25 April Thursday

ഹിറ്റ്ലര്‍മാര്‍ ഇപ്പോഴും

ഡോ. മീന ടി പിള്ളUpdated: Sunday Feb 28, 2016

നാസിസം  എന്നത് ജര്‍മനിയില്‍ ജൂതന്മാര്‍ക്കെതിരെ നടപ്പാക്കിയ ഉന്മൂലനസിദ്ധാന്തം മാത്രമായിരുന്നില്ലെന്നും ഇന്നത് വീണ്ടും പല  രൂപത്തിലും
ഭാവത്തിലും  മുള പൊട്ടുന്ന  അധികാരവെറിയാണെന്നും തിരിച്ചറിയപ്പെട്ടുകൊണ്ടിരിക്കുന്ന  ഈ കാലത്ത് ഏറെ പ്രസക്തമായ പുസ്തക മാണ് ടിമോത്തി  സ്നൈഡറുടെ ' ബ്ളാക്ക് എര്‍ത്ത് '

ഇരുപതാംനൂറ്റാണ്ടിന്റെ തെറ്റുകള്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ആവര്‍ത്തിക്കപ്പെടുന്നു എന്നത് ചരിത്രത്തിന്റെ ഒരു വിരോധാഭാസമാകാം. നാസിസം  എന്നത് ജര്‍മനിയില്‍ ജൂതന്മാര്‍ക്കെതിരെ നടപ്പാക്കിയ ഉന്മൂലനസിദ്ധാന്തം മാത്രമായിരുന്നില്ലെന്നും ഇന്നത് വീണ്ടും പല  രൂപത്തിലും ഭാവത്തിലും  മുള പൊട്ടുന്ന അധികാരവെറിയാണെന്നും തിരിച്ചറിയപ്പെട്ടുകൊണ്ടിരിക്കുന്ന ഈ കാലത്ത് ഏറെ പ്രസക്തമായ ഒരു പുസ്തകമാണ് ടിമോത്തി സ്നൈഡറുടെ 'ബ്ളാക്ക് എര്‍ത്ത്'. ഹോളോകോസ്റ്റ് എന്ന ജര്‍മന്‍ കൂട്ടക്കുരുതിയില്‍നിന്ന് നാം പഠിക്കാതെപോയ പാഠങ്ങളുടെ ഒരു വിശകലനം ആണ് ഈ കൃതി. ഹോളോകോസ്റ്റ് ചരിത്രം മാത്രമല്ല അപായസൂചനയും മുന്നറിയിപ്പുംകൂടിയായിരുന്നു എന്നതാണ് സ്നൈഡറുടെ വാദം. ഒരു രാഷ്ട്രത്തിന്റെയും ഒരു പ്രദേശത്തിന്റെയും ഭാവി നിര്‍ണയിക്കുന്നതില്‍ നിര്‍ണായകമായ പങ്കുവഹിക്കുന്ന ഇടങ്ങളെയാണ് തകര്‍ത്തെറിയേണ്ടത് എന്ന തിരിച്ചറിവായിരുന്നു നാസിസം. ഹിറ്റ്ലര്‍ യുക്രെയിനിന്റെ ഫലഭൂയിഷ്ഠമായ മണ്ണായിരുന്നു കത്തിച്ചാമ്പലാക്കാന്‍ ശ്രമിച്ചത്. ഇവിടെ അധിവസിച്ച പാവം ജൂതന്മാര്‍ ഈ വലിയ ഉല്‍ക്കണ്ഠയുടെ ബലിയാടുകള്‍മാത്രമായിരുന്നു.അങ്ങനെ ജൂതക്കുരുതികളുടെ തൊട്ടില്‍ യുക്രൈന്‍ ആയതിന്റെ പിറകില്‍ ആ നാടിനെയും നൂറുമേനി കൊയ്യുന്ന അതിന്റെ സമ്പന്നമായ മണ്ണിനെയും തരിശുനിലമാക്കുക എന്ന ലളിതസമവാക്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന സ്നൈഡറുടെ വാദം ഒരു പരിധിവരെ ചരിത്രത്തിന്റെ തനിയാവര്‍ത്തനങ്ങള്‍ വച്ച് നോക്കുമ്പോള്‍ ശരിയാണ് എന്ന് തോന്നുന്നു. 

