29 March Friday

വാക്കിനെ പ്രതിരോധ ആയുധമാക്കി ഹിഗ്വിറ്റയുടെ രണ്ടാംവരവ്

പി ദിനേശന്‍Updated: Monday Jun 5, 2017

തലശേരി> വാക്കിനെ രോഗപ്രതിരോധത്തിന്റെ ആയുധമാക്കി മാറ്റുകയാണ് ഹിഗ്വിറ്റയുടെ രണ്ടാംവരവിലൂടെ കവി ടി ഗോപി. അര്‍ബുദത്തെ അതിജീവിക്കാനുള്ള യാത്രയില്‍ എഴുത്തുകാരന് ശക്തിപകരുന്നത് ഹിഗ്വിറ്റയുടെ രണ്ടാംവരവെന്ന കവിത സമാഹാരമാണ്. അപൂര്‍വവും അനുപമവുമായ പാരസ്പര്യത്തിന്റെ കണ്ണിയാവുകയാണ് ഇവിടെ വാക്കും ചികിത്സയും. അര്‍ബുദത്തെ മെരുക്കുന്ന റേഡിയേഷനും ഞെരമ്പുകള്‍ കുത്തിക്കീറുന്ന കീമോയും ശരീരംതളര്‍ത്തുമ്പോഴും വാക്ക്പൂക്കുന്ന കാലമാണ് ഈ കവിയുടെ മനസ് നിറയെ. രോഗാവസ്ഥയിലെ ഏകാന്തതയില്‍ എഴുതിതുടങ്ങിയ നോവലിലെ കഥാപാത്രങ്ങളാണ് കൂട്ട്.

കണ്ണൂര്‍ തോട്ടട ടെക്നിക്കല്‍ ഹൈസ്കൂളിന് മുന്നിലെ വാടകവീട്ടില്‍ താമസിക്കുന്ന തലശേരി സ്റ്റേഡിയത്തിനടുത്ത പാര്‍വതിയില്‍ ടി ഗോപി കഴിഞ്ഞ അഞ്ച്മാസമായി അര്‍ബുദത്തോട് പെരുതിനില്‍കുകയാണ്. കുടലിലും കരളിലും കാന്‍സര്‍ ബാധിച്ച് ഫോര്‍ത്ത്സ്റ്റേജ് എന്ന അപകടമുനമ്പും കടന്ന് മലബാര്‍ കാന്‍സര്‍ സെന്ററിന്റെ സ്നേഹതണലിലൂടെ പതുക്കെ എഴുത്തിന്റെ ലോകത്തേക്ക് തന്നെ മടങ്ങുകയാണ്. പൂര്‍ണമായ രോഗമുക്തിക്ക് ഇനിയും നാളുകളെടുക്കുമെങ്കിലും മെഡിക്കല്‍റിപ്പോര്‍ട്ടുകള്‍ പ്രതീക്ഷ നല്‍കുന്നതാണ്. വീണ്ടും രോഗംവരാതിരിക്കാനുള്ള വിലയേറിയ എട്ട് ഡോസ് മരുന്നിന്റെ ബാധ്യത മാത്രമാണിപ്പോള്‍ മനസില്‍.

വി കെ ജോസഫ് (ചിന്ത), ജയദേവ് (പച്ചക്കുതിര) എന്നിവരുടെ ഫേസ്ബുക്ക് കുറിപ്പിലൂടെ രോഗവിവരമറിഞ്ഞവര്‍ ഹിഗ്വിറ്റയുടെ രണ്ടാംവരവ് സ്വീകരിച്ചാണ് കവിയുടെ അതിജീവനസമരത്തോട് ഐക്യപ്പെടുന്നത്. കവിതസമാഹാരത്തിനുള്ള സ്വീകാര്യത രോഗാവസ്ഥയിലും പകരുന്ന ആഹ്ളാദം ചെറുതല്ല. കേവലം കവിതകളല്ല, ഏഴുകടലും നീന്തികടന്നവന്റെ, ഏഴിലും വലിയ കടലിലകപ്പെട്ടുപോയവന്റെ മുറിവുകളാണ് ഇതിലെ ഓരോ അക്ഷരങ്ങളുമെന്ന് കവിസാക്ഷ്യം. കനിവിന്റെ ഭാഷയാണ് ഗോപിയുടെ കവിതകളെ നൊമ്പരങ്ങളുടെ തത്ത്വചിന്തയാക്കി മാറ്റുന്നതെന്നാണ് കവിതസമാഹരത്തോടൊപ്പമുള്ള മനുഷ്യാവസ്ഥ, പ്രതിരോധം, തത്ത്വചിന്ത എന്ന പഠനത്തില്‍ പി കെ പോക്കര്‍ എഴുതിയത്.

