വിഖ്യാതമായ ഒരു ഹസ്തദാനം. 199091 കാലത്ത് ധനമന്ത്രിയായിരുന്ന യശ്വന്ത് സിന്‍ഹ ജപ്പാന്‍ ധനമന്ത്രിയായിരുന്ന റ്യുടാരോ ഹാഷിമോട്ടോയെ കാണാന്‍ ടോക്യോയില്‍ എത്തി. മനസ്സില്ലാ മനസ്സോടെയാണെങ്കിലും ഹാഷിമോട്ടോ ഇന്ത്യന്‍ ധനമന്ത്രിയെ കാണാന്‍ സമ്മതിച്ചു. ഒരു മിനിറ്റില്‍ താഴെമാത്രം ദൈര്‍ഘ്യമുണ്ടായിരുന്ന ആ ഒത്തുചേരലില്‍ ഹാഷിമോട്ടോ യശ്വന്ത്സിന്‍ഹയുടെ കൈപിടിച്ചു കുലുക്കിക്കൊണ്ട് പറഞ്ഞു: 'എനിക്ക് തീരെ സമയമില്ല. മറ്റുകാര്യങ്ങള്‍ ഞങ്ങളുടെ ഉദ്യോഗസ്ഥരുമായി ചര്‍ച്ചചെയ്തുകൊള്ളൂ'. സാമ്പത്തികത്തകര്‍ച്ചയുടെ വക്കില്‍നിന്നിരുന്ന ഇന്ത്യക്ക് നല്‍കിയ ഒരു പ്രഹരമായിരുന്നു അത്. തുടര്‍ന്ന് മന്ത്രിതല സംഭാഷണം ഉദ്യോഗസ്ഥതല സംഭാഷണത്തിലേക്ക് ചുരുക്കപ്പെട്ടു. തൊണ്ണൂറുകളിലെ സാമ്പത്തികത്തകര്‍ച്ചയെ ഇതിലും നന്നായി ചിത്രീകരിക്കാവുന്ന മറ്റൊരു ചിത്രം ഉണ്ടാകുമോയെന്ന് സംശയംതന്നെ.
ടോക്യോയില്‍ അന്നു കിട്ടിയ സ്വീകരണം തികച്ചും തണുപ്പനായിരുന്നുവെങ്കിലും ഉദ്യോഗസ്ഥതല ചര്‍ച്ചകള്‍ക്കുശേഷം ജപ്പാന്‍ ഇന്ത്യയെ സാമ്പത്തികമായി സഹായിക്കുകതന്നെ ചെയ്തു. അന്നത്തെ നയതന്ത്ര പ്രതിനിധിയായിരുന്ന അര്‍ജുന്‍ അസ്റാനിയോട് ജാപ്പനീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞുവത്രേ: 'ഞങ്ങള്‍ക്ക് മറ്റു പോംവഴിയില്ലല്ലോ. നിങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ കടം തന്നിരുന്നത് ജപ്പാനായിരുന്നു. അപ്പോള്‍ കൂടുതല്‍ കടം തരാതിരുന്നാല്‍ തിരിച്ചടയ്ക്കലില്‍ വീഴ്ചയുണ്ടാകുമല്ലോ.'
പണമില്ലാത്തതിന്‍റെ പേരിലെ ഈ വിലകുറച്ചുകാണലിനെപ്പോലെതന്നെ പ്രാധാന്യമര്‍ഹിക്കുന്നതാണ് 15 വര്‍ഷത്തിനുശേഷമുണ്ടായ മറ്റൊരു ദൃശ്യം. ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ അബെ 2007ല്‍ ഇന്ത്യന്‍ പാര്‍ലമെന്‍റിനെ അഭിസംബോധനചെയ്തു. അദ്ദേഹത്തിന്‍റെ പ്രസംഗത്തിന്‍റെ തലവരി 'രണ്ടു സാഗരങ്ങളുടെ സംഗമം' എന്നായിരുന്നു ഇന്ത്യയുടെയും ജപ്പാന്‍റെയും ബന്ധങ്ങളിലെ പുതിയ ചുവടുവയ്പിനെ സൂചിപ്പിക്കാന്‍ ഉപയോഗിച്ച ഈ പ്രയോഗംതന്നെ പതിനേഴാം നൂറ്റാണ്ടിലെ മുഗള്‍ കൊട്ടാരത്തിലെ ദാരാ ഷിഖൊ രചിച്ച പുസ്തകത്തിന്‍റെ പേരായിരുന്നു. കടലോളംപോന്ന ഈ മാറ്റത്തിന്‍റെ പൊരുള്‍ എന്തായിരുന്നിരിക്കും?
ടി എന്‍ നൈനാന്‍ നമ്മുടെ ഭാവിയുടെ വെല്ലുവിളികളും സാധ്യതയും എന്ന ഭൂമികയില്‍ ഊന്നി എഴുതിയ പഠനാര്‍ഹമായ ഗ്രന്ഥമാണ് 'ഇനി ആമയ്ക്കും ഒരവസരം' .
