26 April Friday

ഷാര്‍ജ പുസ്‌തകോത്സവത്തിന് തിരിതെളിഞ്ഞു

വെബ് ഡെസ്‌ക്‌Updated: Thursday Nov 1, 2018

ഷാര്‍ജ ഭരണാധികാരിയും, യു എ ഇ സുപ്രീം കൌണ്‍സില്‍ അംഗവുമായ ഹിസ് ഹൈനസ് ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ഈവര്‍ഷത്തെ ഷാര്‍ജ പുസ്തകോത്സവത്തിന് ഇന്ന് രാവിലെ ഔദ്യോഗികമായി തിരി തെളിയിച്ചു. ഇനി വരുന്ന പത്തു നാളുകള്‍ അറബ് രാജ്യങ്ങളില്‍നിന്നും മറ്റു ദേശങ്ങളില്‍ നിന്നും നിരവധിയാളുകള്‍ ഷാര്‍ജ പുസ്തക മേളയിലേക്ക് പ്രവഹിക്കും. ഈ വര്‍ഷം നടക്കുന്ന 37മത് അന്താരാഷ്ട്ര പുസ്തകോത്സവം ഒക്ള്‍ടോബര്‍ 31 മുതല്‍ നവംബര്‍ 10 വരെ ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ ആണ് നടക്കുന്നത്.

മേളയുടെ ഭാഗമായി അന്താരാഷ്ട്ര തലത്തിലുള്ള എഴുത്തുകാര്‍, കലാകാരന്മാര്‍, ബുദ്ധിജീവികള്‍, സാംസ്‌കാരിക വ്യക്തിത്വങ്ങള്‍ എന്നിവരെല്ലാം ഒത്തുചേരും. ഇനിയുള്ള നാളുകള്‍ ചര്‍ച്ചകളുടെയും, സംവാദങ്ങളുടെയും, സാഹിത്യ സെമിനാറുകളുടെയും, കവിതാപാരായണങ്ങളുടെയും, കുട്ടികളുടെയും മുതിര്‍ന്നവരുടെയും മറ്റും സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുടെയും വേദിയായി ഷാര്‍ജ എക്‌സ്‌പോ സെന്റര്‍ മാറും. 

''ടെയില്‍ ഓഫ് ലെറ്റേഴ്‌സ്'' ആണ് ഇത്തവണത്തെ പുസ്തകോത്സവത്തിന്റെ തീം. 75 രാജ്യങ്ങളില്‍നിന്നായി 1874 പ്രസാധകരാണ് ഇത്തവണ മേളയില്‍ സംബന്ധിക്കുന്നത്. ഉദ്ദേശം 16 ലക്ഷം ശീര്‍ഷകങ്ങളും, രണ്ടു കോടി പുസ്തകങ്ങളും മേളയില്‍ എത്തും. 472 അതിഥികളും 1800 ഓളം സാംസ്‌കാരിക പരിപാടികളും ഇതിന്റെ ഭാഗമായി അരങ്ങേറും ഇതില്‍തന്നെ 950 ഓളം കുട്ടികള്‍ക്കുവേണ്ടിയുള്ള പ്രത്യേക പരിപാടികളാണ്. ദ ലിറ്റില്‍ റെഡ് റൈഡിങ് ഹുഡ്, ലയണ്‍ കിംഗ് എന്നിങ്ങനെയുള്ള കുട്ടിക്കഥകളുടെ ദൃശ്യ ആവിഷ്‌കാരങ്ങള്‍ ഇവയില്‍ ചിലത് മാത്രമാണ്. മലയാളത്തില്‍ നിന്ന് പുതിയതായി കുറെ പ്രസാധകര്‍ ഇത്തവണ എത്തിയിട്ടുണ്ട്. മലയാളത്തിലെ ഏക വനിതാപ്രസിദ്ധീകരണ കൂട്ടായ്മയായ സമതയുടെ സാന്നിധ്യം ഇത്തവണ മേളയിലുണ്ട്.

150ലേറെ മലയാള പുസ്തകങ്ങള്‍ ഇത്തവണ മേളയില്‍ പ്രകാശനം ചെയ്യപ്പെടുന്നുണ്ട്. കേരളത്തില്‍നിന്നും നിരവധിയാളുകള്‍ ഇത്തവണ മേളയില്‍ സംബന്ധിക്കാന്‍ എത്തുന്നുണ്ട്. ചേതന്‍ ഭഗത്, ശശിതരൂര്‍ റസൂല്‍ പൂക്കുട്ടി, പ്രകാശ് രാജ്, നന്ദിതാദാസ്, പെരുമാള്‍ മുരുകന്‍, എം.കെ കനിമൊഴി, അബ്ദുല്‍ സമദ് സമദാനി, യു കെ കുമാരന്‍,  മനോജ് കെ ജയന്‍, എരഞ്ഞോളി മൂസ എന്നിവരെല്ലാം അതിഥികളായി എത്തുന്നുണ്ട്. മന്ത്രി കെ ടി ജലീല്‍, നടന്‍ ജോയ് മാത്യു, ബിനോയ് വിശ്വം എം.പി, എം കെ മുനീര്‍, ജോണ്‍ ബ്രിട്ടാസ് തുടങ്ങിയവരെല്ലാം അവരുടെ പുസ്തകപ്രകാശനത്തിന് മേളയില്‍ എത്തുന്നുണ്ട്.

ഫ്രാന്‍സിലെ യു എ ഇ അംബാസിഡറും, ''ലെറ്റേര്‍സ് ടു എ യങ് മുസ്ലിം'' എന്ന ജനപ്രിയ പുസ്തകത്തിന്റെ രചയിതാവുമായ ഒമാര്‍ ഘാബോഷ്,   അള്‍ജീരിയന്‍ നോവലിസ്റ്റായ അഹ്ലം മൊസ്‌തേഘാനീം, ബ്രിട്ടീഷ് ബിസിനസ് എഴുത്തുകാരി എമ്മ ഗാനോന്‍, പ്രശസ്ത ഇന്ത്യന്‍ സംഗീതജ്ഞന്‍ എല്‍. സുബ്രഹ്മണ്യം, പലസ്തീനിയന്‍ കവി ഇബ്രാഹിം നസറുള്ള, യുഎഇയിലെ അഭിനേതാവും സംവിധായകനും ആയ ഹബീബ് ഘുലൂം എന്നിങ്ങനെ നിരവധി പ്രമുഖരാണ് മേളയില്‍ പങ്കെടുക്കുന്നത്.

ഒരു പുസ്തകമേള എന്നതിലുപരി ലോകത്തിന്റെ ഒരു സാംസ്‌കാരിക സമ്മേളനം ആണ് ഇതുവഴി ലക്ഷ്യമിടുന്നത് എന്നാണ് ഇതിന്റെ സംഘാടകര്‍ ഇതിനെ വിശേഷിപ്പിച്ചത്. ലോകത്തിലെ മൂന്നാമത്തെ പുസ്തകമേളയായ ഷാര്‍ജ അന്താരാഷ്ട്ര പുസ്‌തകോത്സവം രണ്ടാമത്തെ മേളയാക്കി മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ വരുംനാളുകളില്‍ ഉണ്ടാകുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top