26 April Friday

സംസ്‌കൃതവും മുഗള്‍സാമ്രാജ്യവും

സുനില്‍ പി ഇളയിടംUpdated: Sunday Sep 25, 2016

മുഗള്‍കാലഘട്ടത്തെക്കുറിച്ചുള്ള നമ്മുടെ പരിചിതധാരണകളെ വലിയതോതില്‍ തിരുത്തിക്കുറിക്കുന്ന അസാധാരണ രചനയാണ് ഓഡ്രി ട്രൂഷ്കെ (Audrey Truschke) രചിച്ച സമാഗമങ്ങളുടെ സംസ്കാരം: സംസ്കൃതം മുഗള്‍ കൊട്ടാരത്തില്‍ (Culture of Encounters: Sanskrit at the Mughal Court) എന്ന ഗ്രന്ഥം. മുഗള്‍ കാലഘട്ടത്തെയും ഭരണവ്യവസ്ഥയെയും കുറിച്ചുള്ള ചരിത്രവിജ്ഞാനത്തിന്റെ പരിചിതലോകങ്ങള്‍ക്കപ്പുറത്തേക്ക് അത് നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു എന്നതാണ് ഈ അസാധാരണത്വത്തിന് പിന്നിലെ ഒരു കാരണം. അതോടൊപ്പം ആശയാവലികളുടെ ലോകം രാഷ്ട്രീയത്തിന്റെയും അധികാരസ്ഥാപനങ്ങളുടെയും മേഖലയില്‍ എങ്ങനെയെല്ലാം ഇടപെടുകയും ഒരു മൂര്‍ത്തശക്തിയായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു എന്ന്, സവിശേഷമായ ഒരു സന്ദര്‍ഭത്തെ മുന്‍നിര്‍ത്തി, ചര്‍ച്ചചെയ്യാനും ഈ ഗ്രന്ഥത്തിന് കഴിഞ്ഞിരിക്കുന്നു. അധികാരത്തിന്റെയും ഭരണസംവിധാനങ്ങളുടെയും പ്രതിഫലന/പ്രതിനിധാന സാമഗ്രി എന്നതിനപ്പുറം അതിന്റെ സംസ്ഥാപനസാമഗ്രി (constitutive element) തന്നെയായി ആശയാവലികളുടെ ലോകം നിലകൊള്ളുന്നതെങ്ങനെയെന്ന് പ്രതികരണനിഷ്ഠമായി ഈ ഗ്രന്ഥം വെളിപ്പെടുന്നുണ്ട്.

വിശ്വപ്രസിദ്ധമായ പെന്‍ഗ്വിന്‍ ബുക്സിന്റെ പ്രസാധനവിഭാഗമായ അലന്‍ലെയ്ന്‍ ഈ വര്‍ഷം ആദ്യമാണ് ഓഡ്രി ട്രൂഷ്കെയുടെ ഗ്രന്ഥം പ്രസിദ്ധീകരിച്ചത്. പെന്‍ഗ്വിന്റെ ദക്ഷിണേന്ത്യന്‍ പഠനങ്ങള്‍ക്കായുള്ള പ്രത്യേക പരമ്പരയുടെ (South Asia Across the Disciplines) ഭാഗമായാണ് പ്രസാധകര്‍ ഇതു പുറത്തുകൊണ്ടുവരുന്നത്.  ഇന്ത്യാചരിത്ര പഠനത്തിന്റെ മേഖലയിലെ ഉന്നതപ്രതിഭകളായ ദീപേഷ് ചക്രവര്‍ത്തി, സഞ്ജയ് സുബ്രഹ്മണ്യം, ഷെല്‍ഡണ്‍ പൊള്ളോക്ക് എന്നിവരാണ് ഈ പഠനപരമ്പരയുടെ സ്ഥാപക എഡിറ്റര്‍മാര്‍. കൊളംബിയ, ചിക്കാഗോ, കാലിഫോര്‍ണിയ എന്നീ സര്‍വകലാശാലകളില്‍ ദക്ഷിണേഷ്യന്‍ ചരിത്രം, സംസ്കാരം, ഭാഷ തുടങ്ങിയ മേഖലകളില്‍ നടക്കുന്ന ഗവേഷണപഠനങ്ങളാണ് ഈ പരമ്പരയില്‍ പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചുവരുന്നത്. ഗൌരീവിശ്വനാഥന്‍, മുസഫര്‍ ആലം, റോബര്‍ട്ട് ഗോള്‍ഡ്മാന്‍ എന്നിവര്‍ ഉള്‍പ്പെട്ട ഒരു എഡിറ്റോറിയല്‍ സമിതി ഇതിനകം ഇരുപത്തിനാലോളം മികച്ച ഗവേഷണപ്രബന്ധങ്ങള്‍ ഈ പരമ്പരയുടെ ഭാഗമായി പുറത്തുകൊണ്ടുവരികയും ചെയ്തുകഴിഞ്ഞു.

