24 March Friday
വായന

കരകവിഞ്ഞൊരുൾക്കടൽ

എം പി അനസ്Updated: Monday Jun 4, 2018
'കടലിൽ ജീവിച്ച മനുഷ്യരെല്ലാം സത്യമായും ജീവിച്ചവർ. അവർ എവിടെ, എപ്പോൾ, എങ്ങനെ, ജീവിച്ചുവെന്ന് എനിക്കറിയില്ല. ആരെയും പ്രത്യേകമായി ഓർമിക്കുന്നില്ല. ഒരു പേരും ഒരിടവും ആരെയും സൂചിപ്പിക്കുന്നുമില്ല. 'ഈ ആമുഖത്തോടെയാണ് സി പി അബൂബക്കറിന്റെ കടൽ എന്ന നോവൽ ആരംഭിക്കുന്നത്.
ആദ്യ നോവലായ ‘മുറിവേറ്റവരുടെ യാത്രകൾ' പ്രസിദ്ധീകരിച്ച് ആറുവർഷങ്ങൾക്ക് ശേഷമാണിപ്പോൾ രണ്ടാം നോവൽ കടൽ വായനക്കാരിലെത്തുന്നത്. നാലു പതിറ്റാണ്ടുകൾക്കപ്പുറത്തെ ഓർമകൾ മുറിഞ്ഞുമുറിഞ്ഞു വരുന്ന തിരകൾ കണക്കെ ആവിഷ്കരിക്കപ്പെടുകയാണ് ‘കടലി’ൽ.
 
ഓർമകളുടെ തടവിൽനിന്ന‌് ഊരിപ്പോരാൻ ആഗ്രഹിക്കാത്തവരാരുണ്ട്. കടലുപോലെയാണ് മനസ്സും. എന്തെന്തെല്ലാം നിക്ഷേപങ്ങൾ. എന്തെന്തെല്ലാം ഭാവങ്ങൾ. ഒരു ജീവിതംകൊണ്ട് ആവിഷ്കരിക്കാനാകാത്ത മറ്റൊരു വിചാരപ്രപഞ്ചം.  തിരകളെന്നപോലെ  പലപല വികാരങ്ങൾ. കടലിന്റെ പശ്ചാത്തലത്തിൽ ഉൾക്കടലിലെ ചിത്രങ്ങൾക്ക് രൂപംനൽകുകയാണ് നോവലിസ്റ്റ്. 
 
ലക്ഷദ്വീപാണ് നോവലിന്റെ പ്രധാന ഭൂമിക. കവിയും പ്രൊഫസറുമായ ജയദേവൻ യാത്രയിലെ തന്റെ സുഹൃത്തായ കൃഷ്ണനുണ്ണിക്കൊപ്പം ലക്ഷദ്വീപിലേക്ക് പുറപ്പെടുന്നു. പഠനകാലത്ത് എവിടേക്കെന്നറിയാതെ പലായനം ചെയ്ത  പഴയ കൂട്ടുകാരിയെ കണ്ടശേഷമാണ്  യാത്ര.
 
പോയകാലത്തിന്റെ ഓർമകളിലേക്ക‌് മുറിഞ്ഞുപൊയ‌്ക്കൊണ്ടിരിക്കുന്ന ജയദേവനെ വായനക്കാർ സഹയാത്രികനെന്നപോലെ പിന്തുടരും.  പഴയ സുഹൃത്ത് പ്രിയയെ കാണുന്നതുമുതൽ പ്രൊഫസർക്കുള്ളിൽ ഓർമയുടെ കടലിരമ്പുന്നുണ്ട്. 
 
ചില്ലകളിൽനിന്ന് ചില്ലകളിലേക്കും മരങ്ങളിൽനിന്ന് മരങ്ങളിലേക്കും ഊരുകളിൽനിന്ന് ഊരുകളിലേക്കും ഒരു പക്ഷിയെപ്പോലെ പറന്നുകൊണ്ടിരുന്നൊരു രാഷ്ട്രീയ പ്രവർത്തകനായിരുന്നു ജയദേവൻ. കമ്യൂണിസ്റ്റുകാരൻ എന്നനിലയ‌്ക്കുള്ള  പ്രവർത്തനത്തെയും ചിന്തകളെയും സ്വയംവിചാരണയ്ക്ക് വിധേയമാക്കുന്നുമുണ്ടയാൾ. ആമുഖക്കുറിപ്പിലെ സൂചനപോലെ സത്യമായി ജീവിച്ചവരിൽ ജീവിക്കുന്നവരിൽ ഒരാളാണ് അയാളും.
 
