26 April Friday

അലയടിക്കുന്ന മഹാഭാരതം

സുനില്‍ പി ഇളയിടംUpdated: Sunday Aug 28, 2016

ഇതിലുള്ളത് ലോകത്ത് പലയിടങ്ങളിലും ഉണ്ടാകുമെങ്കിലും ഇതിലില്ലാത്തത് ലോകത്തെവിടെയും ഉണ്ടാകില്ല ('യദി ഹാസ്തി തദന്യത്ര യന്നേ ഹാസ്തി ന തത് ക്വചിത്') എന്ന് മഹാഭാരതം അതിന്റെ മേന്മയെ സ്വയം വിശദീകരിക്കുന്നുണ്ട്. മഹാഭാരതത്തിലില്ലാത്ത പലതും നമ്മുടെ ജീവിതപരിസരത്ത് സുലഭമായുണ്ട് എന്നിരിക്കെ ഈ പ്രസ്താവം ആലങ്കാരികമാണ് എന്ന് തോന്നാം. എങ്കിലും, ആലങ്കാരികതയ്ക്ക് അപ്പുറം പോകുന്ന ഒരു അര്‍ഥതലം അതിലുണ്ട്. ജീവിതത്തിന്റെ അനന്തഭേദങ്ങളെ അഭിസംബോധനചെയ്യാനുള്ള മഹാഭാരതത്തിന്റെ ആഭ്യന്തരശേഷിയുടെ പ്രഖ്യാപനമാണത്. മാനുഷികവികാരങ്ങളുടെയും മനുഷ്യവംശം ചെന്നുപെടാനിടയുള്ള അനുഭവലോകങ്ങളുടെയും പ്രതിസന്ധിമുഹൂര്‍ത്തങ്ങളുടെയും ആകെത്തുകയാണ് മഹാഭാരതം. മനുഷ്യജീവിതത്തിന്റെ ഏത് അനുഭവസ്ഥാനത്തുനിന്നും അതിലേക്കൊരു വഴിയുണ്ട്. അന്തിമമായ ഉത്തരങ്ങള്‍ പറഞ്ഞുതീര്‍ക്കാതെ, ജീവിതത്തിന്റെ പ്രഹേളികാഭാവത്തെ ബാക്കിനിര്‍ത്തിക്കൊണ്ടാണ് മഹാഭാരതം അവസാനിക്കുന്നത്. അവസാനിക്കുമ്പോഴും അത് അവസാനിക്കുന്നില്ല.

അനുഭവലോകത്തിലെന്നതുപോലെ ആഖ്യാനതലത്തിലും പ്രമേയതലത്തിലും എല്ലാം മഹാഭാരതത്തിന് അനന്തവ്യാപ്തിയുണ്ട്. ചരിത്രം, തത്വവിചാരം, ദൈവശാസ്ത്രം, നീതിദര്‍ശനം, രാഷ്ട്രതന്ത്രം, യുദ്ധവിജ്ഞാനം എന്നിങ്ങനെ മഹാഭാരതത്തിന്റെ പരിഗണനയില്‍ വരാത്ത വിഷയങ്ങള്‍ കുറവാണ്. ഇതോടൊപ്പം, ഗാഥകളും നാരശംസികളുംമുതല്‍ രാജചരിതങ്ങളും പുരാണങ്ങളുംവരെയുള്ള നാനാതരം ആഖ്യാനങ്ങളെ ബീജരൂപത്തില്‍ സംഗ്രഹിച്ചുകൊണ്ടാണ് 'ഇതിഹാസം' എന്ന പദത്തിന്റെ അര്‍ഥവ്യാപ്തിയെ മഹാഭാരതം അന്വര്‍ഥമാക്കുന്നത്.

