05 December Tuesday

ഒലിവ് മരങ്ങളും നീലിമയും

ഡോ. മീന ടി പിള്ളUpdated: Sunday Jan 24, 2016

പശ്ചിമേഷ്യന്‍ പ്രദേശങ്ങളില്‍ തകര്‍ന്നടിയുന്ന  ജീവിതങ്ങളിലേക്കും നാമാവശേഷമായ കുടുംബങ്ങളുടെ അവശിഷ്ടങ്ങളിലേക്കും മിഴികള്‍പായിക്കുന്ന പലസ്തീനിയന്‍ എഴുത്തുകാരി സുസന്‍ അബുല്‍ഹവായുടെ ഏറ്റവും പുതിയ നോവല്‍ 'ദി ബ്ളൂ ബിറ്റ്വീന്‍ സ്കൈ ആന്‍ഡ് വാട്ടര്‍' ജീവിതത്തിനും മരണത്തിനും ഇടയില്‍ ഉഴറുന്ന ഒരുപറ്റം മനുഷ്യരുടെ അതിജീവനത്തിന്റെയും പ്രത്യാശയുടെയും കഥയാണ്

ലോകത്തെ ഏറ്റവും വലിയ ജയിലെന്നു വിശേഷിപ്പിക്കാം ഗാസയെ. കടലും ആകാശവും ഇസ്രയേലിന്റെ നിയന്ത്രണത്തില്‍.  ചുറ്റും ഉപരോധം. സയണിസ്റ്റ് അധിനിവേശത്തിന്റെയും കടന്നാക്രമണത്തിന്റെയും നിഴലില്‍, നിസ്സഹായതയുടെ ദുരിതത്തില്‍ തിങ്ങിപ്പാര്‍ക്കുന്ന ഒരു ജനത. ഈ ചെറിയ തുണ്ട് ഭൂമിയില്‍ അധിനിവേശം പകുത്തെടുത്ത ആകാശത്തിനും കടലിനും നടുവിലെ ഇത്തിരിപ്പോന്ന നീലിമയില്‍ ഇരുന്ന് കഥ പറയുന്ന ഒരു ബാലന്‍. അവനുചുറ്റും അഭയാര്‍ഥിക്യാമ്പുകളില്‍ കാലങ്ങളായി ജീവിക്കുന്ന നാല് തലമുറകളിലെ സ്ത്രീകള്‍. ഇതാണ് പാലസ്തീനിയന്‍ എഴുത്തുകാരി സുസന്‍ അബുല്‍ഹവായുടെ ഏറ്റവും പുതിയ നോവലായ 'ദി ബ്ളൂ ബിറ്റ്വീന്‍ സ്കൈ ആന്‍ഡ് വാട്ടറി'ന്റെ പശ്ചാത്തലം.
പലസ്തീനിലും അമേരിക്കയിലുമായി അരങ്ങേറുന്ന കഥ കുടുംബചരിത്രവും രാഷ്ട്രീയചരിത്രവും സമന്വയിപ്പിച്ചുകൊണ്ടാണ് മുന്നേറുന്നത്. 1948ല്‍ ഇസ്രയേല്‍ എന്ന രാഷ്ട്രത്തിന്റെ പിറവിക്കു തൊട്ടുമുമ്പ് ഒരു പലസ്തീനിയന്‍ ഗ്രാമത്തിലാണ് നോവല്‍ തുടങ്ങുന്നത്. മെഡിറ്ററേനിയന്‍ കടല്‍ക്കരയുടെ തുഞ്ചത്ത് പിറന്നു വീണ ഒരു രാഷ്ട്രത്തിന്റെ ചരിത്രത്തോടൊപ്പം ചാഞ്ചാടുന്ന ഒരു കുടുംബത്തിലെ നാല് തലമുറകളുടെ ചരിത്രം. കരകളെയും കരളുകളെയും രാഷ്ട്രങ്ങളെയും ആക്രമണങ്ങളെയും ചെറുത്തുനില്‍പ്പിനെയും സ്വാതന്ത്യ്രത്തിനുവേണ്ടിയുള്ള ദാഹങ്ങളെയും ഒക്കെ രചനയിലെ മുഖ്യ ഘടകങ്ങളാക്കി മാറ്റുന്നു നോവലിസ്റ്റ്. കരസേനയ്ക്കും നാവികസേനയ്ക്കും വായുസേനയ്ക്കും  അതീതമായി ചക്രവാളത്തിന്റെ നിതാന്തതയില്‍ നിലകൊള്ളുന്ന നീലിമ ഈ കഥയിലെ പ്രധാന രൂപകമാണ്. സ്വാതന്ത്യ്രത്തിന്റെ ഈ നീലിമ അലിഞ്ഞില്ലാതാകുന്ന ആധുനിക കാലത്ത് ഇതൊരു സ്വപ്നത്തെക്കൂടി സൂചിപ്പിക്കുന്നു.

