16 April Tuesday

ഭരതവാക്യം കാലത്തിനുമപ്പുറം

ഡി രഘൂത്തമന്‍Updated: Sunday Sep 4, 2016

ആരാണ് ഞാന്‍ എന്ന ചോദ്യത്തോട് മുഖാമുഖം വരാത്ത മനുഷ്യരില്ല. ഞാനും അത്തരം സന്ദര്‍ഭങ്ങളെ നേരിട്ടിട്ടുണ്ട്. നാടകമാണ് ഈ ജീവിതത്തില്‍ സദാ ഒപ്പമുണ്ടാകുന്നതെന്ന് തിരിച്ചറിഞ്ഞത് എപ്പോഴാണെന്ന് ഓര്‍മയില്ല. നിയമപഠനത്തിനുശേഷം, മുപ്പതുവയസ്സിന്‍റെ പക്വതയില്‍ തെരുവുനാടക പ്രസ്ഥാനത്തോടൊപ്പം ആവേശത്തോടെ സഞ്ചരിച്ചുണ്ടായ നാടകാഭിമുഖ്യത്തോടെ തൃശൂര്‍ സ്കൂള്‍ ഓഫ് ഡ്രാമയിലെത്തുമ്പോഴും ജീവിതവഴിയെപ്പറ്റി എനിക്കത്ര നിശ്ചയമുണ്ടായിരുന്നില്ല. പക്ഷേ, അവിടെ സൂക്ഷ്മഗ്രാഹിയും സമര്‍പ്പിതമനസ്കനും സ്നേഹവാനുമായ ഒരു ഗുരുവുണ്ടായിരുന്നു ജി ശങ്കരപ്പിള്ള. അവിടെയെത്തുന്ന ഓരോ വിദ്യാര്‍ഥിയില്‍നിന്നും നാടകത്തിന് ആവശ്യമുള്ളയാളെ കണ്ടെത്താന്‍ അദ്ദേഹത്തിന് അറിയാമായിരുന്നു. അത്തരക്കാരെ സ്കൂള്‍ ഓഫ് ഡ്രാമയുടെ അതിരുകള്‍ക്കപ്പുറത്ത് സംഘടിപ്പിക്കപ്പെടുന്ന നാടകക്കളരികളില്‍ പ്രഭാഷണത്തിനും ക്ലാസിനുമൊക്കെ പോകുമ്പോള്‍ അദ്ദേഹം ഒപ്പംകൂട്ടി. തനിക്കുപകരം ചിലരെക്കൊണ്ടൊക്കെ ചെറിയ ക്ലാസുകള്‍ എടുക്കാന്‍ നിര്‍ദേശിച്ച് പിന്‍നിരയില്‍ പോയിരുന്ന് നിരീക്ഷിച്ചു. കേവലം ഒരധ്യാപകനും സ്ഥാപനമേധാവിക്കുമപ്പുറം ഗുരുപദത്തിന്‍റെ നേരര്‍ഥമായി ജി ശങ്കരപ്പിള്ള എന്‍റെ ഹൃദയത്തില്‍ ഇടംനേടിയിട്ടുണ്ട്.

