26 April Friday

സഫലമീ സര്‍ഗജീവിതം

ശശി മാവിന്‍മൂട്Updated: Sunday Jan 17, 2016

എഴുത്തിലൂടെ കരുത്തു നേടുന്നവരും സ്വന്തം കരുത്ത് എഴുത്താക്കി മാറ്റുന്നവരുമായ സാഹിത്യകാരന്മാര്‍ നമുക്കുണ്ട്. എന്നാല്‍, എഴുത്തിന്റെ കരുത്ത് ഒരു കാലഘട്ടത്തിന്റെ പരിച്ഛേദമാക്കി മാറ്റുകയും സമൂഹത്തില്‍ അവഗണിക്കപ്പെടുന്നവരുടെ നാവായി അക്ഷരങ്ങളെ രൂപപ്പെടുത്തുകയും വാക്കുകളില്‍ സമരാവേശത്തിന്റെ തീജ്വാലകള്‍ പടര്‍ത്തുകയുംചെയ്യുന്ന അപൂര്‍വം എഴുത്തുകാര്‍ മാത്രമേ ഉണ്ടാകൂ. അത്തരം ഒരെഴുത്തുകാരനാണ് ഇപ്പോള്‍ സപ്തതിയിലെത്തിനില്‍ക്കുന്ന ഡോ. എസ് രാജശേഖരന്‍. അലൌകികതയുടെ മൂടല്‍മഞ്ഞില്‍നിന്ന് ജീവിതത്തിന്റെ വെളിച്ചത്തിലേക്ക് മുറിഞ്ഞുവീഴുന്ന ദൃശ്യങ്ങളുടെ കീഴ്മേല്‍മറിഞ്ഞ ലോകമാണ് സങ്കടത്തിന്റെ കണ്ണീരും സമരത്തിന്റെ തീയും ചേര്‍ത്ത് എസ് രാജശേഖരന്‍ ആവിഷ്കരിക്കുന്നതെന്ന് കെ ഇ എന്‍ പറയുന്നത് അതുകൊണ്ടാണ്.

പ്രശസ്ത സാഹിത്യകാരനും പ്രഗത്ഭനായ അധ്യാപകനും പ്രമുഖ സാംസ്കാരിക പ്രവര്‍ത്തകനും മികച്ച സംഘാടകനുമായ ഡോ. എസ് രാജശേഖരന്റെ സപ്തതിയോടനുബന്ധിച്ച് അദ്ദേഹത്തിന്റെ ശിഷ്യര്‍ നല്‍കുന്ന ഗുരുദക്ഷിണയാണ് കവയിത്രികൂടിയായ ഡോ.അമൃത എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ച 'പൂര്‍ണ്ണതാ ഗൌരവായ' എന്ന കൃതി. വിദ്യാഭ്യാസം, സാഹിത്യം, സംസ്കാരം എന്നിങ്ങനെ സമകാലികപ്രസക്തവും പഠനാര്‍ഹവുമായ 40 ലേഖനങ്ങള്‍, രണ്ട് അഭിമുഖങ്ങള്‍, ജീവിതരേഖ എന്നിവയാണ് ഈ കൃതിയിലെ ഉള്ളടക്കം. ഗുരുനാഥന്മാരുടെ അനുഗ്രഹങ്ങള്‍, ശിഷ്യഗണങ്ങളുടെ ആദരവുകള്‍, സുഹൃത്തുക്കളുടെ സൌഹൃദങ്ങള്‍ എന്നിവയ്ക്കൊപ്പം രാജശേഖരന്റെ സഫലമായ സര്‍ഗജീവിതത്തിന്റെ ഗൌരവമേറിയ ആസ്വാദനവും പഠനവും ഈ കൃതി അവതരിപ്പിക്കുന്നു.

