07 June Wednesday

കടലാസിന്റെ സാംസ്കാരിക സാമൂഹ്യ ചരിത്രം

ഡോ. ബി ഇക്ബാല്‍Updated: Sunday Aug 21, 2016

ലോകത്ത് ഇന്ന് ജീവിച്ചിരിക്കുന്ന പുസ്തകപ്രേമികളില്‍ (Bibliophile) പ്രമുഖനാണ്  അമേരിക്കക്കാരനായ  നിക്കോളാസ് ബാസ് ബെയിന്‍സ്. പുസ്തകങ്ങളെയും പുസ്തകവായന/ശേഖരണ സംസ്കാരത്തെയുംപറ്റി നിരവധി ഗ്രന്ഥങ്ങള്‍ ബാസ് ബെയിന്‍സ് രചിച്ചിട്ടുണ്ട്. പുസ്തകസാഹിത്യം എന്ന് വിശേഷിപ്പിക്കാവുന്ന തരത്തില്‍ പുസ്തകങ്ങളെപറ്റിയുള്ള ഗ്രന്ഥങ്ങളുടെ വലിയ പ്രളയം തന്നെയാണ് ലോക സാഹിത്യരംഗത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇവയില്‍ ഏറ്റവുമധികം ശ്രദ്ധിക്കപ്പെടുന്ന കൃതികള്‍ രചിച്ചിട്ടുള്ളത് ബാസ് ബെയിനാണ്. പുസ്തകപ്രേമികളെയും പുസ്തകഭ്രാന്തന്മാരെയും (Bibliomaniacs) കുറിച്ചുള്ള അദ്ദേഹത്തിന്റെ, വളരെ ചുരുങ്ങിയകാലംകൊണ്ട് പ്രസിദ്ധീകരണ അത്ഭുതംതന്നെ സൃഷ്ടിച്ച ഏറെ പ്രസിദ്ധമായ എ ജന്റില്‍ മാഡ്നസ് (A Gentle Madness: Bibliophiles, Bibliomanes, and the Eternal Passion for Books, Henry Holt & Co., New York-:- 1995)- എന്ന കൃതി പുസ്തകങ്ങളോടുള്ള നിതാന്തമായ അഭിനിവേശത്തെ പറ്റിയുള്ളതാണ്. താരതമ്യേന വിരസമാണെന്ന് തോന്നാവുന്ന ഒരു വിഷയത്തെപ്പറ്റിയുള്ള ഈ പുസ്തകത്തിന്റെ എട്ട് ഹാര്‍ഡ് കവര്‍ എഡിഷനും 20 പേപ്പര്‍ ബാക്ക്  എഡിഷനും പ്രസിദ്ധീകരിക്കപ്പെട്ടു. പുസ്തകത്തിന്റെ പേരുതന്നെ പുസ്തകങ്ങളോടുള്ള സൌമ്യമായ ഉന്മാദത്തെയാണ് സൂചിപ്പിക്കുന്നത്. പുസ്തകശേഖരണത്തെപ്പറ്റി ഇരുപതാം നൂറ്റാണ്ടില്‍ പ്രസിദ്ധീകരിക്കപ്പെട്ട ഏറ്റവും ശ്രദ്ധേയമായ കൃതിയായി ദി വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍  ജന്റില്‍ മാഡ്നസിനെ വിലയിരുത്തുന്നു. 

