23 June Sunday

കൂറ്റ്സേയുടെ ഗ്യാലറിയിൽ

വെബ് ഡെസ്‌ക്‌Updated: Sunday Aug 5, 2018

 ഉപന്യാസങ്ങൾ സർഗാത്മകരചനകളായി മനസ്സിൽ ഇടം നേടാറുണ്ടോ എന്ന ചോദ്യത്തിന് ഉത്തരം പറയുക എളുപ്പമല്ല. തകഴിയുടെയോ കോവിലന്റെയോ പുസ‌്തകങ്ങൾക്കൊത്ത ഷെൽഫ് ലൈഫ് എത്ര ഉപന്യാസഗ്രന്ഥങ്ങൾക്കുണ്ട് എന്നൊന്നും പറയാനാകില്ല. ചില രചനകളാകട്ടെ, ഇത്തരം ശരാശരി തോന്നലുകൾക്കപ്പുറം ഉദാത്തമായ സ്വതന്ത്രജീവിതം കണ്ടെത്തി വ്യാപരിക്കുന്നുമുണ്ട്. അങ്ങനെ പരിഗണിക്കാവുന്ന കൃതിയാണ്, ജെ  എം കൂറ്റ്സേ രചിച്ച ‘വൈകിയെത്തിയ ലേഖനങ്ങൾ'(J M Coetzee – Late Essays; 2017, Penguin Random House, Aus).

ജോൺ മാക്‌സ്‌വെൽ കൂറ്റ്സേ വിചിത്രസ്വഭാവക്കാരനായ നോവലിസ്റ്റാണ്. പൊതുഇടങ്ങളിൽനിന്ന് കഴിയുന്നത്ര ഒഴിഞ്ഞുമാറി അത്യന്തം സ്വകാര്യതയോടെ ജീവിക്കുന്ന അദ്ദേഹത്തിന്റെ അഭിമുഖങ്ങളോ  പ്രസംഗങ്ങളോ പുസ‌്തക ചർച്ചകളോ ലഭ്യമല്ല. സംസാരിക്കാൻ വിമുഖതയുള്ള ആൾ; എഴുത്തിലൂടെമാത്രം സമൂഹത്തോട് ആശയവിനിമയം നടത്തുന്ന  ‘എഴുത്തുകാരൻ'. രണ്ടാംവട്ടം ബുക്കർ സമ്മാനം ലഭിച്ചപ്പോഴും സമ്മാനസ്വീകരണ പ്രഭാഷണം നടത്താൻ അദ്ദേഹം എത്തിയില്ല; 2003ലെ നൊബേൽ പുരസ‌്കാരവേദിയിൽ സ്വീകരണ പ്രഭാഷണം നടത്തുകയുണ്ടായി. ഏതാണ്ട് മുന്നൂറ് വർഷംമുമ്പ് ജീവിച്ച ഡാനിയേൽ ഡീഫോയുടെ രചനകളെ സ‌്പർശിച്ചായിരുന്നു പ്രഭാഷണം. ചുരുക്കത്തിൽ, തനിക്കുചുറ്റുമുള്ള ജീവിതത്തോട് ബന്ധമില്ലാത്ത അവസ്ഥ.
എഴുത്തുകാരൻ ചർച്ചചെയ്യപ്പെടേണ്ടത് അയാളുടെ രചനകളിലൂടെയാണ്; അല്ലാതെ അയാളുടെ പൊതുസമ്പർക്ക പരിപാടിയിലൂടെയല്ല. കൂറ്റ്സേ ആ അർഥത്തിൽ റൊളാങ‌് ബാർത്തിനോട‌് ചേർന്നുനിൽക്കുന്നതായി തോന്നുന്നു. എന്നാൽ, അദ്ദേഹത്തിന്റെ ലേഖനസമാഹാരം ബാർത്തിയൻ  സങ്കല്പത്തെ തകിടം മറിക്കുന്നു. തന്റെ  വായനകളെ  സ്വാധീനിച്ച, വിവിധ കാലദേശങ്ങളിലെ എഴുത്തുകാരെ അവരുടെ രചനകളിലൂടെ പരിചയപ്പെടുത്തുകയാണ് കൂറ്റ്സേ. ചർച്ചയ‌്ക്കെടുക്കുന്ന രചനകൾ എന്തുകൊണ്ട് വിശേഷപ്പെട്ടതാകുന്നു, എന്തെല്ലാം ജീവിതാനുഭവങ്ങളാണ് അവരെ രചനകളിലേക്കുവീഴ‌്ത്തിയത‌്, എന്തെല്ലാം സുഖദുഃഖങ്ങളാണ് എഴുത്തുകാർ  ജീവിതത്തിൽ ഒളിപ്പിച്ചിരുന്നത് എന്നിങ്ങനെ അനേകം തലങ്ങളിലൂടെ കൃതിയും കർത്താവുംതമ്മിൽ വികസിച്ചുവരുന്ന ബന്ധം കൂറ്റ്സേ വരച്ചുകാട്ടുന്നു. കൃതി അതിന്റെ രചയിതാവിനെ ഉപേക്ഷിക്കുകയല്ല, പൊക്കിൾക്കൊടിബന്ധം ഉറപ്പിക്കുകയാണിവിടെ. വായനക്കാരനായി മാറുകയാണ‌് 
 എഴുത്തുകാരനായ കൂറ്റ്സേ, ഒപ്പം അദ്ദേഹം തെരഞ്ഞെടുത്ത എഴുത്തുകാർ തങ്ങളുടെ കൃതികൾക്കൊപ്പം കഥാപാത്രങ്ങളാകുകയുംചെയ്യുന്നു.  

