29 May Monday

ഗീതയുടെ ജീവചരിത്രം

സുനില്‍ പി ഇളയിടംUpdated: Monday Apr 23, 2018

ഇന്ത്യാചരിത്രത്തിലെ ഏറ്റവും പ്രഹേളികാസ്വഭാവമുള്ള കൃതിയാണ് ഭഗവദ്ഗീത. ഡി ഡി കൊസാംബി ചൂണ്ടിക്കാട്ടിയപോലെ പരസ്‌‌പരവിരുദ്ധമായി നിലകൊണ്ടതിനെയെല്ലാം കൂട്ടിയിണക്കുകയും പരസ്പരഭിന്നമോ പരസ്പരവിരുദ്ധമോ ആയി വ്യാഖ്യാനിക്കപ്പെടുകയും ചെയ്ത ഒന്നാണത്. അക്കാലംവരെയുള്ള ചിന്താപാരമ്പര്യങ്ങളെ സംഗ്രഹിച്ചുകൊണ്ടാണ് അത് നിലവിൽവന്നത്. പിന്നീട് ഇന്ത്യയിൽ ഉയർന്നുവന്ന എല്ലാ ചിന്താപദ്ധതികളുമായും അത് സംവദിച്ചു. ശങ്കരനും മധ്വനും രാമാനുജനും വല്ലഭനുംമുതൽ ബങ്കിം ചന്ദ്രനും ഗാന്ധിയും തിലകനുംവരെ ഒരു ഭാഗത്തും സ്വാമി വിവേകാനന്ദനും അരവിന്ദ മഹർഷിയുംമുതൽ അംബേദ്കറും കൊസാംബിയുംവരെ മറുഭാഗത്തുമായി അത്യന്തം വ്യത്യസ്തങ്ങളായ വീക്ഷണങ്ങളുടെ ഉടമകളായവർ ഗീതയെ വ്യാഖ്യാനിക്കുകയും വിമർശനാത്മകമായി അഭിസംബോധന ചെയ്യുകയും ചെയ്തു. രണ്ടുനൂറ്റാണ്ടിനിടെ നൂറോളം ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു. ദേശീയപ്രസ്ഥാനത്തിന്റെ നാളുകളിൽ ബ്രിട്ടീഷ്വിരുദ്ധ സമരത്തിന്റെ വിവിധ രൂപങ്ങൾക്ക് പ്രചോദനമായി. പിന്നാലെ, അൈദ്വതംമുതൽ മാനേജീരിയൽ പാഠങ്ങളും മാനസികാപഗ്രഥനവുംവരെ ഗീതയിൽനിന്ന് കണ്ടെടുക്കപ്പെട്ടു. അതുവഴി, മഹാഭൂരിപക്ഷം വരുന്ന കീഴാളജനതയെ സ്പർശിക്കാതിരുന്നപ്പോഴും, ദേശീയ ആധ്യാത്മികപാഠം എന്ന പദവിയിലേക്ക് ഗീത കടന്നുകയറി.

