19 April Friday

വിളിച്ചുപറയലോ; മുഖം മിനുക്കലോ?

ഡോ. മീന ടി പിള്ളUpdated: Sunday Feb 21, 2016


പോയ വര്‍ഷാവസാനം ഇറങ്ങിയ പുസ്തകങ്ങളില്‍ ഏറ്റവും കൂടുതല്‍ നിന്ദ്യമായ വിമര്‍ശനങ്ങള്‍ക്കും നിരൂപണങ്ങള്‍ക്കും വിധേയമായ കൃതിയാകും ബര്‍ഖാ ദത്തിന്റെ 'ദിസ് അണ്‍ക്വയെറ്റ് ലാന്‍ഡ്, സ്റ്റോറീസ് ഫ്രം ഇന്ത്യാസ് ഫോള്‍ട്ട്ലൈന്‍സ്'. ഒരു മുഖ്യധാരാ മാധ്യമപ്രവര്‍ത്തകയോട് എന്തിനിത്ര വിദ്വേഷമെന്ന് വായനക്കാരെ സ്വയം ചോദിപ്പിക്കുന്നവയാണ് ഇത്തരം നിരൂപണങ്ങളില്‍ പലതും. എന്നാല്‍, അവ ദത്തിന്റെ കാര്‍ഗില്‍ യുദ്ധപരമ്പരയും മുംബൈയിലെ താജ് ഹോട്ടല്‍ ആക്രമണത്തിന്റെ സംഭവവിവരണങ്ങളും അവര്‍ക്കെതിരെ ഉരുത്തിരിഞ്ഞ പൊതുജനവിരോധത്തിന് എങ്ങനെ കാരണമായി എന്ന് മനസ്സിലാക്കിത്തരുന്നവയുമാണ്. ഇത്തരം മതിപ്പില്ലായ്മയുടെ ഭാരംപേറുന്ന ഒരു വ്യക്തിക്ക് ഇന്ത്യ എന്ന കൊടും പ്രഹേളികയുടെ ആത്മാവിനെ തൊട്ടറിയാന്‍ പറ്റുമോ എന്ന ചോദ്യത്തിന് മറുപടികൂടിയാകാം ഈ കൃതി. നിഷ്പക്ഷമായി നിലകൊള്ളേണ്ട ഒരു മാധ്യമപ്രവര്‍ത്തകയ്ക്ക് പ്രത്യയശാസ്ത്രങ്ങളാല്‍, വിശ്വാസങ്ങളാല്‍ ജാതി, വര്‍ണ, വര്‍ഗ വിവേചനങ്ങളാല്‍ വേര്‍തിരിക്കപ്പെടുന്ന ഈ സങ്കീര്‍ണമായ രാഷ്ട്രത്തിന്റെ അടിസ്ഥാനപ്രശ്നങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ കഴിയുമോ എന്നത് മറ്റൊരു ചോദ്യം.

ഈ പുസ്തകത്തിന്റെ ആമുഖത്തില്‍ ദത്ത് തന്റെ മാധ്യമ പ്രവര്‍ത്തനത്തിലെ വിമര്‍ശിക്കപ്പെട്ട സംഭവങ്ങളെ വളരെ അധികം ന്യായീകരിക്കാന്‍ ശ്രമിക്കുന്നുണ്ട്. നീരാ റാഡിയ ടെലിഫോണ്‍ വിവാദവും, കാര്‍ഗിലില്‍ തന്റെ ഇറിഡിയം ഫോണ്‍ ഇന്ത്യന്‍ പട്ടാളക്കാരുടെ സ്ഥലം നിര്‍ണയിച്ച് അവരെ പാകിസ്ഥാന്‍ ആക്രമണത്തിന്റെ ഇരകളാക്കാന്‍ സഹായിച്ചു എന്നും മറ്റുമുള്ള വാദങ്ങള്‍ കഴമ്പില്ലാത്തവയാണെന്നു തെളിയിക്കാന്‍ ഈ ആമുഖം എഴുത്തുകാരി അങ്ങേയറ്റം പ്രയോജനപ്പെടുത്തുന്നുണ്ട്. എന്നാല്‍, ഈ കൃതിയില്‍ ഏറ്റവും കരുത്തുള്ള ഭാഗങ്ങള്‍ അവര്‍ സ്ത്രീ എന്നുള്ള നിലയ്ക്ക് താന്‍ നേരിടേണ്ടിവന്ന വെല്ലുവിളികളെക്കുറിച്ച് പരാമര്‍ശിക്കുന്ന ഭാഗങ്ങളാണ്. പത്തുവയസ്സ് തികയുന്നതിനുമുമ്പ് വീട്ടില്‍ അങ്ങേയറ്റം സ്വാതന്ത്യ്രം ഉണ്ടായിരുന്ന ഒരു പ്രായമായ ബന്ധു തന്റെ കുരുന്നുമനസ്സിനും ശരീരത്തിനും ഏല്‍പ്പിച്ച മുറിവുകള്‍ അവര്‍ തുറന്നെഴുതുന്നു. പിന്നീട് വീണ്ടും വീണ്ടും ഒരു പെണ്ണെന്ന നിലയില്‍ ഇരയാക്കപ്പെടാനുള്ള ശ്രമങ്ങള്‍ ജീവിതത്തില്‍ അരങ്ങേറിയപ്പോള്‍ താന്‍ പിടിച്ചുനില്‍ക്കാന്‍ നേടിയ കരുത്തും ഊര്‍ജവും തന്നെപ്പോലെ ഇന്ത്യയില്‍ ലക്ഷോപലക്ഷം സ്ത്രീകള്‍ പലതരം അക്രമങ്ങള്‍ക്ക് വിധേയരാകുന്നു എന്ന തിരിച്ചറിവാണെന്ന് അവര്‍ കരുതുന്നു. താന്‍ ഒറ്റയ്ക്കല്ലന്നും, ലൈംഗികമായി പീഡിപ്പിക്കപ്പെടുന്ന 90 ശതമാനം സ്ത്രീകള്‍ക്കും അക്രമി ആരാണെന്ന് കൃത്യമായി അറിയാമെന്നുമുള്ള ഞെട്ടിപ്പിക്കുന്ന അവസ്ഥ ഇന്ത്യന്‍ നീതിന്യായവ്യവസ്ഥയുടെ മാത്രമല്ല, ഇവിടത്തെ മത സാമൂഹിക വ്യവസ്ഥകളുടെ കാപട്യത്തെയാണ് വെളിവാക്കുന്നത്. ഇത്തരം സാഹചര്യത്തില്‍ ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്കും വിശാഖാ കേസിലെ മാര്‍ഗനിര്‍ദേശക രേഖകള്‍ക്കും സമൂഹത്തില്‍ ഒരു വലിയ ദൌത്യംതന്നെ നിറവേറ്റാനുണ്ടെന്ന് വിശ്വസിക്കുന്നു എഴുത്തുകാരി. ജാതി– ലിംഗ രാഷ്ട്രീയത്തിന്റെ മറ്റൊരു ഇരയായ ഭാവ്രി ദേവിയുടെ ബലാത്സംഗത്തെക്കുറിച്ചും ഏറെ വികാരാധീനയായി സംസാരിക്കുന്നുണ്ട് ദത്ത്.  