നൊബേൽ സമ്മാനിതനായ സാമുവേൽ ബെക്കറ്റിനെ കുറിച്ച് നാല്‌ ഉപന്യാസങ്ങളാണ് സമാഹാരത്തിൽ. ബെക്കറ്റിന്റെ യൗവനകാലം, മോലോയ്, വാറ്റ് എന്ന കൃതികൾ, എട്ടുരീതിയിൽ ബെക്കറ്റിനെ കാണുംവിധം  എന്നിവ. ചെറുപ്പകാലം ബെക്കറ്റ് ദാരിദ്ര്യത്തിലായിരുന്നു;  പുസ‌്തകങ്ങളിൽനിന്ന‌് പറയത്തക്ക വരുമാനമില്ല; വരുമാനം ലഭിക്കുന്ന ജോലിചെയ്യാൻ മനസ്സുമില്ല. ഫ്രഞ്ച് നാണയത്തിന്റെ വിലയിടിഞ്ഞ കാലത്ത‌്  ഫ്രാൻസിലേക്ക് കുടിയേറി. ജീവിതം കഷ്ടപ്പാടുകൾ നിറഞ്ഞതാണെങ്കിലും യേറ്റ്സിന്റെ ചിത്രവും കാന്റിന്റെ സമ്പൂർണ കൃതികളും ബെക്കറ്റ് വാങ്ങിക്കൂട്ടി.   മോസ‌്കോവിൽ ഐസീൻസ്റ്റീൻ നടത്തിയിരുന്ന അക്കാദമിയിൽ സിനിമ പഠിക്കണമെന്നും യുദ്ധമുണ്ടായാൽ ഫ്രാൻസിനുവേണ്ടി യോദ്ധാവാകണമെന്നും ബെക്കറ്റ്‌ രഹസ്യമായി ആഗ്രഹിച്ചിരുന്നു. തീക്ഷ്ണസംഘർഷങ്ങൾ നിറഞ്ഞ  യൗവനം. മൂത്ത ജ്യേഷ‌്ഠന്റെ കരുതലും അമ്മയുടെ പ്രാർഥനയും വിൽഫ്രഡ് ബിയോൺ എന്ന മനഃശാസ‌്ത്രജ്ഞന്റെ ചികിത്സയും വർഷങ്ങളോളം നീണ്ടുപോയി. ബെക്കറ്റിന്റെ ജീവിതത്തിൽ കാണുന്ന സങ്കീർണതകൾ കൂട്ടിവായിച്ചാൽമാത്രമേ വാറ്റ്, മോലോയ്  തുടങ്ങിയ കൃതികൾ നമുക്ക് വെളിപ്പെടുകയുള്ളൂ.
 