ഗീതയുടെ വിചിത്രവും അനന്യസാധാരണവുമായ ഈ ചരിത്രജീവിതത്തിന്റെ കഥയാണ് ഭഗവദ്‌‌ഗീതയുടെ ജീവചരിത്രം (ആവമഴമ്മറ ഏശമേ: അ ആശീഴൃമുവ്യ) എന്ന ഗ്രന്ഥത്തിൽ റിച്ചാർഡ് എച്ച് ഡേവിസ് അവതരിപ്പിക്കുന്നത്. ലോകപ്രശസ്തമായ പ്രിൻസ്റ്റൻ സർവകലാശാല മഹത്തായ മതഗ്രന്ഥങ്ങളുടെ ജീവിതം (ഘശ്ല ീള ഏൃലമ ഞലഹശഴശീൌ ഠലഃ) എന്ന അവരുടെ ഗ്രന്ഥപരമ്പരയുടെ ഭാഗമായാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചത്. ലോകമെമ്പാടുമുള്ള പ്രമുഖ മത‐ആധ്യാത്മിക ഗ്രന്ഥങ്ങളുടെ സങ്കീർണമായ ചരിത്രജീവിതം അനാവരണം ചെയ്യുന്ന പഠനങ്ങളാണ് പ്രിൻസ്റ്റൻ സർവകലാശാലാ പരമ്പരയിലുള്ളത്. ചാവുകടൽച്ചുരുളുകൾ (ഉലമറ ടലമ ടരൃീഹഹ), ഉൽപ്പത്തിപുസ്തകം, ഇയ്യോബിന്റെ പുസ്തകം, പതഞ്ജലീയോഗസൂത്രം, സെന്റ് അഗസ്റ്റിന്റെ കുറ്റസമ്മതങ്ങൾ തുടങ്ങിയവയുടെയെല്ലാം ജീവചരിത്രങ്ങൾ ഈ പരമ്പരയുടെ ഭാഗമായി ഇതിനകം പ്രസിദ്ധീകരിച്ചുകഴിഞ്ഞു. വെളിപാടുപുസ്തകം, റൂമിയുടെ മസ്നാവി, ടാൽമണ്ട്, കൺഫ്യൂഷ്യസിന്റെ വചനങ്ങൾ തുടങ്ങിയവയെല്ലാം ഈ പരമ്പരയുടെ ഭാഗമായി പിന്നാലെ പഠനവിധേയമാകുന്നുണ്ട്. മത/ആധ്യാത്മിക ഗ്രന്ഥങ്ങളെ ഒറ്റയ്ക്കൊരു പാഠമായി പരിഗണിക്കാതെ ചരിത്രത്തിന്റെ പലപല പടവുകളിലൂടെയുള്ള അവയുടെ സഞ്ചാരവും ഓരോ പടവിലും അവ കൈവരിച്ച അർഥവിശേഷങ്ങളും വിശദീകരിക്കാനാണ് ഈ പഠനപരമ്പര ശ്രമിക്കുന്നത്. ആ നിലയിൽ മതഗ്രന്ഥങ്ങളുടെ വ്യാവഹാരികചരിത്രത്തിലേക്കുള്ള പ്രവേശകങ്ങളാണ് ഈ ഗ്രന്ഥങ്ങൾ.

ലോകപ്രസിദ്ധനായ സംസ്കൃതപണ്ഡിതനും കൊളംബിയ സർവകലാശാലയിലെ അധ്യാപകനുമായ പ്രൊഫ. ഷെൽഡൺ പൊള്ളോക്ക് പറയുന്നതുപോലെ, ഇത്തരമൊരു ജീവചരിത്രത്തിന്റെ ആവശ്യകത, ഭഗവദ്ഗീതയ്ക്കെന്നപോലെ ഇന്ത്യയിൽ മറ്റൊരു കൃതിക്കുമില്ല. മഹാഭാരതം എന്ന ഇതിഹാസപാഠത്തിന്റെ ഭാഗമായി പിറവിയെടുക്കുകയും ആധുനിക ഇന്ത്യയിൽ പക്വദശയിലേക്ക് എത്തുകയും ചെയ്ത ചരിത്രജീവിതമാണ് ഭഗവദ്ഗീതയുടേത്. അത്തരമൊരു കൃതിയെ ബുദ്ധിപൂർവം വായിക്കണമെങ്കിൽ ഇക്കാലംവരെ അത് എങ്ങനെയെല്ലാം വായിക്കപ്പെട്ടുവെന്ന് അറിയണമെന്ന് പൊള്ളോക്ക് പറയുന്നു. റിച്ചാർഡ് ഡേവിസിന്റെ ഗ്രന്ഥം അതിന് മാർഗദർശകമാകാൻപോന്ന ഏറ്റവും മികച്ച ഗ്രന്ഥമാണെന്നാണ് അദ്ദേഹം സൂചിപ്പിക്കുന്നത്.

