25 April Thursday

വായനയുടെ ഋതുഭേദങ്ങള്‍

വെബ് ഡെസ്‌ക്‌Updated: Sunday Jan 1, 2017

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കഥകളുടെയും  നോവലിന്റെയും കാലമാണ്. സിനിമകള്‍ക്ക് ചാനല്‍ സംപ്രേഷണാവകാശം പോലെ പുസ്തകങ്ങള്‍ക്ക് ഉറപ്പുവിപണികള്‍ സാധ്യമായത് നോവലിന് തുണയായി. ഇത്തരം കച്ചവടസാധ്യതകള്‍ക്കപ്പുറം എഴുത്തിന്റെ കരുത്തില്‍ ശ്രദ്ധേയമാകുകയും പ്രസിദ്ധീകൃതവര്‍ഷം തന്നെ തുടര്‍പതിപ്പുകള്‍ ആവശ്യമായിവരികയും  ചെയ്ത ചുരുക്കം നോവലുകളുമുണ്ട്

പുറംചട്ടകള്‍ക്കുള്ളില്‍ ഹര്‍ഷബാഷ്പങ്ങളും അറിവാഴങ്ങളും ഒളിപ്പിച്ചുവച്ചിട്ടുള്ള പുസ്തകങ്ങള്‍! അന്തഃക്ഷോഭങ്ങളുടെ മണല്‍ക്കാറ്റുകള്‍ കൂടുകൂട്ടിയവ. കദനങ്ങളുടെ മേഘസ്ഫോടനങ്ങള്‍ സൃഷ്ടിക്കുന്നവ. പക്ഷേ ഏറെയും ഒഴുക്കുജലത്തില്‍ പറന്നുവീണ കരിയിലകള്‍പോലെ കാലംകടന്ന് വിസ്മൃതിയിലേക്ക് പോകുന്നവയാണെങ്കിലും രണ്ടായിരത്തി പതിനാറിന്റെ ചിപ്പികള്‍ക്കുള്ളില്‍ ചിലതെങ്കിലുമുണ്ട് മൂല്യമുള്ള മുത്തുകളായി.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കഥകളുടെയും നോവലിന്റെയും കാലമാണ്. വാര്‍ത്തകള്‍ അസ്തമിക്കുകയും വര്‍ത്തമാനപത്രങ്ങളില്‍ കഥകള്‍ മാത്രം ആവശ്യമായി വരുകയുംചെയ്തതുകൊണ്ടാകാം പത്രപ്രവര്‍ത്തകരില്‍ പലരും നോവലിസ്റ്റുകളായി രൂപാന്തരപ്പെട്ടത്. സിനിമകള്‍ക്ക് ചാനല്‍ സംപ്രേഷണാവകാശം പോലെ പുസ്തകങ്ങള്‍ക്ക് ഉറപ്പുവിപണികള്‍ സാധ്യമായത് നോവലിന് തുണയായി. ഇത്തരം കച്ചവടസാധ്യതകള്‍ക്കപ്പുറം എഴുത്തിന്റെ കരുത്തില്‍ ശ്രദ്ധേയമാകുകയും പ്രസിദ്ധീകൃതവര്‍ഷം തന്നെ തുടര്‍പതിപ്പുകള്‍ ആവശ്യമായിവരികയും  ഒക്കെ ചെയ്ത ചുരുക്കം നോവലുകളുമുണ്ട്.

വയനാട്ടിലെ ആദിവാസിജീവിതത്തിന്റെ നേര്‍ക്കാഴ്ചയായ 'നദികളാവാന്‍ ക്ഷണിക്കുന്നു' വര്‍ഷാദ്യംതന്നെ വന്ന മുതല്‍ക്കൂട്ടാണ്.  യാദൃച്ഛികമായി വന്നുപെട്ട വായനാസൌഭാഗ്യമായി കവിയും ഗാനരചയിതാവും മലയാളസര്‍വകലാശാലാ വൈസ് ചാന്‍സലറുമായ കെ ജയകുമാര്‍  ബാലന്‍ വേങ്ങരയുടെ ഈ നോവലിനെ കരുതുന്നു.