ആധുനികവിജ്ഞാനത്തിന്റെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നവര്‍ പിന്നെയും പിന്നെയും മഹാഭാരതത്തിലേക്ക് മടങ്ങിച്ചെല്ലുന്നത് അതുകൊണ്ടാണ്. പുരാവിജ്ഞാനംമുതല്‍ ഭാഷാശാസ്ത്രംവരെയും തത്വചിന്തമുതല്‍ നാണയവിജ്ഞാനീയംവരെയുമുള്ള വിഷയങ്ങള്‍ മഹാഭാരതപഠനങ്ങളുടെ മേഖലയിലുണ്ട്. പത്തൊമ്പതാം ശതകംമുതല്‍ മഹാഭാരതം എണ്ണമറ്റ പഠനങ്ങളുടെയും പാഠവിശകലനങ്ങളുടെയും രംഗവേദിയായി നിലകൊള്ളുന്നതും അതുകൊണ്ടാണ്. കവികളും കഥാകൃത്തുക്കളുംമുതല്‍ മഹാപണ്ഡിതന്മാര്‍വരെ അതില്‍ നിരന്തരം ചെന്നുമടങ്ങുന്നു. അതിനെല്ലാംശേഷവും മഹാഭാരതം അധൃഷ്യമായിത്തന്നെ നിലകൊള്ളുന്നു!

മഹാഭാരതപഠനങ്ങളുടെ ഈ താവഴിയില്‍ ഏറ്റവുമൊടുവില്‍ പുറത്തുവന്ന ശ്രദ്ധേയമായ രചനകളിലൊന്നാണ് ശിബജി ബന്ദോപാധ്യായയുടെ 'മഹാഭാരതത്തെക്കുറിച്ച് മൂന്ന് പ്രബന്ധങ്ങള്‍'’(Three Essays on the Mahabharatha : Exercises in Literary Hermenutics) എന്ന ഗ്രന്ഥം. ഇന്ത്യയിലെ അക്കാദമിക് പ്രസാധകരില്‍ പ്രമുഖരായ ഓറിയന്റ് ബ്ളാക്സ്വാന്‍ ഈ വര്‍ഷത്തിന്റെ തുടക്കത്തിലാണ് ഈ ഗ്രന്ഥം പ്രസിദ്ധീകരിച്ചത്. മഹാഭാരതത്തെ മുന്‍നിര്‍ത്തിയുണ്ടായ പഠനങ്ങളുടെ ചരിത്രത്തില്‍ വലുപ്പംകൊണ്ടും പ്രമേയവിശകലനത്തിന്റെ സൂക്ഷ്മതകൊണ്ടും ശ്രദ്ധേയമായ രചനയാണ് ഇത്.

ഭഗവദ്ഗീതയ്ക്ക് ഇംഗ്ളീഷ് വിവര്‍ത്തനം തയ്യാറാക്കിയ പൌരസ്ത്യ വിജ്ഞാനിയായ ചാള്‍സ് വില്‍കിന്‍സ് പതിനെട്ടാം നൂറ്റാണ്ടൊടുവില്‍ മഹാഭാരതഭാഗങ്ങളില്‍ ചിലത് (ശകുന്തളോപാഖ്യാനം) വിവര്‍ത്തനം ചെയ്തതോടെയാണ് അതിന്റെ ആധുനികജീവിതം ആരംഭിക്കുന്നത് എന്നുപറയാം. തുടര്‍ന്ന് എണ്ണമറ്റ പഠനങ്ങളുടെ ഒരു പരമ്പരതന്നെ മഹാഭാരതത്തെ മുന്‍നിര്‍ത്തി പുറത്തുവന്നു. മഹാഭാരതത്തിന്റെ മൂലഭാഗം (8000 ശ്ളോകങ്ങള്‍ അടങ്ങിയ ‘'ജയം') കണ്ടെത്താനുള്ള ശ്രമമായിരുന്നു ആ പഠനങ്ങളിലെ കേന്ദ്രതാല്‍പ്പര്യങ്ങളിലൊന്ന്. പാശ്ചാത്യമായ യുക്തിവിചാരത്തിന്റെ ക്രമത്തിലേക്ക് മഹാഭാരതത്തെ വഴക്കിയെടുക്കാനുള്ള ഈ ശ്രമം ഇരുപതാം നൂറ്റാണ്ടില്‍ ഭണ്ഡാര്‍ക്കര്‍ ഓറിയന്റല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകാരുടെ നേതൃത്വത്തില്‍ നടന്ന ശുദ്ധപാഠ (critical edition)-പ്രസാധനംവരെ നീളുന്നു. അരനൂറ്റാണ്ടോളം (1917–66) നീണ്ട കഠിനപരിശ്രമത്തിലൂടെ ഒന്നേകാല്‍ ലക്ഷം ശ്ളോകങ്ങളുള്ള ബൃഹദ്രൂപത്തില്‍നിന്ന് പ്രക്ഷിപ്തഭാഗങ്ങളെല്ലാം ചേറ്റിക്കൊഴിച്ച്, എണ്‍പതിനായിരത്തോളം ശ്ളോകങ്ങളുള്ള സംശോധിതപാഠം അവര്‍ പുറത്തുകൊണ്ടുവന്നു. മഹാഭാരതത്തെ മുന്‍നിര്‍ത്തി നടന്ന ചരിത്രപരമായ അന്വേഷണങ്ങളില്‍ ഏറ്റവും ബൃഹത്തായ ശ്രമമായിരുന്നു ഇത്.

