26 April Friday

മെഹബൂബ്‌മുതല്‍ മേദിനിവരെ' പ്രകാശനംചെയ്തു

സ്വന്തം ലേഖികUpdated: Tuesday Jan 5, 2016

കൊച്ചി> ദേശാഭിമാനി കൊച്ചി ബ്യൂറോയിലെ സീനിയര്‍ റിപ്പോര്‍ട്ടര്‍ ഷഫീഖ് അമരാവതിയുടെ 'മെഹബൂബ്മുതല്‍ മേദിനിവരെ' എന്ന പുസ്തകം പ്രകാശനം ചെയ്തു. എറണാകുളം പ്രസ്ക്ളബ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സംഗീതസംവിധായകന്‍ എം കെ അര്‍ജുനന്‍ മാസ്റ്ററാണ് പുസ്തകം പ്രകാശനം ചെയ്തത്. സിപിഐ എം എറണാകുളം ജില്ലാ സെക്രട്ടറി പി രാജീവ് പുസ്തകം ഏറ്റുവാങ്ങി.

ദേശാഭിമാനി കൊച്ചി യൂണിറ്റ് മാനേജര്‍ സി എന്‍ മോഹനന്‍ അധ്യക്ഷനായി. ദേശാഭിമാനി പ്രത്യേക ലേഖകന്‍ എം എന്‍ ഉണ്ണികൃഷ്ണന്‍ പുസ്തകം പരിചയപ്പെടുത്തി. സിപിഐ എം നേതാവ് എം എം ലോറന്‍സ്, ഗായകരായ പി കെ മേദിനി, തോപ്പില്‍ ആന്റോ, മരട് ജോസഫ് എന്നിവര്‍ സംസാരിച്ചു. അര്‍ജുനന്‍ മാസ്റ്റര്‍ ഈണംപകര്‍ന്ന 'അച്ചുതണ്ടില്‍ തിരിയുന്ന ഭൂഗോളം' എന്ന ഗാനം തോപ്പില്‍ ആന്റോ ആലപിച്ചു. കൊച്ചിയിലെ സംഗീതജ്ഞരില്‍ പ്രമുഖനായ പാപ്പുക്കുട്ടി ഭാഗവതര്‍, ഗായകന്‍ ഇബ്രാഹിം തുരുത്തില്‍, സിപിഐ എം നേതാക്കളായ എം സി ജോസഫൈന്‍, കെ കെ ഷൈലജ, ഡോ. ടി എന്‍ സീമ എംപി, പി എ പീറ്റര്‍, കെ ജെ മാക്സി, ഓട്ടന്‍തുള്ളല്‍ കലാകാരന്‍ കലാമണ്ഡലം പ്രഭാകരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഷഫീഖ് അമരാവതി മറുപടിപ്രസംഗം നടത്തി. ദേശാഭിമാനി കൊച്ചി ബ്യൂറോ ചീഫ് ഡി ദിലീപ് സ്വാഗതവും അഞ്ജുനാഥ് നന്ദിയും പറഞ്ഞു.

പഴയകാല ജനപ്രിയ ഗായകനായിരുന്ന എച്ച് മെഹബൂബ്മുതല്‍ വിപ്ളവഗായിക പി കെ മേദിനിവരെയുള്ള 13 ഗായകരുടെ ജീവിതരേഖയാണ് പുസ്തകം. മലയാള ചലച്ചിത്ര പിന്നണി ഗാനരംഗത്തും നാടകരംഗത്തും ഗാനമേളകളിലും ഈടുറ്റ സംഭാവനകള്‍ നല്‍കിയിട്ടും സമൂഹം മറവിയിലേക്കു മാറ്റിനിര്‍ത്തിയ ഗായകരെയാണ് പുസ്തകം പരിചയപ്പെടുത്തുന്നത്. ദേശാഭിമാനി വാരികയിലും മറ്റ് ആനുകാലികങ്ങളിലുമായി ഷഫീഖ് അമരാവതി എഴുതിയ ലേഖനങ്ങള്‍ സമാഹരിച്ച് ചിന്ത പബ്ളിഷേഴ്സ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top