23 April Tuesday

സൌത്ത് ആഫ്രിക്കന്‍ ഗാന്ധി

ഡോ. മീന ടി പിള്ളUpdated: Sunday Jan 31, 2016

അശ്വിന്‍ ദേശായിയും ഗോലം വാഹെദും ചേര്‍ന്ന് രചിച്ച 'ദി സൌത്ത് ആഫ്രിക്കന്‍ ഗാന്ധി, സ്ട്രെച്ചര്‍ ബേറര്‍ ഓഫ് എംപയര്‍' എന്ന ഈ കൃതി ഗാന്ധിജിയുടെ ജീവിതത്തെക്കുറിച്ച് പുത്തന്‍ വിവാദങ്ങളുടെ ചെപ്പാണ് തുറക്കുന്നത്

രാഷ്ടപിതാവെങ്കിലും അടുത്തിടെ പല വിവാദ വ്യാഖ്യാനങ്ങള്‍ക്കും വിധേയനാകേണ്ടി വന്ന ജീവിതമാണ് മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയുടേത്. മഹാന്മാരുടെ ജീവിതങ്ങള്‍ എങ്ങനെ വരുംതലമുറകള്‍ അതിസൂക്ഷ്മമായി പരിശോധിക്കുമെന്നും വിധിപ്രസ്താവനകള്‍ നടത്തുമെന്നും ഉള്ളതിന്റെ ഏറ്റവും സമകാലീന ഉദാഹരണംകൂടിയാണ് അദ്ദേഹത്തിന്റെ അനേകം ജീവിതചരിത്രങ്ങള്‍. ഇപ്പോള്‍ ഇതാ ഏറ്റവും ഒടുവില്‍ ഗാന്ധിജിയുടെ ജീവിതത്തിലെ സൌത്ത് ആഫ്രിക്കന്‍ കാലത്തെ നിരവധി ചോദ്യങ്ങളുടെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട് മറ്റൊരു പുസ്തകംകൂടി ഇറങ്ങിയിരിക്കുന്നു. സൌത്ത് ആഫ്രിക്കന്‍ അക്കാദമിക്കുകളായ അശ്വിന്‍ ദേശായിയും ഗോലം വാഹെദും ചേര്‍ന്ന് രചിച്ച 'ദി സൌത്ത് ആഫ്രിക്കന്‍ ഗാന്ധി, സ്ട്രെച്ചര്‍ ബേറര്‍ ഓഫ് എംപയര്‍' എന്ന ഈ കൃതി ഗാന്ധിജിയുടെ ജീവിതത്തെക്കുറിച്ച് പുത്തന്‍ വിവാദങ്ങളുടെ ചെപ്പാണ് തുറക്കുന്നത്.

സൌത്താഫ്രിക്കക്കാര്‍ പൊതുവെ പറയുന്ന ഒരു വാചകമാണ് ‘നിങ്ങള്‍ ഞങ്ങള്‍ക്ക് മോഹന്‍ദാസിനെ തന്നു, പകരം ഞങ്ങള്‍ നിങ്ങള്‍ക്ക് മഹാത്മാവിനെ തന്നു. എന്നാല്‍, കൊളോണിയ