പലസ്തീന്റെ പശ്ചാത്തലത്തിലുള്ള പി കെ പാറക്കടവിന്റെ 'ഇടിമിന്നലുകളുടെ പ്രണയം' കടന്നുപോയ വര്‍ഷത്തെ മികച്ച അനുഭവമായി പ്രശസ്ത നോവലിസ്റ്റ് കെ പി രാമനുണ്ണി വിലയിരുത്തി. മിനിക്കഥകളിലൂടെ സാഹിത്യലോകത്ത് തന്റേതായ ഇരിപ്പിടംനേടി പാറക്കടവ് നോവലിന്റെ വിശാലലോകത്തേക്ക് പ്രവേശിക്കുമ്പോഴും ഒതുക്കിപ്പറയലിന്റെ രചനാതന്ത്രം കാത്തുസൂക്ഷിക്കുന്നു.

നോവലിസ്റ്റായ വി ജെ ജയിംസ് പുതുതലമുറക്കാരായ സോണിയ റഫീക്കിന്റെയും ഷബിത എം കെയുടെയും രചനകള്‍ എടുത്തുകാട്ടുന്നു. സോണിയയുടെ 'ഹെര്‍ബേറിയം' ഡി സി ബുക്സ് നോവല്‍ പുരസ്കാരത്തിനര്‍ഹമായ കൃതിയാണ്. വിദേശ ഇന്ത്യാക്കാരായ ദമ്പതികളുടെ ഒമ്പതുവയസ്സുള്ള കുട്ടി സ്വദേശത്ത് എത്തുമ്പോള്‍ നഷ്ടമായിപ്പോയ പ്രകൃതിയെ തിരിച്ചുപിടിക്കുന്നു. മണ്ണിന്റെ മണവും ഇലയുടെ പച്ചപ്പും പുതുതലമുറയെ തേടി നടക്കുന്നു. ഷബിത എം കെ രചിച്ച 'ഗീതാഞ്ജലി' തൂലികാസൌഹൃദത്തിലൂടെ പരസ്പരം അടുത്ത രണ്ടു വ്യക്തികളുടെ കഥപറയുന്നു. 

നീനു അന്‍സാറിന്റെ 'ലീബിന്റെ പിശാചുക്കള്‍', 'സമദിന്റെ പള്ളിറവെപ്പിലെ കൊതിക്കല്ലുകള്‍', അശോകന്റെ 'ആവര്‍ത്തനപുസ്തകം' തുടങ്ങി ഒരുപിടി യുവ നോവലിസ്റ്റുകളുടെ കൃതികള്‍ ഡി സി പുറത്തിറക്കി. വേണു വി ദേശം ടോള്‍സ്റ്റോയിയുടെ ഭാര്യ സോഫിയയെ കഥാപാത്രമാക്കി രചിച്ച 'പ്രിയപ്പെട്ട ലിയോ' (ഗ്രീന്‍ബുക്സ്), ഖദീജ മുംതാസിന്റെ 'നീട്ടിയെഴുത്തുകള്‍, (ഡി സി), സുസ്മേഷ് ചന്ദ്രോത്തിന്റെ 'നായകനും നായികയും ' (സാഹിത്യപ്രവര്‍ത്തക സഹകരണസംഘം), ജോര്‍ജ് ഓണക്കൂറിന്റെ 'സമതലങ്ങള്‍ക്കപ്പുറം', രാജന്‍ തിരുവോത്തിന്റെ  'മിഴാവ്', അനുപമ നിരഞ്ജനയുടെ 'ഘോഷം', ബാബുരാജ് അച്ചല്ലൂരിന്റെ 'ആയുസ്സിന്റെ തായിവേരുകള്‍' (എല്ലാം ചിന്ത) തുടങ്ങിയവയും പോയവര്‍ഷം വായനക്കാര്‍ ഏറ്റുവാങ്ങി. മാതൃഭൂമി ബുക്സിന്റെ പ്രധാന സംഭാവന വി കെ എന്നിന്റെ 'അനുസ്മരണ'യാണ്. വി കെ എന്‍ മരിച്ചിട്ട് പന്ത്രണ്ടുവര്‍ഷം കഴിഞ്ഞു. 1981 മാര്‍ച്ച് മുതല്‍ ആഗസ്ത്വരെ മലയാളനാട് വാരികയില്‍ പ്രസിദ്ധീകരിച്ച ആത്മാകഥാംശമുള്ള നോവലാണ് അനുസ്മരണ.

