25 April Thursday

അശാന്തിയുടെ കാലത്തെക്കുറിച്ച്

ഡോ. മീന ടി പിള്ളUpdated: Sunday Apr 10, 2016

തെറ്റുകളില്‍നിന്ന് പഠിക്കാന്‍ കൂട്ടാക്കാത്ത വ്യവസ്ഥയെ ജനാധിപത്യം എന്ന് വിളിക്കാന്‍ പാടില്ല. പിഴവുകള്‍ തിരുത്തിയും ഘടനകള്‍ നവീകരിച്ചും അധികാരസ്ഥാപനങ്ങളെ ജനങ്ങള്‍ക്കുവേണ്ടി പരിഷ്കരിച്ചും മുന്‍പോട്ടുനീങ്ങാത്ത പടിഞ്ഞാറന്‍ ജനാധിപത്യരാഷ്ട്രങ്ങള്‍ക്കെതിരെ നിശിതവിമര്‍ശവുമായി വീണ്ടും എത്തുന്നു ‘സെലിബ്രിറ്റി പട്ടികയില്‍ പെടുത്താവുന്ന അപൂര്‍വം സാമ്പത്തികശാസ്ത്രജ്ഞരില്‍ ഒരാളായ തോമസ് പിക്കെറ്റി. ജനാധിപത്യം എന്നും സ്വേച്ഛാധിപത്യത്തേക്കാള്‍ ഒരുപടി മുമ്പില്‍നിന്നത് പുണ്യാളന്മാരായ നേതാക്കള്‍ ഉണ്ടായിട്ടല്ല, മറിച്ച് ജനനായകന്മാര്‍ അജീര്‍ണം ബാധിച്ച ജീര്‍ണാവശിഷ്ടങ്ങള്‍ ആകുമ്പോള്‍ അവരെ ചവറ്റുകുട്ടകളില്‍ വലിച്ചെറിയാന്‍ പറ്റുന്നതുകൊണ്ടാണ് എന്ന് ശക്തമായി പ്രഖ്യാപിക്കുന്നു പിക്കെറ്റി തന്റെ ഏറ്റവും പുതിയ കൃതിയായ 'ക്രോണിക്കിള്‍സ് ഓണ്‍ ഔര്‍ ട്രബിള്‍ഡ് ടൈംസി'ല്‍.   ഒരു ദശകത്തോളം ഫ്രഞ്ച് ദിനപത്രങ്ങളിലെ പംക്തികളില്‍ എഴുതിയ ലേഖനങ്ങള്‍ സമാഹരിച്ച് ഇറക്കിയ കൃതി പുതിയ ആശയങ്ങള്‍ മുമ്പോട്ടുവയ്ക്കുന്നില്ല. പക്ഷേ തീക്ഷ്ണമായ വാക്കുകളും വിഗ്രഹഭഞ്ജനാത്മകമായ കാഴ്ചപ്പാടുംവഴി നാം ജീവിക്കുന്ന കാലത്തെ, ചോദ്യങ്ങളുടെ മുള്‍മുനയില്‍ നിര്‍ത്തുന്നു. 

മൂന്നുവര്‍ഷം മുമ്പ് വായനാലോകത്തെ പിടിച്ചുകുലുക്കിയ പിക്കെറ്റിയുടെ  'ക്യാപിറ്റല്‍ ഇന്‍ ദി ട്വെന്റിഫസ്റ്റ് സെഞ്ച്വറി' (മൂലധനം ഇരുപത്തൊന്നാം നൂറ്റാണ്ടില്‍) എന്ന കൃതിയുടെ ചുവടുപിടിച്ചെത്തുന്ന പുസ്തകം തെല്ല് ആവര്‍ത്തനവിരസത പകരുന്നതാണെങ്കിലും മുഷിപ്പിക്കില്ല. ചെറിയശതമാനം വരുന്ന വരേണ്യവര്‍ഗത്തിന്റെ പിടിയില്‍ അമരുന്ന ലോകത്തെ ഏറിയ പങ്കുവരുന്ന സമ്പത്ത് ജനാധിപത്യമൂല്യങ്ങളെ ചുട്ടുകരിച്ചുകൊണ്ട് പ്രഭുവാഴ്ചയുടെ കാലത്തേക്ക് മുതലാളിത്തത്തെ കൊണ്ടെത്തിക്കും എന്ന ആശയമാണ് ഈ രണ്ടു കൃതികളിലും പിക്കെറ്റി മുമ്പോട്ടുവയ്ക്കുന്നത്. നമ്മള്‍ക്ക് ചുറ്റും അരങ്ങേറുന്ന പല  സമകാലീന സംഭവവികാസങ്ങളും ഈ വാദത്തെ സാധൂകരിക്കുന്നു. സമ്പദ്വ്യവസ്ഥയെക്കാളും വേഗത്തില്‍ വളരുന്ന സമ്പത്ത് കൊടിയ അസമത്വങ്ങളിലേക്കാണ് ജനങ്ങളെ കൊണ്ടെത്തിക്കുന്നത്.

