01 June Thursday

ഡോക്ടര്‍ രോഗിയാകുമ്പോള്‍

ഡോ. ബി ഇക്ബാല്‍Updated: Sunday Jul 24, 2016

രോഗികളായവര്‍ തങ്ങളുടെ രോഗാവസ്ഥയെ സംബന്ധിച്ചും ചികിത്സാനുഭവങ്ങളെക്കുറിച്ചും എഴുതിയ ശ്രദ്ധേയങ്ങളും സാഹിത്യമൂല്യമുള്ളവയുമായ നിരവധി ആത്മകഥകള്‍  സമീപകാലത്തായി പ്രസിദ്ധീകരിക്കപ്പെട്ടുവരുന്നുണ്ട്. ഇവയില്‍ത്തന്നെ വലിയൊരു വിഭാഗം രോഗികളായ ഡോക്ടര്‍മാര്‍ അവര്‍ക്ക് നേരിട്ടുണ്ടായ ചികിത്സാനുഭവങ്ങളെ സംബന്ധിച്ചെഴുതിയിട്ടുള്ള പുസ്തകങ്ങളാണ്.   രോഗങ്ങളെയും രോഗനിര്‍ണയത്തെയും ചികിത്സയെയും പറ്റി ആധികാരിക വൈദ്യഗ്രന്ഥങ്ങളില്‍നിന്ന് വസ്തുനിഷ്ഠവിവരങ്ങള്‍  പഠിക്കേണ്ടവരാണ് ഡോക്ടര്‍മാര്‍. വൈദ്യവിജ്ഞാനത്തിന്റെ അടിസ്ഥാനത്തില്‍ നിരവധി രോഗികളെ അവര്‍ ചികിത്സിക്കുകയുംചെയ്യുന്നു. എന്നാല്‍, സ്വയം രോഗബാധിതരാവുകയും ചികിത്സയ്ക്ക് വിധേയരാവുകയും ചെയ്യുമ്പോള്‍ രോഗാവസ്ഥ മനുഷ്യമനസ്സിലുണ്ടാക്കുന്ന സംഘര്‍ഷങ്ങളെ  സംബന്ധിച്ചും ഡോക്ടര്‍– രോഗി ബന്ധത്തെപ്പറ്റിയും പുതിയൊരു അനുഭവജ്ഞാനം നേടാന്‍ ഡോക്ടര്‍മാര്‍ നിര്‍ബന്ധിതരാകുന്നു. വൈദ്യഗ്രന്ഥങ്ങളില്‍നിന്ന് ഒരിക്കലും ലഭിക്കാനിടയില്ലാത്ത വൈയക്തികവും തീക്ഷ്ണവുമായ അവബോധമാണ് രോഗത്തിന് വിധേയരാകുമ്പോള്‍ അവര്‍ക്ക് ലഭിക്കുന്നത്.

സമീപകാലത്ത് ഈ സരണിയില്‍ പ്രസിദ്ധീകരിക്കപ്പെട്ട ഏറെ ശ്രദ്ധേയമായ ഗ്രന്ഥമാണ് ഇന്ത്യന്‍ വംശജനായ അമേരിക്കന്‍  ന്യൂറോസര്‍ജന്‍ ഡോക്ടര്‍ പോള്‍ കലാനിധിയുടെ 'വെന്‍ ബ്രത്ത് ബികംസ് എയര്‍' (When Breath Becomes Air, Random House, 2016). ശ്വാസകോശ അര്‍ബുദം ബാധിച്ച് മരണമടയുന്നതിന് ഏതാനും മാസങ്ങള്‍ക്കുമുമ്പുവരെയുള്ള കലാനിധിയുടെ കണ്ണുകളെ ഈറനണിയിക്കുന്ന അനുഭവങ്ങളുടെ ഹൃദയസ്പൃക്കായ  വിവരണമാണ് പുസ്തകത്തിലുള്ളത്. പിന്‍കുറിപ്പായി കലാനിധിയുടെ ഭാര്യ അദ്ദേഹത്തിന്റെ അന്ത്യരംഗങ്ങളെ സംബന്ധിച്ചും എഴുതിയിട്ടുണ്ട്. മലയാളിയും  മൈ ഓണ്‍ കണ്‍ട്രി  (My Own Country,1994), ദി ടെന്നീസ് പാര്‍ട്നര്‍ (The Tennis Partner,1999), കട്ടിങ് ഫോര്‍ സ്റ്റോണ്‍ (Cutting For Stone, 2009)  എന്നീ പ്രശസ്ത സാഹിത്യകൃതികളുടെ രചയിതാവും സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയില്‍ മെഡിസിന്‍ പ്രൊഫസറുമായ ഡോ. എബ്രഹാം വര്‍ഗീസാണ് പുസ്തകത്തിന് ഉജ്വലമായ അവതാരിക എഴുതിയിരിക്കുന്നത്.

സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയില്‍നിന്ന് സാഹിത്യത്തിലും വൈദ്യശാസ്ത്രചരിത്രത്തിലും തത്വശാസ്ത്രത്തിലും ഉപരിപഠനം നടത്തിയ കലാനിധി യേല്‍ സ്കൂള്‍ ഓഫ് മെഡിസിനില്‍നിന്ന് വൈദ്യശാസ്ത്രബിരുദം നേടി. ഒരു പ്രൊഫഷന്‍ എന്നതിനേക്കാള്‍ ഒരു നിയോഗമായിട്ടാണ് താന്‍ വൈദ്യമേഖലയിലേക്ക് തിരിഞ്ഞതെന്ന് കലാനിധി എഴുതുന്നു. വൈദ്യപഠനകാലത്തെ അനുഭവങ്ങള്‍ അതീവ സൂക്ഷ്മതയോടെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. ആദ്യമായി പ്രസവമെടുത്തപ്പോള്‍ ജനനത്തെയും ചികിത്സയിലുണ്ടായിരുന്ന രോഗി മരണമടയുമ്പോള്‍ മരണത്തെയും ഡോക്ടര്‍ എന്ന നിലയില്‍ താനെങ്ങനെയാണ് ആദ്യമായി അഭിമുഖീകരിച്ചതെന്ന് അദ്ദേഹം ഹൃദയസ്പര്‍ശിയായി രേഖപ്പെടുത്തുന്നു. 

ന്യൂറോസര്‍ജറിയിലാണ് അദ്ദേഹം ഉപരിപഠനം നടത്തിയത്.  ന്യൂറോസര്‍ജറി പരിശീലനത്തിന്റെ കാഠിന്യവും കാര്‍ക്കശ്യവും സ്വാംശീകരിച്ച് മികച്ച ന്യൂറോസര്‍ജനാകാനുള്ള തയ്യാറെടുപ്പ് കലാനിധി ആരംഭിച്ചു. അതിനിടെ അദ്ദേഹം തന്റെ സഹപാഠിയെ വിവാഹം കഴിക്കുന്നുണ്ട്. പഠനകാലത്തുതന്നെ ചികിത്സയില്‍മാത്രമല്ല ഗവേഷണത്തിലും പ്രാഗത്ഭ്യം തെളിയിച്ച കലാനിധി അപൂര്‍വമായി കാണപ്പെടുന്ന റ്റൂറെറ്റ് സിന്‍ഡ്രോം (ഠീൌൃലലേേ' ്യിറൃീാല) എന്ന രോഗത്തെപ്പറ്റി നടത്തിയ ഗവേഷണത്തിന് പുരസ്കാരത്തിനര്‍ഹനായി.