വര്‍ഗീയ ഫാസിസ്റ്റുകളുടെ ഭീഷണിയെ തുടര്‍ന്ന് എഴുത്തുതന്നെ ഉപേക്ഷിക്കുന്നതായി പ്രഖ്യാപിക്കേണ്ടിവന്ന തമിഴ്സാഹിത്യകാരന്‍ പെരുമാള്‍ മുരുകന്റെ അര്‍ധനാരിയുടെ പരിഭാഷ ചിന്ത പുറത്തിറക്കി. പെരുമാള്‍ മുരുകന്റെ 'മാതൊരുഭാഗന്‍'  (അര്‍ധനാരീശ്വരന്‍) എന്ന നോവലാണ് മതഭ്രാന്തന്മാരെ പ്രകോപിപ്പിച്ചത്. സമൂഹദുരാചാരങ്ങള്‍ക്കിരയായ കാളിയുടെയും പൊന്നയുടെയും കഥയായിരുന്നു മാതൊരുഭാഗന്‍.  അതിന്റെ തുടര്‍ച്ചയാണ് പെരുമാള്‍ മുരുകന്റെ പുതിയ നോവലായ അര്‍ധനാരി. തമിഴ്നാട്ടിലെ ഒരുള്‍നാടന്‍ ഗ്രാമത്തിലെ അര്‍ധനാരീശ്വരക്ഷേത്രത്തിലെ രഥോത്സവവുമായി ബന്ധപ്പെട്ട ആചാരം മുഖ്യപ്രമേയമാകുന്ന മാതൊരുഭാഗന്‍ അവസാനിക്കുന്നത് കാളി ആത്മഹത്യ ചെയ്തു എന്ന സൂചനയോടെയാണ്. ഇവിടെ അര്‍ധനാരി തുടങ്ങുന്നു. കാളി ആത്മഹത്യചെയ്യുന്നില്ല. ആചാരത്തിന്റെ ഭാഗമായി മറ്റൊരാളിന്റെ കുഞ്ഞിനെ ഗര്‍ഭംധരിച്ച പൊന്നിയുമായി അവന്‍ ജീവിതം തുടരുന്നു.

വിക്സ് മാംഗോട്രീയിലൂടെ വായനക്കാരുടെ മനംകവര്‍ന്ന മലയാളിയായ ഇന്‍ഡോ ആംഗ്ളിയന്‍ നോവലിസ്റ്റ് അനീസ് സലീമിന്റെ രണ്ടു കൃതികള്‍ പൂര്‍ണ പ്രസിദ്ധീകരിച്ചു. അന്ധതയുടെ അനന്തരാവകാശികളും വെന്‍ഡിങ്  മെഷീനില്‍നിന്നുമുള്ള കഥകളും. രണ്ടിന്റെയും വിവര്‍ത്തനം ചിഞ്ചുപ്രകാശ്.