2007–08 കാലയളവില്‍ നിലനിന്നിരുന്ന ആഗോള സാമ്പത്തിക മാന്ദ്യത്തില്‍നിന്നാണ് പിക്കെറ്റി തുടങ്ങുന്നത്. എന്നാല്‍, ഈ കൃതിയില്‍ ഏറെക്കുറെ നിറഞ്ഞുനില്‍ക്കുന്നത് യൂറോപ്യന്‍ സാമ്പത്തികമാന്ദ്യവും യൂറോ പ്രതിസന്ധിയുമാണ്. പത്തൊമ്പതു രാജ്യങ്ങള്‍ യൂറോ എന്ന ഒരു നാണയം പങ്കിടുന്നെങ്കിലും ഈ രാജ്യങ്ങളുടെ നികുതിഘടനയും സാമ്പത്തികനയങ്ങളും തീര്‍ത്തും വ്യത്യസ്തമാണ്. ദേശീയ സ്വത്വബോധങ്ങള്‍ മാറ്റിനിര്‍ത്തി യൂറോപ്പ് എന്ന ഏകീകൃത രാഷ്ട്രത്തിന് വേണ്ടി സ്വപ്നംകാണുന്നത് ഈ പുസ്തകത്തില്‍ ഉടനീളം നിറഞ്ഞുനില്‍ക്കുന്നു. പക്ഷേ ഇത് പല ഭാഷകളും സംസ്കാരങ്ങളും കൈക്കൊള്ളുന്ന യൂറോപ്പിലെ  പല പ്രദേശങ്ങളിലെയും സാധാരണ ജനങ്ങള്‍ക്ക് സ്വീകാര്യമാണോ എന്നത് വലിയ സംശയംതന്നെയാണ്. എന്നിരുന്നാലും ആഗോള മുതലാളിത്തം ലോകത്ത് സൃഷ്ടിക്കുന്ന പ്രതിസന്ധികള്‍ തന്നെയാണ് പിക്കെറ്റി ആത്യന്തികമായി ലക്ഷ്യമിടുന്നത്. ഒരു വിലക്കുമില്ലാതെ കമ്പോളങ്ങള്‍ വാഴാന്‍ അനുവദിക്കുന്ന ജനാധിപത്യ രാജ്യങ്ങള്‍ ഇന്ന് അഭിമുഖീകരിക്കുന്ന വലിയ ഒരു പ്രശ്നം ഉണ്ട്. സമ്പത്തിന്റെ ഏറിയ പങ്കും കൈപ്പിടിയിലാക്കുന്ന ഒരു ചെറിയ ശതമാനം ആളുകളും അവര്‍ നടത്തുന്ന പ്രഭുവാഴ്ചയും.  9000 രൂപ വായ്പ എടുക്കുന്ന കര്‍ഷകര്‍ അത് തിരിച്ചടയ്ക്കാനാകാതെ ആത്മഹത്യചെയ്യുമ്പോള്‍ 9000 കോടി എടുത്തവര്‍ ആഡംബര ജീവിതശൈലിയുടെ കൊടുമുടിയില്‍ കയറിനില്‍ക്കുന്ന രാജ്യത്ത് ഏറെ പ്രസക്തമാകുന്നു പിക്കെറ്റിയുടെ നിരീക്ഷണം. 

ഫ്രഞ്ച് ഇടതുപക്ഷപത്രമായ ലിബറേഷനില്‍ പത്ത് വര്‍ഷത്തോളം എഴുതിയ പംക്തികളാണ് ഇംഗ്ളീഷിലേക്ക് പരിഭാഷപ്പെടുത്തി പിക്കെറ്റി തെരഞ്ഞെടുത്ത് സമാഹരിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ അക്കാദമിക് നാട്യങ്ങള്‍ ഒന്നുംതന്നെ ഇല്ലാത്ത ചെറിയ അധ്യായങ്ങളും ലളിതമായ മാധ്യമഭാഷയും ഈ പുസ്തകത്തെ സാധാരണ ജനങ്ങളിലേക്ക് കൂടുതല്‍ എത്തിക്കും. വിവര്‍ത്തനം നടത്തിയത് സെത് അകെര്‍മെന്‍ ആണ്.   വൈകിംഗ് ആണ് പ്രസാധകര്‍.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top