ഹിന്ദുമതത്തിന്റെ സാരസർവസ്വം എന്ന പദവിയാണ് ഗീതയ്ക്ക് സാമാന്യബോധത്തിൽ ഇപ്പോഴുള്ളത്. ഗീതാശിബിരങ്ങളും ഗീതാജ്ഞാനങ്ങളുംമുതൽ എണ്ണമറ്റ വ്യാഖ്യാന‐വിവർത്തനങ്ങൾവരെയുള്ള ആവിഷ്കാരങ്ങൾ ഗീതയെക്കുറിച്ച് രൂപപ്പെടുത്തിയ ധാരണയുടെ ആകെത്തുക ഇത്തരമൊന്നാണ്. ഇന്ത്യയിലെ ആത്മീയവിചാരത്തിന്റെ സംഗ്രഹസ്ഥാനമായും ചിലപ്പോഴൊക്കെ അത് പരിഗണിക്കപ്പെടാറുണ്ട്. ഇത്രമേൽ വലിയ പരിവേഷമുണ്ടെങ്കിലും ഗീതയുടെ ചരിത്രജീവിതത്തിലുടനീളം അതിന് ഇതേപദവി ഉണ്ടായിരുന്നില്ല എന്നതാണ് യാഥാർഥ്യം. ക്രിസ്തുവർഷം മൂന്ന്‐നാല് നൂറ്റാണ്ടുകളിലാണ് ഗീത അതിന്റെ പൂർണരൂപം കൈവരിച്ചതെന്നാണ് ചരിത്രപഠിതാക്കൾ പൊതുവെ കരുതുന്നത്. ഹിന്ദുമതമെന്ന് ഇപ്പോൾ പൊതുവായി വിവരിക്കപ്പെട്ടുവരുന്ന ബ്രാഹ്മണമതത്തിന്റെ അടിസ്ഥാനങ്ങളെല്ലാം അതിനും നൂറ്റാണ്ടുകൾ മുമ്പേതന്നെ നിലവിൽവന്ന് കഴിഞ്ഞിരുന്നു. ക്രിസ്തുവർഷം ഒമ്പതാംനൂറ്റാണ്ടിൽ ശങ്കരൻ വേറിട്ടൊരു പാഠമായി എടുത്ത് ഭാഷ്യംചമയ്ക്കുംവരെ ഗീതയ്ക്ക് സ്വതന്ത്രവും സവിശേഷവുമായ പദവിയൊന്നും ഉണ്ടായിരുന്നില്ല. ശങ്കരഭാഷ്യത്തിനുശേഷവും മഹാഭാരതഭാഗം എന്നതിനപ്പുറമുള്ള പരിഗണനയൊന്നുമില്ലാതെ ഗീത ചില നൂറ്റാണ്ടുകൾകൂടി നിലനിന്നിരിക്കണം. ആനന്ദവർധനന്റെ ധ്വന്യാലോകം ഗീതകൂടി ഉൾക്കൊള്ളുന്ന മഹാഭാരതത്തെ ശാന്തരസപ്രധാനമായ കാവ്യമായാണ് വിലയിരുത്തുന്നത്. മഹാഭാരതത്തിന് ഒരു മതഗ്രന്ഥത്തിന്റെയോ ഗീതയ്ക്ക് സവിശേഷമായ ഒരു ദാർശനികഗ്രന്ഥത്തിന്റെയോ പദവി കൈവരാത്ത ഒരു കാലയളവിന്റെ അടയാളമാണത്. അതുപോലെ ഒമ്പതാംനൂറ്റാണ്ടിലെതന്നെ ശാന്തരക്ഷിതന്റെ തത്ത്വസംഗ്രഹം ഗീതയെക്കുറിച്ച് പരാമർശിക്കുന്നില്ലെന്ന വസ്തുത അംബേദ്കർ ചൂണ്ടിക്കാണിക്കുന്നുണ്ട്. അക്കാലംവരെയുള്ള ഇന്ത്യൻ ചിന്തയുടെ ചരിത്രമായി രചിക്കപ്പെട്ട കൃതിയാണ് തത്ത്വസംഗ്രഹം. അതിൽ ഗീത ഇടംപിടിക്കുന്നില്ല. 11‐ാംനൂറ്റാണ്ടിൽ പ്രമുഖ സംസ്കൃത ആലങ്കാരികനായ മഹിമഭട്ടൻ ‘യദായദാഹി ധർമസ്യ’ എന്ന, പിൽക്കാലത്ത് അതിപ്രസിദ്ധമായിത്തീർന്ന ഗീതാശ്ലോകത്തിൽ പൗനരുക്ത്യം എന്ന കാവ്യദോഷം കണ്ടെത്തുന്ന കാര്യം എൻ വി പി ഉണിത്തിരി ചൂണ്ടിക്കാണിക്കുന്നുണ്ട്. കാവ്യദോഷങ്ങൾക്ക് ഉദാഹരണം കണ്ടെത്താവുന്ന വിധത്തിൽ സാധാരണമായ ഒരു ഗ്രന്ഥത്തിന്റെ പദവിയേ അന്ന് ഗീതയ്ക്ക് ഉണ്ടായിരുന്നുള്ളൂ എന്നാണിതിനർഥം. ഇന്ത്യയിലെതന്നെ ശൈവ, ശാക്തേയ പാരമ്പര്യത്തിന്റെ വക്താക്കൾ എപ്പോഴെങ്കിലും ഭഗവദ്ഗീതയ്ക്ക് ആധികാരികപദവി നൽകിയിരുന്നില്ലെന്ന കാര്യവും ഇതോടൊപ്പം ശ്രദ്ധിക്കേണ്ടതാണ്.