പലസ്തീനെ ഇസ്രയേല്‍ തച്ചുതകര്‍ക്കുന്ന കാലത്ത് നാടുകടത്തപ്പെടുന്ന പലരുടെയും ജീവിതങ്ങളിലൂടെയുള്ള ഒരു തീര്‍ഥാടനമാണ് ഈ കഥ. അഭയാര്‍ഥിക്യാമ്പുകളില്‍ ചിലരുടെ ജീവിതം കൊഴിഞ്ഞുവീഴുമ്പോഴും മറ്റു ചിലര്‍ അമേരിക്കയിലേക്ക് പലായനംചെയ്യുമ്പോഴും കൈക്കുമ്പിളില്‍ എന്നും കൊണ്ടുനടക്കുന്ന നീലിമയാണ് ജീവിതത്തിലേക്കും വീണ്ടും സ്വപ്നങ്ങള്‍ കാണാനുള്ള കരുത്തിലേക്കും അവരെ എത്തിക്കുന്ന അമൃതവാഹിനി. മതാചാരങ്ങള്‍ക്ക് അനുസൃതമായി ജീവിക്കുന്ന ഒരു യാഥാസ്ഥിതിക സമൂഹം ആധുനികലോകത്ത് പങ്കുവയ്ക്കുന്ന ഓര്‍മകളും ആശങ്കകളും ഉള്‍ക്കാഴ്ചകളും ഈ കൃതിയുടെ മറ്റൊരു പ്രമേയമാണ്. അധിനിവേശം സൃഷ്ടിക്കുന്ന സംഘര്‍ഷം കുടുംബങ്ങളെയും സ്വപ്നങ്ങളെയും തകര്‍ത്തെറിയുമ്പോള്‍ ഏറ്റവും കൂടുതല്‍ ഉലയ്ക്കപ്പെടുന്ന പെണ്‍ജീവിതങ്ങളിലൂടെയാണ് നോവല്‍ മുമ്പോട്ടുപോകുന്നത്.

പശ്ചിമേഷ്യന്‍ പ്രദേശങ്ങളില്‍ തകര്‍ന്നടിയുന്ന ജീവിതങ്ങളിലേക്കും നാമാവശേഷമായ കുടുംബങ്ങളുടെ അവശിഷ്ടങ്ങളിലേക്കും മിഴികള്‍പായിക്കുന്ന കൃതി ജീവിതത്തിനും മരണത്തിനും ഇടയില്‍ ഉഴറുന്ന ഒരുപറ്റം മനുഷ്യരുടെ അതിജീവനത്തിന്റെയും പ്രത്യാശയുടെയും കഥയാണ്്. പത്ത് വയസ്സില്‍ മൃതിയെ പുല്‍കേണ്ടിവരുന്ന ബാലന്റെ വാക്കുകള്‍ ഒരശരീരിപോലെ വിസ്മൃതിയില്‍ അലിയാതെ ചക്രവാളത്തിന്റെ നീലിമയില്‍ നിറഞ്ഞുനില്‍ക്കുമ്പോള്‍ പല സമകാലീനചിത്രങ്ങളും വായനക്കാരുടെ മനസ്സുകളില്‍ തെളിയുമെന്നത് സംശയാതീതമാണ്.

ഒലിവ് മരങ്ങള്‍ പൂക്കുന്ന താഴ്വാരങ്ങളില്‍ സമാധാനത്തോടെ ജീവിച്ച മനുഷ്യര്‍ ഇസ്രയേല്‍ ആക്രമണത്തില്‍ സ്വന്തം ഗ്രാമം കത്തി ചാമ്പലാകുമ്പോള്‍ ഗാസയിലേക്ക് നീളുന്ന വഴികളിലൂടെ പരിക്ഷീണരായി നടത്തുന്ന നീണ്ട യാത്രയാണ് മനസ്സിനെ വേട്ടയാടുന്ന മറ്റൊരു ചിത്രം. പ്രവാസത്തിന്റെയും നാടുകടത്തലിന്റെയും ഇടയില്‍ നഷ്ടപ്പെട്ടുപോകാതെ കാത്തുസൂക്ഷിക്കേണ്ട തങ്ങളുടെ സാംസ്കാരിക സ്വത്വങ്ങളെ ഭാണ്ഡങ്ങളില്‍നിറച്ച്  മുറുക്കെപ്പിടിച്ചുള്ള ആ യാത്രയാണ് അബുല്‍ഹവാ തന്മയത്വത്തോടെ അവതരിപ്പിക്കുന്നത്. ബ്ളൂംസ്ബെറിയാണ് പ്രസാധകര്‍.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top