ശിബജി ബന്ദോപാധ്യായയുടെ കൃതി ഈ താവഴിയിലല്ല നിലകൊള്ളുന്നത്. മഹാഭാരതത്തിലെ ചില സന്ദര്‍ഭങ്ങളെ മുന്‍നിര്‍ത്തിക്കൊണ്ട്, തത്വവിചാരത്തെയും മഹാഭാരതത്തിന്റെ പാഠജീവിതത്തെയും അതിന്റെ ചരിത്രസഞ്ചാരങ്ങളെയും ഒരുമിച്ച് അഭിസംബോധനചെയ്യാനാണ് ശിബജി ബന്ദോപാധ്യായ ശ്രമിക്കുന്നത്. പാഠചരിത്രം (ലേഃൌമഹ വശീൃ്യ) മുതല്‍ വ്യാഖ്യാനവിജ്ഞാനം (വലൃാലിൌശേര) വരെയുള്ള ജ്ഞാനമേഖലകളിലെ ഉള്‍ക്കാഴ്ചകളെ സഫലവും സമൃദ്ധവുമായി കൂട്ടിയിണക്കുന്ന അന്തര്‍വൈജ്ഞാനിക സമീപനമാണ് ഗ്രന്ഥകാരന്‍ പിന്തുടരുന്നത്. ഈയൊരു സവിശേഷപ്രകൃതം മഹാഭാരതപഠനങ്ങള്‍ക്കിടയില്‍ ഈ ഗ്രന്ഥത്തിന് അനന്യമായ ഒരു സ്ഥാനം പ്രദാനംചെയ്യുന്നുണ്ട്.

320 പുറങ്ങളില്‍ പരന്നുകിടക്കുന്ന മൂന്ന് ദീര്‍ഘപ്രബന്ധങ്ങളാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം. ആദ്യത്തെ പ്രബന്ധം (ദൈര്‍ഘ്യത്തിന്റെ കാര്യത്തില്‍ ഏറ്റവും വലുതും ഇതാണ്– 190 പേജുകള്‍) ഭഗവദ്ഗീതയിലെ 'കര്‍മണ്യേവാധികാരസ്തേ/മാ ഫലേഷു കദാചന'’ (2.47) എന്ന ശ്ളോകഭാഗത്തെ മുന്‍നിര്‍ത്തിയുള്ള ചര്‍ച്ചയാണ്. ഗീതയുടെ വ്യാഖ്യാനങ്ങളിലൂടെയും വിവര്‍ത്തനങ്ങളിലൂടെയും സഞ്ചരിച്ച്, ഈ ഗീതാവാക്യം എങ്ങനെ ഒരു ദേശീയലക്ഷ്യവാചകമായി (ിമശീിേമഹ ാീീ) പരിണമിച്ചു എന്ന് വിശദീകരിക്കുകയാണ് ഈ പ്രബന്ധം ചെയ്യുന്നത്. മഹാഭാരതത്തിന്റെ ഹൃദയമെന്ന് പലരും പറഞ്ഞുപോരുന്ന ഗീതയുടെ ചരിത്രസഞ്ചാരവും  അര്‍ഥഭേദങ്ങളും  ആധുനികഘട്ടത്തില്‍ അതിന് കൈവന്ന ദേശീയമാനവും അതിനു പിന്നിലെ പ്രത്യയശാസ്ത്രവിവക്ഷകളുമെല്ലാം അത്യന്തം സൂക്ഷ്മമായി വിശകലനവിധേയമാകുന്ന പഠനമാണിത്. രണ്ടാമത്തെ പ്രബന്ധം മഹാഭാരതത്തിലെ യുദ്ധവിവരണത്തെ മുന്‍നിര്‍ത്തിയുള്ളതാണ്.