ശങ്കരപ്പിള്ള സാറിന്‍റെ 'ഭരതവാക്യം' ഏറെ ചര്‍ച്ചചെയ്യപ്പെട്ടിട്ടുള്ള നാടകമാണ്. സ്കൂള്‍ ഓഫ് ഡ്രാമയിലെ വിശകലനക്ലാസുകളില്‍ ഭരതവാക്യം വിഷയമായപ്പോള്‍ എനിക്കത് വേണ്ടത്ര ഉള്‍ക്കൊള്ളാനായിരുന്നില്ല. പലപ്പോഴും പിടിതരാതെ വഴുതിപ്പോകുന്ന അനുഭവമായിരുന്നു. എന്നാല്‍, ഇപ്പോള്‍ ഞാന്‍ ആ നാടകം അരങ്ങത്തെത്തിക്കുകയാണ്. തിരുവനന്തപുരത്ത് യൂണിവേഴ്സിറ്റി കോളേജിന്‍റെ ശതോത്തര രജതജൂബിലിയോടനുബന്ധിച്ച്. ശങ്കരപ്പിള്ള സാര്‍ അവിടത്തെ പൂര്‍വവിദ്യാര്‍ഥിയാണല്ലോ. ഭരതവാക്യം വീണ്ടും വായിക്കുമ്പോഴാണ് അതിന്‍റെ അപാരസാധ്യതകള്‍ തെളിഞ്ഞുകിട്ടുന്നത്. ഒരു വ്യക്തിയുടെ ആത്മാന്വേഷണ സഞ്ചാരമാണ് ഭരതവാക്യം. ഷേക്സ്പിയറുടെ അഭിപ്രായം ഭുവനമൊന്നാകെ ഒരു രംഗവേദിയെന്നാണെങ്കില്‍, ശങ്കരപ്പിള്ള എല്ലാവരിലും ഒരു നടനുണ്ടെന്ന് കണ്ടെത്തുന്നു.

നിറയെ കഥാപാത്രങ്ങളുമായി അരങ്ങില്‍ ആള്‍ക്കൂട്ടം സൃഷ്ടിച്ച് പ്രേക്ഷകരെ അമ്പരപ്പിച്ചുകൊണ്ടിരുന്ന കാലത്ത് ജി ശങ്കരപ്പിള്ള മൂന്നു കഥാപാത്രങ്ങള്‍മാത്രമുള്ള നാടകം എഴുതി. നടന്‍തന്നെ മുഖ്യകഥാപാത്രം. മറ്റൊരാള്‍ അയാളുടെ മിത്രം. അത് നടന്‍റെതന്നെ മനഃസാക്ഷി. മൂന്നാമത് ഒരു സ്ത്രീയും. കണ്ണിന്‍റെ കാഴ്ചനഷ്ടപ്പെട്ടതിനാല്‍ നാടകത്തില്‍നിന്ന് പുറത്താക്കപ്പെടുന്ന ദിവസത്തെ നടന്‍റെ ചിന്തകളിലൂടെ നാടകം പുരോഗമിക്കുന്നു. രേഖീയമായ പ്രമേയവളര്‍ച്ചയല്ല, മുന്നിലും പിന്നിലുമൊക്കെയുള്ള സംഭവങ്ങളെ കോര്‍ത്തിണക്കുന്ന തരത്തിലുള്ള ഘടനാ സങ്കീര്‍ണതയാണ് ഇതിന്‍റെ പ്രത്യേകത. അതുകൊണ്ടുതന്നെ ഭരതവാക്യത്തിന് രംഗഭാഷയൊരുക്കല്‍ ക്ലേശകരമായിരുന്നു. തീര്‍ത്തും വെല്ലുവിളി. ഇബ്സന്‍റെ യഥാതഥ നാടക സങ്കല്‍പ്പത്തെയും ബ്രഹ്തിയന്‍ സമീപനത്തെയും സമന്വയിപ്പിക്കേണ്ടതുണ്ടായിരുന്നു. ഇത് ജീവിതമാണെന്നു പറയുമ്പോള്‍ത്തന്നെ പ്രേക്ഷകരെ നാടകമാണെന്ന് ഓര്‍മിപ്പിക്കുകയും ചെയ്യണം.

ജി ശങ്കരപ്പിള്ള ഭരതവാക്യമെഴുതുമ്പോള്‍ അരങ്ങിന്‍റെ പ്രയോഗസാധ്യതകള്‍ ഏറെ മനസ്സിലാക്കപ്പെട്ടിരുന്നില്ല. സാങ്കേതികവിദ്യയുടെ സഹായമൊന്നും അധികം ലഭ്യമായിരുന്നില്ല. അക്കാലത്ത് ദീപവിതാനത്തിന്‍റെയും സംഗീതത്തിന്‍റെയും സാധ്യതകള്‍ തുറന്നിട്ടുതരുന്ന ഇത്തരമൊരു നാടകമെഴുതാന്‍ ദീര്‍ഘവീക്ഷണമുള്ള ഒരാളിനേ സാധിക്കൂ. ഭാവതലത്തിലും രൂപതലത്തിലും ശക്തമായ ഒന്നാംനിര നാടകങ്ങളുടെ പട്ടികയില്‍ ഭരതവാക്യത്തിന് തീര്‍ച്ചയായും ഇടമുണ്ട്.