തലശ്ശേരി കലാപത്തിന്റെ ഓർമകൾ നോവലിൽ   കടന്നുവരുന്നുണ്ട്.  സഖാവ് കുഞ്ഞിരാമൻ രക്തസാക്ഷിയായതിന്റെ ഓർമ.  ന്യൂനപക്ഷങ്ങൾക്കും ദളിതുകൾക്കും ബുദ്ധിജീവികൾക്കും നേരെ വാ പിളർത്തിനിൽക്കുന്ന ഫാസിസത്തിന്റെ ആദ്യ പതിപ്പുകളിലൊന്നായിരുന്നു അതെന്ന് ഓർക്കുന്നുണ്ട് നോവലിസ്റ്റ്.  അടിയന്തരാവസ്ഥക്കാലത്ത് ഇടതുപക്ഷ പ്രവർത്തകർ നേരിട്ട ദുസ്സഹ ജീവിതത്തിന്റെ ഓർമകളിലേക്കും നോവൽ കടന്നു ചെല്ലുന്നു. ജയദേവന്റെ കേരളത്തിലെ കോളേജ് ജീവിതത്തിന്റെ ഓർമകളിലുമുണ്ട് കടലും അരികിലൊരു ചെറുദ്വീപും. ഒട്ടുമേ കലഹപ്രിയരല്ലാത്ത ദ്വീപുകാരുടെ ജീവിതവും പാരമ്പര്യവും യാത്രാവിവരണത്തിലെന്ന പോലെയാണ്  അനുഭവപ്പെടുക.  കടലിനഭിമുഖമായി എല്ലാ ദ്വീപിലും ‘കരിച്ച'(സന്ധ്യ)വരെ ചൂണ്ടയിട്ട് കാവലിരിക്കുന്ന ‘മൊയ്തപ്പ' യായിരിക്കും വേറിട്ട കഥാപാത്രങ്ങളുടെ നിരകളിലേക്ക് ഈ നോവലിൽനിന്ന‌് ഇറങ്ങി പുറപ്പെടുന്നൊരാൾ. ദ്വീപിൽ കണ്ട മനുഷ്യരിൽ നിഗൂഢമായ അസ്‌തിത്വമുള്ള മൊയ്തുപ്പ തന്നെയാണ് ജയദേവന്റെ മനസ്സിലും തങ്ങിനിൽക്കുന്നൊരാൾ. അയാൾ പുലരുമ്പോൾ കടപ്പുറത്തെത്തും ചൂണ്ടയിടും. നട്ടുച്ചയാകുമ്പോൾ കിട്ടിയ മീൻ ചുട്ടുതിന്നും കടൽ വെള്ളം കുടിക്കും. കരിച്ച പടരുമ്പോഴാണ് ചൂണ്ടമടക്കി എഴുന്നേറ്റു പോകുക. ദ്വീപിന്റെ അജ്ഞാതനായൊരു കാവൽക്കാരൻ. എല്ലാ ദ്വീപിലും അയാളുണ്ട്. രഹസ്യങ്ങളുടെ പേടകംപോലെ. 
 
കൊളാഷ‌്  രീതിയിലുള്ള നോവലിന്റെ ആഖ്യാനം വായനയെ സങ്കീർണമാക്കുമെങ്കിലും സങ്കീർണതകളെ അഴിച്ചെടുത്ത് വായിച്ചുപോകുന്നതിനുള്ള പ്രേരണ ‘കടൽ' നിലനിർത്തുന്നുണ്ട്. അവസാന അധ്യായം വായിച്ചുതീരുമ്പോഴാണ് ആഖ്യാനത്തിന്റെ സങ്കീർണതയായിരുന്നു ഈ നോവലിന്റെ സർഗാത്മക സൗന്ദര്യമെന്ന് വായനക്കാരന് വെളിപ്പെടുക.  നോവലിന്റെ ഇതിവൃത്തത്തിനകത്തെ കടൽയാത്രയോടൊപ്പം ജയദേവൻ എന്ന മനുഷ്യന്റെ ഉൾക്കടലിലൂടെയുള്ള യാത്രാനുഭവംകൂടിയാണ് ഈ നോവൽ വായന നൽകുന്നതെന്നു പറയാം.
anasmp@yhoo.co.in
Read more: http://www.deshabhimani.com/special/news-03-06-2018/728628
anasmp@yhoo.co.in
Read more: http://www.deshabhimani.com/special/news-03-06-2018/728628
 
anasmp@yhoo.co.in
Read more: http://www.deshabhimani.com/special/news-03-06-2018/728628

anasmp@yhoo.co.in

anasmp@yhoo.co.in
Read more: http://www.deshabhimani.com/special/news-03-06-2018/728628

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top