പാട്രിക് വൈറ്റ് പ്രസിദ്ധ സാഹിത്യകാരനാണ്. സ്വന്തം നാടായ ഓസ്‌ട്രേലിയയിൽ പാട്രിക് വൈറ്റിന് നൊബേൽ സമ്മാനം (1973) ലഭിച്ചത് ആശ്ചര്യമാണുളവാക്കിയത്. ചിത്രകാരനാകാനാഗ്രഹിച്ചിരുന്ന അദ്ദേഹം ദൃശ്യാവിഷ‌്കാരത്തിന്റെ പാടവം എഴുത്തിൽ കൊണ്ടുവന്നു; സ്വയം ഹനിക്കലും ലൈംഗികതയും രതിയും സ്വവർഗാനുരാഗവും ഒക്കെ നിഗൂഢസാന്നിധ്യമായി കൃതികളിൽ നിലനിർത്താൻ വൈറ്റിന്  കഴിഞ്ഞു. നോവലെഴുത്ത‌് നിർത്തി 1979 മുതൽ കഥകൾ, ഓർമക്കുറിപ്പുകൾ, നാടകം എന്നിവയിൽ   ശ്രദ്ധയൂന്നി. ഓസ്‌ട്രേലിയൻ ദേശീയ ലൈബ്രറി അദ്ദേഹത്തിന്റെ രേഖകൾ, ഫയലുകൾ, എഴുത്തുകൾ എന്നിവ മരണശേഷം ശേഖരിച്ചു സംരക്ഷിക്കാൻ അനുവാദം തേടിയപ്പോൾ   മറുപടി വിചിത്രമായിരുന്നു, 'എന്റെ എല്ലാ കൈയെഴുത്തുപ്രതികളും പ്രസിദ്ധീകരണശേഷം കത്തിച്ചുകളയാറാണ് പതിവ്. മരിക്കുമ്പോൾ മിച്ചമുള്ളത് കത്തിച്ചുകളയാൻ ബാർബറ മോബ‌്സ‌് എന്ന സെക്രട്ടറിയെ ചുമതലപ്പെടുത്തിക്കഴിഞ്ഞു’.

എന്നാൽ, ബാർബറ മോബ‌്സ‌്  നിർദേശം അനുസരിച്ചില്ല.  32 വലിയ പെട്ടികളിൽ വൈറ്റിന്റെ കൈയെഴുത്തുരേഖകളും മറ്റും ലൈബ്രറിയിലെത്തി. കൂട്ടത്തിൽ അപ്രകാശിതവും അപൂർണവുമായ ‘തോരണോദ്യാന'(Hanging Garden)വും. 

പ്രശസ‌്തരുടെ വിൽ‌പ്പത്രനിബന്ധനകൾ പാലിക്കാതെപോകുന്നത് ആദ്യമായല്ല. വിൽപ്പത്രം പാലിക്കാത്തവരോട‌് നമ്മുടെ സാഹിത്യവും സംസ‌്കാരവും കടപ്പെട്ടിരിക്കുന്നു. നിയമജ്ഞൻകൂടിയായ കാഫ്‌ക വ്യക്തവും വിശദവുമായ  നിർദേശങ്ങളാണ് സുഹൃത്ത‌് മാക‌്സ‌് ബ്രോഡിന‌് നൽകിയത്. ഇതനുസരിച്ച‌്‌ കാഫ്കയുടെ കൈയെഴുത്തുപ്രതികൾ കത്തിച്ചു നശിപ്പിച്ചിരുന്നെങ്കിൽ കാസ്ൽ, ട്രയൽ എന്നിവയുൾപ്പെടെ വിഖ്യാതമായ  കൃതികൾ നഷ്ടപ്പെടുമായിരുന്നു.

അതിവിചിത്രമാണ് ഇറേൻ നെമിറോസ്‌കിയുടേത്. നാമിന്ന് അവരെ ഓർക്കുന്നത് പ്രധാനമായും സ്വീറ്റ് ഫ്രാങ്സ്വയ് സ്  (Suite Francaise)  എന്ന പ്രശസ‌്ത കൃതിയിലൂടെയാണ്. നാലു സ്വതന്ത്രഭാഗങ്ങളായി വിഭാവനചെയ‌്ത കൃതിയുടെ രണ്ടു ഭാഗങ്ങളാണ്  പൂർത്തിയാക്കാനായത്. രണ്ടാം ലോകയുദ്ധകാലത്ത‌് ജർമൻ അധിനിവേശത്തിൽ കഴിഞ്ഞ ഫ്രഞ്ച് ജീവിതത്തിന്റെ കാലികചരിത്രംകൂടിയാണ് നോവൽ. ചെക്കോവ് ചെയ‌്തപോലെ വെറും സാധാരണത്വത്തിന് അപ്പുറമൊന്നുമില്ലാത്ത സാമൂഹികജീവിതത്തെ ‘വിദ്വേഷമോ വെറുപ്പോ കൂടാതെ, എന്നാൽ അർഹിക്കുന്ന പരിതാപത്തോടെ' സമീപിക്കാനാണ് അവർ ശ്രമിച്ചത്.

