25 April Thursday

നിലനില്‍പ്പിനായുള്ള പോരാട്ടങ്ങളുടെ കഥ

കെ പി മോഹനന്‍Updated: Monday Oct 9, 2017

പലതുകൊണ്ടും ശ്രദ്ധേയമായ സാഹിത്യരചനയാണ് വയലാര്‍ രാമവര്‍മ സാഹിത്യപുരസ്കാരത്തിന് അര്‍ഹമായ ടി ഡി രാമകൃഷ്ണന്റെ 'സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി'.സുഗന്ധി മാത്രമല്ല, രാമകൃഷ്ണന്റെ ഏറെ ശ്രദ്ധിക്കപ്പെട്ട മറ്റ്രണ്ടു രചനകളും പലതലങ്ങളില്‍ സവിശേഷതയാര്‍ന്നവയാണ്.

'ആല്‍ഫ' എന്ന ആദ്യരചനയ്ക്കുശേഷം രാമകൃഷ്ണനെ ശ്രദ്ധേയനാക്കിയത് 'ഫ്രാന്‍സിസ് ഇട്ടിക്കോര' എന്ന രചനയാണല്ലോ. കുന്നംകുളത്തെ കേന്ദ്രമാക്കി അവിടെനിന്ന് വിവിധ ദേശങ്ങളിലേക്കും വിവിധ കാലങ്ങളിലേക്കും വിവിധ വിഷയങ്ങളിലേക്കും സഞ്ചരിക്കുന്ന ഒരു രചനയാണ് ഫ്രാന്‍സിസ് ഇട്ടിക്കോര. നോവല്‍ വായിച്ചുതീരുമ്പോള്‍ ഇട്ടിക്കോര കാലങ്ങളിലൂടെ കൊല്ലാനാകാതെ, കരുത്താര്‍ജിക്കുന്ന ഒരു ആസുരശക്തിയുടെ ബൃഹദ്രൂപകമായി മാറുന്നു. ഏത് പുതിയ സാങ്കേതികവിദ്യയും സ്വായത്തമാക്കി കാലത്തിനൊത്ത് രൂപംമാറാന്‍ കഴിയുന്ന മൂലധനശക്തിയുടെ ഒരു പ്രതിരൂപമായി ഇട്ടിക്കോര മാറുന്നു.

നോവലിലുടനീളം ഹിംസയുടെ ഒരു അന്തരീക്ഷം നിറയ്ക്കാന്‍ ടി ഡി രാമകൃഷ്ണന് കഴിയുന്നുണ്ട്. നവ സൈബര്‍ലോകത്തിന്റെ എല്ലാ സാധ്യതയും പ്രയോജനപ്പെടുത്തുന്ന ഒരു രചനാശൈലി  നോവല്‍ സ്വീകരിക്കുന്നു.
ഭാഷപോലും മിക്കപ്പോഴും സൈബര്‍ ചുരുക്കെഴുത്തുകളായി മാറുന്നു. ടി ഡി രാമകൃഷ്ണന്റെ നോവലുകളെ ശ്രദ്ധയമാക്കുന്നത് അവയ്ക്കുപിറകില്‍ ഗ്രന്ഥകാരന്‍ നടത്തുന്ന പ്രശംസനീമായ ഗൃഹപാഠരൂപീകരണമാണ്.

ഫ്രാന്‍സിസ്  ഇട്ടിക്കോരയില്‍നിന്നുള്ള പ്രകടമായ വളര്‍ച്ചയാണ് സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകിയില്‍ കാണുന്നത്. ഗൃഹപാഠരൂപീകരണം ഒന്നുകൂടി വളര്‍ന്ന് ശക്തമാകുന്നു. ഒരേസമയം, ഇത് ആണ്ടാള്‍ ദേവനായകിയുടെയും ശ്രീലങ്കയിലെ തമിഴ് വിമോചനപ്പോരാട്ടങ്ങളുടെയും കഥയായി മാറുന്നു. 'പുറത്താക്കപ്പെടലിന്റെ' ഒരു പുതിയ കാലത്ത് പുറത്താക്കപ്പെട്ടവരുടെ ലോകങ്ങളില്‍പോലും എങ്ങനെ മറ്റൊരു തരത്തിലുള്ള പുറത്താക്കല്‍ നടക്കുന്നു എന്നാണ് ടി ഡി രാമകൃഷ്ണന്‍ പറയാന്‍ ശ്രമിക്കുന്നത്.

 തീവ്രതയാര്‍ന്ന തമിഴ് സ്വത്വപാരമ്പര്യങ്ങളോടൊപ്പം ശ്രീലങ്കന്‍ തമിഴ് പോരാട്ടത്തിന്റെയും കഥയാണ് സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി. ഒന്നാലോചിച്ചാല്‍ ശ്രീലങ്കന്‍ തമിഴ് പോരാട്ടങ്ങളുടെ മാത്രമല്ല, ലോകത്തെമ്പാടും നടക്കുന്ന പ്രാന്തവല്‍ക്കൃത ദേശീയതകളുടെ നിലനില്‍പ്പിനുവേണ്ടിയുള്ള പോരാട്ടങ്ങളുടെ കഥകൂടിയാണ് ആണ്ടാള്‍ ദേവനായകി. ഇട്ടിക്കോരയെപ്പറ്റി പറഞ്ഞപോലെതന്നെ വ്യത്യസ്ത കാലസീമകളിലൂടെയുള്ള ഒരു സ്വതന്ത്രസഞ്ചാരമാണ് ദേവനായകിയും.
മനുഷ്യര്‍ പെരുമാറുന്ന ഇടങ്ങളിലൊക്കെ അധികാരഘടനകളും എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി വ്യക്തമാക്കുന്നുണ്ട്. ചരിത്രത്തില്‍ സ്ത്രീ ആരായിരുന്നുവെന്ന് രാമകൃഷ്ണന്‍ അന്വേഷിക്കുന്നുണ്ട്- ദ്രാവിഡ സാംസ്കാരികത്തനിമയുടെ വളക്കൂറുള്ള മണ്ണില്‍ വളര്‍ന്ന ഈ കഥ പെണ്‍പെരുമയുടെ സുഗന്ധംകൂടി വ്യഞ്ജിപ്പിക്കുന്നുണ്ട്.

എല്ലാം പറയുമ്പോള്‍ ഒരു ചോദ്യം ബാക്കിയാകും- നമ്മുടെ നോവലിസ്റ്റുകളൊക്കെ കഥയന്വേഷിച്ച് കേരളത്തിനുപുറത്തേക്ക് പോവുകയാണോ? പ്രാദേശികത്തനിമകള്‍ നോവലിന് അന്യമാകുകയാണോ? ഉത്തരം ലളിതമാണ്.

 പ്രാദേശികതയും ദേശീയതയും സാര്‍വദേശീയതയും മാറിമാറി മുന്നോട്ടുവരുന്ന കാലങ്ങളുണ്ടാകും.ഇതൊരുപക്ഷേ സാര്‍വദേശീയതയുടെ കാലമാകാം. ഒരു കേന്ദ്രബിന്ദുവില്‍നിന്ന് വിച്ഛിന്നകേന്ദ്രങ്ങളിലേക്ക് നിരന്തരം സഞ്ചരിക്കേണ്ടിവരുന്ന സാര്‍വദേശീയതയുടെ ഒരു പുതിയ കാലം. സുഗന്ധി അത്തരമൊരു അന്വേഷണമാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top