ഭഗവദ്ഗീതയുടെ ചരിത്രജീവിതത്തിന്റെ സവിശേഷമായ ഈ പ്രകൃതം നാമിപ്പോൾ പൊതുവെ ശ്രദ്ധിക്കാറില്ല. ഗീതയെ വലയംചെയ്ത അതിഭൗതിക പരിവേഷം മാറ്റിവച്ച് ശ്രദ്ധിച്ചാൽ കോളനീകരണത്തിന്റെയും ആധുനികതയുടെയും സന്ദർഭത്തിലാണ് അതിന് നാമിന്ന് കാണുന്ന വിപുലമായ പദവിയും പ്രാധാന്യവും കൈവന്നതെന്ന് വ്യക്തമാകും. മധ്യകാലശതകങ്ങളിൽ അദൈ്വതവും വിശിഷ്ടാദൈ്വതവുംമുതൽ ദൈ്വതവും ദൈ്വതാദൈ്വതവും വരെയുള്ള വിഭിന്ന പാരമ്പര്യങ്ങളിൽപ്പെട്ട ധാരാളം വ്യാഖ്യാനങ്ങൾ ഗീതയ്ക്കുണ്ടായി. ആനന്ദജ്ഞാനഗിരിയുടെ ഗീതാഭാഷ്യവിവേചനം, ശ്രീധരസ്വാമികളുടെ സുബോധിനി, മധുസൂദനസരസ്വതിയുടെ ഗൗഡാർഥദീപിക, അഭിനവഗുപ്തന്റെ ഗീതാർഥസംഗ്രഹം, രാമാനുജന്റെയും മധ്വന്റെയും ഗീതാഭാഷ്യങ്ങൾ, വല്ലഭാചാര്യന്റെ തത്ത്വദീപിക എന്നിങ്ങനെ അനവധി ഗീതാവ്യാഖ്യാനങ്ങൾ 11‐ാംനൂറ്റാണ്ടുമുതൽ രചിക്കപ്പെടുന്നുണ്ട്. എങ്കിലും പതിനെട്ടും പത്തൊമ്പതും നൂറ്റാണ്ടുകളിൽ അരങ്ങേറിയ പൗരസ്ത്യവാദവ്യവഹാരവും പിന്നാലെ അതിനെക്കൂടി സ്വാംശീകരിച്ച ദേശീയവാദവും ചേർന്നാണ് ഭഗവദ്ഗീതയെ ഇന്ത്യയുടെ ദേശീയ ആത്മീയപാഠമായി ഉയർത്തിയത്. അതുവരെ ഒറ്റതിരിഞ്ഞ ഒരു പാഠത്തിന്റെ പദവിയിൽ ഭിന്നപാരമ്പര്യങ്ങൾക്കുള്ളിലായിരുന്നു ഗീത നിലയുറപ്പിച്ചത്. ആ ഭിന്നപാരമ്പര്യങ്ങൾക്കും ബഹുസ്വരമായ പാഠജീവിതത്തിനും മുകളിൽ ഏകാത്മകമായ ദേശീയപാഠപദവിയിലേക്ക് ഗീത ഉയർന്നുവരുന്നത് ആധുനികതയോടൊപ്പമാണ്.