മുഗള്‍ഭരണവും അതിന്റെ സാമ്പത്തിക–രാഷ്ട്രീയചരിത്രവും ഇന്ത്യാചരിത്രവിജ്ഞാനമേഖലയില്‍ ഇതിനകം ഒരുപാട് ആലോചിക്കപ്പെട്ട വിഷയങ്ങളിലൊന്നാണ്. ആധുനികതയിലേക്കുള്ള ഇന്ത്യന്‍ സമൂഹത്തിന്റെ സംക്രമണസ്ഥാനങ്ങളിലൊന്നായും അത് മനസ്സിലാക്കപ്പെട്ടിട്ടുണ്ട്. അതുപോലെ  മുഗള്‍ കാലഘട്ടത്തിലെ കലയും വിജ്ഞാനവും മതജീവിതവും ഉള്‍പ്പെടുന്ന, പഴയ അര്‍ഥത്തിലുള്ള, സംസ്കാരികമണ്ഡലവും വലിയ അന്വേഷണങ്ങള്‍ക്ക് വിധേയമായ മേഖലകളാണ്. മുഗള്‍ഭരണകാലത്തെ കാര്‍ഷിക വ്യവസ്ഥയെക്കുറിച്ചുള്ള ഇര്‍ഫാന്‍ ഹബീബിന്റെ വിശ്രുതഗ്രന്ഥം (Agrarian Syatem in Mugal India) മുഗള്‍കാലത്തെക്കുറിച്ചുള്ള പഠനത്തിലെ അല്ല, ഇന്ത്യാചരിത്രവിജ്ഞാനീയത്തിലെതന്നെ നിര്‍ണായകമായ ഒന്നായി ഇപ്പോള്‍ വിലയിരുത്തപ്പെട്ടുവരുന്നുണ്ട.്

ഇത്തരം പഠനങ്ങളിലും ആലോചനകളിലും കാര്യമായി  ഇടംകിട്ടാത്ത ഒരു മേഖലയെ മുന്‍നിര്‍ത്തി മുഗള്‍ഭരണത്തെയും മുഗള്‍ സാമ്രാജ്യത്തിന്റെ അധികാരവ്യവസ്ഥയെയും വിശകലനവിധേയമാക്കാനാണ് ഓഡ്രി ട്രൂഷ്കെ തന്റെ ഗ്രന്ഥത്തില്‍ ശ്രമിച്ചിട്ടുള്ളത്. (റട്ജേഴ്സ് സര്‍വകലാശാലയിലെ ദക്ഷിണേന്ത്യന്‍ പഠനവിഭാഗത്തില്‍ അധ്യാപികയും സ്റ്റാഫോര്‍ഡ് സര്‍വകലാശാലയില്‍ മതപഠനത്തില്‍ പോസ്റ്റ് ഡോക്ടറല്‍ ഫെലോയുമാണ് ഓഡ്രി ട്രൂഷ്കെ). ലളിതമായി പറഞ്ഞാല്‍, സംസ്കൃതവും മുഗള്‍ ഭരണവും തമ്മിലുള്ള വിനിമയങ്ങളുടെ ചരിത്രമാണ് ഈ ഗ്രന്ഥം അനാവരണംചെയ്യുന്നത്. എന്തുകൊണ്ടാണ്, ഇന്ത്യയിലെന്നല്ല ലോകചരിത്രത്തിലെതന്നെ, പ്രധാന സാമ്രാജ്യങ്ങളിലൊന്നായി വളര്‍ന്ന മുഗള്‍ ഭരണകൂടം ഒട്ടനവധി സംസ്കൃതപണ്ഡിതന്മാരെ മുഗള്‍ കൊട്ടാരത്തിലേക്ക് ക്ഷണിച്ചുവരുത്തുകയും സംസ്കൃതഗ്രന്ഥങ്ങളുടെ പേര്‍ഷ്യന്‍ വിവര്‍ത്തനത്തിനും സൂക്ഷ്മപഠനത്തിനും വന്‍തോതില്‍ പണവും ഊര്‍ജവും ചെലവഴിക്കുകയും ചെയ്തത്? സാധാരണ പറഞ്ഞുവരാറുള്ളതുപോലെ, മുഗള്‍ ഭരണാധിപന്മാരുടെ ഔദാര്യ ബുദ്ധിയും മുഗള്‍കൊട്ടാരങ്ങളുടെ ബഹുസംസ്കാരപ്രകൃതവും (multi culturalism) മാത്രമാണോ ഇതിനുപിന്നിലെ പ്രേരണകള്‍? ഇന്ത്യന്‍ തത്ത്വചിന്താസമീക്ഷകള്‍ക്ക് പേര്‍ഷ്യന്‍ ഭാഷ്യം തയ്യാറാക്കാനും സംസ്കൃതനിഷ്ഠമായ പ്രയോഗരീതികള്‍ കൊട്ടാരജീവിതത്തില്‍ നടപ്പാക്കാനും മുഗള്‍ഭരണം തുനിഞ്ഞതെന്തുകൊണ്ടാകും? ഇത്തരം നിരവധി ചോദ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് മുഗള്‍ ഭരണകൂടം അതിന്റെ സ്വത്വനിര്‍മിതിയില്‍ സംസ്കൃതഭാഷയെയും സംസ്കൃതത്തിന്റെ സാംസ്കാരിക മൂലധനത്തെയും ഉപയുക്തമാക്കിയതിന്റെ ചരിത്രം അനാവരണംചെയ്യുകയാണ് ഈ ഗ്രന്ഥം ചെയ്യുന്നത്.

