20 April Saturday

മാര്‍ക്സിസം വന്ന വഴി

വി ബി പരമേശ്വരന്‍Updated: Sunday Apr 10, 2016

ലോകമുതലാളിത്തം സാമ്പത്തികക്കുഴപ്പത്തിലേക്ക് എടുത്തുചാടുമ്പോഴെല്ലാം ഏറ്റവും കൂടുതല്‍ വായിക്കപ്പെടുന്ന ഗ്രന്ഥങ്ങള്‍ കാള്‍ മാര്‍ക്സും എംഗല്‍സും എഴുതിയ കൃതികളാണെന്നത് ഇവര്‍ മുന്നോട്ടുവച്ച ആശയങ്ങള്‍ക്ക് പ്രസക്തി വര്‍ധിച്ചുവരികയാണെന്നതിന്റെ തെളിവാണ്. ബൈബിള്‍ കഴിഞ്ഞാല്‍ ഏറ്റവും വിറ്റഴിക്കപ്പെട്ട പുസ്തകമായി കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ മാറിയതും ഇതുകൊണ്ടുതന്നെയാണ്. മുതലാളിത്തത്തെക്കുറിച്ച,് അതിന്റെ രീതികളെക്കുറിച്ച് ഏറ്റവും ആഴത്തിലുള്ള പഠനങ്ങള്‍ മാര്‍ക്സിന്റേതാണെന്നതാണ് ഇതിന്റെ കാരണം.

മുതലാളിത്ത സാമൂഹ്യചിന്തയുടെ ഏറ്റവും വളര്‍ച്ച പ്രാപിച്ച രൂപങ്ങളായ ഹെഗലും ഫൊര്‍ബാഹും മറ്റും വളര്‍ത്തിക്കൊണ്ടുവന്ന ജര്‍മന്‍ ക്ളാസിക്കല്‍ ദര്‍ശനത്തോടും ആദംസ്മിത്ത്, റിക്കാര്‍ഡോ എന്നിവരിലൂടെ വളര്‍ന്നുവന്ന ഇംഗ്ളണ്ടിലെ അര്‍ഥശാസ്ത്രത്തോടും റോബര്‍ട്ട് ഓവനും സാങ്സിമോണും ഫ്യൂരിയറും വളര്‍ത്തിക്കൊണ്ടുവന്ന സാങ്കല്‍പ്പിക സോഷ്യലിസ്റ്റ് ആശയങ്ങളോടും ഏറ്റുമുട്ടിയാണ് മാര്‍ക്സും എംഗല്‍സും മാര്‍ക്സിസം വികസിപ്പിച്ചെടുത്തത്. പല ബൂര്‍ഷ്വാപണ്ഡിതരും വിശേഷിപ്പിക്കുന്നതുപോലെ മേല്‍പറഞ്ഞവരുടെ ആശയങ്ങള്‍ അതേപടി സ്വീകരിച്ചുകൊണ്ടല്ല, മറിച്ച് അവയില്‍ നിന്ന് ഉള്‍ക്കൊള്ളേണ്ടത് സ്വീകരിച്ചും അതിന്റെ ദൌര്‍ബല്യങ്ങള്‍ ചൂണ്ടിക്കാട്ടി തള്ളേണ്ടവ തള്ളിയും പുതിയൊരു വിമോചനസിദ്ധാന്തം അവതരിപ്പിക്കുകയായിരുന്നു മാര്‍ക്സും എംഗല്‍സും.  കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ പ്രസിദ്ധീകരിക്കുന്നതിന് മുമ്പുതന്നെ ഇരുവരും എഴുതിയ ലേഖനങ്ങളും കുറിപ്പുകളും ഈ വസ്തുതയിലേക്കാണ് വിരല്‍ചൂണ്ടുന്നത്. ഇവയെല്ലാം അപഗ്രഥിച്ച് മാര്‍ക്സിസം എങ്ങനെയാണ് വളര്‍ന്നുവന്നതെന്ന് പരിശോധിക്കുന്ന ഗ്രന്ഥമാണ് സി പി നാരായണന്‍ രചിച്ച മാര്‍ക്സിസത്തിന്റെ ഉറവിടങ്ങള്‍. മൂന്ന് ദശാബ്ദംമുമ്പ് പ്രസിദ്ധീകരിച്ച ഗ്രന്ഥത്തിന്റെ രണ്ടാം പതിപ്പാണിപ്പോള്‍ ചിന്ത പബ്ളഷേഴ്സ് പുറത്തിറക്കിയിട്ടുള്ളത്. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്ക് ശേഷമാണ് രണ്ടാംപതിപ്പ് പുറത്തിറങ്ങുന്നത്.