നല്ല കഥകളുടെ മാമ്പഴക്കാലം തീര്‍ന്നിട്ടില്ല. സക്കറിയയുടെയും സന്തോഷ് ഏച്ചിക്കാനത്തിന്റെയും വൈശാഖന്റെയും എം നന്ദകുമാറിന്റെയുമൊക്കെ പുസ്തകങ്ങള്‍ ഇത് സാക്ഷ്യപ്പെടുത്തുന്നു. നോവലിസ്റ്റ് ബെന്യാമിന്‍ തെരഞ്ഞെടുക്കുന്ന പോയവര്‍ഷത്തെ പ്രിയകഥാപുസ്തകങ്ങള്‍ സന്തോഷിന്റെ ബിരിയാണിയും എം നന്ദകുമാറിന്റെ കഥകളുമാണ്. ബിരിയാണി വിശപ്പിന്റെ കഥയാണ്. മനുഷ്യാലയങ്ങള്‍, ആട്ടം തുടങ്ങിയ കഥകളും ഈ സമാഹാരത്തിലുണ്ട്. സക്കറിയയുടെ 'തേന്‍' മനുഷ്യപ്പെണ്ണിനെ പ്രണയിക്കുന്ന യുവകരടിയെ വരച്ചുകാട്ടുന്നു. കാടിന്റെ പശ്ചാത്തലത്തില്‍ മനോഹരമായ അന്യാപദേശം. ജന്മജലധി, കാണാപ്പുറങ്ങള്‍, ബലി, അഘോരി തുടങ്ങിയ കഥകളുടെ സമാഹാരമാണ് വൈശാഖന്റേത്. എം നന്ദകുമാര്‍ സമകാലിക കഥയിലെ ഗൌരവമുള്ള ശബ്ദമാണ്. സര്‍ഗാത്മകരോഗ സിദ്ധാന്തം, ശൂന്യാസനം തുടങ്ങി 15 കഥകള്‍ പുതിയ സമാഹാരത്തിലുണ്ട്. കെ വി മണികണ്ഠന്റെ 'ബ്ളൂ ഇസ് ദ വാമസ്റ്റ് കളര്‍', ടി ഡി രാമകൃഷ്ണന്റെ 'വെറുപ്പിന്റെ വ്യാപാരികള്‍' ജോസ് പാഴൂക്കാരന്റെ 'ഈരയുടെ പ്രസവം ഒരു ലൈവ് ഷോ', മിനി എം ബിയുടെ 'വവ്വാല്‍ വര്‍ഷം' തുടങ്ങിയ കഥാസമാഹാരങ്ങളും മികച്ചവതന്നെ.

പ്രണയത്തെക്കുറിച്ചെഴുതാത്ത കവികളുണ്ടോ? പ്രാര്‍ഥനയുടെ ഇളംകാറ്റും അതിജീവനത്തിനുള്ള അന്നജവുമാണല്ലോ അത്. കടലോരത്തെ മണല്‍ത്തരികള്‍പോലെ എണ്ണിത്തീര്‍ക്കാനാകാത്ത പ്രണയകവിതാസമാഹാരങ്ങള്‍ക്കിടയില്‍ തിളക്കമാര്‍ന്ന ഒരു വെള്ളാരങ്കല്ലുപോലെ റോസി തമ്പിയുടെ 'പ്രണയലുത്തിനിയ'. കവയിത്രിയുടെ ഭാഷയില്‍ പ്രണയത്തിന്റെ 101 ജപമണികള്‍! കണ്ണൂര്‍ ലിഖിതം ബുക്സാണ് പ്രസാധകര്‍.  ഏഴാച്ചേരി രാമചന്ദ്രന്റെ 47 കവിതകളാണ് 'ആകാശം മുട്ടുന്ന ചില്ലാട്ടങ്ങള്‍'  എന്ന സമാഹാരത്തില്‍. പതിവുപോലെ ഭാഷയുടെ ചേതോഹരമായ വിന്യാസം. പ്രസാധനം പ്രഭാത് ബുക് ഹൌസ്. വി മധുസൂദനന്‍നായരുടെ എല്ലാ പ്രധാനകവിതകളും ചേര്‍ന്ന ബൃഹദ്സമാഹാരവും ഈ വര്‍ഷം പുറത്തുവന്നു(ഡി സി). ഒ പി സുരേഷിന്റെ 'പലകാലങ്ങളില്‍ ഒരു പൂവ്' ഇന്‍സൈറ്റ് പബ്ളിക്ക പുറത്തിറക്കി. വേനല്‍ സഖാക്കള്‍, പ്രണയാല്‍, ഖരം ദ്രവം, പ്രണയമൃഗങ്ങള്‍ തുടങ്ങി 35 കവിതകള്‍ ഇതില്‍ ഉള്‍പ്പെടുന്നു.