ഉന്നതവിദ്യാഭ്യാസ മേഖലയുടെ പ്രശ്നങ്ങളും പരിമിതികളുമാണ് ഹ്രസ്വമെങ്കിലും പ്രൌഢവും പഠനാര്‍ഹവുമായ 'സര്‍വകലാശാലകള്‍ ഇന്ന'് എന്ന ആദ്യലേഖനത്തില്‍ ഡോ. ജി ബാലമോഹന്‍ തമ്പി അവതരിപ്പിക്കുന്നത്. ഡോ. പി പവിത്രന്റെ 'ദേശഭാവനയുടെ ഭാഷാരാഷ്ട്രീയം', പ്രൊഫ. വി എന്‍ മുരളിയുടെ 'സൌമ്യം,ദീപ്തം', കെ സേതുരാമന്റെ 'ഭാഷാ ഉപയോഗവും വികസനവും', ഡോ. പള്ളിപ്പുറം മുരളിയുടെ 'ഉടലലയുന്ന ജീവിതങ്ങള്‍', പ്രൊഫ.എ കെ നമ്പ്യാരുടെ 'കലയും ദര്‍ശനവും', സുനില്‍ പി ഇളയിടത്തിന്റെ 'സാഹിത്യരൂപവും സാംസ്കാരികചരിത്രവും', ഡോ. വത്സലന്‍ വാതുശ്ശേരിയുടെ 'ശാസ്ത്രം കവിതയോടു സംസാരിക്കുന്നു', കെ ഇ എന്‍ എഴുതിയ 'അശാന്തിയുടെ ലോകം' എന്നിവ സമഗ്രതയാര്‍ന്ന ഭാഷാ–സാഹിത്യലേഖനങ്ങളാണ്. രാജശേഖരന്റെ കവിതകളിലെയും നിരൂപണങ്ങളിലെയും മനുഷ്യമുഖമാണ് എല്ലാ ലേഖനങ്ങളിലും വായനയുടെ തെളിച്ചമായി വര്‍ത്തിക്കുന്നത്.
ജീവിതവഴികളിലും സര്‍ഗവീഥികളിലും സൌഹൃദമോടെയും ഒപ്പം അതിസൂക്ഷ്മമായ നിരീക്ഷണപടുതയോടെയും കടന്നുചെന്ന് ഡോ. എസ് രാജശേഖരനെ വായനക്കാരോട് ചേര്‍ത്തുനിര്‍ത്തുകയാണ് ഡോ. ജോര്‍ജ് ഓണക്കൂര്‍, കെ വി മോഹന്‍കുമാര്‍, ഡോ.ധര്‍മരാജ് അടാട്ട്, ശിവരാമന്‍ ചെറിയനാട്, ചെമ്മനം ചാക്കോ, കടത്തനാട്ട് നാരായണന്‍, വി എസ് ബിന്ദു, മണമ്പൂര്‍ രാജന്‍ബാബു, അമൃത, കൈനകരി സുരേന്ദ്രന്‍ എന്നിവര്‍. രാജശേഖരന്റെ വൈവിധ്യമാര്‍ന്ന ജീവിതവീക്ഷണവും കാവ്യവീക്ഷണവും ഇവരുടെ ലേഖനങ്ങളില്‍ അനാവൃതമാകുന്നു.

'പിന്‍വിചാരങ്ങള്‍' എന്ന കൃതിയിലൂടെ കടന്നുപോകുന്ന ഡോ. എം കെ ചാന്ദ്രാജ്, 'ഗോപുരം തകര്‍ക്കുന്ന ശില്പി' വായനക്കാര്‍ക്കുമുന്നില്‍ തുറന്നിടുന്ന ഡോ.എസ് കെ ബീന, 'വൈലോപ്പിള്ളിക്കവിതാപഠനങ്ങളി'ലൂടെ സഞ്ചരിക്കുന്ന കവിത എസ്, 'സൈബര്‍ എഴുത്തിടങ്ങള്‍' കാട്ടിത്തരുന്ന നിഷ ജി, 'കുട്ടികളുറങ്ങുന്നില്ല' എന്ന കൃതിയെ ആസ്വാദ്യമധുരമായവതരിപ്പിക്കുന്ന ഡോ. മേരി എബ്രഹാം, 'പെണ്മ'യുടെ മഹത്വം വിളംബരംചെയ്യുന്ന ഡോ. ആര്‍ ഗീതാദേവി എന്നിവരെല്ലാം രാജശേഖരന്റെ ചൈതന്യധന്യമായ സര്‍ഗമണ്ഡലത്തെ വെളിവാക്കുന്നു. ലബ്ധപ്രതിഷ്ഠരായ പ്രൊഫ. എന്‍ കൃഷ്ണപിള്ള  (കവിതയുടെ ജാതകം), പ്രൊഫ. എം കെ സാനു (ഗോപുരം തകര്‍ക്കുന്ന ശില്പി), ഡോ. എം ലീലാവതി  (വൈലോപ്പിള്ളി–കവിതയും ദര്‍ശനവും), ഒ എന്‍ വി (പകലിറങ്ങുമ്പോള്‍), ഡോ. പി സോമന്‍ (കുട്ടികള്‍ ഉറങ്ങുന്നില്ല) എന്നിവര്‍ രാജശേഖരന്റെ കൃതികള്‍ക്ക് മുന്‍പ് എഴുതിയിട്ടുള്ള അവതാരികകളും ഈ കൃതിയുടെ മാറ്റ് കൂട്ടുന്നു. വൈലോപ്പിള്ളിക്കവിതകളെ ഗവേഷണവിഷയമാക്കിയ ഡോ. എസ് രാജശേഖരന്‍ 'മാര്‍ക്സിസ്റ്റ് പ്രത്യയശാസ്ത്രത്തിലൂടെയുള്ള ജീവിതവീക്ഷണമാണ് വൈലോപ്പിള്ളിക്കവിതകളെ'ന്ന് അടിവരയിടുന്നു. 'പൂര്‍ണത തേടുന്ന ലോകത്ത് പൂര്‍ണമായൊരു സമൂഹത്തെയും ജീവിതത്തെയും  സ്വപ്നം കാണുകയും അതിന്റെ പരിപൂര്‍ത്തിക്കായി പ്രവര്‍ത്തനങ്ങളെ നേര്‍വഴി നടത്തുകയും ചെയ്ത ഒരു സാര്‍ഥകവ്യക്തിത്വത്തിന്റെ സാംസ്കാരികമായ അടയാളപ്പെടുത്തലുകളാണ് ഈ കൃതി' എന്ന പ്രസാധകപക്ഷത്തോട് വായനക്കാര്‍ക്കും ചേര്‍ന്നുനില്‍ക്കാനാകും. പ്രസിദ്ധ ചിത്രകാരന്‍ കാരയ്ക്കാമണ്ഡപം വിജയകുമാറിന്റെ കവര്‍ഡിസൈന്‍ ആകര്‍ഷകമാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top