എംകോം, നിയമബിരുദം, പിജി ഡിപ്ളോമ ഇന്‍ ജേര്‍ണലിസം തുടങ്ങിയ യോഗ്യതകളുണ്ടായിട്ടും പ്രതിസന്ധികള്‍ നിറഞ്ഞ ജീവിതമായിരുന്നു ഗോപിയുടേത്. ജോലിതേടി കൊല്‍ക്കത്തയില്‍ എത്തിയപ്പോഴാണ് കവിത ലഹരിയും അഭയവുമായതെന്ന് thaiyullathilgopi എന്ന ഫേസ്ബുക്ക്പേജില്‍ കവി കുറിക്കുന്നുണ്ട്. സിനിമമോഹവുമായി കൊല്‍ക്കത്തയില്‍ അലഞ്ഞനാളുകള്‍. അച്ഛന് അസുഖംബാധിച്ചതോടെ നാട്ടിലേക്കുള്ള മടക്കം. കുടുംബം കടക്കെണിയില്‍പ്പെട്ടപ്പോള്‍ മൂന്ന് വര്‍ഷം തിരുവനന്തപുരത്ത് കവിതകള്‍ മാത്രം വിറ്റുള്ള ജീവിതവും കടംവീടലും. 2006 മുതല്‍ അഞ്ച്വര്‍ഷം സമ്മേളനസ്ഥലങ്ങളിലും സാംസ്കാരികപരിപാടികളിലും പുസ്തകച്ചന്തകള്‍ നടത്തി. ഇതിനിടെ, ചിന്ത പബ്ളിക്കേഷന്‍സ് പ്രസിദ്ധീകരിച്ച നൂറ് വൈജ്ഞാനിക പുസ്തകങ്ങളുടെ കോ-ഓഡിനേറ്ററായും പ്രവര്‍ത്തിച്ചു. 

രോഗത്തോട് പെരുതിനില്‍കുമ്പോഴും രണ്ട് നോവലിന്റെ പണിപ്പുരയിലാണിപ്പോള്‍. അടിയന്തരാവസ്ഥയും തലശേരി കലാപവും നക്സലിസവും കടന്നുവരുന്ന ആദ്യനോവലിന്റെ എണ്‍പത് ശതമാനവും പൂര്‍ത്തിയായി. ആശുപത്രി അനുഭവങ്ങള്‍ ചേര്‍ത്തുവെച്ച കീമോയെന്ന രണ്ടാമത്തെ നോവലും ആരംഭിച്ചു. ശസ്ത്രക്രിയക്കായി 17ന് വീണ്ടും മലബാര്‍ കാന്‍സര്‍ സെന്ററിലേക്ക് മടങ്ങും. ഭൂമിക്കൊരു നടപ്പാത, ഉല്‍പ്രേക്ഷ, കൈത്തോക്ക്, ഏഴിലും വലിയകടല്‍ തുടങ്ങിയവയാണ് മറ്റു കവിതസമാഹാരങ്ങള്‍.

ഗോപിയുടെ 9249714813 നമ്പറില്‍ വിലാസം മെസേജ്ചെയ്താല്‍ നൂറ്രൂപ വിലയുള്ള കവിതസമാഹാരം ആവശ്യക്കാര്‍ക്ക് വിപിപി ആയോ, കൊറിയറിലോ ലഭിക്കും. എസ്ബിഐ കണ്ണൂര്‍ ഗ്ളോബല്‍വില്ലേജ് ശാഖയിലെ 67391241624 അക്കൌണ്ട് നമ്പറിലേക്ക് (ഐഎഫ്എസ്സി കോഡ്-എസ്ബിഐഎന്‍ 0070238) തുക അയച്ചും പുസ്തകത്തിന് ഓര്‍ഡര്‍ നല്‍കാം. 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top