 ഇന്ത്യയില്‍ ഇന്ന് നാം ശീലിച്ചുപോയ പല അപ്രിയ സത്യങ്ങളുടെയും വിളിച്ചുപറയലുകളുടെ ഒരു പരമ്പരയാണ് ഈ പുസ്തകം. ഇവയെ മുഖ്യമായിട്ടും ഏഴായി തിരിക്കാം. ലിംഗനീതി, യുദ്ധം, ഭീകരപ്രവര്‍ത്തനം, വര്‍ഗീയതയും മതഭ്രാന്തും, കശ്മീര്‍, രാഷ്ട്രീയത്തിലെ കുടുംബവാഴ്ച, മാറുന്ന സാമൂഹികവ്യവസ്ഥകള്‍. ഇവയെല്ലാംതന്നെ ഇന്ന് ഇന്ത്യ നേരിടുന്ന കാതലായ പ്രശ്നങ്ങള്‍തന്നെയാണ്. ഹിന്ദുത്വ ദേശീയതയ്ക്കെതിരെ അത് ഏറ്റവും ശക്തിപ്രാപിച്ച ഇടങ്ങളില്‍നിന്നുകൊണ്ടുതന്നെയാണ് ദത്ത് ആഞ്ഞടിക്കുന്നത് എന്നത് ആവേശജനകംതന്നെ. ദേശഭക്തിയും രാഷ്ട്രസങ്കല്‍പ്പനങ്ങളും തങ്ങളുടെമാത്രം കുത്തകയാണെന്ന് ധരിക്കുന്ന രാഷ്ട്രീയശക്തികളെ വിമര്‍ശിക്കാന്‍ ഒരു പിശുക്കും കാണിക്കുന്നുമില്ല ദത്തിന്റെ തൂലിക. കലബുര്‍ഗിയുടെയും മറ്റും കൊലപാതകങ്ങള്‍ മതേതരത്വം എന്ന ആശയത്തില്‍ ഇന്ന് നാം എത്രമാത്രം വെള്ളംകലര്‍ത്തി എന്നതിന് തെളിവാണെന്നു വാദിക്കുന്നു എഴുത്തുകാരി. പലപ്പോഴും രാഷ്ട്രീയക്കാരും മാധ്യമപ്രവര്‍ത്തകരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടുകളുടെ മകുടോദാഹരണമായിമാത്രം നാം കണ്ട ഒരു വ്യക്തിയുടെ മുഖംമിനുക്കല്‍ ശ്രമമായി ഈ കൃതിയെ വേണമെങ്കില്‍ വായിക്കാം. എന്നാല്‍, പുട്ടിന് തേങ്ങയെന്നോണം ഇടയ്ക്കിടെ ഓരോ സ്കൂപ്പുകള്‍കൊണ്ട് പുസ്തകത്തിന്റെ വിപണനസാധ്യതകള്‍ കൂട്ടുന്നുമുണ്ട് ദത്ത്. അലെഫാണ് ഈ കൃതിയുടെ പ്രസാധകര്‍. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top