അതിനായി നെമിറോസ്‌കി വിപുലമായ തയ്യാറെടുപ്പുകൾ ചെയ്തു. 'യുദ്ധവും സമാധാനവും' പുനർവായനയ‌്ക്ക് വിധേയമാക്കി; തന്റെ കഥാപാത്രങ്ങളുടെ കണ്ണുകളിലൂടെ ചരിത്രം വികസിപ്പിച്ചു കൊണ്ടുവരുന്ന ടോൾസ്റ്റോയി രീതി പഠനവിധേയമാക്കി. എന്നാൽ, ടോൾസ്റ്റോയിയെ പോലെയല്ല, പുകയുന്ന അഗ്നിപർവതത്തിനു മുകളിലിരുന്നാണ് നെമിറോസ്‌കി രചന തുടർന്നത്. ഫ്രാൻസിൽ ജീവിച്ചിരുന്നെങ്കിലും ജർമൻ അധിനിവേശക്കാലത്ത‌് ജൂതർക്ക് എഴുതാനോ പ്രസിദ്ധീകരിക്കാനോ അവകാശങ്ങളില്ല. ഒളിച്ചുവച്ച കൈയെഴുത്തുപ്രതികളും മനസ്സിൽ സൂക്ഷിച്ച പ്ലോട്ടും ‘ദൈവത്തിന്റെ രഹസ്യം' ആണെന്ന് അവർ കരുതി. ദൈവത്തി‌ന്റെ രഹസ്യം 1942 ജൂലൈ മാസം ചുരുളഴിഞ്ഞു. അന്ന് അവർ ഇറേൻ നെമിറോസ്‌കിയെയും ഭർത്താവ് മിഷേൽ എപ്‌സ്റ്റിങ്ങിനെയും അറസ്റ്റ് ചെയ്ത് ഓഷ‌്‌വിറ്റ്‌സ്‌ തടവറയിലേക്കും തുടർന്ന് മരണത്തിലേക്കും അയച്ചു. യുദ്ധാനന്തരം മകളുടെ കൈവശംവന്ന ശേഖരത്തിൽ ‘സ്വീറ്റ് ഫ്രാങ്സ്വയ്സ്' കൈയെഴുത്തുപ്രതി ഉണ്ടായിരുന്നു. അമ്മയുടെ ഡയറി

വായിക്കേണ്ടെന്നുകരുതി മാറ്റിവച്ചിരിക്കുകയായിരുന്നു, ഇക്കാലമത്രയും. ഒടുവിൽ 2004 ൽ പ്രസിദ്ധീകരിച്ചപ്പോൾ ലോകശ്രദ്ധ ആകർഷിച്ച ക്ലാസിക് ആകാൻ ക്ഷണനേരമേ വേണ്ടിവന്നുള്ളൂ. യുദ്ധത്തിന്റെ തീക്ഷ്ണതകൾക്ക് കാൽപ്പനികതയുടെയും പ്രണയത്തിന്റെയും ആവരണം നൽകിയ അമൂല്യകൃതിയാണ് 'സ്വീറ്റ് ഫ്രാങ്സ്വയ്സ്'.
കൂറ്റ്സേയുടെ  ഗ്യാലറിയിൽ ഇനിയും അനേകം പേരുണ്ട് യുവാൻ റിമോൺ ഹിമേനാസ്, ഫോർഡ് മെഡോസ് ഫോർഡ്, ഹെൻഡ്രിഹ് വോൻ ക്ളീസ്റ്റ്, ലിയോ ടോൾസ്റ്റോയ്, ജറാൾഡ് മർനൈൻ, ഡാനിയേൽ ഡീഫോ. ലെസ് മറെ എന്നിവർ. അല്പം കുസൃതി വിതറിയിട്ട ഭാഷയിൽ സാഹിത്യകാരുടെ മനസ്സുകണ്ടെത്തി അവരുടെ രചനകളെ നമുക്കുവേണ്ടി ആവിഷ‌്കരിക്കുന്നു. ഇവാൻ ഇലിച്ചിന്റെ മരണം ടോൾസ്റ്റോയ് കണ്ടതുപോലെ മറ്റൊരാൾക്ക് കാണാനാകുന്നില്ലല്ലോ. ഓരോ ഉപന്യാസത്തിലൂടെയും കൂറ്റ്സേ കാട്ടിത്തരുന്ന മന്ത്രികത്വം ഇതാണ് റോളണ്ട് ബാർത് എന്തുപറഞ്ഞാലും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top