പുസ്തകപ്രസിദ്ധീകരണത്തിന്റെയും വായനയുടെയും ചരിത്രവും ഭാവിയുമാണ്  പേഷ്യന്‍സ് ആന്‍ഡ് ഫോര്‍റ്റിറ്റ്യൂഡ് (Patience- & Fortitude: A Roving Chronicle of Book People, Book Places, and Book Culture, Harper Collins, New York:- 2001)  എന്ന ബാസ് ബെയിനിന്റെ രണ്ടാമത്തെ പുസ്തകത്തിന്റെ വിഷയം. ആഗോളതലത്തില്‍ പുസ്തകങ്ങളും ലൈബ്രറികളൂം നശിപ്പിക്കാന്‍ നടന്ന നീക്കങ്ങളും അവയെ പുനഃസ്ഥാപിക്കാന്‍ നടന്ന ശ്രമങ്ങളുമാണ് എ സ്പ്ളെന്‍ഡര്‍ ഓഫ് ലെറ്റേഴ്സ് (A Splendor of Letters: The Permanence of Books in an Impermanent World, Harper Collins, 2003) എന്ന ബാസ് ബെയിനിന്റെ മൂന്നാമത്തെ പുസ്തകത്തിന്റെ വിഷയം. ലോകത്തെ ചലിപ്പിക്കാനും  മനുഷ്യരാശിയെ ഉത്തേജിപ്പിക്കാനുമുള്ള പുസ്തകങ്ങളുടെ പങ്കിനെ പറ്റിയാണ് എവരി ബുക്ക് ഇറ്റ്സ് റീഡര്‍ (Every Book its Reader:- The Power of the Printed Word to Stir the World, Harper Collins, 2005)- എന്ന തന്റെ നാലാമത്തെ പുസ്തകത്തില്‍ ബാസ് ബെയിന്‍ ചര്‍ച്ചചെയ്യുന്നത്. 

 
കടലാസിന്റെ കണ്ടുപിടിത്തവും ലോകസംസ്കാരത്തില്‍ കടലാസ് വഹിച്ച പങ്കുമാണ് ബാസ് ബെയിന്‍ അവസാനമായി പ്രസിദ്ധീകരിച്ച പുസ്തകമായ ഓണ്‍ പേപ്പര്‍ (On Paper: The Everything of Its TwoThousandYear History,: Alfred A. Knopf, New York 2013)  എന്ന ബൃഹത്കൃതിയില്‍ വിശദമായി പ്രതിപാദിക്കുന്നത്. പുസ്തകപ്രേമികള്‍ വളരെ പ്രതീക്ഷയോടെ കാത്തിരുന്ന ഈ പുസ്തകത്തിന്റെ വില കൂടിയ ഹാര്‍ഡ് കവര്‍ പതിപ്പ് വാങ്ങാന്‍ പല പുസ്തകപ്രേമികള്‍ക്കും കഴിഞ്ഞില്ല. ആ കുറവ് പരിഹരിച്ചുകൊണ്ട് പുസ്തകത്തിന്റെ താരതമ്യേന വില കുറഞ്ഞ പേപ്പര്‍ ബാക്ക് എഡിഷന്‍ അടുത്തകാലത്ത് ലഭ്യമാക്കിയത് (Vintage Reprint Edition)- പുസ്തകപ്രേമികളെ പ്രത്യേകിച്ച് ബാസ് ബെയിനിന്റെ ആരാധകരെ  ഏറെ സന്തോഷിപ്പിക്കുകയുണ്ടായി.

അച്ചടിമാധ്യമമെന്ന നിലയിലുള്ള കടലാസിന്റെ ചരിത്രം മാത്രമല്ല, കടലാസ് നിര്‍മാണത്തിന്റെ സാങ്കേതികവിദ്യയും  സാമ്പത്തികശാസ്ത്രവും ചര്‍ച്ചചെയ്യുന്ന ഓണ്‍ പേപ്പര്‍ എട്ടുവര്‍ഷം നീണ്ട ഗവേഷണത്തെ തുടര്‍ന്നാണ് ബാസ് ബെയിന്‍ എഴുതി പൂര്‍ത്തിയാക്കിയത്. അമേരിക്കന്‍ ലൈബ്രറി അസോസിയേഷന്‍ ഏറ്റവും ശ്രദ്ധേയമായ പുസ്തകങ്ങളൂടെ പട്ടികയില്‍ ഓണ്‍ പേപ്പര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നാല് അധ്യായങ്ങളിലായി അതീവ വിജ്ഞാനപ്രദമായ 60 ചിത്രങ്ങളുടെ സഹായത്തോടെയാണ് ബാസ് ബെയിന്‍ ഓണ്‍ പേപ്പര്‍ രചിച്ചിട്ടുള്ളത്.

