04 June Sunday

വേരുകള്‍ അറ്റുപോയവരുടെ കഥ

ഡോ. മീന ടി പിള്ളUpdated: Sunday Jan 10, 2016

തുര്‍ക്കിഷ് നോവലിസ്റ്റും നൊബേല്‍ ജേതാവുമായ ഒര്‍ഹാന്‍ പാമുക്കിന്റെ പുസ്തകങ്ങള്‍ക്കായി വായനലോകം എപ്പോഴും കാത്തിരിക്കാറുണ്ട്. ആറു വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും ഒരു പുതിയ നോവലുമായി അദ്ദേഹം എത്തിയിരിക്കുന്നു. 'എ സ്‌ട്രയിന്‍ജ്നെസ് ഇന്‍ മൈ മൈന്‍ഡ്'’ഇസ്താംബുളിലെ ഒരു ദരിദ്രബാലന്റെ കഥയാണ് പറയുന്നത്. ഗോതമ്പില്‍നിന്ന് വാറ്റിയെടുത്ത  ബോസ എന്ന പാനീയവും മോരും തെരുവുകളില്‍ വിറ്റ് ജീവിക്കുന്ന ഈ 12 വയസ്സുകാരന്‍ ദാരിദ്യ്രംകാരണം തന്റെ പ്രിയപ്പെട്ട ഗ്രാമംവിട്ട് നഗരത്തിലേക്ക് കുടിയേറിപ്പാര്‍ത്തവനാണ്. അങ്ങനെ അവന്‍ നഗരത്തിന്റെയും തെരുവോരങ്ങളുടെയും സന്തതിയാകുന്നു.

നഗരം മാറുന്നതോടെ ബാലന്റെ ജീവിതവും മാറുന്നു. നഗരവാസികള്‍ക്ക് പുത്തന്‍ ശീതളപാനീയങ്ങളും ഐസ്ക്രീമും മറ്റും മതി. അങ്ങനെ തന്റെ തൊഴില്‍ പുതിയമേഖലകളിലേക്ക് വ്യാപിപ്പിക്കാന്‍ നിര്‍ബന്ധിതനാകുന്ന നായകനെ അവസാനം പ്രണയം കീഴ്പ്പെടുത്തുന്നു. എന്നാല്‍, ഇതൊരു സാധാരണ പ്രണയകഥയല്ലതാനും. അതി നാടകീയമായ പല മുഹൂര്‍ത്തങ്ങള്‍ക്കുശേഷം താന്‍ സ്നേഹിക്കുന്ന പാനീയത്തോട് വിടപറഞ്ഞതുപോലെ താന്‍ സ്നേഹിച്ച പെണ്‍കുട്ടിയെയും മറക്കേണ്ടിവരുന്നു.

ബാല്യത്തില്‍നിന്ന് കൌമാരത്തിലേക്കും പിന്നെ യൌവനത്തിലേക്കും കടക്കുന്ന നായകനിലൂടെ പാമുക് തുര്‍ക്കി എന്ന രാജ്യത്തിന്റെ കഥയാണ് പറയുന്നത്. ആ നാട്ടിലെ സാധാരണക്കാരുടെ ജീവിതത്തിലൂടെ ആ നാടിന്റെ ആധുനികചരിത്രം അനാവരണം ചെയ്യുന്നു നോവലിസ്റ്റ്. അരനൂറ്റാണ്ടോളം നീണ്ടുനില്‍ക്കുന്ന നഗരവുമായിട്ടുള്ള ബന്ധത്തിന്റെ അവസാനഘട്ടത്തില്‍ നായകന്‍ തീര്‍ത്തും നിരാശനാണ്. നഗരം പാടെ മാറിക്കഴിഞ്ഞിരിക്കുന്നു. അവിടത്തെ സംസ്കാരവും ഭാഷകളും ഭക്ഷണശീലങ്ങളും പാനീയങ്ങളും വസ്ത്രധാരണവും ഒക്കെത്തന്നെ വല്ലാത്ത ഒരു അന്യഥാബോധമാണ് അയാളില്‍ സൃഷ്ടിക്കുന്നത്. ഈ സ്ഥലത്തും കാലത്തും താന്‍ പ്രസക്തമല്ല എന്നര്‍ഥം വരുന്ന വില്യം വേര്‍ഡ്സ്വര്‍ത്തിന്റെ പ്രസിദ്ധമായ കവിതാശകലത്തില്‍നിന്ന് കടംവാങ്ങിയ ശീര്‍ഷകം അന്വര്‍ഥമാക്കുന്നതാണ് ഈ കഥ. പ്രണയവും കരുണയും വൈരവും ഒക്കെത്തന്നെ ഉണ്ടെങ്കിലും ശോകമാണ് പാമുക്കിന്റെ എഴുത്തിന്റെ സ്ഥായീഭാവം. ഒരു നഗരത്തിന്റെ ശോകാര്‍ദ്രമായ ഭാവങ്ങള്‍ ഒക്കെത്തന്നെയും വളരെ സഹാനുഭൂതിയോടെ ഒപ്പിയെടുത്തിരിക്കുന്നു നോവലിസ്റ്റ്. എന്നാല്‍, മുഴുനീളം നിറഞ്ഞുനില്‍ക്കുന്ന ഈ വിഷാദം ഇടയ്ക്കെങ്കിലും വായന അല്‍പ്പം വിരസമാക്കുന്നുണ്ട്.

