25 April Thursday

ആര്‍എസ്എസ്: ഇരുണ്ട ചരിത്രവും വര്‍ത്തമാനവും

പ്രേമന്‍ തറവട്ടത്ത്Updated: Sunday Mar 6, 2016

ഇന്ത്യന്‍ ഫാസിസത്തിന്റെ കാലാള്‍പ്പടയായ ആര്‍എസ്എസിന്റെ രാജ്യദ്രോഹപരവും മതതീവ്രവാദപരവുമായ അക്രമോത്സുകചരിത്രത്തെ അടയാളപ്പെടുത്തുകയാണ് കെ ടി കുഞ്ഞിക്കണ്ണന്റെ 'ആര്‍എസ്എസ്: രാജ്യദ്രോഹത്തിന്റെയും വര്‍ഗീയതയുടെയും ചരിത്രവും വര്‍ത്തമാനവും' എന്ന കൃതി. ഫാസിസത്തിന്റെ വഴി, ഇറ്റലിയില്‍നിന്ന് ഇന്ത്യയിലേക്ക്, രാജ്യദ്രോഹത്തിന്റെ ചരിത്രവും പ്രത്യയശാസ്ത്രവും, പ്രോജക്ട് ഹിന്ദുത്വവും സിഐഎ ബന്ധവും, വര്‍ഗീയകലാപങ്ങള്‍, ന്യൂനപക്ഷഹത്യകള്‍, ഗാന്ധിവധവും ആര്‍എസ്എസും, ഗുജറാത്ത് വംശഹത്യ തുടങ്ങി 12 കാലികപ്രസക്തമായ ലേഖനങ്ങളുടെ സമാഹാരമാണിത്.

ഫാസിസത്തിന്റെ ജന്മനാട് ഇറ്റലിയാണ്. പ്രാചീന റോമാ സാമ്രാജ്യത്തിന്റെ പുനഃസ്ഥാപനം ലക്ഷ്യംവച്ച് ബനിറ്റി മുസ്സോളിനി രൂപപ്പെടുത്തിയ സംഘടനയ്ക്കും പ്രത്യയശാസ്ത്രത്തിനും ഒപ്പം നിര്‍ത്താവുന്നതാണ് ജര്‍മന്‍ നാസിസവും ഇന്ത്യന്‍ ഹിന്ദുത്വവും. അക്രമോത്സുക ദേശീയത, വംശീയഭ്രാന്ത് സൈനികവല്‍ക്കരിക്കപ്പെട്ട സംഘടന ഇവയൊക്കെ ഉള്‍ച്ചേര്‍ന്ന സമഗ്രാധിപത്യദര്‍ശനത്തെ ഇപ്പോള്‍ പൊതുവെ ഫാസിസം എന്നാണ് അഭിസംബോധനചെയ്യുന്നത്. കൃത്യമായ രാഷ്ട്രീയ പരിപ്രേക്ഷ്യം മുന്‍നിര്‍ത്തിയാണ് യൂറോപ്യന്‍ ഫാസിസം പ്രവര്‍ത്തിച്ചതെങ്കില്‍ ബ്രാഹ്മണിക് ഹിന്ദുത്വത്തില്‍ അധിഷ്ഠിതമായ സാംസ്കാരിക ദേശീയതയാണ് ഇന്ത്യന്‍ ഫാസിസത്തിന്റെ പ്രത്യയശാസ്ത്ര പരികല്‍പ്പന. ബംഗ്ളാദേശ്, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ ഉള്‍പ്പെടുന്ന ഭൂപ്രദേശത്തെ ഹിന്ദുത്വത്തില്‍ അധിഷ്ഠിതമായ സാംസ്കാരിക ദേശീയതയിലൂടെ യോജിപ്പിച്ച് അഖണ്ഡഭാരതം സൃഷ്ടിക്കലാണ് ആര്‍എസ്എസിന്റെ ലക്ഷ്യമെന്നു പറയുമ്പോഴും യഥാര്‍ഥത്തില്‍ അത് ഇന്ത്യന്‍ ജനതയുടെ ദേശീയ വിമോചനപോരാട്ടത്തെ മതപരമായ വിഭജനത്തിലൂടെ തകര്‍ക്കുക എന്ന കൊളോണിയല്‍ അധിനിവേശ താല്‍പ്പര്യത്തിന്റെ സൃഷ്ടിയാണ്.

