23 June Sunday

ഒരച്ഛന്‍ മകനെഴുതേണ്ട കത്തുകള്‍

ഡോ. യു നന്ദകുമാര്‍Updated: Sunday May 21, 2017

ലോകമെമ്പാടുമുള്ള മുസ്ളിം യുവാക്കളെ മനസ്സില്‍ കണ്ടാണ് ഉമര്‍ സഇഫ് ഘൊബാശ് "Letters To A Young Muslim'' എന്ന ഗ്രന്ഥം രചിച്ചത്. അദ്ദേഹം മക്കള്‍ക്ക് അയച്ച കത്തുകളുടെ രൂപത്തിലാണ് പുസ്തകം. ഘൊബാശ് എന്ന പേര്  ഗോവിന്ദന്‍ എന്നോ ഗീവര്‍ഗീസ് എന്നോ മാറ്റിയാലും പുസ്തകം ഉയര്‍ത്തുന്ന ചര്‍ച്ചകള്‍ക്കോ ആശയപരിസരങ്ങള്‍ക്കോ സാംഗത്യം കുറയുന്നില്ല

ഒരു ശിശുവിന്റെ ജനനം ഒരാളെ പൂര്‍ണമായ അര്‍ഥത്തില്‍ പിതാവാക്കുന്നില്ല. സ്നേഹവും അനുഭവവും പകര്‍ന്നുകൊടുക്കാനും, വ്യക്തി എന്ന നിലയില്‍ അന്തസ്സും ബഹുമാനവും പങ്കുവയ്ക്കാനും, ലോകത്തെക്കുറിച്ച് കാഴ്ചപ്പാടും ദര്‍ശനവും വളര്‍ത്തിയെടുക്കാനും ശ്രമിക്കുമ്പോഴാണ് അയാള്‍ പിതാവായി പരിണമിക്കുന്നത്.

ഭാരിച്ച ചുമതലയാണിത്. എന്നാല്‍, ഇത് ഭംഗിയായി പൂര്‍ത്തിയാക്കുന്ന ഒരാള്‍ക്ക് ഓര്‍മിക്കാനും പറയാനും വളരെയുണ്ടാകും. അങ്ങനെ പറഞ്ഞുവയ്ക്കുന്ന കാര്യങ്ങളാണ് ഉമര്‍ സഇഫ് ഘൊബാശ് രചിച്ച 'ഒരു മുസ്ളിം യുവാവിനയച്ച കത്തുകള്‍' (Omar Saif Ghobash- Letters To A Young Muslim:  2017, Picador) എന്ന പുസ്തകത്തില്‍. നിരൂപകശ്രദ്ധയിലും വില്‍പ്പനയിലും വന്‍ മുന്നേറ്റമാണ് പുസ്തകം കരസ്ഥമാക്കിയത്. ഉമര്‍ ഘൊബാശ് യുഎഇയുടെ അംബാസഡറാണ്, റഷ്യയില്‍. തന്റെ രണ്ടുമക്കളായ സഇഫ്, അബ്ദ്ഉല്‍ല എന്നിവര്‍ക്ക് വായിക്കാനായി എഴുതിയ കത്തുകളാണ് പുസ്തകം. കത്തുകള്‍ക്ക് അവശ്യംവേണ്ട സംഭാഷണമികവ് പുസ്തകത്തിലുടനീളം കാണാം. താന്‍ കൈകാര്യംചെയ്യുന്ന വിഷയം ഉപന്യാസമായി പോകാതിരിക്കാന്‍ പ്രത്യകം ശ്രദ്ധിച്ചിട്ടുണ്ടെന്നര്‍ഥം.

സെപ്തംബര്‍ 2001നു ശേഷം ഇസ്ളാമികരാജ്യങ്ങളില്‍ ജീവിക്കുന്ന കൌമാരക്കാര്‍ക്ക് ചിന്തയിലും സാമൂഹികദര്‍ശനത്തിലും കാര്‍ക്കശ്യം രൂപപ്പെട്ടുവന്നു. തന്റെ മക്കളിലും പ്രകടമായ മാറ്റം കണ്ട ഉമര്‍ ഘൊബാശ് ഒരു കാര്യം മനസ്സിലാക്കി: കുട്ടികളുടെ സ്വഭാവരൂപീകരണം മാതാപിതാക്കള്‍മാത്രമല്ല നടത്തുന്നത്.  അധ്യാപകര്‍, മതപണ്ഡിതര്‍, സഹപാഠികള്‍ തുടങ്ങി അനേകം പേര്‍ നാമറിഞ്ഞും അറിയാതെയും അവരെ സ്വാധീനിക്കുന്നുണ്ട്. കുട്ടികളോട് നിരന്തരം ആശയവിനിമയം ചെയ്യേണ്ടത് അത്യാവശ്യമാണെന്ന് അദ്ദേഹത്തെ ബോധ്യപ്പെടുത്തിയത് ഈ തിരിച്ചറിവാണ്. ആ അര്‍ഥത്തില്‍ ലോകത്തെമ്പാടുമുള്ള മുസ്ളിം യുവാക്കളെയാണ് അദ്ദേഹം മനസ്സില്‍ കാണുന്നത്. മാത്രമല്ല, ഘൊബാശ് എന്ന പേര്  ഗോവിന്ദന്‍ എന്നോ ഗീവര്‍ഗീസ് എന്നോ മാറ്റിയാലും പുസ്തകം ഉയര്‍ത്തുന്ന ചര്‍ച്ചകള്‍ക്കോ ആശയപരിസരങ്ങള്‍ക്കോ സാംഗത്യം കുറയുന്നില്ല. യുവാക്കളോട് സംസാരിക്കുന്ന പുസ്തകമാണെങ്കിലും കുട്ടികളെ വളര്‍ത്തുന്ന ഓരോ രക്ഷാകര്‍ത്താവിനെയും ഇത് അഭിസംബോധന ചെയ്യുന്നു.