നിരന്തര ഹിമാലയ യാത്രികനായ കെ ആര്‍ അജയന്റെ രണ്ട് യാത്രാവിവരണഗ്രന്ഥങ്ങളുണ്ട്. സ്വര്‍ഗാരോഹിണിയും (സൈന്ധവ ബുക്സ്), റോത്തങ്ങ് പാസിലെ പൂക്കളും (എസ്പിസിഎസ്). ഹിമാലയ യാത്രയുടെ സാഹസികത്വവും ആനന്ദവും അനുഭവിക്കുന്നതിനൊപ്പം നിഗൂഢവല്‍ക്കരണം ഒഴിവാക്കുകകൂടി ചെയ്തിരിക്കുന്നു ഗ്രന്ഥകാരന്‍.

ശാസ്ത്രസാഹിത്യത്തെ അതിന്റെ സഹജ പരിധികള്‍ക്കപ്പുറത്തേക്കെത്തിച്ച ജീവന്‍ ജോബ് തോമസ് ഈ വര്‍ഷം നല്‍കിയ സംഭാവന 'മരണത്തിന്റെ ആയിരം മുഖങ്ങള്‍'. ഭയങ്ങളെക്കുറിച്ചുള്ള പുസ്തകമാണിത്. രോഗവും വാര്‍ധക്യവും, അപകടവും മുതല്‍ ഫ്രാന്‍സിസ് ഗാള്‍ട്ടന്‍ രൂപപ്പെടുത്തി ഹിറ്റ്ലര്‍ കുപ്രസിദ്ധി നേടിക്കൊടുത്ത യൂജനിക്സ് വരെ ഇതില്‍ പ്രതിപാദിക്കപ്പെടുന്നു. പുസ്തകത്തിന്റെ പുറം ചട്ടയും കമനീയം. ഉള്ളടക്കത്തിന് അസൂയാവഹമായ ആഴം. വി. മുസഫര്‍ അഹമ്മദിന്റെ 'അറബ് സംസ്കൃതി: വാക്കുകള്‍, വേദനകള്‍' പോയവര്‍ഷത്തെ മികച്ച സാംസ്കാരിക പഠനഗ്രന്ഥമാണ്. നൂറ്റാണ്ടുകളുടെ പഴക്കമുള്ള വിശ്വകവിയായ അഡോണിസുമായുള്ള അഭിമുഖമാണ് ഇതില്‍ പ്രധാനം. ഈജിപ്ഷ്യന്‍ നോവലിസ്റ്റ് നവാല്‍ സഹ്ദാവി, പ്രമുഖ പണ്ഡിതനായ മുഹമ്മദ് അല്‍സാജ് തുടങ്ങി 40 പേരുമായുള്ള അഭിമുഖങ്ങളും അനുബന്ധ ലേഖനങ്ങളും അറബ് സംസ്കാരത്തെപ്പറ്റി ആഴത്തില്‍ അറിവ് പകരും.