നൈനാന്‍ ഇന്ത്യയിലെ അറിയപ്പെട്ട ഒരു ജേര്‍ണലിസ്റ്റലണ്. എന്നാല്‍, ഈ പുസ്തകം ജേര്‍ണലിസത്തിനപ്പുറം സാമ്പത്തികവും രാഷ്ട്രീയവും സാമൂഹ്യവുമായ പല അന്തര്‍ധാരകളെ വിശകലനംചെയ്യുന്ന നമ്മുടെ സമകാലിക ചരിത്രഗവേഷണരേഖയാണ്. അനവധി ഡാറ്റകളും രേഖകളും അനുഭവസാക്ഷ്യങ്ങളും ഈ പുസ്തകത്തിന്‍റെ മാറ്റ് വര്‍ധിപ്പിക്കുന്നു.
1870കളില്‍ നിരന്തരമായ ദാരിദ്ര്യവും ഭീതിദമായ ഭക്ഷ്യപ്രശ്നങ്ങളും നിലനിന്നിരുന്നപ്പോള്‍പോലും ഇന്ത്യയുടെ സാമ്പത്തികാടിത്തറ നമ്മെ ഭരിച്ച ബ്രിട്ടന്‍റേതിനേക്കാള്‍ മെച്ചമായിരുന്നു. ജനസംഖ്യ അധികമായിരുന്നതിനാല്‍ പ്രതിശീര്‍ഷ സാമ്പത്തിക ഭദ്രതയില്‍ ഇത് പ്രതിഫലിച്ചിരുന്നില്ല. എങ്കിലും അവിടെനിന്ന് 1990 ആയപ്പോഴേക്കും അടിത്തറ തകര്‍ന്ന് ഒരു മാസംപോലും ഭരണം മുമ്പോട്ടുകൊണ്ടുപോകാനാകില്ലെന്ന നിലയിലേക്ക് നാം കൂപ്പുകുത്തി. അവിടെനിന്നുണ്ടായ വളര്‍ച്ചയുടെ രഹസ്യങ്ങള്‍ എന്തൊക്കെയാണ്. ഈ വളര്‍ച്ചെയെ ചലിപ്പിക്കുന്ന സാമ്പത്തികനയപരിപാടികള്‍ എന്തൊക്കെ. അതിനു വിഘാതമായവ എന്തെല്ലാം. ഈ അന്വേഷണം രാജ്യത്തെ അതിശീഘ്രം നടക്കുന്ന മാറ്റങ്ങളെക്കുറിച്ച് ഗ്രഹിക്കണമെന്നുള്ള ആര്‍ക്കും അനിവാര്യമാണല്ലോ.
1991 മുതലാണ് ഉദാരവല്‍ക്കരണം, ആഗോളീകരണം എന്നീ വാക്കുകള്‍ സാധാരണക്കാരന്‍റെ സംഭാഷണപദങ്ങളായത്. കമ്പോളം തുറക്കുന്നതുപോലും എങ്ങനെയാവണം എന്നതില്‍ അറിവുണ്ടാകേണ്ടിയിരുന്നു. ഉദാഹരണത്തിന് ചെറിയ രാജ്യങ്ങളായ സിംഗപ്പുര്‍, തൈവാന്‍ എന്നിവയ്ക്ക് ഏതാനും ഉല്‍പ്പന്നങ്ങളില്‍ ശ്രദ്ധ ചെലുത്തുകയോ സമയരേഖ മാറ്റി സ്റ്റോക് എക്സ്ചേഞ്ച് ഉത്തേജിപ്പിക്കുകയോ ഒക്കെ മതിയാവും. എന്നാല്‍, ഇന്ത്യക്ക് അതിന്‍റെ ജനസംഖ്യാബാഹുല്യവും ജീവിതവൈവിധ്യവുംമൂലം നിരവധിതലങ്ങളില്‍ കമ്പോളത്തെ കൈകാര്യം ചെയ്യേണ്ടതുണ്ട്. ആ സങ്കീര്‍ണതയും അതില്‍ വന്നിരുന്ന ജീര്‍ണതയും നൈനാന്‍ ഈ പുസ്തകത്തിലൂടെ നമ്മെ അറിയിക്കുന്നു.