ഒട്ടോമാന്‍ കാലഘട്ടത്തിലെ രുചിമേളങ്ങളുടെയും തെരുവുഭക്ഷണങ്ങളുടെയും ഒരു കലവറയാണ് ഈ കൃതി. ഒരു കാലത്ത് ചെറുപട്ടണങ്ങളുടെ സിരാകേന്ദ്രങ്ങളായിരുന്നു ഈ വ്യാപാരങ്ങള്‍. വലിയ ജനാവലികള്‍ ചുറ്റും രൂപപ്പെടുന്നതോടെ അവരും അവരുടെ ജീവിതങ്ങളും പട്ടണപ്രാന്തങ്ങളിലേക്ക് തള്ളിനീക്കപ്പെട്ട കഥയാണ് പാമുക് പറയാന്‍ ശ്രമിക്കുന്നത്. പ്ളാസ്റ്റിക് ഫോര്‍ക്കുകളുപയോഗിച്ച് പ്ളാസ്റ്റിക് പ്ളേറ്റുകളില്‍ കഴിക്കുന്ന ഫാസ്റ്റ് ഫുഡ്’സംസ്കാരം നഗരത്തെ മലീമസമാക്കുകയും അവരുടെ പുരാതന ഭക്ഷണങ്ങള്‍ ഫാഷന് നിരക്കാത്തതാക്കുകയും ചെയ്തപ്പോള്‍ അവര്‍ വലിച്ചെറിഞ്ഞ എച്ചിലിന്റെ വിലപോലും ഇല്ലാതെയായി ഈ പാവങ്ങളുടെ ജീവിതങ്ങള്‍ക്ക്.

ഒരു സംസ്കാരത്തിന്റെ നീരുറവകള്‍ വറ്റിവരളുമ്പോഴാണ് ഒരു നാട്ടിലെ പുരാതന പാനീയങ്ങളുടെ മധുരം നാവില്‍നിന്ന് അകലുന്നതും നഷ്ടമാകുന്നതും. ഗോതമ്പ് വിളഞ്ഞ പാടങ്ങള്‍ മണ്‍മറഞ്ഞതോടെ അത് നാടിനു നല്‍കിയ കരുത്തും രുചികളും നഷ്ടമാകുന്നു. പരമ്പരാഗതപാനീയങ്ങള്‍ വിറ്റുനടന്നവരുടെ ആര്‍ദ്രമായ വിളികള്‍ തെരുവുകളില്‍ കേള്‍ക്കാതാകുന്നു. ആ വിളികള്‍ തേടിയുള്ള യാത്രയാണ് ഈ നോവല്‍. വേരുകള്‍ അറ്റുപോയവരുടെ കഥയാണ് ഇത്. നഗരം കുടിയേറ്റക്കാരുടെ ലോകമായി മാറുമ്പോള്‍, പാശ്ചാത്യവല്‍ക്കരണത്തിന്റെ നോവുകള്‍ പേറുമ്പോള്‍, അതോടൊപ്പം മതഭ്രാന്തുകള്‍ക്ക് അടിമപ്പെടുമ്പോള്‍ ഉണ്ടാകുന്ന വലിയ ഭൂകമ്പങ്ങളല്ല മറിച്ച് അത് നല്‍കുന്ന കൊച്ചുകൊച്ചു നോവുകളും നൊമ്പരങ്ങളുമാണ് ഈ പുസ്തകത്തിന്റെ പ്രമേയം. ഇസ്താംബുള്‍ നഗരത്തെക്കുറിച്ചുള്ള ഒരു വിജ്ഞാനകോശം എന്നാണ് പല തുര്‍ക്കിഷ് നിരൂപകരും ഈ കൃതിയെ വിശേഷിപ്പിച്ചത്. 

പാമുക്കിന്റെ ഒമ്പതാമത്തെ നോവലായ ഈ കൃതിക്ക് സ്നോ പോലെയുള്ള നോവലുകളുടെ കരുത്തില്ലെങ്കില്‍ക്കൂടി വായിച്ചിരിക്കേണ്ട ഒരു കൃതിയാണ് ഇത്. തുര്‍ക്കിഷ് ഭാഷയില്‍നിന്ന് വിവര്‍ത്തനംചെയ്തിരിക്കുന്നത് എകിന്‍ ഒക്ളാപാണ്. ഫേബെര്‍ ആന്‍ഡ് ഫേബെറാണ് പ്രസാധകര്‍.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top