പതിനെട്ടാം നൂറ്റാണ്ടില്‍ ചൈനക്കാര്‍  കടലാസ് കണ്ടുപിടിച്ചതുമുതലുള്ള ചരിത്രം സാഹിത്യഭാഷയില്‍ വായനക്ഷമതയോടെ ബാസ് ബെയിന്‍ രേഖപ്പെടുത്തുന്നു. കടലാസിന്റെ ആയിരക്കണക്കിനുള്ള ഉപയോഗവും (ദുരുപയോഗവും) സാമൂഹ്യസ്വാധീനവും ബാസ് ബെയിന്‍ വിവരിക്കുന്നു. കടലാസിന്റെ ആഗോള ഉല്‍പ്പാദകരെയും വില്‍പ്പനക്കാരെയും വിതരണക്കാരെയും അദ്ദേഹം പരിചയപ്പെടുത്തുന്നു. ഇസ്ളാമികപണ്ഡിതരുടെയും യൂറോപ്പ്, ഏഷ്യ, അമേരിക്കന്‍ ഭൂഖണ്ഡം എന്നിവിടങ്ങളിലെ പണ്ഡിതരുടെയും ചിന്തകളും ആശയങ്ങളും കടലാസ്  എന്ന മാധ്യമത്തില്‍ രേഖപ്പെടുത്തി സൂക്ഷിക്കയും പ്രചരിപ്പിക്കയും ചെയ്തതെങ്ങനെയെന്ന് ചരിത്രപരമായ ഉള്‍ക്കാഴ്ചയോടെ ബാസ് ബെയിന്‍ വിശകലനം ചെയ്യുന്നു.

ലോകചരിത്രത്തിലെ രാഷ്ടീയവിവാദങ്ങളും വാട്ടര്‍ ഗേറ്റും ഡനിയല്‍ എല്‍സ്ബര്‍ഗിന്റെ പെന്റഗണ്‍ രേഖകളും  മറ്റും  സൃഷ്ടിച്ച നാടകീയവിചാരണകളും കടലാസിലൂടെ  ലോകജനത വായിച്ചറിഞ്ഞതെങ്ങനെയെന്ന് ബാസ് ബെയിന്‍ വെളിപ്പെടുത്തുന്നു. ഓണ്‍ പേപ്പര്‍ തയ്യാറാക്കുന്നതിനായി താന്‍ നടത്തിയ ചൈനമുതല്‍ അമേരിക്കയിലെ നാഷണല്‍ സെക്യൂരിറ്റി ഏജന്‍സിവരെയുള്ള യാത്രയുടെ വിവരണങ്ങള്‍ പുസ്തകത്തെ വിജ്ഞാനപ്രദം മാത്രമല്ല രസകരവുംകൂടിയായ വായനാനുഭവമാക്കി മാറ്റുന്നു. മനുഷ്യസംസ്കാരത്തെ രൂപപ്പെടുത്തുന്നതില്‍ മുഖ്യപങ്ക് വഹിച്ച കടലാസിന്റെ ചരിത്രം മനസ്സിലാക്കാന്‍ ഓണ്‍ പേപ്പറിലും മികച്ച ഒരു സ്രോതസ്സ് ഇല്ലെന്നുതന്നെ പറയാം, അതുകൊണ്ടുതന്നെ ഓണ്‍ പേപ്പര്‍ ഒരുതവണ വായിച്ച് മാറ്റിവയ്ക്കാനുള്ളതല്ല, നിരന്തരമായി പരിശോധിക്കേണ്ട ഒരു ആധികാരിക റഫറന്‍സ് ഗ്രന്ഥമായി കരുതാവുന്നതാണ്.

കേരളംകണ്ട ഏറ്റവും പ്രഗത്ഭനായ പുസ്തകപ്രേമിയായിരുന്ന  സഖാവ് പി ഗോവിന്ദപ്പിള്ളയ്ക്ക് അദ്ദേഹം നമ്മെ വിട്ടുപോയതിന് ഏതാനുംമാസം മുമ്പ് ബാസ് ബെയിന്റെ ക്ളാസിക് കൃതിയായ ദി ജെന്റില്‍ മാഡ്നസിന്റെ കോപ്പി നല്‍കാന്‍ കഴിഞ്ഞത് അതീവ ചാരിതാര്‍ഥ്യത്തോടെ ഈ അവസരത്തില്‍ ഓര്‍ത്തുപോകുകയാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top