ഇങ്ങനെ മനസ്സിലാക്കിയാൽ, താരതമ്യേന, പ്രാചീനമായ ഒരു ഗ്രന്ഥമായിരിക്കെത്തന്നെ ആധുനികമായ പദവിയും പാഠജീവിതവുമാണ് ഭഗവദ്ഗീതയ്ക്ക് ഉള്ളതെന്ന് കാണാനാകും. ആധുനികമായ ഈ പദവിയുടെയും പാഠജീവിതത്തിന്റെയും നിർമാണചരിത്രത്തിന്റെ അനാവരണമെന്ന് ഈ ഗ്രന്ഥത്തെ വിശേഷിപ്പിക്കാം. ഉത്ഭവസന്ദർഭത്തെയും, പിന്നാലെ വന്ന പലനൂറ്റാണ്ടുകളിലെ ചരിത്രജീവിതത്തെയും മറികടക്കുന്ന ഇത്തരമൊരു പദവിമൂല്യത്തിലേക്ക് ആധുനികതയോടൊപ്പം ഈ ഗ്രന്ഥം എങ്ങനെ സഞ്ചരിച്ചെത്തിയെന്ന് ഈ പുസ്തകം വിശദീകരിക്കുന്നു. പാഠജീവിതത്തിനും അർഥാനുഭവങ്ങളുടെ രൂപപ്പെടലിനും പിന്നിലുള്ള ചരിത്രപരമായ വലിയ പ്രേരണകളിലേക്ക് നമ്മുടെ കാഴ്ചയെ കൂട്ടിക്കൊണ്ടുപോകുന്നു.

ആമുഖവും ഭരതവാക്യവും കൂടാതെ, ആറ് അധ്യായങ്ങളായാണ് റിച്ചാർഡ് ഡേവിസ് തന്റെ ഗ്രന്ഥം ആസൂത്രണം ചെയ്തിരിക്കുന്നത്. ഒന്നാമധ്യായം ഭഗവദ്ഗീതയുടെ രചനാകാലവും ആ കാലഘട്ടത്തിലെ അതിന്റെ സ്വരൂപവും ചർച്ചചെയ്യുന്നു. ഗീതയുടെ ചരിത്രപരമായ ഉൽപ്പത്തിയാണ് അവിടെ മുഖ്യമായും പരിശോധിക്കപ്പെടുന്നത്. ഗീതയുടെ മധ്യകാലജീവിതമാണ് രണ്ടാമധ്യായത്തിലെ ചർച്ചാവിഷയം. മധ്യകാല ഗീതാവ്യാഖ്യാനങ്ങളെമാത്രം മുൻനിർത്തിയല്ല ഗ്രന്ഥകാരൻ ഈ ആലോചന വികസിപ്പിക്കുന്നത്. അതിനപ്പുറം, കൃഷ്ണഭക്തിപാരമ്പര്യവും ഗീതയുടെ മധ്യകാലജീവിതവുമായി ചേർത്തുവച്ചാണ് റിച്ചാർഡ് എച്ച് ഡേവിസ് തന്റെ വിശകലനം മുന്നോട്ടുകൊണ്ടുപോകുന്നത്. ചരിത്രപരമായ സന്ദർഭത്തോട് ചേർത്തുവച്ച് പാഠജീവിതത്തിന്റെ പൊരുൾ വിശദീകരിക്കാനാണ് ഇവിടെയും അദ്ദേഹം മുതിർന്നിട്ടുള്ളത്. ആ നിലയിൽ ഈ അധ്യായം വളരെ പ്രധാനവുമാണ്. ഭക്തിപാരമ്പര്യവുമായി ഗീതയ്ക്ക് വലിയ വിനിമയങ്ങൾ ഉണ്ടായിരുന്നില്ലെന്ന വിലയിരുത്തലാണ് കൊസാംബി മുതലിങ്ങോട്ടുള്ളവരുടെ ആലോചനകൾവഴി വികസിച്ചത്. ആ സാമാന്യധാരണയ്ക്കപ്പുറത്തേക്ക് നീങ്ങാനും മധ്യകാലഭക്തിപാരമ്പര്യം ഗീതയുടെ ജീവിതത്തിൽ, പ്രത്യക്ഷമായല്ലെങ്കിലും, ഇടംപിടിച്ചതെങ്ങനെ എന്നു പരിശോധിക്കാനുമുള്ള ശ്രമം ഗീതാപഠനങ്ങളുടെ ചരിത്രത്തിൽതന്നെ വ്യത്യസ്തമായ ഒന്നാണെന്ന് പറയാം.