ആദ്യപതിപ്പിനെഴുതിയ ആമുഖത്തില്‍ ഗ്രന്ഥകാരന്‍ പറയുമ്പോലെതന്നെ  വളരെയൊന്നും വിദ്യാഭ്യാസമില്ലാത്തവരും എന്നാല്‍ മാര്‍ക്സിസത്തെക്കുറിച്ച് കഴിയുന്നത്ര അറിവ് നേടണമെന്ന് ആഗ്രഹിക്കുന്നവരുമായ സാധാരണക്കാരെ ഉദ്ദേശിച്ചുള്ളതാണ് ഈ പുസ്തകം. ലോക തൊഴിലാളിവര്‍ഗത്തിന്റെ മോചനപാത തുറക്കുന്ന മാര്‍ക്സിസം അഥവാ ശാസ്ത്രീയ സോഷ്യലിസം വളര്‍ന്നുവന്നതിന്റെ രൂപരേഖയാണ് 224 പേജുള്ള ഈ പുസ്തകം. ഹെഗലിന്റെ ആശയവാദത്തെയും വൈരുധ്യവാദത്തെയും സൂക്ഷ്മമായ പഠനത്തിന് വിധേയമാക്കിയ മാര്‍ക്സ് വിപരീതങ്ങളുടെ അനുരഞ്ജനമെന്ന സിദ്ധാന്തത്തെ എങ്ങനെയാണ് തിരുത്തുന്നത്, മതത്തോടുള്ള വൈരുധ്യാത്മകസമീപനവും മാര്‍ക്സ് വികസിപ്പിച്ചെടുത്തതെങ്ങനെ, ഫൊയര്‍ബാഹിന്റെ ആശയങ്ങളിലെ പോരായ്മകള്‍ തിരുത്തി വൈരുധ്യാത്മക ഭൌതികവാദവീക്ഷണം മാര്‍ക്സ് വളര്‍ത്തിയെടുക്കുന്നത് എങ്ങനെ, സാങ്കല്‍പ്പിക സോഷ്യലിസ്റ്റുകളില്‍നിന്നും യഥാര്‍ഥ സോഷ്യലിസ്റ്റുകളില്‍നിന്നും വ്യത്യസ്തമായി ശാസ്ത്രീയ സോഷ്യലിസ്റ്റ് സിദ്ധാന്തങ്ങള്‍ മാര്‍ക്സും എംഗല്‍സും രൂപംകൊടുക്കുന്നത് എങ്ങനെ എന്നെല്ലാം ഈ പുസ്തകം അതീവ ലളിതമായി വിവരിക്കുന്നു.    അര്‍ഥശാസ്ത്രരംഗത്ത് എംഗല്‍സും മാര്‍ക്സും നടത്തിയ പഠനങ്ങളെയും മുതലാളിത്തത്തിന്റെ സ്വഭാവത്തെയും ശാസ്ത്രീയമായിത്തന്നെ വിശകലനംചെയ്യുന്നതിനെക്കുറിച്ചും ഈ ഗ്രന്ഥം വിശദമായി പ്രതിപാദിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ മാര്‍ക്സിസം എങ്ങനെയാണ് 19–ാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ യൂറോപ്പില്‍ വളര്‍ന്ന് വികസിച്ചത് എന്ന് മനസ്സിലാക്കാനും മാര്‍ക്സിസത്തെക്കുറിച്ച് ബൂര്‍ഷ്വാ അര്‍ഥശാസ്ത്രകാരന്മാരും ദാര്‍ശനികരും പ്രചരിപ്പിക്കുന്ന തെറ്റായ വാദഗതികളുടെ പൊള്ളത്തരം മനസ്സിലാക്കാനും ഈ കൃതി ഉപകരിക്കും. മാര്‍ക്സിസത്തെക്കുറിച്ച് പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ അവശ്യം വായിച്ചിരിക്കേണ്ട ഒരു പുസ്തകമാണിതെന്ന് നിസ്സംശയം പറയാം.  


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top