ഗ്യാസ് ചേംബറുകളെയും കുരുതിക്കളങ്ങളെയും അതിജീവിച്ചവരുടെ ദൃക്സാക്ഷിവിവരണങ്ങള്‍ കടംവാങ്ങിക്കൊണ്ട് മുന്‍പോട്ടുനീങ്ങുന്ന ആഖ്യാനം ഹിറ്റ്ലര്‍ എന്ന മനുഷ്യന്റെ മനസ്സിന്റെ ഉള്ളറകളില്‍ ചെന്ന് നില്‍ക്കുന്നു. അധികാരബോധവും സ്വയം കേമനെന്ന ബോധവും തന്നെയും തന്റെ നാടിനെയും യൂറോപ്പിലെ വന്‍ സാമ്രാജ്യത്വശക്തിയാക്കണം എന്ന ദുരാഗ്രഹത്തില്‍ കൊണ്ടെത്തിച്ചു. എന്നാല്‍, ഇതോടൊപ്പം ലോകത്ത് ശോഷിച്ചു വരുന്ന പ്രകൃതിവിഭവങ്ങളും സമ്പത്തും ഒരു പരിധിവരെ മനുഷ്യ ഉന്മൂലനം ഒരു അനിവാര്യതയാക്കി മാറ്റുന്നു എന്നും ശേഷിക്കുന്ന വിഭവങ്ങള്‍ ജര്‍മന്‍കാര്‍ക്കുമാത്രം അനുഭവിക്കാനുള്ളതാണ് എന്ന വിശ്വാസവുമാണ് ഹിറ്റ്ലറുടെ മനസ്സിനെ എപ്പോഴും മഥിച്ചിരുന്നത്. ഇന്ന് നമ്മുടെ ലോകവും മനസ്സുകളും എന്തുകൊണ്ടോ ഹിറ്റ്ലറോട് കൂടുതല്‍ ചേര്‍ന്നുനില്‍ക്കുന്നതായി തോന്നുന്നു എന്നാണ് സ്നൈഡര്‍ പറയുന്നത്. ഈ പുസ്തകത്തിന്റെ ഏറിയ പങ്കും ഹിറ്റ്ലറെപ്പോലെയുള്ള മനുഷ്യരുടെ സങ്കീര്‍ണമായ മനസ്സുകളെ പഠിക്കാനും അവരുടെ അഹങ്കാരോന്മാദത്തിന്റെ അവസ്ഥകളെ ആഴത്തില്‍ അപഗ്രഥിക്കാനുമുള്ള ശ്രമമാണ്. എന്നാല്‍, അതോടൊപ്പംതന്നെ ഇത്തരം ഏകാധിപതികളെ ഒരു തരത്തിലുള്ള സംരക്ഷണങ്ങളോ പിന്തുണകളോ ഇല്ലാതെ ധീരമായി ചെറുത്തുനിന്ന ഒരുപറ്റം മനുഷ്യരുടെ ബലി തര്‍പ്പണങ്ങളുടെ കഥകൂടി സ്നൈഡര്‍ പറയുന്നുണ്ട്.  

ഒരു ദേശത്തിന്റെയും അതിന്റെ ദേശീയതയുടെയും ചാലക ശക്തിയായി ഹിറ്റ്ലര്‍ കണ്ടത് വര്‍ണത്തെയാണ്. ആര്യവംശജര്‍ക്ക് എന്തുംചെയ്യാനുള്ള സ്വാതന്ത്യ്രം നല്‍കുന്ന ഒരു സ്വപ്നഭൂവായി ലോകം മാറണം എന്ന അടിസ്ഥാനതത്വം ആണ് ഹിറ്റ്ലര്‍ നടപ്പാക്കാന്‍ ശ്രമിച്ചത്. അതിനായി പോളിഷ്, സോവിയറ്റ്, എസ്ടോനിയെന്‍, ലിത്വേനിയന്‍ സ്റ്റേറ്റുകളെ നിമജ്ജനം ചെയ്യുകയും കിഴക്കന്‍ യൂറോപ്പിനെ ഒരു ചാവുനിലം ആക്കിക്കൊണ്ട് ആര്യന്‍ ആധിപത്യത്തിന്റെ വെന്നിക്കൊടി പാറിക്കുകയും ആയിരുന്നു നാസി ലക്ഷ്യം. ഈ പുസ്തകത്തിന്റെ ഒരു പ്രത്യേകത ഇത് നാസിസത്തെ ഒരു മതമായി കാണുന്നു എന്നതാണ്. വിശ്വാസികള്‍ക്ക് എന്ത് അതിക്രമത്തിനും വിശ്വാസസംഹിതകളുടെ അനുവാദപത്രികയും പദ്ധതിശാസ്ത്രവും നല്‍കുന്ന ഒരു ഹിംസാത്മകമതം. സ്നൈഡറുടെ യുക്തിയില്‍ പല പഴുതുകളും ഉണ്ടെങ്കിലും നമ്മെ പിടിച്ചിരുത്തുന്ന ഒരു വായനാനുഭവം ആണ് ഈ പുസ്തകം നല്‍കുന്നത്. സ്റ്റേറ്റ് എങ്ങനെ ദേശീയതയെ പരുവപ്പെടുത്തുന്നുവെന്നും ആ ദേശീയത എങ്ങനെ വംശീയകുരുതികളെ സാധൂകരിച്ചു എന്നും പിന്നീട് വംശീയ ശക്തികള്‍ക്കു  കീഴടങ്ങി എങ്ങനെ സ്റ്റേറ്റ് ഇല്ലാതാകുന്നു എന്നും നമുക്ക് സൂക്ഷ്മമായി വരച്ചുകാട്ടിത്തരുന്നു ഈ കൃതി.  ടിം ഡഗ്ഗന്‍ ആണ് പ്രസാധകര്‍.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top