കോളനിവാഴ്‌‌‌‌‌‌‌ചക്കാലത്ത് വിവിധ വിവർത്തനങ്ങളിലൂടെ ഗീതയ്ക്ക് കൈവന്ന ലോകസഞ്ചാരങ്ങളുടെയും അതുവഴിയുളവായ പുതിയ അർഥ‐ആത്മീയ പരിവേഷങ്ങളുടെയും ചരിത്രമാണ് മൂന്നാമധ്യായത്തിന്റെ പരിഗണനാവിഷയം. ചാൾസ് വിൽക്കിൻസും ഫ്രെഡറിക് ഷ്ളെഗലും ഹുംബോൾട്ടും ഹെഗലും മുതൽ സ്വാമി വിവേകാനന്ദൻവരെയുള്ളവരുടെ ഗീതാവിവർത്തന‐വ്യാഖ്യാനങ്ങൾ ഭഗവദ്ഗീതയെ എങ്ങനെയെല്ലാം പുനർവിഭാവനങ്ങൾക്ക് വിധേയമാക്കി എന്നതിന്റെ ചിത്രം ഈ അധ്യായം നന്നായി വരച്ചുകാട്ടിയിട്ടുണ്ട്. ദേശീയപ്രസ്ഥാനവും ഗീതയും തമ്മിലുള്ള വിനിമയങ്ങളാണ് നാലാമധ്യായത്തിന്റെ പ്രമേയം. ബങ്കിംചന്ദ്രൻ, അരവിന്ദഘോഷ്, തിലകൻ, ഗാന്ധിജി തുടങ്ങിയവരുടെ ഗീതാവ്യാഖ്യാനങ്ങൾ, അനുശീലൻസമിതിപോലുള്ള പ്രസ്ഥാനങ്ങളും ഗീതയുമായുള്ള അവയുടെ ബന്ധവും യുഗാന്തർ, കർമയോഗി തുടങ്ങിയ പത്രങ്ങളും ഗീതയുടെ ആധുനികജീവിതവും എന്നിങ്ങനെ പലപല പ്രമേയങ്ങളുടെ ആകെത്തുകകൂടിയാണ് ദേശീയപ്രസ്ഥാനഘട്ടത്തിലെ ഭഗവദ്ഗീത. ഇങ്ങനെയൊരു സവിശേഷസംയോഗമായി ഗീത മാറിത്തീർന്നതിന്റെ കഥയാണ് നാലാമധ്യായം. അഞ്ചും ആറും അധ്യായങ്ങൾ യഥാക്രമം ആധുനികകാലത്തെ ഗീതാവിവർത്തനങ്ങളെയും ഗീതയെ മുൻനിർത്തിയുള്ള ആവിഷ്കാരങ്ങളെയുംകുറിച്ച് ചർച്ചചെയ്യുന്നു. വിവർത്തനങ്ങളും ഗീതാപ്രഭാഷണങ്ങൾമുതൽ ഗീതയുടെ ചിത്ര‐ശിൽപ്പ പാഠങ്ങൾവരെ അതിന്റെ ആധുനികജീവിതത്തിൽ ഇടപെട്ടതെങ്ങനെ എന്ന ആലോചന സാധാരണ ഗീതാപഠനങ്ങളിൽ ഇടംകിട്ടാത്ത ഒന്നാണ്. എന്നാൽ, ഗീതയെ ചരിത്രപരമായി സ്ഥാനപ്പെടുത്തുമ്പോൾ അതിന് വലിയ പ്രാധാന്യമുണ്ടുതാനും.

ഇങ്ങനെ, മഹാഭാരതം ഭീഷ്മപർവത്തിലെ പ്രാരംഭംമുതൽ 21‐ാംനൂറ്റാണ്ടിലെ കലണ്ടർചിത്രങ്ങൾവരെയുള്ള ഭിന്നപ്രകാരങ്ങളിലൂടെയുള്ള ഗീതയുടെ ചരിത്രജീവിതത്തിന്റെ സാമാന്യവും എന്നാൽ, സമഗ്രസ്വഭാവമുള്ളതുമായ അവതരണമാണ് റിച്ചാർഡ് ഡേവിസ്  കൃതിയിൽ നടത്തിയിരിക്കുന്നത്. ഒരുനൂറ്റാണ്ടായി നിലയ്ക്കാതെ തുടരുന്ന ഗീതാപഠനപരമ്പരയിൽ ശ്രദ്ധേയമായ ഒരു സ്ഥാനം ഇതിനുണ്ടാകുമെന്ന് ഉറപ്പിച്ചുതന്നെ പറയാം. ഇപ്പോൾ ലഭ്യമായ ഹാർഡ്ബൗണ്ട് കോപ്പിക്ക് വില ഏറെയാണെങ്കിലും (രണ്ടായിരം രൂപയോളം) പോപ്പുലർ പതിപ്പുകൾ വരുന്നതോടെ ഇത് വിപുലമായ വായനയിലേക്ക് എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top