യൂറോപ്യന്‍ ഫാസിസവും ഇന്ത്യന്‍ ഫാസിസവും തമ്മിലുള്ള അഗാധമായ ഇഴയടുപ്പത്തെപ്പറ്റിയാണ് ഈ ഗ്രന്ഥത്തിലെ ഒന്നാമധ്യായം പ്രതിപാദിക്കുന്നത്. 1925ല്‍ ഡോ. കേശവ ബലിറാം ഹെഡ്ഗേവാര്‍ ആര്‍എസ്എസ് രൂപീകരിച്ചതിനുശേഷം അതിന്റെ സംഘടനാശൈലിയും രീതിയും രൂപപ്പെടുത്താനുള്ള അറിവ് തേടി ഹെഡ്ഗേവാറിന്റെ ധൈഷണിക ഗുരു ഡോ. ബി എസ് മുഞ്ജ നേരെ പോകുന്നത് ഇറ്റലിയിലേക്കാണ്. ബെനിറ്റോ മുസ്സോളിനിയുടെ സംഘടനാശൈലിയും അഡോള്‍ഫ് ഹിറ്റ്ലറുടെ വംശീയഭ്രാന്തും ആര്‍എസ്എസിന്റെ ഗാത്രത്തിലേക്ക് സംക്രമിപ്പിക്കുന്നത് മുഞ്ജയാണ്. സങ്കുചിത ദേശീയവികാരങ്ങളെ ആളിക്കത്തിക്കുക, വര്‍ണവെറിയും വംശവെറിയും വിജൃംഭിപ്പിക്കുക, അപരമതവിദ്വേഷം പടര്‍ത്തി ആളുകളെ ഉന്മാദചിത്തരാക്കുക, ജനാധിപത്യ സംവിധാനങ്ങളെ തള്ളിപ്പറയുക, വിയോജിപ്പുകളെയും വിമതത്വത്തെയും അരിഞ്ഞുവീഴ്ത്തുക ഇവയൊക്കെ യൂറോപ്യന്‍ ഫാസിസത്തില്‍നിന്നാണ് ഇന്ത്യന്‍ ഫാസിസം സ്വാംശീകരിക്കുന്നത്. ഒന്നാമധ്യായത്തിനൊടുവില്‍ കോര്‍പറേറ്റ് മൂലധനശക്തികളോട് സന്ധിചെയ്ത് രാജ്യത്തിന്റെ സ്വാശ്രയത്വവും പരമാധികാരവും പണയപ്പെടുത്തുന്ന സംഘികളുടെ രാജ്യസ്നേഹത്തിന്റെ കാപട്യം അനാവരണംചെയ്യുന്നുണ്ട്. ഈ പുസ്തകത്തിന്റെ എടുത്തുപറയേണ്ട ഒരു സവിശേഷത സിഐഎയും അമേരിക്കന്‍ ചിന്താകേന്ദ്രങ്ങളുമായി ആര്‍എസ്എസിനുള്ള ബന്ധത്തെ വസ്തുതാപരമായ വിവരങ്ങളിലൂടെ അനാവരണം ചെയ്യുന്നുവെന്നതാണ്.

അസഹിഷ്ണുതയാണ് നവഹിന്ദുത്വത്തിന്റെയും മോഡിത്തത്തിന്റെയും സവിശേഷത. യുക്തിചിന്തയും ശാസ്ത്രീയബോധവും പ്രചരിപ്പിക്കുന്നവരെ തെരഞ്ഞുപിടിച്ച് കൊല്ലുന്നു. ആരെന്ത് ഭക്ഷിക്കണമെന്ന് നാഗ്പുരിലെ ആര്‍എസ്എസ് ആസ്ഥാനത്തിരുന്ന് ചിത്പവന്‍ ബ്രാഹ്മണര്‍ തീരുമാനിക്കുന്നു.

രാജ്യസ്നേഹത്തിന്റെയും സന്നദ്ധപ്രവര്‍ത്തനത്തിന്റെയും മുഖാവരണമിട്ട് പൊതുസമൂഹത്തില്‍ സമ്മതി നേടിയെടുക്കാനുള്ള ആര്‍എസ്എസിന്റെ ശ്രമം അതിന്റെ ആരംഭകാലംമുതല്‍ തുടങ്ങിയതാണ്. ആ പൊയ്മുഖം ഈ ഗ്രന്ഥം വലിച്ചുകീറുന്നുണ്ട്.  ഇന്ത്യയുടെ സ്വാതന്ത്യ്രസമരത്തില്‍നിന്ന് മാറിനില്‍ക്കുകമാത്രമല്ല സാമ്രാജ്യത്വശക്തികളുടെ ഭിന്നിപ്പിച്ച് ഭരിക്കുക എന്ന തന്ത്രത്തിനൊപ്പംനിന്ന് ദേശീയ ഐക്യം ശിഥിലപ്പെടുത്തിയ ജനവഞ്ചനയുടെ ചരിത്രവും ആര്‍എസ്എസിന് സ്വന്തമാണ്. ആര്‍എസ്എസിന്റെ ഇരുണ്ട ചരിത്രവും വര്‍ത്തമാനവും കൂടുതലായി അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആവശ്യമായ നിരവധി ഉപദാനങ്ങളെപ്പറ്റി ഈ കൃതി വിവരം നല്‍കുന്നുണ്ട്. രാഷ്ട്രീയ ഹിന്ദുത്വം ദേശാധികാരം കൈയടക്കിയ ഈ ഇരുള്‍പൂക്കുന്ന കാലത്ത് പ്രതിരോധത്തിന്റെ അക്ഷരച്ചൂട്ടായി വര്‍ത്തിക്കുന്നുണ്ട് ഈ കൃതി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top