ന്യൂറോസര്‍ജറി പരിശീലനത്തിന്റെ അവസാനവര്‍ഷമാണ് തന്നെ ഇടയ്ക്കിടെ അലട്ടിക്കൊണ്ടിരുന്ന നിസ്സാരമായ കാരണത്താലെന്ന് താന്‍ കരുതിയിരുന്ന പുറംവേദന അതി ഗുരുതരമായ രോഗത്തിന്റെ ഫലമായുണ്ടായതാണെന്ന് കലാനിധിക്ക് മനസ്സിലാകുന്നത്. സ്കാന്‍ പരിശോധനയില്‍ ശ്വാസകോശത്തെയും നട്ടെല്ലിനെയും ക്യാന്‍സര്‍ ബാധിച്ചതായി സ്ഥിരീകരിച്ചത് കലാനിധിയെയും ഭാര്യയെയും ഞെട്ടിച്ചു. അപ്പോള്‍ കലാനിധിക്ക് കേവലം 36 വയസ്സുമാത്രമാണുണ്ടായിരുന്നത്, ശരീരത്തിലെ അജ്ഞാതമായ ഭാഗത്തുനിന്ന് ശരീരംമുഴുവന്‍ വ്യാപിച്ചുകൊണ്ടിരുന്ന സെക്കന്‍ഡറി മെറ്റാസ്റ്റാറ്റിക് ക്യാന്‍സറിനാണ് നിര്‍ഭാഗ്യവശാല്‍ കലാനിധി വിധേയനായത്.

തികച്ചും ശാന്തനായി തന്റെ രോഗത്തെ സമീപിക്കുന്നതില്‍ കലാനിധി പ്രദര്‍ശിപ്പിച്ച മനഃസംയമനവും മനഃസാന്നിധ്യവും ഗുരുതരമായ രോഗംബാധിച്ച എല്ലാവര്‍ക്കും മാതൃകയാക്കാവുന്നതാണ്. മരണത്തെ അഭിമുഖീകരിക്കുമ്പോള്‍ ജീവിതത്തിന്റെ അര്‍ഥം തേടുന്നതില്‍ ടി എസ് എലിയട്ട്, നബോക്കോവ് എന്നിവരുടേതടക്കമുള്ള സാഹിത്യകൃതികള്‍ തന്നെ സഹായിച്ചതായി കലാനിധി വെളിപ്പെടുത്തുന്നുണ്ട്. ഭാര്യയുമായി ആലോച്ചിച്ച് ഒരു കുഞ്ഞിന്് ജന്മം നല്‍കാന്‍ അദ്ദേഹം തീരുമാനിക്കുന്നു. അവര്‍ക്ക് ജനിച്ച കാഡി എന്ന പെണ്‍കുട്ടിക്കാണ് പുസ്തകം സമര്‍പ്പിച്ചിട്ടുള്ളത്. ആദ്യഘട്ടത്തില്‍ ചികിത്സയോട് അനുകൂലമായി പ്രതികരിച്ച കലാനിധിയുടെ ശരീരം പിന്നീട് രോഗത്തിനു കീഴടങ്ങി. മരിക്കുന്നതിന് ഏതാനും മാസംമുമ്പുവരെയുള്ള വിവരങ്ങള്‍ ദുര്‍ബലമായ വിരലുകളുപയോഗിച്ച് കലാനിധി എഴുതിക്കൊണ്ടിരുന്നു. അന്ത്യരംഗങ്ങള്‍ ഭാര്യയാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

വൈദ്യവിദ്യാര്‍ഥികള്‍ വൈദ്യഗ്രന്ഥങ്ങള്‍ക്കു പുറമെ നിര്‍ബന്ധമായും വായിച്ചിരിക്കേണ്ട പുസ്തകങ്ങളിലൊന്നാണിത്. ഗുരുതരമായ രോഗംബാധിച്ച സാമാന്യജനങ്ങള്‍ക്കും രോഗാവസ്ഥയെ മനഃസ്ഥൈര്യത്തോടെ നേരിടാനുള്ള ആത്മവിശ്വാസം കലാനിധിയുടെ പുസ്തകം നല്‍കുമെന്നു പറയാന്‍ കഴിയും. പുസ്തകത്തിന്റെ പേര് അന്ത്യശ്വാസം, പ്രാണവായുവായി അന്തരീക്ഷത്തില്‍ ലയിക്കും എന്ന ഇന്ത്യന്‍ തത്വചിന്തയിലെ ആശയത്തില്‍നിന്നോ പതിനേഴാം നൂറ്റാണ്ടിലെ കവിയും നാടകകൃത്തുമായ ഫുല്‍ക്കെ ഗ്രെവില്ലെയുടെ സിലിക്ക 83 (Fulkke Greville: Caelica 83) എന്ന കവിതയില്‍നിന്നോ സ്വീകരിച്ചതാകാമെന്ന് വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top