സുനില്‍ പി ഇളയിടം

സുനില്‍ പി ഇളയിടം

ക്രിസ്തുവര്‍ഷം പതിനാറാം ശതകത്തിന്റെ മധ്യഘട്ടംമുതലുള്ള ഒരു നൂറ്റാണ്ടില്‍ (AD1550–1650) ഭരണകൂടത്തിന്റെ നിര്‍ലോഭമായ പിന്തുണയോടെ സംസ്കൃതവും പേര്‍ഷ്യന്‍ഭാഷയും തമ്മിലുള്ള വമ്പിച്ച വിനിമയങ്ങളാണ് മുഗള്‍കൊട്ടാരത്തില്‍ അരങ്ങേറിയത്. അക്ബര്‍, ജഹാംഗീര്‍, ഷാജഹാന്‍ എന്നീ ചക്രവര്‍ത്തിമാര്‍ ഭരണാധികാരം കൈയാളിയ ഈ കാലയളവില്‍ എണ്ണമറ്റ ജൈന–ബ്രാഹ്മണ പണ്ഡിതന്മാര്‍ മുഗള്‍ കൊട്ടാരത്തിലേക്ക് ക്ഷണിക്കപ്പെടുകയും സംസ്കൃതവിജ്ഞാനത്തിന്റെ  ഒരു വിപുലവ്യവഹാരമണ്ഡലം അവിടെ രൂപപ്പെടുകയുംചെയ്തു. മുഗള്‍ ചക്രവര്‍ത്തിമാരുടെ വ്യക്തിഗതമായ വൈജ്ഞാനിക–സാഹിത്യ താല്‍പ്പര്യങ്ങള്‍ എന്നതിലുപരി, മുഗള്‍ഭരണസംവിധാനത്തിന്റെ  നിലനില്‍പ്പിനും അതിജീവനത്തിനും  അടിത്തറയൊരുക്കിയ ഒരു സംസ്കാരാന്തര വിനിമയമായി ഇതിനെ വിശദീകരിക്കാനാണ് ഓഡ്രി ട്രൂഷ്കെ തന്റെ ഗ്രന്ഥത്തില്‍ ശ്രമിക്കുന്നത്. തദ്ദേശീയതയില്‍ വേരുകളുള്ളതും ചലനാത്മകവും ബഹുസ്വരാത്മകവുമായ ഒരു ഭരണകൂടസങ്കല്‍പ്പത്തിന്റെ നിര്‍മിതിയും മുഗള്‍ സാമ്രാജ്യത്തിന്റെ സ്വത്വസംസ്ഥാപനവും തമ്മിലുള്ള ആഴമേറിയ പാരസ്പര്യം, അത്യന്തം വിശദമായും പ്രമാണപാഠങ്ങളെ വന്‍തോതില്‍ ആശ്രയിച്ചുകൊണ്ടും ഈ ഗ്രന്ഥം വെളിപ്പെടുത്തുന്നുണ്ട്. അതുവഴി, മുഗള്‍ഭരണത്തിന്റെ  രാഷ്ട്രതന്ത്രം (polity) എങ്ങനെ തദ്ദേശീയമായ  ജ്ഞാന–സാഹിത്യമണ്ഡലത്തെ ഒരു ഭരണകൂട ഉപാധിയാക്കി മാറ്റി എന്നതിന്റെ  വിശദമായ അവലോകനമായി ഈ ഗ്രന്ഥം മാറിത്തീര്‍ന്നിരിക്കുന്നു.

