20 April Saturday

ഹൈക്കുകവിതകളുടെ 'ഒറ്റത്തുള്ളിപ്പെയ്ത്ത്' ഇന്ന് പ്രകാശനം ചെയ്യും

വെബ് ഡെസ്ക്ക്Updated: Wednesday Aug 10, 2016

കൊച്ചി > ഇടവപ്പാതിയും കര്‍ക്കിടവും നല്‍കിയ നിരാശക്കിടയില്‍ഹൈക്കുകവിതകള്‍ പെയ്തിറങ്ങുമെന്ന പ്രതീക്ഷയുമായി ''ഒറ്റത്തുള്ളിപ്പെയ്ത്ത് ബുധനാഴ്ച പ്രകാശനം ചെയ്യും. ഫേസ്ബുക്ക് സാധ്യതകളില്‍ എഴുതി ആരംഭിച്ച് നിരവധി ഫോളോവേഴ്സിനെ സ്വന്തമാക്കിയ ആര്‍ അജിത് കുമാറിന്റെ ഹൈക്കുകവിതാ സമാഹാരമാണ്'ഒറ്റത്തുള്ളിപ്പെയ്ത്ത്. മൂന്നുവരികളില്‍ കൊരുത്ത ചിരിയും ചിന്തയുമായി അഞ്ഞൂറോളം കവിതകളാണ് സമാഹാരത്തിലുള്ളത്. കൊച്ചി മറൈന്‍ ഡ്രൈവില്‍ ഡിസി പുസ്തകോത്സവ വേദിയില്‍ വൈകിട്ട് അഞ്ചിനാണ് പുസ്തക പ്രകാശനം.

സാമൂഹിക വിമര്‍ശനങ്ങള്‍ക്കൊപ്പം പ്രണയവും വിരഹവും ഓര്‍മ്മകളും ആചരിച്ചുപോകുന്ന ഓരോ ദിവസങ്ങളും വരെ കവിതകള്‍ക്കു വിഷയമായിരിക്കുന്നു. 'ചുണ്ടില്‍ പുകഞ്ഞ് കത്തുന്നു സ്വയം കൊളുത്തിയ ചിത'– എന്നത് പുകവലി വിരുദ്ധദിനത്തെ അര്‍ഹിക്കുന്ന ഗൌരവത്തോടെ അടയാളപ്പെടുത്തുന്നുണ്ട്. 'കടലിലേക്ക് ചാടാന്‍ നിന്നപ്പോള്‍ കരയിലേക്ക് ചാടിയ മീനിന്റെ കണ്ണിലും പ്രണയ നൈരാശ്യം'. ഇത്തരത്തില്‍ വിവധ മേഖലകളെ വ്യത്യസ്തമായി പങ്കുവെയ്ക്കുന്നതാണ് ഓരോ കവിതകളും.



റഫീഖ് അഹമ്മദ് ആമുഖമെഴുതിയ സമാഹാരത്തില്‍ 500ഓളം കവിതകളാണ് ഉള്ളത്. വ്യത്യസ്ത വിഷയങ്ങളിലെഴുതിയ 280ല്‍ ഏറെ കവിതകള്‍ക്കൊപ്പം ചില വിഷയങ്ങളെ പിന്‍പറ്റിയെഴുതിയ ഒന്നിലേറെ കവിതകളും ഉള്‍പ്പെടുന്നു. സചിത്രകവിതകളാണ് പുസ്തകത്തിലുള്ളത്. മൈത്രി പരസ്യ ഏജന്‍സിയിലെ ആര്‍ട്ട് ഡയറക്ടര്‍മാരായ ടി എ രാജേഷ്, കെ എസ് സുധീഷ്, സനില്‍ ചിത്രഭാനു, എം പി ഗിരീഷ് എന്നിവരുടേതാണ് ചിത്രങ്ങള്‍. നിസാര്‍ മുഹമ്മദാണ് കവര്‍പേജ് ഒരുക്കിയിരിക്കുന്നത്. തയാറാക്കിയ ഒന്നിലേറെ കവര്‍പേജുകളില്‍നിന്ന് ഫേസ്ബുക്ക് സുഹൃത്തുക്കളാണ് ഒന്ന് തിരഞ്ഞെടുത്തത്.

വാക്കുകളിലും വരിയിലുമായി വലിയ ആശയം വിനിമയം ചെയ്യേണ്ട പരസ്യ മേഖലയിലാണ് അജിത് കുമാര്‍ ജോലി ചെയ്യുന്നത്. ഈ ചുരുക്കിയെഴുത്തു ശീലം ഹൈക്കു കവിതകളെഴുതാനും പരസ്യരംഗത്തും ഒരുപോലെ സഹായമാകുന്നുവെന്ന് അജിത് പറയുന്നു. എറണാകുളത്ത് മൈത്രി പരസ്യ ഏജന്‍സിയിലെ സീനിയര്‍ എഡിയേഷന്‍ ഡയറക്ടറാണ്. മൂന്നു തവണ പെപ്പര്‍ അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്.

പന്തളം സ്വദേശിയാണ് അജിത്. ഭാര്യ മീര കൃഷ്ണന്‍.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top