മഹാഭാരതത്തിലെ മഹാപ്രസ്ഥാനവുമായും പ്രമേയത്തെ നാടകകൃത്ത് കണ്ണിചേര്‍ക്കുന്നു. മുഖ്യകഥാപാത്രംതന്നെ വിവിധ സന്ദര്‍ഭങ്ങളില്‍ വ്യത്യസ്ത കഥാപാത്രമായി തീരുന്നുമുണ്ട്. കുറ്റബോധവും ശാപബോധവുമൊക്കെ ഇതിലെ നടനെ വേട്ടയാടുന്നു. അവിടെ നടന് മിത്രം ആശ്വാസംപകരുന്നു. അതായത്, നമ്മുടെ അന്തഃക്ഷോഭങ്ങള്‍ക്ക് നമ്മില്‍ത്തന്നെ ആശ്വാസമുണ്ടെന്നര്‍ഥം. പക്ഷേ, ഇവിടെ മിത്രത്തിനും ആത്യന്തികശാന്തിയിലേക്ക് നടനെ എത്തിക്കാനാകുന്നില്ല. അസ്തിത്വദുഃഖത്തിന്‍റെ കടല്‍ അയാളില്‍ ഇരമ്പുന്നു.

മലയാള നാടകപ്രസ്ഥാനത്തിന് മറക്കാനാകില്ല, ജി ശങ്കരപ്പിള്ളയെ. ധീരമായ പരീക്ഷണങ്ങള്‍ നടത്തിയ നാടകകൃത്ത്, മികച്ച സംഘാടകന്‍, അധ്യാപകന്‍, എഴുത്തുകാരന്‍ എന്നിങ്ങനെയുള്ള ബഹുമുഖ വ്യക്തിത്വം. ശാസ്താംകോട്ട കോളേജില്‍ മലയാള അധ്യാപകനായിരിക്കെ അദ്ദേഹം നാടകക്കളരി പ്രസ്ഥാനത്തിന് തുടക്കമിട്ടു. കെ അയ്യപ്പപ്പണിക്കരും സി എന്‍ ശ്രീകണ്ഠന്‍നായരുമൊക്കെ ഒപ്പമുണ്ടായിരുന്നു. അവിവാഹിതനായിരുന്നതിനാല്‍ ഏതാണ്ട് പൂര്‍ണസമയം നാടകത്തിനായി മാറ്റിവയ്ക്കാന്‍ ശങ്കരപ്പിള്ള സാറിന് സാധിച്ചു.

സ്കൂള്‍ ഓഫ് ഡ്രാമയില്‍ ജോലിനോക്കവെ അദ്ദേഹത്തിന് നെഹ്റുഫെല്ലോഷിപ് ലഭിച്ചു. അതോടെ ജോലിയില്‍നിന്ന് അവധിയെടുത്തു. എന്നാല്‍, അപ്പോഴും താന്‍ കൈകാര്യംചെയ്ത വിഷയങ്ങള്‍ വീട്ടില്‍വച്ച് സാര്‍ പഠിപ്പിച്ചു. ഗവേഷണപ്രവര്‍ത്തനങ്ങള്‍ക്കുശേഷം വൈകിട്ട് ബാച്ചിലെ മുഴുവന്‍ കുട്ടികളെയും വിളിച്ചുവരുത്തി ക്ലാസെടുക്കും. അത് രാത്രിവരെ നീളും. പ്രത്യേകിച്ച് ഒരു പ്രതിഫലവും പറ്റാതെ. അത്തരം എത്ര ഗുരുക്കന്മാരെ നമുക്കിന്ന് കണ്ടെത്താനാകും?


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top