ആമുഖവും ഉപസംഹാരവുംകൂടാതെ ആറ് അധ്യായങ്ങളായാണ് ഈ ഗ്രന്ഥം സംവിധാനംചെയ്തിരിക്കുന്നത്. മുഗള്‍കൊട്ടാരത്തിലെ ബ്രാഹ്മണ– ജൈന സംസ്കൃതപണ്ഡിതന്മാരുടെ സാന്നിധ്യമാണ് ആദ്യ അധ്യായത്തില്‍ ചര്‍ച്ചചെയ്യുന്നത്. മുഗള്‍ഭരണകൂടത്തിനായി നടന്ന സംസ്കൃതപാഠനിര്‍മിതി രണ്ടാം അധ്യായത്തിലും അക്ബറുടെ ഭരണകാലയളവില്‍ നടന്ന മഹാഭാരതത്തിന്റെ  പേര്‍ഷ്യന്‍ പരിഭാഷാശ്രമങ്ങള്‍ മൂന്നാം അധ്യായത്തിലും ചര്‍ച്ചചെയ്യുന്നു. ഇസ്ളാമികജ്ഞാന സങ്കല്‍പ്പത്തെ അബുഫസല്‍ പുനര്‍നിര്‍വചിച്ചതിന്റെ ചരിത്രവും അക്ബറുടെ  പരമാധികാരവുമായി അതിനുള്ള ബന്ധവുമാണ് നാലാം അധ്യായത്തിലെ ചര്‍ച്ചാവിഷയം. അഞ്ചാം അധ്യായത്തില്‍ മുഗള്‍ജീവതത്തെ മുന്‍നിര്‍ത്തിയുള്ള സംസ്കൃതരചനകളും അവസാന അധ്യായത്തില്‍ സംസ്കൃതത്തിന്റെ പേര്‍ഷ്യന്‍ സംസ്കൃതിയിലേക്കുള്ള  സ്വാംശീകരണത്തിന്റെ  ഫലങ്ങളും  വിശകലനവിധേയമാകുന്നു. പ്രമാണശേഖരങ്ങളുടെ അതിവിപുലമായ പരിശോധനയിലൂടെ വാദഗതികള്‍ വികസിപ്പിക്കുന്ന, ഗവേഷണപഠനത്തിന്റെ  ഉന്നതമാതൃകകളാണ് ഓരോ അധ്യായവും. ഒരു ബഹുസാംസ്കാരിക സ്വത്വത്തിന്റെ നിര്‍മിതിക്കും അതുവഴി മുഗള്‍സാമ്രാജ്യത്തിന്റെ സാംസ്കാരികസാധൂകരണത്തിനും ഒരു നൂറ്റാണ്ടോളം വരുന്ന കാലയളവില്‍, സംസ്കൃതഭാഷയും അതിന്റെ വിപുലമായ സാഹിത്യ/വിജ്ഞാന സമ്പത്തും എങ്ങനെയെല്ലാം ഉപയോഗിക്കപ്പെട്ടു എന്നതിലേക്ക് ഈ ഗ്രന്ഥം നല്‍കുന്ന  ഉള്‍ക്കാഴ്ച അസാധാരണവും അനന്യവുമാണ്.

ഇന്ത്യന്‍ സമൂഹത്തിലെ ആദ്യകാല ആധുനികതയുടെ (early modenity) സന്ദര്‍ഭമായി പരിഗണിക്കുന്ന മുഗള്‍ഭരണകാലത്ത് അധികാരവും സാഹിതീയവിനിമയങ്ങളും പരസ്പരം പൂരിപ്പിച്ചതെങ്ങനെയെന്ന്, സംസ്കൃതവും പേര്‍ഷ്യന്‍ഭാഷയും  തമ്മിലുള്ള ഒരു നൂറ്റാണ്ടുകാലത്തെ ആദാനപ്രദാനങ്ങളെ മുന്‍നിര്‍ത്തി വിശദീകരിക്കുകയാണ് ഈ ഗ്രന്ഥം ചെയ്യുന്നത്. ഒരു ഭാഗത്ത് ആശയങ്ങളുടെയും അറിവിന്റെയും ഭൌതികതയെ പ്രകരണനിഷ്ഠമായി സ്ഥാപിക്കുന്നതിലൂടെയും മറുഭാഗത്ത് ഭാഷാസാഹിത്യഗവേഷണത്തിന്റെ പുതിയ വഴികള്‍ ഉദ്ഘാടനംചെയ്യുന്നതിലൂടെയും ഈ ഗ്രന്ഥം സമകാലിക ഗവേഷണശ്രമങ്ങള്‍ക്ക് ഒരു മികച്ച വഴികാട്ടിയാണ്. ഭാഷാ–സാഹിത്യഗവേഷണം കെട്ടിയിട്ട കുറ്റിക്കുചുറ്റുമുള്ള അവസാനിക്കാത്ത കറക്കമായി മാറിയ നമ്മുടെ  വൈജ്ഞാനികപരിസരത്തില്‍ പ്രത്യേകിച്ചും.

sunilpelayidom@gmail.com


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top