ഉമര്‍ ഘൊബാശ് തന്നെ ഭീകരവാദത്തിന്റെ ഇരയാണ്. അദ്ദേഹത്തിന്റെ അച്ഛന്‍ യുഎഇയില്‍ മന്ത്രിയായിരുന്നു. സന്ദര്‍ശനത്തിനെത്തിയ സിറിയന്‍ മന്ത്രിയെ വിമാനത്താവളത്തില്‍ അനുഗമിക്കുമ്പോള്‍ പലസ്തീന്‍ തീവ്രവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ടു. അക്രമിക്ക് വെറും 19 വയസ്സ്; ഉമറിനാകട്ടെ മരണത്തെപ്പറ്റി മൂര്‍ത്തമായ ചിത്രം ഉള്‍ക്കൊള്ളാനുള്ള പ്രായമായിട്ടില്ല അന്ന്. ആറു വയസ്സുള്ള കുട്ടി; എന്നാല്‍ അച്ഛനില്ലാതെ വളരുമ്പോള്‍ അച്ഛനെപ്പറ്റി കേട്ടറിവുകളും ബിംബങ്ങളും അവ്യക്തമായ ചിത്രങ്ങളും മാത്രമായിരുന്നു കൂട്ടിന്. ഒരു ഭീകരവാദി ആകാനുള്ള പശ്ചാത്തലമൊരുക്കാന്‍ വളരുന്ന കുട്ടിക്ക് ഇത് ധാരാളം മതി. എന്നാല്‍, തുടക്കത്തിലെ വ്യാകുലതകള്‍ക്കുശേഷം വിശാലമായ മാനവികത എങ്ങനെയാണ് നമ്മെ സംയമനത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും ഉദാരതയിലേക്ക് നയിക്കുന്നതെന്ന് ഉമര്‍ തിരിച്ചറിഞ്ഞു. വര്‍ഷങ്ങള്‍ക്കുശേഷം തന്റെ മക്കള്‍ സമാധാനത്തിന്റെ മതമായ ഇസ്ളാമില്‍നിന്നുകൊണ്ട് കര്‍ക്കശമായ ചിന്താരീതികള്‍ ഉള്‍ക്കൊള്ളുന്നതു കാണുമ്പോള്‍ വിശുദ്ധ ഖുര്‍ആന്‍ തത്വങ്ങളില്‍നിന്നുകൊണ്ട് ചിന്തയുടെയും ദര്‍ശനത്തിന്റെയും വയമ്പുരച്ചു നല്‍കുകയാണ് ഉമര്‍ ഘൊബാശ്.

ഉമറിന്റെ അച്ഛന്‍ വെടിയേറ്റ് മരിക്കുമ്പോള്‍ അദ്ദേഹത്തിന് 43 വയസ്സ്. ഉമറിന് 43 തികഞ്ഞപ്പോള്‍ തന്റെ പിതാവിന്റെ ജീവിതത്തെക്കുറിച്ച് അറിയാവുന്ന ഓര്‍മച്ചിത്രങ്ങളും പറഞ്ഞുകേട്ട സാക്ഷ്യങ്ങളുംകൊണ്ട് ഒരവലോകനം നടത്താന്‍ ശ്രമിച്ചു. അപ്പോഴാണ് ഉമറിന് പലതും വ്യക്തമായത്: ലോകം കണ്ട് മനസ്സിലാക്കാന്‍ അതെത്രയോ നിസ്സാരമായ കാലയളവാണത്, സ്വന്തം കുട്ടികളോടൊത്തു ജീവിക്കാനുള്ള അവസരം എത്ര പരിമിതം, സമൂഹത്തില്‍ പ്രവര്‍ത്തിക്കാന്‍ ലഭിച്ചത് എത്ര തുച്ഛമായ സമയം. അനേകം ആശയങ്ങളും നിലപാടുകളും സാധ്യമാകുന്ന സമൂഹത്തിലാണ് നാം ജീവിക്കുന്നത്. അപ്പോള്‍ ഓരോ വിഷയവും നാം പഠിച്ച് യുക്തമായ നിലപാട് തെരഞ്ഞെടുക്കണം. ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്നതിലും നിലപാടുകള്‍ തെരഞ്ഞെടുക്കുന്നതിലുമാണ് വിവേകം വേണ്ടിവരുന്നത്. മറ്റൊരാള്‍ പറയുന്നത് ശരിയെന്നു ധരിച്ചാല്‍ നിലപാട് തെരഞ്ഞെടുക്കാനുള്ള നമ്മുടെ സ്വാതന്ത്യ്രം നഷ്ടപ്പെടുന്നു. നാം മറ്റൊരാളിന്റെ ആജ്ഞാനുവര്‍ത്തിയാകുന്നു. ചിന്തിക്കാനും തെരഞ്ഞെടുക്കാനുമുള്ള സ്വാതന്ത്യ്രം ചെറുപ്പക്കാര്‍ പ്രധാനമായി കാണുമെന്ന് ഉമര്‍ പ്രത്യാശിക്കുന്നു.