ധൃതരാഷ്ട്രര്‍ക്ക് യുദ്ധരംഗത്തിലെ സമസ്തവിവരങ്ങളും നല്‍കുന്ന സഞ്ജയനെ മുന്‍നിര്‍ത്തിയാണ് ഈ പ്രബന്ധം എഴുതിയിട്ടുള്ളത്. മഹാഭാരതത്തിന്റെ ഹൃദയമായി പരിഗണിക്കപ്പെടുന്ന ഭീഷ്മപര്‍വത്തിലെ ഈ സന്ദര്‍ഭം എന്തുകൊണ്ടാണ് ആധുനികരായ മഹാഭാരതവ്യാഖ്യാതാക്കളെ ഉടനീളം അസ്വസ്ഥരാക്കിയതെന്ന ചോദ്യത്തിലൂടെ, കാഴ്ചയും പറച്ചിലും തമ്മിലുള്ള, യാഥാര്‍ഥ്യവും വ്യാഖ്യാനവും തമ്മിലുള്ള, ഒരുപക്ഷേ, അപരിഹാര്യമായ വൈരുധ്യത്തെ പ്രകാശിപ്പിക്കാനാണ് ശിബജി ബന്ദോപാധ്യായ ശ്രമിക്കുന്നത്. തത്വശാസ്ത്രപരമായ ഇത്തരമൊരു ചര്‍ച്ചയുടെ പീഠിക എന്ന നിലയില്‍ മഹാഭാരതവിവര്‍ത്തനങ്ങളുടെയും പഠനങ്ങളുടെയും ചരിത്രം അദ്ദേഹം വിശദമായി പരിശോധിക്കുകയും ചെയ്യുന്നുണ്ട്. അവസാന പ്രബന്ധം അഹിംസ എന്ന ആശയത്തെ മഹാഭാരതവുമായി ചേര്‍ത്തുവച്ചുനടത്തുന്ന വിമര്‍ശമാണ്. മഹാഭാരതത്തില്‍നിന്ന് വര്‍ത്തമാനകാലത്തേക്ക് വഴിതുറന്നിട്ടുകൊണ്ട് ഹിംസ–അഹിംസ എന്ന ദ്വന്ദ്വകല്‍പ്പനയെ ആഴത്തില്‍ പരിശോധിക്കുകയാണ് ഈ പ്രബന്ധം ചെയ്യുന്നത്. മഹാഭാരതത്തെക്കുറിച്ചുള്ള സാമ്പ്രദായികധാരണകളില്‍നിന്നും വിചാരരീതികളില്‍നിന്നും ഏറെ വേറിട്ടുനില്‍ക്കുന്ന, അന്വേഷണമാണ് ഈ അവസാന പ്രബന്ധം.
ഈനിലയില്‍, ഉടനെയൊന്നും അവസാനിക്കാന്‍ ഇടയില്ലാത്ത മഹാഭാരതപഠനങ്ങളുടെ അതിദീര്‍ഘപരമ്പരയിലെ ശ്രദ്ധേയമായ രചനകളിലൊന്നായി ശിബജി ബന്ദോപാധ്യായയുടെ ഗ്രന്ഥം മാറിത്തീര്‍ന്നിരിക്കുന്നു. മഹാഭാരതപഠിതാക്കള്‍ക്ക് ഒരു നിലയ്ക്കും ഒഴിച്ചുനിര്‍ത്താനാകാത്ത ഒന്ന്!


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top