26 April Friday

നിപിന്റെ വരയില്‍ വിരിഞ്ഞ 'നൊസ്റ്റാള്‍ജിയത്തിന്റെ പുസ്‌തകം' 17ന് പ്രകാശനം ചെയ്യും

വെബ് ഡെസ്‌ക്Updated: Sunday Jul 10, 2016

കൊച്ചി > സോഷ്യല്‍ മീഡിയയില്‍ നിപിന്‍ നാരായണന്‍ വരയിലും വരിയിലും ഇഴചേര്‍ത്ത ഗൃഹാതുരത്വവും പ്രതിഷേധവും പുസ്‌തക രൂപത്തില്‍ 17ന് പ്രകാശനം ചെയ്യും. എറണാകുളം മഹാരാജാസ് കോളേജില്‍ ഉച്ചയ്ക്ക് രണ്ടിന് സംവിധായകന്‍ ആഷിക് അബു ആണ് 'നൊസ്റ്റാള്‍ജിയത്തിന്റെ പുസ്‌തകം' പ്രകാശനം ചെയ്യുന്നത്. തൃശൂര്‍ കേന്ദ്രമായുള്ള ത്രീ തൌസന്റ് ബിസി സ്ക്രിപ്റ്റ് മ്യൂസിയം ആണ് പ്രസാധകര്‍.

പെരുമ്പാവൂരില്‍ കൊലചെയ്യപ്പെട്ട ജിഷയ്ക്ക് നീതിതേടിയുള്ള പ്രതിഷേധങ്ങളില്‍ നിപിന്‍ നാരായണന്റെ സൃഷ്ടികള്‍ വലിയ ശ്രദ്ധനേടിയിരുന്നു. 'പെരുമ്പാവൂരില്‍നിന്ന് നമ്മുടെയൊക്കെ വീടുകളിലേയ്ക്ക് അധികം ദൂരമില്ലെന്നാണ് പറഞ്ഞുകേള്‍ക്കുന്നത്' എന്ന ശീര്‍ഷകത്തില്‍ ചെയ്ത പോസ്റ്റ് വലിയ പിന്തുണനേടിയിരുന്നു. റാഗിങ്ങിന് ഇരയായ മലയാളി പെണ്‍കുട്ടി അശ്വതിക്കുവേണ്ടിയും നിപിന്‍ തന്റേതായ ശൈലിയില്‍ പ്രതികരിച്ചു.

പ്രണയവും മഴയും രാഷ്ട്രീയവും പ്രതിഷേധവും വിവിധ വര്‍ണ്ണങ്ങളുള്ള വരയിലും വരിയിലും കോറിയിടുന്ന നിപിന്റെ സൃഷ്ട്ടികള്‍ക്ക് വലിയ സ്വീകാര്യതയാണ് സോഷ്യല്‍മീഡിയയില്‍ കിട്ടുന്നത്. പ്രതിഷേധത്തിന്റെ ചാട്ടുളി പ്രയോഗവും ഗൃഹാതുരത്വത്തിന്റെ നനുത്ത സ്പര്‍ശവും ഒത്തുചേരുന്നതാവും 'നൊസ്റ്റാള്‍ജിയത്തിന്റെ പുസ്തകം'. 180 പേജുകളിലായാണ് കെട്ടിലും മട്ടിലും പുതുമയുള്ള പുസ്തകം പുറത്തിറങ്ങുക. ഒരുപക്ഷേ, ഇതാവും ചരിത്രത്തിലെ ആദ്യത്തെ ഇല്ലസ്ട്രേറ്റഡ് സീരിസ്.

ഫേസ്ബുക്കില്‍ മാത്രം ഞായറാഴ്ചവരെ 47, 311 ഫോളോവര്‍മാരുണ്ട് നിപിന്. ഇവരിലൂടെ ലക്ഷക്കണക്കിന് മലയാളികളിലേക്കാണ് നിപിന്റെ വരകള്‍ ഓരോദിവസവും എത്തുന്നത്. മറന്നുപോവുന്നതിനേക്കാള്‍ സങ്കടമെന്താണ്, തീയിലെരിക്കപ്പെട്ട രാജ്യങ്ങളെക്കുറിച്ച്, വിഷു വിഷു ഒരു വിഷു തന്നെയായിരുന്നു, കളി വൈകുന്നേരങ്ങളില്‍, കോഴിക്കോടന്‍ ഡയറീസ്, അതുകൊണ്ട് തന്നെയാണ് ഞാനുമൊരു കമ്യൂണിസ്റ്റാവുന്നത്, പെണ്ണേ നാം ഒരുമിച്ച് തുടങ്ങിയ സമീപകാല രചനകളെല്ലാം നവമാധ്യമങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെട്ടു.

ഇരുപത്തിമൂന്നുകാരനായ നിപിന്‍ പയ്യന്നൂര്‍ വെള്ളോറ സ്വദേശിയാണ്. പയ്യന്നൂര്‍ കോളേജ് മാഗസിന്‍ എഡിറ്ററായിരിക്കെ തയ്യാറാക്കിയ ‘'കത്രിക ചുണ്ടുചേര്‍ത്തുമ്മവച്ചപ്പോള്‍ മുറിഞ്ഞുപോയ ഫ്രെയിം' എന്ന മാഗസിന്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നു. ഡിസൈനിങ്, കാര്‍ട്ടൂണ്‍ മേഖലയിലാണ് നിപിന്റെ പ്രവര്‍ത്തനം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top