എന്നാല്‍, ഇത് വെറും സാരോപദേശകഥാഖ്യാനമല്ല. ഓരോ കത്തിലും ഇസ്ളാം നമുക്ക് തന്നിട്ടുള്ള സ്വാതന്ത്യ്രം, വിവേചനാവസരം, സംവാദസ്വാതന്ത്യ്രം എന്നിവയിലൂടെ നവീനമായ കാഴ്ചപ്പാടുകള്‍ തേടുകയാണ് ഉമര്‍. മതപണ്ഡിതരും ദാര്‍ശനികരും ഇതിലേക്കുള്ള വഴിതുറക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഈ വഴികളിലൂടെ സ്വയം കണ്ടെത്തല്‍ നടത്താനുള്ള മാര്‍ഗമാണ് പുസ്തകം മുന്നോട്ടുവയ്ക്കുന്നത്. മുഖ്യധാര ഇതാണെങ്കിലും കത്തുകളിലൂടെ മറ്റു കഥകളും ഓജസ്സോടെ നമ്മുടെ മുന്നിലെത്തുന്നുണ്ട്. യുഎഇ എന്ന രാജ്യത്തിന്റെ ചരിത്രം, ജനങ്ങളുടെ സാംസ്കാരികപാതകള്‍, അറിവിനുവേണ്ടിയുള്ള യാത്രകള്‍, സ്വന്തം കുടുംബചരിത്രം എന്നിവ.

അറിവും വിദ്യാഭ്യാസവും സമ്പാദിക്കേണ്ടതിന്റെ ആവശ്യം, ഇസ്ളാമിന്റെ പ്രസക്തി, ഇസ്ളാം മുന്നോട്ടുവയ്ക്കുന്ന സമാധാന സന്ദേശം, പാശ്ചാത്യലോകവുമായി സംവദിക്കേണ്ടരീതിയും ആവശ്യവും, ഭീകരവാദം ഉണ്ടാകുന്ന വഴികള്‍, വെള്ളിയാഴ്ച പ്രാര്‍ഥനയുടെ പ്രാധാന്യം, അക്രമത്തെ ചെറുക്കേണ്ട രീതി, സ്ത്രീപുരുഷ സമത്വം തുടങ്ങി നിരവധി വിഷയങ്ങളാണ് കത്തുകള്‍ പരിശോധിക്കുന്നത്. ഭയം പുരോഗതിയെ തടുക്കുകയും വലിയൊരുവിഭാഗം ജനങ്ങളെ നിശ്ശബ്ദതയിലേക്ക് തള്ളിവിടുകയും ചെയ്യും. ഏതു സംഘടനയായാലും ശരി, തീവ്രവാദത്തിന്റെയോ അക്രമത്തിന്റെയോ വഴി തെരഞ്ഞെടുത്താല്‍ മതത്തിന്റെ വിശുദ്ധികളെ പിന്നോട്ട് നയിക്കും.

വ്യത്യസ്തമായ ആശയങ്ങള്‍ ഉള്‍ക്കൊള്ളാനും പുതിയ മാനങ്ങള്‍ കണ്ടെത്താനും സ്വന്തം മക്കളെ പ്രേരിപ്പിക്കുന്നത് എങ്ങനെയെന്നും പുസ്തകം നമ്മെ കാട്ടിത്തരുന്നു. കലുഷിതമായ ഇക്കാലത്ത് ഭാരിച്ച ഉത്തരവാദിത്തമാണ് നാമോരോരുത്തരെയും കാത്തുനില്‍ക്കുന്നത്. അതിനാല്‍ത്തന്നെ ഉമര്‍ സഇഫ് ഘൊബാശ് രചിച്ച പുസ്തകം എല്ലാവരും വായിച്ചിരിക്കേണ്ടതാണ്.

unnair@gmail.com
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top