകാരന്‍ സൂക്ഷ്മമായി വരച്ചുകാട്ടുന്നു. സുധീര്‍ കിടങ്ങൂര്‍ തന്റെ പുസ്തകത്തിനുനല്‍കിയ 'ലീലാപ്രഭു' എന്ന ശീര്‍ഷകംതന്നെ ശ്രീനാരായണഗുരു ചട്ടമ്പിസ്വാമികളെ വിശേഷിപ്പിച്ച വാക്കാണല്ലോ.

സ്വാമികളുടെ ജീവിതകഥയിലെ അത്ഭുതങ്ങള്‍ അവിശ്വസനീയമെന്നുപറഞ്ഞ് പുരികം ചുളിച്ച പണ്ഡിതലോകത്തെയും സ്വാമികളുടെ രചനകളെല്ലാം ദുര്‍ഗ്രഹമെന്നുപറഞ്ഞ് അകന്നുപോയ സാധാരണക്കാരെയും കൂട്ടിയിണക്കിക്കൊണ്ട് സ്വാമികളുടെ യഥാര്‍ഥ സ്വത്വം ഗ്രന്ഥകാരന്‍ വരച്ചുകാട്ടുമ്പോള്‍ നാം അറിയുന്നു; സ്വന്തം സിദ്ധികളും ജ്ഞാനവും മനുഷ്യോന്മുഖമായി പ്രയോഗിച്ച സ്വാമികള്‍ സര്‍വ ജീവജാലങ്ങളെയും തുല്യമായി പരിഗണിക്കുകയും ഒരു നവയുഗസൃഷ്ടിക്കായി നിലമൊരുക്കി വിത്തുപാകുകയും ചെയ്ത ക്രാന്തദര്‍ശിയായിരുന്നു. ബോധേശ്വരന്‍ ദുഃഖത്തോടെ പറഞ്ഞ വാക്യം നാട് അദ്ദേഹത്തെ അറിഞ്ഞില്ല തിരുത്താന്‍ സമയമായി. സുധീറിന്റെ 'ലീലാപ്രഭു' അതിലേക്കുള്ള ശക്തമായ ചുവടുവയ്പുകളില്‍ ഒന്നാണ്.

കവിതയും കഥയും ചരിത്രവും തത്വചിന്തയും വിജ്ഞാനങ്ങളും ഫലിതങ്ങളും സമ്യക്കായി ഇണങ്ങിച്ചേരുന്ന ഭാഷാനിബന്ധമാണ് ലീലാപ്രഭു. ഫാന്റസിയിലൂടെ അഗസ്ത്യമുനിയെയും അശ്വത്ഥാമാവിനെയും കഥാപാത്രങ്ങളാക്കുന്ന പരീക്ഷണവും ഈ കൃതിയിലുണ്ട്.

പുരോഗമനപ്രസ്ഥാനങ്ങള്‍ക്ക് മുന്നോടിയായും പ്രചോദനമായും ഈ നാട്ടില്‍ ജീവിച്ച പുത്തന്‍ ചിന്തകളുടെ സേനാനായകനാണ് ചട്ടമ്പിസ്വാമികള്‍. കൃത്യമായ ചരിത്ര പുനരാഖ്യാനത്തിലൂടെ സുധീര്‍ കിടങ്ങൂര്‍ സ്വാമികേന്ദ്രിതമായി നവോത്ഥാനകാലത്തിന്റെ കഥ മുന്നൂറിലേറെ പുറങ്ങളിലൂടെ ലീലാപ്രഭുവില്‍ പറഞ്ഞുവയ്ക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top