ലൈംഗിക ന്യൂനപക്ഷങ്ങളുടെ പ്രശ്നങ്ങളെ ഗൌരവപൂര്‍വ്വം പരിശോധിക്കുന്നു രശ്മി ജി, അനില്‍കുമാര്‍, കെ.എസ് എന്നിവര്‍ ചേര്‍ന്ന് തയ്യാറാക്കിയ 'ട്രാന്‍സ്ജന്റര്‍: ചരിത്രം, സംസ്കാരം പ്രതിനിധാനം' എന്ന പുസ്തകം. ട്രാന്‍സ് ജെന്റര്‍, ട്രാന്‍സെക്ഷ്വല്‍സ്, ഇന്റര്‍സെക്ഷ്വല്‍സ്, ബൈസെക്ഷ്വല്‍സ് എന്നിവരെക്കുറിച്ചുള്ള മലയാളത്തിലെ ആദ്യപഠന ഗ്രന്ഥം ഒരു പക്ഷേ ഇതായിരിക്കും. ആധികാരികവും സമഗ്രവുമെന്ന് ഇതിനെ വിശേഷിപ്പിക്കാം.

പ്രവാസികളെപ്പറ്റി രണ്ടു മികച്ചഗ്രന്ഥങ്ങളുണ്ടായി. ഒന്ന് ബെന്യാമിന്റെ 'കുടിയേറ്റം'. മറ്റൊന്ന് എന്‍ പി ഹാഫിസ് മുഹമ്മദിന്റെ 'പ്രവാസികളുടെ പുസ്തകം'. കഴിഞ്ഞ അറുപതുവര്‍ഷത്തെ മലയാളി കുടിയേറ്റങ്ങളുടെ ചരിത്രവും വര്‍ത്തമാനവും ബെന്യാമിന്‍ വിവരിക്കുന്നു.

പ്രശസ്ത ന്യൂറോ സയന്റിസ്റ്റ് വി എസ് രാമചന്ദ്രന്റെ 'ദ റ്റെല്‍ റ്റെയ്ല്‍ ബ്രെയ്ന്‍', രവിചന്ദ്രന്‍ സി വിവര്‍ത്തനം ചെയ്തു മസ്തിഷ്കം കഥ പറയുന്നു എന്ന പേരില്‍. ഡോ. എസ് രാജശേഖരന്റെ 'നവോത്ഥാനന്തര നോവല്‍' പ്രമുഖ മലയാള നോവലുകളെ മുന്‍നിര്‍ത്തിയുള്ള പഠനങ്ങളുടെ സമാഹാരമാണ്. സര്‍ഗാത്മകതയും വൈദ്യശാസ്ത്രവും തമ്മിലുള്ള ബന്ധം കാട്ടിത്തരുന്നു. ഡോ. ബി ഇക്ബാലിന്റെ 'എഴുത്തിന്റെ വൈദ്യശാസ്ത്രവായന'. സാധാരണക്കാര്‍ക്കുപോലും വായിച്ചു മനസ്സിലാക്കാവുന്നവിധം ലളിതമായി അത്ര ലളിതമല്ലാത്ത കാര്യങ്ങള്‍ പറയുന്നു ഈ രണ്ടു പുസ്തകങ്ങളും.

2016 ല്‍ മലയാളത്തിന് രണ്ട് മഹാമേരുക്കളെ നഷ്ടമായി. ഒ.എന്‍.വിയും കാവാലവും. ഇരുവരുടെയും സംഭാവനകള്‍ അടയാളപ്പെടുത്തുന്ന പുസ്തകങ്ങള്‍ വന്നു.

ചലച്ചിത്രനടനായ ജോയ് മാത്യുവിന്റെ ദൈവത്തിന്റെ തൊപ്പി (കറന്റ്ബുക്സ്, തൃശൂര്‍) എസ് വി വേണുഗോപന്‍ നായരുടെ സ്വദേശാഭിമാനി (സ്വദേശാഭിമാനി ബുക്സ്) ഇടവാ ഷുക്കൂറിന്റെ സമ്പൂര്‍ണ നാടകസമാഹാരം (പ്രഭാത്) തുടങ്ങിയവ നാടകസാഹിത്യത്തില്‍ പരാമര്‍ശിക്കുന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top