ലിസത്തിനെതിരെയുള്ള സൌത്ത് ആഫ്രിക്കന്‍ പ്രതിരോധം ഗാന്ധിജിക്കും വളരെമുമ്പേ തുടങ്ങിയിരുന്നെന്നും അത് ഗാന്ധിജിയില്‍ കൊണ്ട് കെട്ടിയിടുന്നത് ചരിത്രത്തോടുള്ള അനീതിയാണെന്നും വാദിക്കുന്നു ഈ കൃതി. സൌത്ത് ആഫ്രിക്കയില്‍ ചെലവഴിച്ച കാലമത്രയും ബ്രിട്ടീഷ് സാമ്രാജ്യത്വത്തോട് കൂറുണ്ടായിരുന്ന വ്യക്തിയായിരുന്നു ഗാന്ധിജിയെന്ന് പല തെളിവുകള്‍ നിരത്തി വാദിക്കുന്നു ഗ്രന്ഥകര്‍ത്താക്കള്‍. ആഫ്രിക്കക്കാരോട് നേര്‍ത്ത പുച്ഛവും അകല്‍ച്ചയും വച്ചുപുലര്‍ത്തിയിരുന്ന ഒരു ഗാന്ധിജിയെയാണ് നമ്മള്‍ ഈ താളുകളില്‍ കാണുന്നത്. ഇന്ത്യക്കാരും വെള്ളക്കാരും ഒരേ ഇന്തോആര്യന്‍ വംശീയപരമ്പരയില്‍ പെട്ടവരാണെന്ന് ഗാന്ധിജി വിശ്വസിച്ചിരുന്നു എന്നാണ് ദേശായിയുടെ വാദം. ഈ ആര്യന്‍ സാഹോദര്യം കറുത്തവരെ അരികുകളിലേക്കു തള്ളിനീക്കുന്നു. ഇതോടൊപ്പം വര്‍ഗീയ മുന്‍വിധികളും ഈ കാലത്തെ ഗാന്ധിജിയുടെ പ്രത്യേകതയായിരുന്നുവെന്ന് അവര്‍ ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യന്‍ കൂലിത്തൊഴിലാളികള്‍ അജ്ഞതയുടെ നടുവില്‍ ജീവിക്കുന്നവരാണെന്നും തന്റെ നേതൃത്വം ഒന്നുകൊണ്ടുമാത്രമാണ് അവര്‍ പ്രതിരോധശക്തി നേടിയതെന്നും ആത്മാര്‍ഥമായി വിശ്വസിച്ചിരുന്ന ഗാന്ധിജിയെയാണ് ഈ കൃതിയുടെ രചയിതാക്കള്‍ വരച്ചുകാട്ടാന്‍ ശ്രമിക്കുന്നത്. ഗാന്ധിജിയുടെ സാമ്രാജ്യത്വകൂറുകള്‍ ഏറ്റവും പ്രകടമായത് യുദ്ധസമയത്താണെന്നും അവര്‍ വാദിക്കുന്നു. ബോര്‍ യുദ്ധത്തില്‍ ബ്രിട്ടീഷുകാര്‍ക്കുവേണ്ടിയാണ് ഗാന്ധിജി വാദിച്ചത്. സാമ്രാജ്യത്വത്തിനെതിരെയുള്ള ഗോത്രയുദ്ധമായ ഭാമ്പതാ കലാപത്തിന്റെ പശ്ചാത്തലത്തില്‍ തങ്ങള്‍ക്ക് തോക്കുകള്‍ നല്‍കണമെന്നാണ് ഗാന്ധിജി ആവശ്യപ്പെട്ടത്. ഒന്നാം ലോകമഹായുദ്ധത്തില്‍ ഇമ്പീരിയല്‍ സൈന്യത്തിന് ആളെ ചേര്‍ക്കാനാണ് ഗാന്ധിജി ഇന്ത്യന്‍ ഗ്രാമങ്ങളില്‍ പര്യടനം നടത്തിയത് തുടങ്ങി ഇത്തരം അനേകം വാദങ്ങളാണ് ഈ പുസ്തകം നിരത്തുന്നത്. ഇത്തരം കണ്ടെത്തെലുകളും നിരീക്ഷണങ്ങളും പലപ്പോഴും ഗാന്ധിജിയുടെതന്നെ എഴുത്തിനെയും അദ്ദേഹം നടത്തിയ ഇന്ത്യന്‍ ഒപ്പീനിയന്‍ എന്ന ദിനപത്രത്തെയും അടിസ്ഥാനമാക്കിയാണ് നടത്തുന്നതെന്ന് ഗ്രന്ഥകര്‍ത്താക്കള്‍ അവകാശപ്പെടുന്നുമുണ്ട്.

ഈ പുസ്തകത്തെ ഗാന്ധിജിയെ ഇകഴ്ത്താനല്ല മറിച്ച് ചരിത്രങ്ങള്‍ എങ്ങനെ നിര്‍മിക്കപ്പെടുന്നു എന്നറിയാന്‍ വേണ്ടിയുള്ള ഒരു മാര്‍ഗമായിട്ടാണ് കാണേണ്ടതെന്നും പറയുന്നവരുണ്ട്. തങ്ങള്‍ വിഷയമാക്കുന്ന

യുഗപുരുഷന്മാര്‍ തീര്‍ത്തും പുണ്യാളന്മാരെന്നു സ്ഥാപിക്കാന്‍ ശ്രമിക്കുന്ന ജീവചരിത്രകാരന്മാരില്‍നിന്ന് വേറിട്ട് ചിന്തിക്കുന്നവരാണ് ഈ കൃതിയുടെ കര്‍ത്താക്കള്‍. അതുകൊണ്ടുതന്നെ നാം അറിയുന്ന ഗാന്ധിജിയുടെ രൂപീകരണത്തില്‍ ചരിത്രം വഹിച്ച പങ്ക് രേഖപ്പെടുത്താനും ലിംഗ, ജാതി രാഷ്ട്രീയത്തില്‍ അദ്ദേഹത്തിന്റെ പോരായ്മകളെ വിമര്‍ശനാത്മകമായി സമീപിക്കാനുമാണ് ഈ കൃതി ശ്രമിക്കുന്നത്. അടുത്തിടെ രൂപംകൊണ്ട ഗാന്ധിജി അംബേദ്കര്‍ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഈ വായന ഏറെ പ്രസക്തമാവുകയും ചെയ്യുന്നു. നവയാനയാണ് പ്രസാധകര്‍.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top