സാമ്പത്തികവളര്‍ച്ച കൈവരിച്ച കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളില്‍ അനുകൂലമായ ചില കമ്പോളാവസ്ഥകളുണ്ടായി. തൊണ്ണൂറുകളുടെ അവസാനവര്‍ഷങ്ങളില്‍ ഭീമമായ വിദേശനിക്ഷേപങ്ങള്‍ ഇന്ത്യയിലേക്ക് പ്രവഹിച്ചു. അമേരിക്കയിലെയും മറ്റ് വികസിത രാജ്യങ്ങളിലെയും പലിശനിരക്കിലുണ്ടായ വെട്ടിച്ചുരുക്കലും ഇന്ത്യന്‍ മധ്യവര്‍ഗത്തിന്‍റെ വികാസവുമാണ് ഇതിനുകാരണം. തുടര്‍ന്ന് വിവര സാങ്കേതികവിദ്യയിലായി മൂലധനനിക്ഷേപം. ഈ രണ്ട് ഘടകങ്ങള്‍ ആദ്യകാലങ്ങളില്‍ വീണുകിട്ടിയ സൗഭാഗ്യംപോലെ വര്‍ത്തിച്ചിരുന്നെങ്കില്‍ അടുത്ത സാമ്പത്തിക പ്രതികൂലാവസ്ഥ ഉറ്റുനോക്കിയിരുന്ന 2014ല്‍ മറ്റൊരു ഭാഗ്യമാണ് ഇന്ത്യയെ തുണച്ചത്. എണ്ണവിലയിലെ കുത്തനെയുള്ള ഇടിവാണ് അത്. മോഡി സര്‍ക്കാരിന് ലഭിച്ച ഭാഗ്യക്കുറിയെന്നോണം കഴിഞ്ഞ രണ്ടുവര്‍ഷത്തെ നമ്മുടെ മുമ്പോട്ടുള്ള പ്രയാണത്തിന്‍റെ അടിസ്ഥാനം ഇതാണ്.
വികസനസാധ്യത വളരെയുണ്ടെങ്കിലും ഇന്ത്യ നേരിടുന്ന അസംഖ്യം വെല്ലുവിളികളും നാം ശ്രദ്ധിക്കാതെ പോകരുത്. ചൈനയുള്‍പ്പെടെയുള്ള പല ഏഷ്യന്‍ രാജ്യങ്ങള്‍ക്കും അടുത്തകാലത്ത് വികസനത്തിന്‍റെ തോതില്‍ ഇന്ത്യയെ കവച്ചുവയ്ക്കാനായത് ജനങ്ങളുടെ അടിസ്ഥാന ജീവിതസാഹചര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ നടത്തിയ നിക്ഷേപംകൊണ്ടാണ്. വിദ്യാഭ്യാസം, ആരോഗ്യം, പൊതുനിയമം, നീതിന്യായം, എന്നിവയിലുള്ള നിക്ഷേപവും നിര്‍ണായകമായ പുരോഗതിയുമാണ് ചൈനയെ ഇന്ത്യയില്‍നിന്ന് വ്യത്യസ്തമാക്കുന്നത്.
ഇന്ത്യയുടെ സുപ്രധാന സാമ്പത്തിക പ്രവര്‍ത്തനങ്ങളിലൊന്നാണ് അഴിമതി. 2013ല്‍ രണ്ട് കേന്ദ്രമന്ത്രിമാരും നാല് മുഖ്യമന്ത്രിമാരും അഴിമതിയുടെ പേരില്‍ ജയിലിലായി. അഴിമതിമൂലം സ്റ്റേറ്റിന് ഭീമമായ നഷ്ടം നേരിട്ടിരുന്നു. സ്പെക്ട്രം വിതരണംചെയ്തത് പരസ്യമായ അഴിമതിയിലൂടെയായിരുന്നു. അഴിമതി വര്‍ധിക്കുകയും കേസന്വേഷണം മെല്ലെപ്പോക്കിലൂടെയാവുകയും ചെയ്തപ്പോള്‍ ഉദ്യോഗസ്ഥര്‍ക്ക് തീരുമാനങ്ങളെടുക്കാന്‍ വൈമുഖ്യമുണ്ടായി. 2014ല്‍ ഉദ്ദേശം 24,000 കിലോമീറ്റര്‍ ദേശീയപാതകള്‍ നിര്‍മിക്കാന്‍ ആരും ടെന്‍ഡറുമായെത്തിയില്ല എന്നത് അഴിമതിയുടെ ഒരുവശം നമുക്ക് കാട്ടിത്തരുന്നു. വലിയസംരംഭങ്ങളില്‍ മാത്രമല്ല, ഏറ്റവും ചെറിയ ഇടപെടലുകളിലും അഴിമതിയുണ്ട്. സര്‍ക്കാര്‍ സ്കൂളിലെ ജോലി, ശസ്ത്രക്രിയ, ബാങ്ക് ലോണ്‍, വ്യാജപരാതിയില്‍ അന്വേഷണം തുടങ്ങുന്ന പൊലീസ് ഇടപെടല്‍ എന്നിങ്ങനെ എല്ലാ സേവനങ്ങളിലും അഴിമതിയുടെ തലോടലുണ്ട്. ഇതേക്കുറിച്ച് പഠിച്ച കാതറിന്‍ ബൂ എന്ന ഗ്രന്ഥകാരി പറയുന്നു: 'പാവപ്പെട്ടവരുടെ അവസരങ്ങളെല്ലാം അഴിമതി മോഷ്ടിച്ചുകഴിയുമ്പോള്‍, അവര്‍ക്ക് ഒരുപക്ഷേ അഴിമതി മാത്രമായിരിക്കും യഥാര്‍ഥ അവസരം'. എന്നാല്‍, ആകെക്കൂടി നോക്കുമ്പോള്‍ രാജ്യത്തിന്‍റെ ഭാവി നല്ലതായിരിക്കുമെന്ന പ്രത്യാശയാണ് ഈ പുസ്തകം മുന്നോട്ടുവയ്ക്കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..